തീയറ്ററുകളില്‍ നിറഞ്ഞോടുന്ന ലൂസിഫര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച്‌കൊണ്ട് മഞ്ജുവാര്യര്‍ തന്റെ അഭിനയജീവിതത്തില്‍ പുത്തനൊര് ഏട് കൂടി രചിച്ചിരിക്കയാണ്. വിവാഹശേഷം 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരികേ എത്തിയ താരം പിന്നീട് അഭിനയിച്ച എല്ലാ സിനിമകളും ഹിറ്റായിരുന്നു. ഇപ്പോഴിതാ കോമഡി ഉത്സവത്തിലൂടെ ശ്രദ്ധേയനായ അവതാരകനായി മാറിയ മിഥുന്‍ രമേശും മഞ്ജുവാര്യരും ലൈവിലെത്തി പറഞ്ഞതാണ് വൈറലാകുന്നത്.
വരുന്ന എപിസോഡിലെ ബഡായി ബംഗ്ലാവ് ഷൂട്ടിങ്ങിന് ശേഷമാണ് മിഥുനും മഞ്ജുവാര്യരും ലൈവിലെത്തിയത്. ഒപ്പം മുകേഷും അഞ്ജു അരവിന്ദുമൊക്കെയുണ്ടായിരുന്നു. ബഡായി ബംഗ്ലാവ് രണ്ടാം സീസണില്‍ രമേശ് പിഷാരടിയും ആര്യയുമൊന്നും ഇല്ലെങ്കിലും മിഥുന്‍ ഇതിനോടകം പ്രേക്ഷകരെ കൈയിലെടുത്തുകഴിഞ്ഞു. അഞ്ജു അരവിന്ദാണ് ബഡായി ബംഗ്ലാവിലേക്ക് എത്തിയ മറ്റൊരു പുതിയ അതിഥി. ബഡായി ബംഗ്ലാവിന്റെ എല്ലാ എപ്പിസോഡുകള്‍ക്കും ആകാംക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കാറുളളത്. പരിപാടിയുടെ പുതിയ എപ്പിസോഡില്‍ അതിഥിയായി എത്തുന്നത് മഞ്ജു വാര്യരാണ്. മഞ്ജു വരുന്ന കാര്യം ലൈവ് വീഡിയോയിലൂടെ ഇന്നലെ മിഥുനാണ് പങ്കുവെച്ചത്. ലൂസിഫര്‍ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുമ്പോള്‍ ചിത്രത്തിന്റെ പ്രമോഷനുവേണ്ടിയും മറ്റ് കാര്യങ്ങള്‍ പങ്കുവച്ചുമാണ് മഞ്ജു എത്തുന്നത്.
മഞ്ജു അവതരിപ്പിച്ച ചിത്രത്തിലെ പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലൂസിഫറില്‍ മഞ്ജുവിന്റെ മറ്റൊരു കരുത്തുറ്റ കഥാപാത്രമാണ് പ്രിയദര്‍ശിനിയെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം നിറഞ്ഞ സദസുകളിലാണ് ലൂസിഫര്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. മഞ്ജുവാര്യരെ ചേര്‍ത്ത് പിടിച്ചാണ് മിഥുന്‍ മഞ്ജുവുള്ള കാര്യം പ്രേക്ഷകരുമായി പങ്കുവച്ചത്. വീഡിയോ ഇതിനോടകം വൈറലായികഴിഞ്ഞു.
ബഡായി ബംഗ്ലാവിന്റെ സെറ്റിലാണ് താനെന്നും ഇന്ന് അതിഥിയായി എത്തിയിരിക്കുന്നത് മഞ്ജു വാര്യര്‍ ആണെന്നും മിഥുന്‍ രമേശ് പറഞ്ഞു. വീണ്ടും ബഡായി ബംഗ്ലാവിലെത്തിയതിന്റെ സന്തോഷം വീഡിയോയില്‍ മഞ്ജു വാര്യരും പങ്കുവച്ചു. പ്രിയദര്‍ശിനി രാംദാസിന്റെ വിശേഷങ്ങളറിയാന്‍ എല്ലാവരും തിയ്യേറ്റററുകളിലേക്ക് പോയികൊണ്ടിരിക്കുകയാണെന്നും സിനിമയ്ക്ക് ലഭിച്ച അഭിപ്രായങ്ങളില്‍ സന്തോഷമുണ്ടെന്നും മഞ്ജു പറഞ്ഞു. ബഡായി ബംഗ്ലാവില്‍ പങ്കെടുക്കാന്‍ മഞ്ജു വന്നതില്‍ നിങ്ങളെ പോലെ ഞാനും സന്തോഷത്തിലാണെന്നാണ് മുകേഷ് പറഞ്ഞത്. സാധാരണഗതിയില്‍ പ്രത്യേകിച്ചും നടികള്‍ ഒരു സിനിമ കഴിഞ്ഞാല്‍ അത് തീര്‍ന്നു, അത് കഴിഞ്ഞുവെന്ന് പറഞ്ഞങ്ങ് പോകും. എന്നാല്‍ നാലാമത്തെയോ അഞ്ചാമത്തെയോ പ്രാവശ്യം അഭിനയിച്ച പടത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കാനായി മഞ്ജു വാര്യര്‍ എത്തിയിരിക്കയാണ്. ഇതൊരു മാര്‍ഗദീപമായി കണ്ട് എല്ലാ നടീ നടന്മാരും ഇവിടെ വരണമെന്നും മുകേഷ് പറഞ്ഞു. പുതിയ എപ്പിസോഡ് നന്നായി ആസ്വദിച്ചെന്നും എപ്പോള്‍ ഇവിടെ വന്നാലും കുറെ ചിരിക്കാമെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. ഇത് ഷൂട്ട് ചെയ്തപ്പോള്‍ ഉണ്ടായിരുന്ന രസങ്ങള്‍ നിങ്ങള്‍ എപ്പിസോഡ് കാണുമ്പോഴും ലഭിക്കുമെന്നും മഞ്ജു പറഞ്ഞു.