മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍

സുജ
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍

ശ്രീനഗര്‍ തണുപ്പിന്‍റെ പുതപ്പില്‍ നിന്നും ഉണര്‍ന്നെണീറ്റ മറ്റൊരു പകല്‍. ഇന്ന് ഗുല്‍ മാര്‍ഗിലേക്ക് യാത്ര പോകുവാന്‍ മുന്‍കൂട്ടി തീരുമാനിച്ചതാണ്. നിനച്ചിരിക്കാതെ വന്ന ഹര്‍ത്താല്‍ കൊണ്ടുപോയത് കാശ്മീര്‍  യാത്രയിലെ രണ്ട് ദിവസങ്ങള്‍. ഓരോ ദേശത്തിനും ഹര്‍ത്താലിന് ഓരോ മുഖങ്ങളാണെന്ന് തോന്നി. 

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ യാത്രയുടെ ക്ഷീണം മാറ്റുവാന്‍ ഈ ഹര്‍ത്താലിനെ മാനസീകമായി ഉള്‍ക്കൊള്ളുവാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. തലേന്ന് നടന്ന ബോംബു സ്ഫോടനത്തില്‍ മരണപ്പെട്ട മത നേതാവിനെ അനുകൂലിക്കുന്ന മത സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആയതിനാല്‍ ശ്രീനഗറിലെ മിക്ക ഇടങ്ങളിലും ഈ പ്രതിഷേധം പൂര്‍ണമായിരിക്കും എന്ന് ഫയാസ്സ് ഫായി പറഞ്ഞു. കാലത്ത് വന്ന "ഗ്രേറ്റര്‍ കാശ്മീര്‍ "പത്രത്താളില്‍ മരണമടഞ്ഞ നേതാവിന്‍റെ പുഞ്ചിരി തൂകുന്ന മുഖം.അന്നേദിവസം കാശ്മീര്‍ പത്രങ്ങളില്‍ നിറഞ്ഞു നിന്ന വാര്‍ത്തയും അത് തന്നെയായിരുന്നു. മരണം,അത് ആര്‍ക്കാണെങ്കിലും വേദനതന്നെയാണ്.ചില മരണങ്ങള്‍ ചിലര്‍ക്ക് ആഘോഷമെങ്കില്‍ മറ്റ് ചിലര്‍ക്ക് തീരാത്ത നൊമ്പരവും. കാശ്മീര്‍ മുഖ്യ മന്ത്രി ശ്രീ. ഒമര്‍ അബ്ദുള്ളയുടെ അനുശോചനവാക്കുകള്‍, മതനേതാക്കന്മാരുടെ, മതപണ്ഡിതന്മാരുടെ സ്വാന്തനിപ്പിക്കല്‍ തുടങ്ങി പല വാര്‍ത്തകളും നിറഞ്ഞ പത്രത്താളുകളില്‍ കണ്ണീര്‍ വറ്റാത്ത സ്ത്രീ ഹൃദയങ്ങളെ ഫിരണിലും ബുര്‍ഖയിലും മൂടി മറച്ചിരുന്നു.

അന്നത്തെ പ്രഭാത ഭക്ഷണം ചായയും ,കാശ്മീര്‍ റോട്ടിയും . ഹര്‍ത്താല്‍ പ്രമാണിച്ച് കിട്ടിയ അവധിയില്‍ സന്തോഷിച്ചിരിക്കുകയാണ് മുന്‍തസ്സിറും അര്‍ബിനയും. ഇളയ കുട്ടി രാവിലെ തന്നെ ഉറക്കമുണര്‍ന്നത് നഗീനുമായി അടുക്കളയില്‍ കലപില തുടങ്ങി. ഉച്ച ഭക്ഷണത്തിന് മീന്‍ വാങ്ങി വരാമെന്ന് പറഞ്ഞ്‌ ഫയാസ്സ് ഭായി  പുറത്തേക്കു പോയി.
ഇന്നത്തെ ഹര്‍ത്താല്‍ യാത്ര അല്‍പ്പനേരം ഖാസി അങ്കിളിന്‍റെ വീടിന്‍റെ പിന്നിലെ ആപ്പിള്‍ തോട്ടത്തിലേക്കാവാം. കൂട്ടിന്‌ അര്‍ബിനയും  മുന്‍തസ്സിറും ഉണ്ട്.തോട്ടത്തില്‍ അക്രൂട്ട്(വാല്‍ നട്ട് ) ,ആപ്പിള്‍ തുടങ്ങിയ മരങ്ങള്‍ നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്നു.നഗീന്‍റെ സ്വന്തം അടുക്കളത്തോട്ടത്തില്‍ വിവിധയിനം ചീരകള്‍.അല്‍പ്പം മാറി നിറയെ പൂത്ത് നില്‍ക്കുന്ന കടുക് ചെടികള്‍. ചുവന്ന പൂക്കള്‍ നിറച്ചു നില്‍ക്കുന്ന ഒരിനം റോസാ ചെടിയില്‍ പടര്‍ന്നു കയറിയ മുന്തിരി വള്ളിയില്‍ തളിരിട്ട ധാരാളം  ഇലകള്‍. വിവിധയിനം പേരറിയാത്ത പൂക്കള്‍ അവിടെയെങ്ങും നിറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു. ക്രീം കളര്‍ പൂക്കള്‍ നിറഞ്ഞു തറയില്‍ പറ്റിപിടിച്ചു വളര്‍ന്നു നില്‍ക്കുന്ന ചെടി " സ്ട്രോ ബെറി" ആണെന്ന് അര്‍ബിനയാണ് പറഞ്ഞു തന്നത്.

ആ ചെടിയില്‍ നിറയെ പാകമാകാത്ത പച്ച നിറത്തിലുള്ള കായകള്‍. നാട്ടിലേക്ക് പോരുമ്പോള്‍ കൂടെ കൊണ്ട് പോകണമെന്ന് പറഞ്ഞു അര്‍ബിന എനിക്കൊരു ഒരു ആപ്പിള്‍ തൈ കാട്ടി തന്നു .കുറച്ചു സ്ട്രോ ബെറി ചെടി കൂടെ എടുക്കാന്‍ ഓര്‍മ്മിപ്പിക്കണേ എന്ന് മുന്തസ്സിറിനോട് അപ്പോഴേ ഞാന്‍ പറഞ്ഞു വെച്ചു. നാട്ടിലെ മാവിന്റെ അരികിലായി ഒരു ആപ്പിള്‍ മരത്തിനു വളരുവാന്‍ മനസ്സുകൊണ്ട് കുറച്ചിടം ഞാന്‍ ഒരുക്കിയിട്ടു. ആ നിമിഷം എന്‍റെ വീട്ടുമുറ്റത്തു നിറഞ്ഞു പൂത്ത് നില്‍ക്കുന്ന ഒരു ആപ്പിള്‍ മരം മനസ്സില്‍ വ്യര്‍ത്ഥമായ സ്വപ്നം നിറച്ചു എന്നതും സത്യം.ഉച്ച ഭക്ഷണത്തിനായി നഗീനോടൊപ്പം ചീരയ്ക്ക് സമാനമായ ചില ഇലകള്‍ ശേഖരിച്ചു.ഓരോ ദേശങ്ങളിലും ജീവിത ശൈലിയില്‍ എന്തെല്ലാം വ്യത്യസ്തതകള്‍.

മനുഷ്യരിലെന്നപോലെ ചെടികളില്‍ ,പൂക്കളില്‍ പോലും ആ വൈവിധ്യം എത്ര വ്യക്തം.ഓരോ ഇലകളിലും,ഓരോ പൂക്കളിലും. "ഭാഷയും,രുചിയും വ്യത്യസ്തമെങ്കിലും കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ഒരൊറ്റ ജനത ഒരേ ഒരിന്ത്യ "

 തുടരും...

travel-experience-to-jammu-and-kashmir

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES