സഞ്ചാരി എന്ന നിലയിലുള്ള എൻറെ ആദ്യ യാത്ര തുടങ്ങുന്നത് പൈതൃക നഗരമായ തഞ്ചാവൂരിലേക്ക്... പാലക്കാട് നിന്നും കെഎസ്ആർടിസിയിൽ യാത്ര തുടങ്ങുമ്പോൾ ഏതാനും ചില അറിവുകൾ മാത്രമേ ഈ നഗരത്തെക്കുറിച്ച് ഉണ്ടായിരുന്നുള്ളൂ.. രാവിലെ 4 30ന് തഞ്ചാവൂർ ബസ് സ്റ്റാൻഡിൽ ബസിറങ്ങി ചുറ്റും നോക്കുമ്പോൾ ഒരു വിജനത…….. ജീവിതത്തിലാദ്യമായി OLA ടാക്സി ഉപയോഗപ്പെടുത്തിയതും അപ്പോഴാണ്. തുടർന്നങ്ങോട്ട് യാത്രയിലുടനീളം OLA ടാക്സി എൻറെ വഴികാട്ടിയായി…. മുൻ തീരുമാനപ്രകാരം PLA റസിഡൻസി എന്ന ഹോട്ടലിലേക്ക് പ്രവേശിച്ചു. തരക്കേടില്ലാത്ത താമസസൗകര്യം….. അല്പസമയത്തെ വിശ്രമത്തിനു ശേഷം ചരിത്രപ്രസിദ്ധമായ ബൃഹദേശ്വര ക്ഷേത്രത്തിലേക്ക് യാത്രതിരിച്ചു. സ്വപ്നസമാനമായ ഒരു സ്ഥലത്ത് എത്തിച്ചേർന്ന പ്രതീതിയായിരുന്നു ബൃഹദേശ്വര ക്ഷേത്രം എനിക്ക് സമ്മാനിച്ചത്... എവിടെ നോക്കിയാലും കല്ലിൽ കടഞ്ഞെടുത്ത വിസ്മയം…
. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ഈ ക്ഷേത്രം ഇപ്പോൾ സംരക്ഷിക്കപ്പെടുന്നത്. ആറു വർഷവും 275 ദിവസംകൊണ്ട് നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം ബിഗ്ടെമ്പിൾ എന്നും അറിയപ്പെടുന്നു. 81 ടൺ ഭാരമുള്ള ഒറ്റക്കല്ലിൽ നിർമിച്ചതാണ് ഈ ക്ഷേത്രത്തിൻറെ മകുടം.. മകുടത്തിൽ താഴെ നിഴൽ ബാധിക്കില്ല എന്ന പ്രത്യേകതയും ഇതിനുണ്ട്..AD 1010 നിർമാണം പൂർത്തീകരിച്ച ഈ ക്ഷേത്രം പണികഴിപ്പിച്ചത് രാജരാജ ചോളൻ ഒന്നാമൻ കാലത്താണ്...
ശില്പചാതുര്യങ്ങളിലേക്ക് കാലെടുത്ത് വയ്ക്കുന്നതിന് മുന്നേ അമ്പലത്തിലെ പ്രധാന പ്രതിഷ്ഠയായ ശിവ ഭഗവാൻറെ ശ്രീകോവിലിന് മുന്നിൽ പ്രതിഷ്ഠിച്ചിട്ടുള്ള ഭീമാകാരനായ നന്ദിയുടെ പ്രതിഷ്ഠയെ വലംവച്ച ശേഷം ശിവഭഗവാനേയും പ്രണമിച്ച് പുറത്തുകടന്നു...
തുടർന്ന് ചുറ്റും ഒന്ന് കണ്ണോടിച്ചു കൊണ്ട് ശില്പചാരുതയിലേക്ക് ഇറങ്ങിച്ചെന്നു. നാലുവശവും കരിങ്കല്ലിൽ തീർത്ത നടവഴികളും അവയിൽ നിരനിരയായി പ്രതിഷ്ഠിച്ച ശിവലിംഗങ്ങളും എന്നിൽ കൗതുകമുണർത്തി..
ക്ഷേത്രത്തിലെ പ്രൗഡഗംഭീരമായ കൊത്തുപണികളിൽ ഏറെ ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രധാന ശ്രീകോവിലിൻറെ വശങ്ങളിൽ ആയി നിർമ്മിച്ചിട്ടുള്ള ഉപദേവതകളും ശ്രീകോവിലുകളും വാസ്തുശിൽപ കലയിൽ ഒട്ടും പുറകിലല്ല...
ഏകദേശം ഒന്നരമണിക്കൂർ ചുറ്റിനടന്നു കാഴ്ചകൾ ഒരുവിധം പൂർത്തിയാക്കി നടവഴിയിലെ പടവുകളിൽ ക്ഷീണിതനായി ഇരിക്കുമ്പോൾ എൻറെ തൊട്ടടുത്തു വിദേശ വനിതയെയും കൂട്ടി ഒരു ഗൈഡ് വന്നുനിന്ന് മുകളിലേക്ക് കൈ ചൂണ്ടി വിവരണം നൽകുന്നത് കേട്ട് അങ്ങോട്ടു നോക്കിയപ്പോഴാണ് നേരെ മുകളിലുള്ള ഗോപുരത്തിൽ മാതൃത്വത്തെ വിവിധ ശില്പങ്ങളിൽ വച്ചിരിക്കുന്നതായി കണ്ടത്. ഇപ്പോൾ എനിക്ക് ഒരു കാര്യം ബോധ്യമായി... ഒരു ഗൈഡ് അത്യാവശ്യമാണ്…. അല്ലെങ്കിൽ പല കാഴ്ചകളും നമ്മുടെ ശ്രദ്ധയിൽപ്പെടാതെ പോകും... എന്നാൽ അന്വേഷണത്തിൽ വലിയ തുകകളാണ് ഗൈഡ് ആവശ്യപ്പെടുന്നത് എന്നതിനാൽ ആ പരിശ്രമം പാതിവഴിയിൽ ഉപേക്ഷിച്ചു..
തുടർന്ന് മതിൽകെട്ടിനു പുറത്തു കടന്ന് 500 മീറ്റർ അകലെയുള്ള ശിവഗംഗ ഗാർഡനിലേക്ക് നടന്നു...
ഒറ്റവാക്കിൽ പറഞ്ഞാൽ നഗരമധ്യത്തിൽ നഗരത്തിരക്കിൽ നിന്നും മാറിയിരിക്കാൻ ഒരിടം.പെഡൽ ബോട്ട് കുട്ടികൾക്ക് കളിക്കാനുള്ള കുറച്ച് സാധനങ്ങളും ഒഴിച്ചാൽ പറഞ്ഞറിയിക്കാൻ ഉള്ളത് മാൻ കൂട്ടവും മുയലും മാത്രം. വെറുതെ ഒന്ന് ചുറ്റി നടന്നശേഷം പുറത്തുകടന്നു.നല്ല വെള്ളം ദാഹം…. പുറത്തു വിൽക്കാൻ വച്ചിരിക്കുന്ന പൈനാപ്പിൾ കഷണങ്ങൾ വാങ്ങി കഴിച്ചിട്ട് താൽക്കാലിക ആശ്വാസം നേടി. ഉച്ചവെയിൽ കാരണം തൽക്കാലത്തേക്ക് ചുറ്റി നടക്കൽ മതിയാക്കി ഹോട്ടലിലേക്ക് മടങ്ങി.
ഒരു ചെറു മയക്കത്തിനു ശേഷം ചരിത്രപ്രസിദ്ധമായ തഞ്ചാവൂർ പാലസ് മ്യൂസിയവും അനുബന്ധ ചരിത്രസ്മാരകങ്ങളും കാണുവാൻ യാത്രതിരിച്ചു. ടിക്കറ്റ്കൗണ്ടറിൽ നിന്നും ടിക്കറ്റെടുത്ത് അകത്തേക്ക് നടന്നു. സ്ഥലങ്ങളുടെ Map പ്രദർശിപ്പിച്ചിരിക്കുന്നു. ആ map നെ മനസ്സിൽ പകർത്തി മുന്നോട്ടു നടന്നു.
ആദ്യമായി പ്രവേശിച്ചത് സരസ്വതി മഹല്ലിലേക്ക് ആയിരുന്നു.
സമീപത്തുള്ള വിഷ്വൽ ഓഡിയോ പ്രദർശനത്തിൽ കയറി, തഞ്ചാവൂർ ചരിത്രവും അവിടത്തെ പ്രധാന സ്ഥലങ്ങൾ എല്ലാം പ്രതിപാദിച്ചിരുന്നു ഈ പ്രദർശനത്തിൽ. പ്രദർശനത്തെ തുടർന്ന് പുറത്തുകടന്ന ഞാൻ സരസ്വതി മഹല്ലിനു സമീപമുള്ള മ്യൂസിയം സന്ദർശിച്ചു. പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന മാനുസ്ക്രിപ്റ്റ പോലുള്ളവ കൃത്യതയോടെ ചില്ലിട്ടു സൂക്ഷിച്ചിരിക്കുന്നു. ലൈബ്രറി മ്യൂസിയത്തിൽ അത്യപൂർവമായ പല ഗ്രന്ഥങ്ങളും ശേഖരിച്ച് സൂക്ഷിച്ചിട്ടുള്ളതായി അറിയാൻ സാധിച്ചു. തുടർന്ന് ഞാൻ പോയത് ആർട്ട് ഗാലറിയിലേക്ക്.
പതിനാറാം നൂറ്റാണ്ടിലാണ് ഇത് പണികഴിപ്പിച്ചിട്ടുള്ളത് .ഒട്ടനവധി ശില്പങ്ങളും അകത്തളങ്ങളിലെ ചുവർ ചായങ്ങളും എടുത്തുപറയേണ്ടതാണ്.
അവിടുത്തെ ദൃശ്യങ്ങളെല്ലാം മനസ്സിലും അതോടൊപ്പം ക്യാമറയിലും പകർത്തി ആർട്ട് ഗാലറിയിൽ നിന്നും പുറത്തു കടന്ന് സമീപത്തുള്ള Bell ടവർ കാണുന്നതിനായി ചെന്നു. നിർഭാഗ്യമെന്ന് പറയട്ടെ അതിനകത്തേക്ക് ഉള്ള പ്രവേശനം നിർത്തിവച്ചിരിക്കുകയാണ്.
തിരികെ നടക്കാൻ തുടങ്ങുമ്പോഴാണ് സമീപത്തുള്ള ഹാൻഡിക്രാഫ്റ്റ് സെയിൽസ് സെൻറർ ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ അതൊന്നു കണ്ടുകളയാം എന്ന് മനസ്സിൽ കരുതി അകത്തു കയറി. സാധനങ്ങളൊക്കെ നല്ല വില. എന്നാൽ അതൊന്നു ക്യാമറയിൽ പകർത്താം എന്നു കരുതിയപ്പോൾ അവർ അനുമതി തന്നില്ല. തുടർന്ന് സമീപത്തുള്ള ദർബാർഹോളിലേക്ക് പ്രവേശിച്ചു. പ്രവേശിക്കുമ്പോൾ തന്നെ ക്ലോസ് ചെയ്യാൻ സമയമായി എന്ന മുന്നറിയിപ്പു കൂടിയാണ് എന്നെ അകത്തേക്ക് കടത്തി വിട്ടത്. ഹാളിനകത്ത്
പുരാതനകാലത്തെ ചുവർചിത്രങ്ങൾ ഇന്നും മായാതെ തനിമയോടും കൂടി നിലനിൽക്കുന്നു.നൂറ്റാണ്ടുകൾക്ക് മുൻപുള്ള ശില്പങ്ങൾ പ്രൗഡിയോടെ തല ഉയർത്തി നിൽക്കുന്നു.കമാനങ്ങൾ നിറഞ്ഞ ഹാളിനകത്ത് ആണ് ഈ പറഞ്ഞവയെല്ലാം തന്നെയും.
അവിടത്തെ മ്യൂസിയത്തിനകത്ത് പഴയകാലത്തെ ധാന്യങ്ങൾ പൊടിക്കാനുള്ള ഉപകരണങ്ങളും വിവിധ തരം വിളക്കുകൾ തുടങ്ങിയവയെല്ലാം നേരിൽ കണ്ട് നടക്കുന്നതിനിടയ്ക്ക് അടയ്ക്കുവാൻ സമയമായി എന്ന് അറിയിപ്പുമായി അവിടുത്തെ ഉദ്യോഗസ്ഥൻ എന്നെ സമീപിച്ചു. അവരുടെ ആവശ്യാനുസരണം മനസ്സില്ലാമനസ്സോടെ ഞാൻ പുറത്തു കടന്നു.
കുറച്ചു സമയം തെരുവിലൂടെ നടന്നശേഷം ഞാൻ ഹോട്ടലിലേക്ക് മടങ്ങി. അത്താഴത്തിനുശേഷം രാത്രി 11 മണിയോടെ ഹോട്ടലിനോട് വിടപറഞ്ഞു. നേരത്തെ ബുക്ക് ചെയ്തിരുന്ന ബസ് കൃത്യസമയത്തുതന്നെ എത്തിച്ചേർന്നു. രാത്രി 11 30 കൂടി ഇനിയും കാണാൻ ഒരുപാട് കാഴ്ചകൾ ബാക്കിയുണ്ട് എന്ന തിരിച്ചറിവോടുകൂടി പാതി മനസോടെ തഞ്ചാവൂർ ചരിത്രനഗരിയോട് വിടപറഞ്ഞു…...