ഏഴരക്കുണ്ടിലെ വിശേഷങ്ങള്‍; യാത്രാ വിവരണം

Malayalilife
topbanner
ഏഴരക്കുണ്ടിലെ വിശേഷങ്ങള്‍; യാത്രാ വിവരണം

2018 ൽ കണ്ണൂർ പോയപ്പോൾ ലിസ്റ്റിൽ റാണിപുരവും, പാലക്കയം തട്ടും, പൈതൽമലയുമുണ്ടായിരുന്നു. എന്നാൽ റാണിപുരമിറങ്ങി പൈതൽമലയിലെത്തിയപ്പോഴാണ് കാട്ടുതീ കാരണം പൈതൽമലയിൽ പ്രവേശനം നിരോധിച്ചിരിക്കുകയാണെന്നു അറിഞ്ഞത്. 2018ന്റെ നിരാശ 2019ൽ തീർത്തു. പാലക്കയംതട്ടും പൈതൽമലയും കണ്ടു. പൈതൽമലയിറങ്ങി മടങ്ങുന്നവഴിക്കാണ് ഏഴരകുണ്ട് വെള്ളച്ചാട്ടത്തിലേകിക്കുള്ള ബോർഡ് കാണുന്നത്. സാധാരണ ഒരു സ്ഥലത്തുപോയാൽ പരമാവധി എല്ലാം കാണാൻ ശ്രമിക്കാറുണ്ട്. അപ്പൊപിന്നെ ബോർഡ് കണ്ടവഴിക്ക് വണ്ടി തിരിച്ചു.

കുടിയാൻ മലയിൽ നിന്നും രണ്ട് കിലോമീറ്ററുണ്ടാവും ഏഴരകുണ്ടിലേക്ക്. പ്രവേശനകവാടത്തിന് മുകളിലുള്ള പാർക്കിങ്ങിൽ വണ്ടിയൊതുക്കി ടിക്കറ്റെടുത്തു. 100 രൂപയാണ് ടിക്കറ്റിന്. 100 രൂപയെന്ന് കേട്ടപ്പോൾ ഒന്ന് ശങ്കിച്ചു. കാരണം മുകളിൽ നിന്നും വളരെ ചെറിയ തോതിലാണ് വെള്ളം ഒഴുകിവരുന്നത്. ഞങ്ങളുടെ ഭാവം കണ്ടിട്ടാവണം ടിക്കറ്റ്‌ കൗണ്ടറിലെ മാഡം കാര്യങ്ങൾ വിശദീകരിച്ചു. പ്രവേശനകവാടത്തിൽ നിന്നും ഒന്നര കിലോമീറ്റർ പുഴയുടെ അരുകിലൂടെ മുകളിലേക്ക് കയറിയാൽ നല്ലകാഴ്ച്ചയാണെന്നും അവിടെ കുളിക്കുവാനുള്ള സൗകര്യമുണ്ടെന്നും പറഞ്ഞു. അതിനൊപ്പം ഒരോഫറും തന്നു, മോൾക്ക് ടിക്കറ്റ് വേണ്ട എന്ന്. അങ്ങനെ എനിക്കും ശ്രീമതിക്കും രണ്ട് ടിക്കറ്റ് എടുത്തു.

ടിക്കറ്റെടുക്കുന്നതിനിടയൽ ഞാന്‍ ടിക്കറ്റിന്റ പ്രായപരിധിയെപ്പറ്റി ചോദിച്ചു. അപ്പോൾ 5 വയസ്സ് വരെ ടിക്കറ്റ്‌ എടുക്കണ്ടാ എന്ന് പറഞ്ഞു. അതു പറഞ്ഞതും സൈഡിൽ നിന്നും ഒരു പ്രതിഷേധസ്വരം, “എനിക്ക് എട്ട് വയസ്സായി, എനിക്കും ടിക്കറ്റ്‌ വേണം”. ചിരിയടക്കി കൗണ്ടറിലെ മാഡം പറഞ്ഞു, “അത് സാരമില്ല, മോൾക്ക് ഫ്രീ”. ടിക്കറ്റും വാങ്ങി ഞങ്ങൾ മെല്ലെ മുകളിലേക്ക് കയറി തുടങ്ങി. നല്ലതുപൊലെ കൈവരികൾ കെട്ടി സുരക്ഷയൊരുക്കിയിരിക്കുന്നു. D T P C കണ്ണൂരാണ് ഇവിടം പരിപാലിക്കുന്നത്. നമ്മൾ നടന്നു പോകുന്ന വഴികളിൽ ഇടവിട്ടിടവിട്ട് സുരക്ഷാ ഉദ്യോഗസ്ഥരുണ്ട്, അതിൽ തന്നെ ധാരാളം വനിതാ ഉദ്യോഗസ്ഥർ.

നടന്ന് നമ്മൾ ആദ്യമെത്തുന്നത് സ്ത്രീകൾക്ക് കുളിക്കുവാനുള്ള കുണ്ടിലാണ്. അവിടെ വനിതാ ഉദ്യോഗസ്ഥർ സ്ത്രീകൾക്ക് സുരക്ഷയൊരുക്കുന്നു. ഞങ്ങൾ കയറിചെല്ലുന്നത് കണ്ടപ്പോൾ ഒരു ഉദ്യോഗസ്ഥ ഞങ്ങളെ അടുത്ത പോയിന്റ് വരെ അനുഗമിച്ചു.

അവിടെ നിന്നും വേറൊരു സ്റ്റാഫ് ഞങ്ങളുടെ കൂടെ വന്നു. നടക്കും തോറും അവർ പറഞ്ഞതിനേക്കാൾ ദുരമുണ്ടോ എന്നൊരു സംശയം തോന്നിത്തുടങ്ങി. പോരാത്തതിന് അരുകിലൂടെ ഒഴുകുന്ന പുഴയുടെ ശുഷ്കിച്ച അവസ്ഥയും ഞങ്ങളെ പിന്നിലേക്ക് വലിച്ചു. അങ്ങനെ നടന്ന് നടന്ന് മുകളിലെത്തിയപ്പോൾ അതാ മനോഹരമായ രണ്ട് സ്വിമ്മിംഗ് പൂൾ. പ്രകൃതിയുടെ കരവിരുതിൽ വിരിഞ്ഞ വിസ്മയം.

നല്ല തെളിഞ്ഞ വെള്ളമുള്ള രണ്ട് കുഞ്ഞ് തടാകങ്ങൾ, അതിൽ നീരാടി തകർക്കുന്ന സഞ്ചാരികൾ. അവിടെ കാണുന്നത് നാലാമത്തേയും അഞ്ചാമത്തേയും കുണ്ടുകളാണ്. ആദ്യത്തെ മൂന്ന് കുണ്ടുകളും ഇതിനും മുകളിലാണ്, അവിടേക്ക് പ്രവേശനമില്ല. ഇതിൽ നാലാമത്തെ കുണ്ടിന് 12 അടി താഴ്ച്ചയുണ്ടത്രെ, അഞ്ചാമത്തതിന് 6 അടി താഴ്ച്ചയും. പിന്നെ താഴേക്ക് രണ്ട് വലിയ കുണ്ടും ഒരു ചെറിയ അരകുണ്ടുമുണ്ട്, അങ്ങനെ മൊത്തം ഏഴരകുണ്ട്. താഴേക്കുള്ള കുണ്ടുകളിൽ വെള്ളം കുറവാണ്. ഓരോ മഴക്കാലം കഴിയുമ്പോഴും, മണ്ണും കല്ലും നിറഞ്ഞ് കുണ്ടുകളുടെ ആഴത്തിലും രൂപത്തിലും മാറ്റങ്ങൾ വരുന്നു.

ഇവിടെ കുളിക്കുന്നവരുടെ സുരക്ഷക്ക് വേണ്ടി ലൈഫ് ജാക്കറ്റുകളുണ്ട്. കൂടാതെ നിരീക്ഷണത്തിന് അഞ്ചോളം സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ട്. നല്ല സൗഹാർദ്ദമുള്ള അന്തരീക്ഷമാണവിടെ. നമ്മുടെ സുരക്ഷയിൽ അവർകാണിക്കുന്ന ശ്രദ്ധ പ്രശംസനീയമാണ്.

നമ്മുടെ ചോദ്യങ്ങൾക്കൊക്കെ ഉത്തരം തന്നും, തെറ്റ് ചെയ്യുന്നവരെ ശാസിച്ചും അവർ നമുക്കൊപ്പം കൂടുന്നു. മഴക്കലമായാൽ ഇവിടെ കുളിക്കുവാൻ സമ്മതിക്കില്ല, പക്ഷെ മഴക്കാലത്ത് ആ പുഴയൊഴുകിവരുന്ന കാഴ്ച്ച മനോഹരമായിരിക്കും. ഇനിയൊരു മഴക്കാലത്ത് വീണ്ടും വരണമെന്ന് മനസ്സിലുറപ്പിച്ച് തിരികെ നടക്കുമ്പോൾ നനുത്ത കാറ്റായ് കണ്ണൂരിന്റെ സ്നേഹം തഴുകിയൊഴുകികൊണ്ടിരുന്നു.

Read more topics: # traval blog ezharakund
traval blog ezharakund

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES