Latest News

മീശപ്പുലിമലയിലെ സൂര്യോദയം

 പ്രകാശ് ചന്ദ്രശേഖർ
മീശപ്പുലിമലയിലെ സൂര്യോദയം

മൂന്നാർ: 40-50 കിലോമീറ്റർ വേഗത്തിൽ വീശിയടിക്കുന്ന കോടമഞ്ഞ് പാളികൾക്ക് അപ്പുറത്ത് മേഘങ്ങൾക്കിയിൽ ആദ്യം പ്രത്യക്ഷപ്പെട്ടത് ഇളംമഞ്ഞയും ചുവപ്പുകലർന്ന വെളിച്ചം.താമസിയാതെ സമീപ പ്രദേശവും പ്രകാശ പൂരിതമായി.പിന്നാലെ കടുംചുവപ്പിൽ സൂര്യൻ മുഖംകാണിച്ചു.രശ്മികൾ ഹിമകണങ്ങളിൽ തട്ടി മഴവില്ലും വിരിഞ്ഞു.ഉടൻ ഇരുട്ടിനെ അകറ്റി താഴെ ഇളംമഞ്ഞ നിറത്തിൽ പ്രകാശമെത്തിത്തുടങ്ങി.പ്രകാശവലയം നിമിഷങ്ങളുടെ വ്യത്യാസത്തിൽ വിസ്തൃതമായപ്പോൾ പുറത്തുവന്നത് കാഴ്ചകളുടെ വസന്തം

 

സമുദ്രനിരപ്പിൽ നിന്നും 8661 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്നതും സംസ്ഥാന പരിധിയിൽപ്പെടുന്ന പശ്ചിമഘട്ടത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയുമായ മീശപ്പുലിമലയിലെ സൂര്യോദയത്തിന്റെ നേർക്കാഴ്ചയാണ് മുകളിൽ ചേർത്തിട്ടുള്ളത്. കൊടും തണുപ്പിൽ ഒരേസമയം അമ്പരപ്പും അത്ഭുതവും ആഹ്ളാദവും പകരുന്ന കാഴ്ചകളാണ് പ്രകൃതി ഇവിടെ കാണികൾക്കായി കരുതിവച്ചിട്ടുള്ളത്.ലോകത്തിന്റെ നെറുകയിലെത്തിയ പ്രതീതിയാണ് കുന്നിന്മുകളിലെത്തുമ്പോൾ അനുഭവപ്പെടുന്നതെന്നാണ് സന്ദർശകരുടെ പക്ഷം. സൂര്യോദയം കഴിഞ്ഞ് പിന്നെയും മണിക്കൂറുകൾ കാത്തിരുന്നാലെ മീശപ്പുലിമലയിലെ കാഴ്ചകൾ പൂർണ്ണമായും ദൃശ്യമാവു.ഒച്ചിഴയും വേഗത്തിലാണ് ഇവിടെ സൂര്യരശ്മികൾ പരക്കുന്നത് എന്നതാണ് ഇതിനകാരണം.

കുന്നിനു ചുറ്റുമുള്ള കാഴ്ചകൾ ഏറെ ഹൃദ്യമാണ്.മലയുടെ താഴ്‌വാരങ്ങളെ തഴുകി വെൺമേഖങ്ങൾ ഒഴുകി നടക്കുന്നതും ശക്തമായ കാറ്റിൽ കോടമഞ്ഞിൻ പാളികൾ ചൂറ്റും പറന്നു നടക്കുന്നതും ചുറ്റും വ്യാപിച്ചുകിടക്കുന്ന മലനിരകളും പച്ചപ്പുമെല്ലാം പ്രദേശത്തിന്റെ മനോഹാരതയക്ക് മാറ്റുകൂട്ടുന്നു. ആനയിറങ്കൽ ഡാം,ആനമുടി,കുരങ്ങിണി മല,പഴനി മലയുടെ ചിലഭാഗങ്ങൾ എന്നിവ മഞ്ഞകലുന്ന സമയങ്ങളിൽ ഇവിടെ നിന്ന് കാണാൻ സാധിക്കും.ചില ദിവസങ്ങളിൽ വൈകിട്ട് ഇരുട്ട് വീഴുന്നത് മുതൽ പുലർച്ച സൂര്യരശ്മികൾ പരക്കും വരെ ഇവിടെ അസഹനീയമായ തണുപ്പാണ് അനുഭവപ്പെടുന്നത്.ചിലദിവസങ്ങളിൽ പൂജ്യത്തിൽ താഴെയാണ് ഇവിടുത്തെ താപനില.

പ്രദേശത്തെ ശക്തമായ കാറ്റ് തണുപ്പ് വർദ്ധിക്കുന്നതിന് കാരണമാവുന്നുണ്ട്.40-50 കിലോമീറ്റർ വേഗതയിൽ വരെ പുലർകാലങ്ങളിൽ ഇവിടെ കാറ്റുവീശുന്നുണ്ട്. ചില ദിവസങ്ങളിൽ താപനിലകുറഞ്ഞ് മലയടിവാരത്തെ കുളത്തിലെ വെള്ളവും ഐസായി രൂപാന്തരപ്പെടുന്നുണ്ട്. മീശപ്പുലിമലയിലെ മഞ്ഞുവീഴചകാണാൻ അടുത്തകാലത്ത് സഞ്ചാരികളുടെ പ്രവാഹം ശക്തമായിരുന്നു.എന്നാൽ ഏറ്റവും ഉയർന്ന മലയിൽ നിന്നുള്ള സൂര്യോദയം കാണാൻ അൽപം റിസ്‌കെടുക്കണമെന്നുള്ളതിനാൽ ഭൂരിപക്ഷം സഞ്ചാരികളും ഇതിന് മുതിരാറില്ല. കുത്തനെ കയറ്റവും ഇറക്കവുമുള്ള നടപ്പാതയിൽ ഓരോ അടിയും അതീവ ശ്രദ്ധിയോടെ നീങ്ങിയില്ലങ്കിൽ ഒരു പക്ഷേ മരണം വരെ സംഭവിക്കാം.പൊടിമണ്ണും ചരലും നിറഞ്ഞ വഴിയിലുടെയാണ് ഇവിടേയ്ക്കുള്ള യാത്ര.മലകയറുമ്പോൾ ചരലിൽ ചവിട്ടി, ബാലൻസ് തെറ്റി നിലംപതിക്കുന്നതിനുള്ള സാധ്യതയേറെയാണ്.

വീഴ്ചയിൽ ഇവിടെ വളരുന്ന മീശപ്പുല്ലിലോ ചെറുമരങ്ങളിലോ പിടുത്തംകിട്ടിയില്ലങ്കിൽ അഗാത ഗർത്തത്തിലേയ്ക്കായിരിക്കും പതിക്കുക.ഇത്തരത്തിൽ അപടകടത്തിൽപ്പെടുന്നവർ രക്ഷപെടണമെങ്കിൽ അത്ഭതങ്ങൾ സംഭവിക്കണമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അപകട രഹിതമായ യാത്രയ്ക്ക് ഇവിടുത്തെ ഗൈഡുകളുടെ നിർദ്ദേശം കർശനമായി പാലിക്കുക മാത്രമാണ് പോംവഴിയെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.സാധാരണ നിലിയിൽ ഇവിടുത്തെ ഷൂട്ടിങ് പോയിന്റിൽ നിന്നാണ് സന്ദർശകർ സൂര്യോദയം കാണുന്നത്.

താമസകേന്ദ്രമായ റോഡോമാൻഷനിൽ നിന്നും 400 മീറ്ററോളം മലകയറിയാൽ ഇവിടെ എത്താം.ഇതിന് അരമണിക്കൂറോളം സമയത്തെ നടപ്പ് മതിയാവും.മീശപ്പുലിമലയുടെ എറ്റവും ഉയർന്ന ഭാഗത്തെത്താൻ ഇവിടെ നിന്നും രണ്ടുകിലോമീറ്ററിലേറെ സഞ്ചരിച്ചരിക്കണം.അതും അപകടം പതിയിരിക്കുന്ന നടപ്പാതയിലൂടെ.അൽപം സാഹസീകത ഇഷ്ടപ്പെടുന്നവർക്ക് ഇവിടേയ്ക്കുള്ള യാത്ര ത്രില്ലിംഗായിരിക്കുമെന്നാണ് ഗൈഡുകളുടെ വിലയിരുത്തൽ. പുലർച്ചെ 6.10 മുതൽ 6.25 വരെയുള്ള സമയങ്ങളിലാണ് ഇവിടെ സൂര്യോദയം ദൃശ്യമാവുക.ഷൂട്ടിൽ പോയിന്റിലെ സൂര്യോദയ ദർശനത്തിന് താമസ കേന്ദ്രത്തിൽ നിന്നും പുലർച്ചെ 5.30 -നും ഹിൽടോപ്പിലെ സൂര്യോദയം ദർശിക്കുന്നതിന് 4.20 നും പുറപ്പെടണം.

ഹിൽടോപ്പിലെ സൂര്യോദയം കാണാൻ ആഗ്രഹമുണ്ടെന്നറിയിച്ചപ്പോൾ കെ എഫ് ഡി സി മൂന്നാർ ഡിവിഷണൽ മാനേജർ വി വി ജയരാജനും ഫീൽഡ് ഓഫീസർ ആർ ജിതിനും ഒപ്പംകൂടി.ഗൈഡ് മുനിച്ചാമിയായിരുന്നു വഴികാട്ടി.ഓരോ ചുവടുവയ്ക്കുമ്പോഴും അപകടമൊഴിവാക്കാൻ മുനിച്ചാമിയുടെ മുന്നറിയിപ്പുകൾ തുണയായി. നിന്നും കിതച്ചും മലമുകളിലെത്തിയപ്പോൾ തണുപ്പ് വില്ലനായി.കൈവിരലുകൾ മരവിച്ച അവസ്ഥയിലായി.ദൃശ്യങ്ങൾ പകർത്താൻ കാമറ പിടിക്കാൻ പോലും കൈവഴങ്ങാത്ത സ്ഥിതി.ഒടുവിൽ കൈവിരലുകളും സെറ്ററിനുള്ളിൽ ഒളിപ്പിച്ചപ്പോഴാണ് നേരിയ ആശ്വാസമായത്.

ആദ്യമായതിനാലാവാം ഇവിടുത്തെ തണുപ്പിൽ ശരീരം കിടുകിട വിറച്ചു.ഏകദേശം 20 മിനിട്ടോളം ഇവിടെ ഈ നിലയിൽ കഴിച്ചുകൂട്ടി.അപ്പോഴേയ്ക്കും അങ്ങ് ദൂരെ മഞ്ഞുപാളികൾക്കിടയിലൂടെ മഞ്ഞവെളിച്ചം മിന്നിമറയുന്നത് കണ്ടു. സൂരോദ്യമാണെന്ന് മുനിച്ചാമി അറിയിച്ചതോടെ ദൃശ്യം ഒപ്പിയെടുക്കാൻ റെഡിയായി.പിന്നെ കാത്തിരിപ്പിന്റെ നിമിഷങ്ങൾ.ഒടുവിൽ മടിച്ചുമടിച്ച് സൂര്യൻ മുഖം കാണിച്ചു. മഞ്ഞും മഴക്കാറും പ്രകാശം മറച്ചതിനാൽ സൂര്യകിരണങ്ങൾ ഇടവിട്ടാണ് താഴേയ്ക്ക് പതിച്ചത്.ഇതുമൂലം ഉദയത്തിന്റെ മനോഹാരിതയ്ക്കും നേരിയ മങ്ങലേറ്റു.8.30 തോടടുത്താണ് പ്രദേശം വ്യക്തമായികാണത്തക്കവിധം സൂര്യപ്രകാശം പരന്നത്.പിന്നെ കണ്ടത് കാഴ്ചകളുടെ പൂരം.

തിരിച്ചിറങ്ങുമ്പോൾ വഴിയിൽ ഒരിടത്ത് വെള്ളമൊഴുകുന്ന തോടിനോട് ചേർന്ന് പുലുയുടെ കാൽപ്പാട് മുനിച്ചാമി കാണിച്ചുതന്നു.ഏറെ ദൂരം പിന്നിടും മുമ്പ് വഴിയിൽ വരയാടിന്റെ രോമം വ്യക്തമായിക്കാണുന്ന പുലിക്കാഷ്ടവും കണ്ടു.യാത്രക്ഷീണത്തിനപ്പുറം ഉള്ളിൽ തെല്ലുഭയപ്പാടുമായിട്ടായിരുന്നു പിന്നീടുള്ള യാത്ര.പകൽ സമയങ്ങളിൽ ഇവിടെ ഇതുവരെ പുലിയെ കണ്ടിട്ടില്ലന്നുള്ള മുനിച്ചാമിയുടെ ഉറപ്പുമാത്രമായിരുന്നു ഈ ഘട്ടത്തിൽ ആകെയുണ്ടായിരുന്ന മനോബലം.റോഡോമാൻഷൻ കോട്ടേജിൽ തിരിച്ചെത്തിയപ്പോഴാണ് ഭയപ്പാട് പൂർണ്ണമായും വിട്ടകന്നത്.

പുള്ളിപ്പുലിയുടെയും കരിമ്പുലിയുടെയും കാട്ടുപോത്തിന്റെയും കാട്ടാനകൂട്ടങ്ങളുടെയുമെല്ലൊം വിഹാര കേന്ദമായ വനപാതയിലൂടെയായിരുന്നു യാത്രയെന്നറിഞ്ഞപ്പോൾ നെഞ്ചിടുപ്പ് വല്ലാതെ കൂടി.2013 മുതൽ ഇടവിട്ട് ഇവിടേയ്ക്ക് വിനോദ സഞ്ചാരികളെത്തുന്നുണ്ടെന്നും ഇവരിലാർക്കും വന്യമൃഗങ്ങളിൽ നിന്നും ഒരു പോറൽ പോലുമേറ്റിട്ടില്ലന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയപ്പോഴാണ് ഇക്കാര്യത്തിലെ ആശങ്കവിട്ടകന്നത്.പരിചയ സമ്പന്നരായ ഗൈഡുകളുടെ സേവനം തന്നെയാണ് ഇതിന് മുഖ്യകാരണമെന്നും സഞ്ചാരികൾ ഇവരുടെ മാർഗ്ഗനിർദ്ദേശങ്ങൾ അതുപടി പാലിച്ചാൽ ഹിൽടോപ്പിലെ വിസ്മയക്കാഴ്ചകൾ സുഗമമായി കണ്ടുമടങ്ങാമെന്നുമാണ് ഇക്കൂട്ടരുടെ ഉറപ്പ്.

മൂന്നാറിൽ നിന്നും മാട്ടുപ്പെട്ടി വഴിയും സൂര്യനെല്ലി വഴിയും ഇവിടെ എത്താം.മൂന്നാർ -മാട്ടുപ്പെട്ടി ഇക്കോ പോയിന്റ് -അരുവിക്കാട് വഴിയാവുമ്പോൾ 34 കിലോമീറ്ററും മൂന്നാർ -സൈലന്റ് വാലി റോഡുവഴിയാവുമ്പോൾ 34 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ഏകദേശ ദൂരം. മാട്ടുപ്പെട്ടി എക്കോ പോയിന്റിൽ നിന്നും ആരംഭിക്കുന്ന പാതയിലൂടെ ഇവിടേയ്ക്കുള്ള യാത്രയിൽ എങ്ങും ഹരിതശോഭ ദൃശ്യമാണ്.കണ്ണൻദേവൻ തേയിലത്തോട്ടത്തിലൂടെ മലകളെ വലം വച്ചുള്ള യാത്രയിലെ കാഴ്ചകൾ ഏറെ മനോഹരമാണ്.മലനിരകളിലും താഴ്‌വാരങ്ങളിലും വ്യാപിച്ചുകിടക്കുന്ന തേയിലക്കാടുകളാണ് ഈ പാതയിലെ പ്രധാന കാഴ്ച.

അരുവിക്കാട് വരെ വാനങ്ങൾക്ക് സഞ്ചരിക്കുന്നതിന് കാര്യമായ ബുദ്ധിമുട്ടില്ല.ഇവിടെ നിന്നും ഓഫ് റോഡിൽ സഞ്ചരിക്കാൻ കഴിയുന്ന വാഹനങ്ങളിൽ മാത്രമേ യാത്ര സാധ്യമാവു.അരുവിക്കാടുനിന്നും രണ്ട് കിലോമീറ്ററോളം പിന്നിട്ടാൽ ബേസ്സ് ക്യാമ്പിലെത്താം.ടെന്റിൽ താമസിക്കാൻ താൽപ്പര്യമുള്ളവർക്കായി ഇവിടെ കെ എഫ് ഡി സി സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ നിന്നും താമസൗകര്യം ലഭ്യമാവുന്ന അടുത്ത പോയന്റിലെത്താൻ 5 കിലോമാറ്റർ സഞ്ചരിക്കണം.ഇവിടെ താസക്കാർക്ക് ലക്ഷ്വറി സൗകര്യങ്ങൾ ലഭിക്കും.വ്യത്യസ്ഥ നിരക്കുകളിൽ ഇവിടുത്തെ കോട്ടേജുകളിൽ മുറികൾ ലഭ്യമാവും.

ഈ കേന്ദ്രത്തിൽ നിന്നും കുത്തനെയുള്ള കയറ്റവും ഇറക്കവുമുൾപ്പെടുന്ന 2.5 കിലോമീറ്റർ ദൂരം നടന്നാൽ എറ്റവും ഉയർന്ന പ്രദേശത്തെത്താം.നടപ്പ് ശീലമുള്ളവർക്ക് ഏകദേശം ഒരു മണിക്കൂർകൊണ്ടും അല്ലാത്തവർക്ക് പരമാവധി രണ്ട് മണിക്കൂർകൊണ്ടും ഇവിടെയെത്താം. ചെറുതും വലുതുമായ നിരവധി മലകൾ കയറി ഇറങ്ങിയാണ് മീശപ്പുലിമല ഹിൽടോപ്പിൽ സൂര്യോദയം ദൃശ്യമാവുന്ന സ്ഥലത്ത് എത്തുന്നത്.ബേസ്സ് ക്യാമ്പിൽ നിന്നും 5 കിലോ മീറ്റർവരെ വാഹനത്തിലും പിന്നീട് നടന്നും ഇവിടെ എത്താം.ദക്ഷിണേന്ത്യയിൽ മനുഷ്യവാസം സാധ്യമാവുന്ന ഇത്രയും ഉയർന്ന പ്രദേശം മീശഷപ്പുലിമല മാത്രമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.ഹിൽടോപ്പ് ഉൾപ്പെടുന്ന വനമേഖല നിരവധി അപൂർവ്വ സസ്യ-ജന്തു ജാലങ്ങളുടെ കലവറകൂടിയാണ്.ആന,കരിമ്പുലി,പുള്ളിപ്പുലി,കടുവ,കാട്ടുപോത്ത് തുടങ്ങിയവയും വംശനാശ ഭീഷിണി നേരിടുന്ന മരനായ ഇനത്തിൽപ്പെട്ട നീലഗിരി മാർട്ടൻ,വരയാട് എന്നിവയെയും ഇവിടെ കാണാം.

നിലവിൽ ഈ പ്രദേശത്തെത്തണമെങ്കിൽ കേരള വനംവികസന കോർപ്പറേഷന്റെ പ്രവേശനപാസ്സ് നിർബന്ധമാണ്.കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിൻ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായിട്ടാണ് കെ എഫ് ഡി സി ഇവിടേയ്ക്ക് വിനോദസഞ്ചാരികളെ എത്തിക്കുന്നത്.

Read more topics: # sunrise in meesappulimala
sunrise in meesappulimala

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES