Latest News

ഒറ്റയ്ക്ക് ലോകം ചുറ്റാനിറങ്ങിയ മുസ്ലീം പെണ്‍കുട്ടി

Malayalilife
ഒറ്റയ്ക്ക് ലോകം ചുറ്റാനിറങ്ങിയ മുസ്ലീം പെണ്‍കുട്ടി

കോഴിക്കോട്ടുകാരിയായ ഒരു നാടൻ മുസ്ലിം പെൺകുട്ടി എങ്ങനെയാണ് ഒറ്റക്ക് ലോകം ചുറ്റിക്കറങ്ങാൻ ധൈര്യം കിട്ടിയതെന്ന് ചോദിച്ചാൽ ആയിഷയെന്ന യാത്രാപ്രാന്തി ഒരു ചിരിയാണ്. "പടച്ചോന്റെ ദുനിയാവ് ചുറ്റിക്കാണല് സുന്നത്തല്ലേ " എന്നൊരു മറു ചോദ്യവും. ആയിഷയെന്ന ഗ്രാമീണ പെൺകുട്ടി 7 ഓളം രാജ്യങ്ങളും പതിനെട്ടോളം സംസ്ഥാനങ്ങളും ഒറ്റക്കും അല്ലാതെയും യാത്ര ചെയ്തിട്ടുണ്ട്.ചുമ്മാതല്ല അവളെ പ്രിയപ്പെട്ടവർ യാത്രാ പ്രാന്തിയെന്ന് വിളിച്ചത്.അവളിപ്പോൾ അങ്ങനെയൊരു വിളി ആസ്വദിക്കുന്നുമുണ്ട്.

കുടുംബവുമൊന്നിച്ചോ കൂട്ടുകാരുമൊന്നിച്ചോ ആണല്ലോ പണ്ട് പലരുടെയും യാത്രകൾ. അന്നൊക്കെ ഒരു യാത്ര പോകാനായി ആയിഷ ഷഹല ഒത്തിരി കൊതിച്ചിട്ടുണ്ട്. കഴിഞ്ഞിട്ടില്ല. വല്ലപ്പോഴും സംഭവിക്കുന്ന വൺഡേ യാത്രകൾ വീണുകിട്ടിയാൽ ധാരാളം. പ്ലസ്ടു കഴിഞ്ഞതോടെ ആയിഷയെ ഉപ്പ പൊറ്റശ്ശേരിക്കാരനായ ശബ്നുദ്ധീന് കെട്ടിച്ചുകൊടുത്തു. സ്നേഹമുള്ള വീട്ടുകാർ.കുഞ്ഞു നാളിലെ യാത്ര പോകണമെന്ന മോഹം യാഥാർത്ഥ്യമാക്കിയത് ഭർത്താവാണെന്ന് ആയിഷ പറയുന്നു.

ഒരു കൂട്ടില്ലാതെ എന്ത് യാത്രകൾ എന്നായിരുന്നു അക്കാലത്തു ചിന്തിച്ചിരുന്നത്. എന്നാൽ അങ്ങനെ ചിന്തിച്ച ആയിഷ മാറി ചിന്തിക്കാൻ തുടങ്ങി.ഭർത്താവുമൊന്നിച്ചായിരുന്നു സൗദിയിലേക്ക് ആദ്യ യാത്ര.

പിന്നെപ്പിന്നെ റ്റെക്കായി യാത്ര.

ഒറ്റയ്ക്കുള്ള യാത്രയുടെ സുഖം ഒരിക്കലനുഭവിച്ചു കഴിഞ്ഞാൽ പിന്നെ യാത്രകളെല്ലാം തനിച്ചു ചെയ്യാനായിരിക്കും താല്പര്യം കൂടുതൽ. ഹിമാലയ മലനിരക കാണാൻ തനിച്ചു പോയി ആയിഷ.ചിലപ്പോൾ ഒരു കൂട്ടം സ്ത്രീകക്കൊപ്പവും, മറ്റു ചിലപ്പോൾ ഭർത്താവുമൊന്നിച്ചും.

തനിച്ചു കാണാനിറങ്ങിയപ്പോൾ ജീവിതത്തിലൊരിക്കലും വിസ്മരിക്കാൻ കഴിയാത്ത അനുഭവങ്ങളാണ് ആയിഷക്ക് സമ്മാനമായി ലഭിച്ചത്.

2013 ലായിരുന്നു ആയിഷയുടെ യാത്രാപ്രാന്ത് തുടങ്ങിയത്.ഇപ്പോൾ നാല് വർഷമായി ഒറ്റക്കും അല്ലാതെയും നിരന്തരം യാത്രകൾ.നിറയെ ലോകങ്ങൾ... നിരവധി സംസ്കാരങ്ങൾ.. വിഭിന്ന ഭാഷകൾ.. ഹിമാലയത്തോളം അനുഭവങ്ങൾ.. നിസ്കാരത്തിനൊന്നും ഒരു യാത്രകളും തടസ്സമുണ്ടാക്കാതിരിക്കാൻ ആയിഷ പ്രത്യേകം ശ്രദ്ധിക്കും. മതകാര്യങ്ങളിലുള്ള താൽപര്യം കാരണം വേഷവും അത്തരത്തിലാണ്.ഇന്ത്യയിൽ 18 സംസ്ഥാനങ്ങൾ ഒറ്റക്ക് കറങ്ങിയിട്ടും വേഷത്തിന്റെ/ മതത്തിന്റെ പേരിൽ ഒരു വിവേചനവും അനുഭവിക്കേണ്ടിവന്നിട്ടില്ലെന്ന് ആയിഷ പറയുന്നു.

സൗദി, ശ്രീലങ്ക, നേപ്പാൾ, ഇന്തോനേഷ്യ, മാലി, മലേഷ്യ, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഒറ്റക്കും അല്ലാതെയും യാത്ര നടത്തിയ ഈ യാത്രാപ്രാന്തിയുടെ ധൈര്യം ഭർത്താവ് ശബ്നുദ്ധീന്റെ അകമഴിഞ്ഞ പിന്തുണയും ഭർത്താവിന്റെ വീട്ടുകാരുടെ കരുതലുമാണ്.

ജോർജിയ, സ്വിറ്റ്സർലാന്റ് എന്നീ രാജ്യങ്ങൾ സന്ദർശിക്കാനിരിക്കെയാണ് ലോക്ക് ഡൗൺ വന്നത്. ഇനിയിപ്പോൾ വിമാന സർവീസ് തുടങ്ങിയാൽ തായ്ലാന്റ് പോകാനിരിക്കുകയാണ് ആയിഷ ഷഹലയെന്ന 29 കാരി.യാത്രയില്ലെങ്കിൽ ആയിഷയില്ലെന്ന സ്ഥിതിയാണ്. കൊവിഡും ലോക്ക് ഡൗണും കാരണം കുറച്ചുകാലം വീട്ടിൽ എല്ലാവരുമൊത്തും സമയം ചിലവഴിക്കാനായി..മകൻ ഡാനിയലും ഭർത്താവുമൊന്നിച്ച് പുതിയ യാത്രയുടെ സിസ്ക്കഷനിലാണ്.

ആയിഷയുടെ ഓരോ യാത്രയും പത്തുമുതൽ 15 ദിവസം വരെ നീണ്ടുനിൽക്കും.ഗോവ, മഹാരാഷ്ട്ര, ഡൽഹി, ഹരിയാന, പഞ്ചാബ്, ഹിമാചൽ, കശ്മീർ എന്നിവിടങ്ങളിലെ ടൂറിസ്റ്റ് സ്ഥലങ്ങളിലെല്ലാം പലവട്ടം ആയിഷ പോയിട്ടുണ്ട്.

യാത്രാപ്രാന്ത് മൂത്തപ്പോൾ ഭർത്താവ് ശബ്നുദ്ധീൻ ഒരു കാര്യം ആവശ്യപെട്ടു, ട്രാവലിംഗ് ആന്റ് ടൂറിസം കോഴ്സ് പഠിക്കാൻ.മൂപ്പര് പണ്ട് പഠിക്കാൻ കൊതിച്ചതാണ്. പക്ഷെ വിധി വെബ് ഡിസൈനറാവാനായിരുന്നു.

ആയിഷ കോഴ്സ് പഠിച്ചു. സ്വന്തമായി ഒരു സംരംഭവും തുടങ്ങി.കൂടെ മുഹമ്മദ് നിസാറെന്ന സഹോദരനെപ്പോലൊരു പാർട്ടണറും.

ആദ്യമൊക്കെ യാത്രയെന്ന് കേൾക്കുമ്പോൾ ഉപ്പാക്കും ഉമ്മാക്കും വലിയ ബേജാറായിരുന്നുവെന്ന് ആയിഷ പറയുന്നു. സ്വന്തമായി ഒരു ട്രാവൽസ് തുടങ്ങിയതോടെ പിന്നെ അവർക്കും ധൈര്യമായി. അങ്ങനെ യാത്രാ പ്രാന്ത് ഒരു പ്രൊഫഷനാക്കി കൊണ്ടുപോകാൻ കഴിഞ്ഞു ആയിഷയ്ക്ക്.

സോളോ യാത്രകളാണ് യാത്രാപ്രാന്തിക്ക് ഇഷ്ടം. സ്ത്രീകളുടെ മാത്രം കൂട്ടായ്മയുണ്ടാക്കി വിവിധ യാത്രകൾ സംഘടിപ്പിക്കും.കേരളത്തിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം നിരവധി തവണ ആയിഷ പോയിട്ടുണ്ട്. ഓരോ യാത്രയും പുതിയൊരു മനുഷ്യനെ സൃഷ്ടിക്കും.അതുകൊണ്ട് തന്നെ യാത്രാ പ്രാന്തിക്ക് ഒരു യാത്രയും മടുപ്പുണ്ടാക്കിയിട്ടില്ല.

ഒറ്റക്ക് യാത്ര പോകുന്നവരോട് അനുഭവത്തിന്റെ അറിവുകൾ പങ്കുവെക്കാനുണ്ട് ഈ യാത്രാപ്രാന്തിക്ക്.

യാത്രയെ കുറിച്ച് വ്യക്തമായ രൂപരേഖ ഉണ്ടായിരിക്കണം. താമസ സ്ഥലത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാകണം. സന്ദർശിക്കാനായി തെരഞ്ഞെടുക്കുന്ന പ്രദേശങ്ങളെ കുറിച്ച് പരമാവധി അറിവ് ഉണ്ടായിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

. അപരിചിതരെ അകറ്റണം.

ജനങ്ങളുമായി സംസാരിക്കാനും സൗഹൃദങ്ങൾ ഉണ്ടാക്കാനും മടിക്കണ്ട. പക്ഷെ താമസ സ്ഥലം മുതലായ വ്യക്തിപരമായ കാര്യങ്ങൾ പങ്കുവെക്കരുത്. അപരിചതിരെ അധികം അടുപ്പിക്കരുത്.

. ഡോക്യൂമെന്‍ററീസ് എടുക്കാന്‍ മറക്കരുത്.

. വസ്ത്രധാരണം പ്രധാനം.

ഒറ്റയ്ക്കു യാത്രകൾ ചെയുമ്പോൾ വസ്ത്രധാരണം വളരെയധികം ശ്രദ്ധിക്കുക. പ്രദേശത്തിന്‍റെ ആചാരങ്ങളും രീതികളും ബഹുമാനിക്കുകയും പരമാവധി ജനങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിലുള്ള പ്രവർത്തികൾ ആയിരിക്കും ഉചിതം.

. ആഭരണങ്ങൾ വേണ്ടേ വേണ്ട. പണം പേഴ്സിൽ സൂക്ഷികാതെ എളുപ്പം ആർക്കും എടുക്കാൻ കഴിയാത്ത വിധത്തിൽ സൂക്ഷിക്കുക.. രാത്രി കാലങ്ങളിൽ ഒറ്റയ്ക്കു ഉള്ള യാത്രകൾ പരമാവധി ഒഴിവാക്കുക. അഥവാ യാത്ര ചെയ്യേണ്ടി വന്നാല്‍ ചുറ്റും ശ്രദ്ധിക്കുക.പൊലീസ്, വനിതാ ഹെല്പ് ലൈൻ, എമർജൻസി നമ്പറുകൾ മുതലായവ സൂക്ഷിക്കുക. ഐഎസ്ഡി കോള്‍ വിളിക്കാനുളള ബാലന്‍സും ഫോണില്‍ ഉണ്ടോയെന്ന് ഉറപ്പ് വരുത്തുക. ഫോൺ ചാര്‍ജറും കൈയില്‍ സൂക്ഷിക്കുക.ഓട്ടോ ടാക്സി സംവിധാനങ്ങളെ അപേക്ഷിച്ചു പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്നതാവും കൂടുതൽ അഭികാമ്യം.

യാത്രയെ കുറിച്ചുള്ള വിശദ വിവരങ്ങളും ചിത്രങ്ങളും അപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയുന്നത് കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും നിങ്ങൾ സുരക്ഷിതർ ആണെന്നു മനസിലാക്കാനും അവശ്യ അവസരത്തിൽ സഹായിക്കാനും സാധ്യമാകും.

ഒറ്റയ്ക്കു ആണെന്ന തോന്നൽ മറ്റുള്ളവർക്ക് കൊടുക്കാതെ ഇരിക്കുക. എല്ലാ കാര്യത്തിലും ആത്മവിശ്വാസവും ധൈര്യവും പുലർത്തുക. സ്വയം പ്രതിരോധിക്കാൻ സ്വയം രക്ഷ അലാറം മുതലായവ സൂക്ഷിക്കുന്നത് ഉചിതമാകും. അത് സൂക്ഷിക്കാനും അവശ്യ സമയങ്ങളിൽ ഉപയോഗിക്കാനും എളുപ്പം ആയിരിക്കും.

കടപ്പാട്; ഫക്‌റദ്ദീന്‍ പന്താവൂര്‍
 

journey of a kozhikoden musilm girl facebook post

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES