Latest News

ടിക്കറ്റ് നിരക്ക് 400 രൂപ; കാത്തിരിക്കുന്നത് 6ഡി തീയറ്ററും മ്യുസിയവും ഉള്‍പെടെയുള്ള വിസ്മയ ലോകം; കൊല്ലം ജില്ലയ്ക്ക് അഭിമാനമായ ജഡായു എര്‍ത്ത് സെന്ററിലെ അത്ഭുതകാഴ്ചകള്‍ ഇതൊക്കെ

Malayalilife
ടിക്കറ്റ് നിരക്ക് 400 രൂപ; കാത്തിരിക്കുന്നത് 6ഡി തീയറ്ററും മ്യുസിയവും ഉള്‍പെടെയുള്ള വിസ്മയ ലോകം; കൊല്ലം ജില്ലയ്ക്ക് അഭിമാനമായ ജഡായു എര്‍ത്ത് സെന്ററിലെ അത്ഭുതകാഴ്ചകള്‍ ഇതൊക്കെ

കൊല്ലം ജില്ലയ്ക്ക് അഭിമാനമായ ജഡായു എര്‍ത്ത്‌സ് സെന്റര്‍ അത്ഭുതകാഴ്ചകളുമായി ഒരുങ്ങിക്കഴിഞ്ഞു. ചടയമംഗലത്ത്‌ പാറയുടെ മുകളില്‍ ഇരുനൂറ്റന്‍പത് അടി ഉയരത്തില്‍ വാര്‍ത്തെടുക്കുന്ന ജടായു ശില്‍പ്പത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. താഴ്വരയില്‍ ആരംഭിച്ചിട്ടുള്ള സാഹസികത നിറഞ്ഞ എന്റര്‍ടെയ്ന്‍മെന്റ് പാര്‍ക്കിലേക്ക് ആളുകള്‍ എത്തിത്തുടങ്ങി.പ്രതിമയുടെ ഉള്‍ഭാഗം ബഹുനിലകളുള്ള കെട്ടിടത്തിന്റെ മാതൃകയിലാണ് നിര്‍മിച്ചിരിക്കുന്നത്. ചുമരുകള്‍ വലിയ സ്‌ക്രീനുകളാണ്. മൂന്നാം നിലയില്‍ ജഡായുവിന്റെ കണ്ണിന്റെ ദ്വാരത്തിലെത്തുമ്പോള്‍ 360 ഡിഗ്രി ആംഗിളില്‍ മലനാടിന്റെ ഭംഗി കാണാം എന്നതും ഏറ്റവും വലിയ സവിശേഷതയാണ്. ഫ്രീ ക്ലൈംബിങ്ങില്‍ തുടങ്ങി പെയിന്റ് ബോളില്‍ അവസാനിക്കുന്ന 20 ഇനം വിനോദ പരിപാടികളാണ് ജടായു എര്‍ത്ത് സെന്ററിലുള്ളത്.

സന്ദര്‍ശകര്‍ക്ക് ഏകദേശം പത്ത് മിനിട്ടിനുള്ളില്‍ എയര്‍കാറില്‍ മലമുകളിലെത്താനുള്ള സൗകര്യങ്ങളാണ് സെന്ററിന്റെ ഏറ്റവും വലിയ സവിശേഷത. ഇതിനായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിര്‍മ്മിതമായ 16 എയര്‍കാറുകളാണ് ഗോണ്‍ടോള റോപ്പില്‍ ചലിച്ചുകൊണ്ടിരിക്കുന്നത്. എട്ട് പേര്‍ക്ക് വരെ ഒരു എയര്‍കാറില്‍ കയറാം. ശില്പത്തിന്റെ നിര്‍മ്മിതിയുടെ ഭാഗമായി മലമുകളിലുള്ള രാമക്ഷേത്രം നവീകരണവും പൂര്‍ത്തിയായി. കനത്ത സുരക്ഷാ സംവിധാനങ്ങളും അനുബന്ധ സൗകര്യങ്ങളുമാണ് ഇവിടെ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ ടൂറിസം കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് ഹെലികോപ്റ്റര്‍ സൗകര്യവും ഉടന്‍ സജ്ജമാകുമെന്നാണ് സൂചന. രണ്ട് ഹെലിപാഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായതായും അധികൃതര്‍ അറിയിച്ചു.

ഇടതു ചിറകറ്റ് വലതു ചിറകു വിടര്‍ത്തി കൊക്കും കാല്‍ നഖങ്ങളുമുയര്‍ത്തി കിടക്കുന്ന രൂപത്തിലാണ് ജടായു ശില്‍പ്പം. പുറത്തു നിന്നു നോക്കിയാല്‍ ശില്‍പ്പമെന്നും അകത്തു കയറിയാല്‍ വലിയൊരു സിനിമാ തിയേറ്ററെന്നും തോന്നുംവിധമാണ് ഇതിന്റെ സൃഷ്ടി. ചടയമംഗലത്തുകൂടി വാഹനത്തില്‍ കടന്നു പോകുമ്പോള്‍ പാറയുടെ മുകളിലുള്ള ശില്‍പ്പത്തിന്റെ ഒരു വശം കാണാം.

ജടായു ശില്‍പ്പത്തിന്റെ ഉള്ളില്‍ മ്യൂസിയവും 6 ഡി തിയേറ്ററും ഈ വര്‍ഷം അവസാനത്തോടെ സജ്ജമാകുമെന്നാണ് റിപ്പോര്‍ട്ട്.രാമായണത്തിലെ ത്രേതായുഗം 6 ഡി തിയേറ്ററില്‍ വിര്‍ച്വല്‍ റിയാലിറ്റി സംവിധാനത്തിലാണ് സജ്ജമാക്കുക. പാറക്കെട്ടുകള്‍ക്കിടയിലുള്ള ഗുഹാസങ്കേതത്തില്‍ ആയുര്‍വേദ സിദ്ധ ചികിത്സയും ആരംഭിക്കാന്‍ തീരുമാനമായി.

ആയിരം അടി ഉയരമുള്ള പാറയുടെ മുകളില്‍ നിര്‍മിക്കുന്ന ജടായുവിന്റെ ശില്‍പ്പം ലോകത്തെ ഏറ്റവും വലിയ പക്ഷി ശില്‍പ്പമാണ്. ചലച്ചിത്ര രംഗത്ത് സജീവസാന്നിധ്യമായ രാജീവ് അഞ്ചലിന്റെ ഉടമസ്ഥയിലുള്ള ഗുരുചന്ദ്രിക ബില്‍ഡേഴ്‌സ് ആന്‍ഡ് പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡും 150 ഓളം പ്രവാസി മലയാളികളും വിവിധ ഘട്ടങ്ങളിലായി 100 കോടിയോളം രൂപ ചെലവഴിച്ചാണ് സെന്ററിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. ഇവിടെ സ്ഥാപിച്ചിട്ടുള്ള ഓഡിറ്റോറിയത്തില്‍ എല്ലാ ദിവസവും വൈകിട്ട് സാംസ്‌കാരിക പരിപാടികളും നടക്കും. സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാന്‍ അന്താരാഷ്ട നിലവാരത്തിലുള്ള അനുബന്ധ സൗകര്യങ്ങളുമുണ്ട്. സ്ത്രീകളുടെ സുരക്ഷയ്ക്കും പ്രാധാന്യം നല്‍കിയാണ് സെന്ററിന്റെ നിര്‍മ്മാണം.

ജടായു എര്‍ത്ത്‌സ് സെന്ററിലേക്കുള്ള സന്ദര്‍ശത്തിന് 400 രൂപ ടിക്കറ്റ് നിരക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടിക്കറ്റുകള്‍ക്കായി ഓണ്‍ലൈന്‍ സൗകര്യം മാത്രമാണ് സജ്ജമാക്കിയിരിക്കുന്നത്. പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ക്ക് പുറമെ സ്ഥലത്തെ പ്രധാന വ്യാപാര സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

 

Read more topics: # jadayu earth center,# chadaya mangalam
jadayu-earth-center-in-chadaya-mangalam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES