പ്രകൃതിയെ മനോഹരമാക്കി ഇടുക്കന്‍പാറ വെള്ളച്ചാളം

Malayalilife
പ്രകൃതിയെ മനോഹരമാക്കി ഇടുക്കന്‍പാറ വെള്ളച്ചാളം

ത്യപൂര്‍വങ്ങളായ വന്യജീവികള്‍, പേരറിയാത്ത ഔഷധജാലങ്ങള്‍, വെള്ളിനൂലുപോലൊഴുകുന്ന കാട്ടാറിന്റെ സൗന്ദര്യം.... ഇത് ശംഖിലി വനത്തിനുള്ളിലെ ഇടുക്കന്‍ പാറയുടെ ചിത്രമാണ്. പ്രകൃതി ഒരുക്കുന്ന മറ്റൊരു സൗന്ദര്യകവാടമാണ് ഇടുക്കന്‍ പാറ വെള്ളച്ചാട്ടം. സഹ്യന്റെ മടിത്തട്ടിലെ ശംഖിലിവനം ഉള്‍പ്പെടുന്നതാണ് വനംവകുപ്പ് നടപ്പാക്കുന്ന ഇടുക്കന്‍പാറ ടൂറിസം പദ്ധതി. സംരക്ഷിത വനമേഖലയായതിനാല്‍ സഞ്ചാരികള്‍ക്ക് ഈ പ്രദേശം ഇതുവരെ അപ്രാപ്യമായിരുന്നു. വേങ്കൊല്ല വനസംരക്ഷണസമിതിയുടെ കര്‍ശന നിയന്ത്രണത്തിലാണ് പുതു പദ്ധതി ആരംഭിക്കുന്നത്.

കുളത്തൂപ്പുഴ വനം റേഞ്ചിന്റെ പരിധിയില്‍ വരുന്ന മടത്തറ വേങ്കൊല്ല ചെക്കുപോസ്റ്റില്‍ നിന്നുമാണ് ശംഖിലി, ഇടുക്കന്‍പാറ യാത്രയ്ക്കു തുടക്കം. താണ്ടേണ്ടത് 14 കിലോമീറ്റര്‍. പാതിയിലധികവും കാല്‍നട യാത്രതന്നെ. വനംവകുപ്പിന്റെ നിയന്ത്രണ വിധേയമായി ജീപ്പുകള്‍ ഉപയോഗിച്ചും യാത്ര ചെയ്യാം. വേങ്കൊല്ല, പോട്ടോമാവ്, ശാസ്താംനട, മുപ്പതടി, അഞ്ചാനകൊപ്പം വഴി ശംഖിലിയിലെത്തുമ്പോള്‍ ആദ്യ വിശ്രമത്തിന് ഇടത്താവളമൊരുങ്ങും. 

കാട്ടാനയുടെ ചിന്നംവിളിയും ചീവീടിന്റെ ചിലമ്പൊച്ചയും പേരറിയാത്ത അനേകം കിളികളുടെ കലപില ശബ്ദവും കേട്ടുകൊണ്ടുള്ള വിശ്രമം. ലഘുഭക്ഷണവും അല്‍പ വിശ്രമവും ശംഖിലിയാറ്റിലെ തെളിഞ്ഞ വെള്ളത്തില്‍ സുഖസ്‌നാനവും കഴിഞ്ഞ് യാത്ര നേരെ ഇടുക്കന്‍പാറ വെള്ളച്ചാട്ടത്തിലേക്ക്. ചീനിക്കാല വനത്തിലെ ചിത്രശലഭക്കാഴ്ചകളും നിബിഡവന പ്രദേശങ്ങളും താണ്ടിയുള്ള യാത്ര. ചെന്നെത്തുന്നത് അഞ്ചുതട്ടുകളായി കിടക്കുന്ന ഇടുക്കന്‍പാറ വെള്ളച്ചാട്ടത്തിന്റെ പകരംവയ്ക്കാനില്ലാത്ത സൗന്ദര്യത്തിലേക്ക്.

നൂറ്റാണ്ട് പഴക്കമാര്‍ന്ന വള്ളിക്കുടിലുകള്‍. അതിനിടയില്‍ കാടിനു പാദസരം ചാര്‍ത്തിയപോലൊരു വെള്ളച്ചാട്ടം. 80 അടിപൊക്കത്തില്‍നിന്ന് അഞ്ച് തട്ടുകളായി പതഞ്ഞൊഴുകുന്ന ജലധാര. അതാണ് ഇടുക്കന്‍പാറ പെള്ളച്ചാട്ടത്തിന്റെ സൗന്ദര്യക്കാഴ്ച. കാല്‍നട യാത്രയുടെ എല്ലാക്ഷീണവുമകറ്റാന്‍ ഈ വെള്ളച്ചാട്ടത്തിലെ ഒരു കുളി തന്നെ ധാരാളം.

Read more topics: # idukkanpara waterfall
idukkanpara waterfall

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES