Latest News

അവിടെ ഒരു കുന്നുണ്ട്; അതിന്റെ ഉച്ചിയിൽ നിന്നാൽ കിഴക്കൻ മലകൾ കാണാം; അവിടെയിരുന്ന് ബാബു പോൾ ഇങ്ങനെ എഴുതി: ആ കിഴക്കൻ മലകൾക്ക് പുതിയ ഒരു തിളക്കം കൈവന്നിരിക്കുന്നു; അത് ഇടുക്കി ജില്ലയാണ്; ഞാൻ വളർത്തിയെടുത്ത ജില്ല; ഇടുക്കിക്ക് ഇന്ന് 50 വയസ്; എബി ആന്റണി എഴുതുന്നു

Malayalilife
അവിടെ ഒരു കുന്നുണ്ട്; അതിന്റെ ഉച്ചിയിൽ നിന്നാൽ കിഴക്കൻ മലകൾ കാണാം; അവിടെയിരുന്ന് ബാബു പോൾ ഇങ്ങനെ എഴുതി: ആ കിഴക്കൻ മലകൾക്ക് പുതിയ ഒരു തിളക്കം കൈവന്നിരിക്കുന്നു; അത് ഇടുക്കി ജില്ലയാണ്; ഞാൻ വളർത്തിയെടുത്ത ജില്ല; ഇടുക്കിക്ക് ഇന്ന് 50 വയസ്; എബി ആന്റണി എഴുതുന്നു

ടുക്കി പദ്ധതിയുടെ കോ ഓർഡിനേറ്ററും പദ്ധതി പ്രദേശത്തിന്റെ സ്‌പെഷ്യൽ കളക്ടറും ആയിരുന്ന ഡോ. ഡി ബാബുപോളിനോട് അടിയന്തിരമായി തിരുവനന്തപുരത്ത് എത്താൻ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ നിർദ്ദേശം. 1972 ജനുവരി 25 ന് ബാബുപോളിന് ഇടുക്കി ജില്ല രൂപീകരിക്കാനുള്ള സർക്കാർ ഉത്തരവ് അച്യുതമേനോൻ കൈമാറി. ഇടുക്കി പദ്ധതിയുടെ ചുമതലകൾക്ക് പുറമേ ജില്ലാ കളക്ടറായും പ്രവർത്തിക്കണമെന്നും ഇരുപത്തി നാലു മണിക്കൂറിനകം ഇടുക്കി ജില്ല രൂപീകരിക്കണമെന്നുമായിരുന്നു സർക്കാർ ഉത്തരവ്. ജില്ലയുടെ ആസ്ഥാനം ഇടുക്കിയായിരിക്കണം എന്ന് സർക്കാർ തീരുമാനിച്ചു.

പെട്ടെന്ന് ഒരു കളക്റ്റ്രേറ്റിനു വേണ്ട സൗകര്യങ്ങൾ അവിടെ കാണാൻ കഴിയാതിരുന്നതിനാൽ താൽക്കാലികമായി മറ്റൊരു ആസ്ഥാനം വേണ്ടി വന്നു. അത് കോട്ടയം ആകട്ടെ എന്നായിരുന്നു സർക്കാർ തീരുമാനം. രണ്ട് കാരണങ്ങളാണ് ആ തീരുമാനത്തിന്റെ പിന്നിൽ ഉണ്ടായിരുന്നത്. ഒന്നാമത്, ജില്ലയിൽ തന്നെ എവിടെയെങ്കിലും താൽക്കാലിക ആസ്ഥാനം സ്ഥാപിച്ചാൽ പിന്നെ ഇടുക്കിയിലേക്ക് മാറ്റുമ്പോൾ പ്രശ്‌നങ്ങൾ ഉണ്ടായേക്കാനിടയുണ്ട് എന്ന ചിന്ത. രണ്ടാമത് , ജില്ല രൂപീകരിക്കുന്നതു വരെ കോട്ടയം ജില്ലയിൽ ഉണ്ടായിരുന്ന ഹൈറേഞ്ചുകാർക്ക് ഇതു കൊണ്ട് കൂടുതൽ അസൗകര്യം ഒന്നും ഉണ്ടാകുന്നില്ല. തൊടുപുഴക്കാരെ സംബന്ധിച്ചിടത്തോളം എറണാകുളവും കോട്ടയവും ഏതാണ്ട് തുല്യ ദൂരത്തിലുമാണ്.

വൈകുന്നേരത്തോടെ കോട്ടയത്തെത്തിയ ബാബുപോൾ കോട്ടയം കളക്ടർ രഘുനാഥന്റെ സഹായത്തോടെ രാത്രിയിൽ ചില കെട്ടിടങ്ങളൊക്കെ പോയി കണ്ടു. ഒടുവിൽ യൂണിയൻ ക്ലബിനടത്തുള്ള ഒരു കെട്ടിടം തെരഞ്ഞെടുത്തു. ഫോർവേഡ് ബാങ്ക് ഉടമ ആയിരുന്ന എം.സി മാത്യുവായിരുന്നു കെട്ടിടത്തിന്റെ ഉടമ. വീട്ടുടമസ്ഥന്റെ സമ്മതം കിട്ടിയത് 26 ഉച്ചക്ക്. വൈകിട്ട് നാല് മണിക്ക് ആ കെട്ടിടത്തിന്റെ മുന്നിൽ ബാബു പോൾ ദേശീയ പതാക ഉയർത്തി. ജില്ലാ കളക്ടറായി ചാർജെടുക്കുന്ന രേഖകളിൽ ഒപ്പുവച്ചു. അതോടെ ഇടുക്കി ജില്ല നിലവിൽ വന്നു. കൊട്ടും കുരവയും ഉണ്ടായിരുന്നില്ല. അന്ന് കോട്ടയത്തെ ജില്ലാ ജഡ്ജിയായിരുന്ന ജസ്റ്റിസ് ബാല ഗംഗാധരൻ നായരും കോട്ടയം കളക്ടർ രഘുനാഥനും നിയുക്ത എസ്. പി ഉമ്മനും ആയിരുന്നു ചടങ്ങിന് സാക്ഷ്യം വഹിച്ച വിശിഷ്ട അതിഥികൾ.

ആ ചരിത്രമുഹൂർത്തത്തിന്റെ ചിത്രം ഇടുക്കി കളക്ടറുടെ മുറിയിൽ ഇപ്പോഴും ഉണ്ട്.രണ്ട് കൂറ്റൻ പാറയുടെ നടുവിലുള്ള ഇടുങ്ങിയ ഒരു ചാലിലൂടെ നദി കടന്ന് പോകുന്ന സ്ഥലമാണ് ഇടുക്കി. അവിടെ ഇലക്ട്രിസിറ്റി ബോർഡുകാർ ചെന്നപ്പോൾ പദനിഷ്പത്തി പരിഗണിക്കാതെ 'ഇടിക്കി ' എന്ന് എഴുതാൻ തുടങ്ങി. ജില്ല രൂപീകരിച്ച വിജ്ഞാപനത്തിലും അതായിരുന്നു അക്ഷരവിന്യാസം. കളക്ടറായി ചുമതലയേറ്റ ബാബു പോൾ ഈ തെറ്റ് ചൂണ്ടികാണിക്കുകയും പിന്നീട് സർക്കാർ 'ഇടി ' മാറ്റി ' ഇടു'' ആക്കുകയും ചെയ്തു. ഒരു ഡപ്യൂട്ടികളക്ടറും 12 ക്ലർക്കുമായിരുന്നു ആദ്യം ഉണ്ടായിരുന്നത്.

കോട്ടയത്ത് നിന്ന് കടം കൊണ്ട ഒരു ജീപ്പായിരുന്നു ഉണ്ടായിരുന്നത്. ജീവനക്കാർ കൂടുതൽ വന്നതോടെ സ്ഥലം തികയാതായി. അങ്ങനെയാണ് കേരള ധ്വനി പത്രത്തിന്റെ പഴയ ഓഫിസ് വാടകക്ക് എടുത്തത്. അവിടെയും വാസം നീണ്ടില്ല. ദേവലോകം റോഡിലെ ഒരു വലിയ വീട് കിട്ടി. അത് സൗകര്യപ്രദമായി. ഇടുക്കിയിലേക്ക് മാറുന്നതു വരെ കളക്റ്റ്രേറ്റ് അവിടെ തുടർന്നു. ഇടുക്കിയിലെ ബാബു പോളിന്റെ ആദ്യ പൊതു ചടങ്ങ് പെരുവന്താനം പഞ്ചായത്തിൽ ആയിരുന്നു. മുറിഞ്ഞ പുഴ സ്‌ക്കൂളിന്റെ ഉദ്ഘാടനം. ഇടുക്കി ജില്ല സിന്ദാബാദ്, ഇടുക്കി കളക്ടർ ബാബു പോൾ കീ ജേ എന്നൊക്കെ വിളിച്ചു കൊണ്ടായിരുന്നു സ്വീകരണം. മുദ്രാവാക്യം വിളി ആദ്യ അനുഭവമായിരുന്നുവെന്ന് ബാബു പോൾ.

ഹൈറേഞ്ചിൽ ഇതൊക്കെ സ്ഥിരം പരിപാടിയാണെന്ന് പിന്നേ പിന്നേ മനസിലായെന്നും വർഷങ്ങൾ ഒന്നു രണ്ടായപ്പോൾ തനിക്കും ഇതിലൊക്കെ രസം പിടിച്ചു തുടങ്ങിയെന്നും ബാബു പോൾ . ആ ആഴ്ചയിൽ ഗവർണർ വിശ്വനാഥൻ തേക്കടി സന്ദർശിച്ചു.ഇടുക്കി ജില്ല രൂപീകരിച്ചതിനു ശേഷം ആദ്യമായി ഗവർണർ ജില്ലയിൽ വരികയാണ്. പീരുമേട്ടിൽ വച്ച് ഗവർണറെ സ്വീകരിച്ചു. ആയിടെ തേക്കടിയിലെ വന്യമൃഗസങ്കേതത്തിൽ ഒരാന ചരിഞ്ഞതായി പത്രവാർത്തകൾ ഉണ്ടായിരുന്നു. കാലഗതിയടഞ്ഞ ഒരു പിടിയാനയുടെ ചിത്രമാണ് പത്രങ്ങളിൽ വന്നത്. കൊമ്പനെ കൊന്ന് കൊമ്പെടുത്തു എന്നായിരുന്നു കഥ. ഗവർണർ വന്നയുടനെ ഇതിനെ കുറിച്ച് ചോദിച്ചു.

പോസ്റ്റ് മാർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ബാബു പോൾ ഗവർണറോട് പറഞ്ഞു. കൊമ്പെവിടെപ്പോയി എന്നായി ഗവർണർ. പിടിയാനക്ക് കൊമ്പ് സാധാരണയല്ല എന്ന് ബാബു പോളിന്റെ മറുപടി കേട്ട് ഗവർണർ പൊട്ടിച്ചിരിച്ചു. നിങ്ങളുടെ വന്യമൃഗസങ്കേതത്തിൽ വല്ല മൃഗങ്ങളേയും കാണാൻ പറ്റുമോയെന്നായി ഗവർണർ. അത് അങ്ങയുടെ ജാതകം കണ്ടാലേ പറയാൻ സാധിക്കൂകയുള്ളു എന്ന ബാബു പോളിന്റെ മറുപടിയോടെ ഗവർണർ നല്ല മൂഡിലായി.ഇടുക്കി പദ്ധതി ഇഴഞ്ഞ് നീങ്ങി കൊണ്ടിരുന്ന കാലം. ആയിടെ ഇടുക്കി സന്ദർശിച്ച കേന്ദ്ര മന്ത്രി കെ.എൽ. റാവു നിരാശയോടെ പറഞ്ഞു ' ഇത് നേരെയാവില്ല. ഒന്നുകിൽ പട്ടാളത്തെ ഏൽപിക്കണം , അല്ലെങ്കിൽ വേണ്ടന്ന് വയ്ക്കാം ' .ഇതോടെ പദ്ധതി പ്രദേശത്തെ ഏകോപന ഉദ്യോഗസ്ഥനെ നീയമിക്കാൻ അച്യുതമേനോൻ തീരുമാനിച്ചു.

ഇടുക്കിയിൽ തന്നെ ശ്രദ്ധകരിച്ചു കൊണ്ട് അവിടുത്തെ പ്രൊജക്ട് പ്രവർത്തനത്തിൽ മുഴുകി ഇടക്കിടെ ഉണ്ടാകുന്ന തടസ്സങ്ങളേയും പ്രശ്‌നങ്ങളേയും തട്ടിനീക്കി പദ്ധതി അതിവേഗം നടപ്പിലാക്കുന്നതിന് ജില്ലാ കളക്ടറുടെ അധികാരത്തോടു കൂടിയുള്ള പ്രൊജക്ട് കോ ഓർഡിനേറ്റർ എന്ന ഒരു ഉദ്യോഗസ്ഥനെ നീയമിക്കാൻ മന്ത്രി സഭ തീരുമാനിച്ചു. ബാബു പോളിനെ നീയമിക്കാൻ അച്യുതമേനോൻ തീരുമാനിച്ചു. ബാബുപോൾ സർവീസിൽ പ്രവേശിച്ചിട്ട് എഴുവർഷം . രണ്ടര കൊല്ലം പരിശിലനം. നാലര കൊല്ലത്തിനിടയിൽ പത്ത് സ്ഥലമാറ്റം. പതിന്നൊന്നാമത്തെ സ്ഥലമാറ്റവുമായി 1971 സെപ്റ്റംബർ 8 ന് പുതിയ ചുമതലയിൽ ബാബു പോൾ ചാർജെടുത്തു.

മൂലമറ്റം സർക്യൂട്ട് ഓഫിസിൽ ആയിരുന്നു താമസം. ഇടുക്കി പദ്ധതി വിജയകരമായി പൂർത്തീകരിക്കാൻ ബാബു പോളിന് സാധിച്ചു. പദ്ധതി വിജയകരമായി പൂർത്തിയാക്കിയതിന് ബാബു പോളിന് അന്ന് 10000 രൂപയുടെ കാഷ് അവാർഡും അച്യുതമേനോൻ നൽകി. അതിനിടയിലായിരുന്നു ഇടുക്കി ജില്ലയുടെ രൂപീകരണം. 1975 ഓഗസ്റ്റ് 20 ന് ബാബു പോൾ ഇടുക്കിയുടെ ചാർജ് വിട്ടു. ഒരു ജോലിയിൽ നിന്ന് മാറിയ ശേഷം പുതിയ ജോലിയിൽ പ്രവേശിക്കുന്നതു വരെയുള്ള ദിവസങ്ങൾ (പ്രവേശന കാലം) ഒരുദ്യോഗസ്ഥന് ഏറ്റവും ആശ്വാസമുള്ള ദിവസങ്ങൾ ആണ്. ആ ദിവസങ്ങളിൽ ബാബു പോൾ ജന്മനാടായ പെരുമ്പാവൂർ കുറുപ്പു പടിയിലേക്ക് പോയി.

അവിടെ ഒരു കുന്നുണ്ട്. അതിന്റെ ഉച്ചിയിൽ നിന്നാൽ കിഴക്കൻ മലകൾ കാണാം. അവിടെയിരുന്ന് ബാബു പോൾ ഇങ്ങനെ എഴുതി: ആ കിഴക്കൻ മലകൾക്ക് പുതിയ ഒരു തിളക്കം കൈവന്നിരിക്കുന്നു. അത് ഇടുക്കി ജില്ലയാണ് . ഞാൻ വളർത്തിയെടുത്ത ജില്ല . എന്നെ സ്‌നേഹിക്കുന്ന ലക്ഷകണക്കിന് സാധാരണക്കാർ അധിവസിക്കുന്ന ജില്ല. ഞാൻ അവരെ സ്‌നേഹിച്ചതിനേക്കാൾ കൂടുതലായി അവർ എന്നെ സ്‌നേഹിച്ചു. എന്റെ കുറ്റങ്ങളും കുറവുകളും പൊറുത്ത് സ്‌നേഹ ബഹുമാനങ്ങൾ കൊണ്ട് എന്നെ വീർപ്പ് മുട്ടിച്ച് ആ അദ്ധ്വാനശീലരോടൊത്ത് കഴിച്ചു കൂട്ടിയ നാളുകൾ ഒറ്റക്കിരുന്ന് ഓമനിക്കാനുള്ള എത്രയോ ഓർമകൾ എനിക്ക് നൽകി.

ഇപ്പോൾ മൂലമറ്റത്തു പവർ ഹൗസിൽ യന്ത്രങ്ങൾ ചലിക്കുന്നുണ്ടാവും. ഇപ്പോൾ ഹൈറേഞ്ചിലെ ഫാക്ടറികളിൽ തേയിലപ്പൊടി നിർമ്മിക്കപ്പെടുന്നുണ്ടാവും. ഇപ്പോൾ മൂന്നാർ ഉറങ്ങിയിട്ടുണ്ടാവും. ഇപ്പോൾ തേക്കടിയിൽ രാക്കിളികൾ പാടുന്നുണ്ടാവും. ഇപ്പോൾ ഇടുക്കി ജലാശയത്തിൽ പൂർണ്ണ ചന്ദ്രൻ പ്രതിഫലിക്കുന്നുണ്ടാവും. മരിച്ചാലും മരിക്കാത്ത ഓർമകൾ ! ഒരിക്കലും മായാത്ത ചിത്രങ്ങൾ !

Read more topics: # Abi antony note about idukki
Abi antony note about idukki

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES