ജിയോയുടെ കടന്നുകയറ്റം മറ്റ് ടെലികോം കമ്പനികളുടെ വളര്‍ച്ചയില്‍ ഗുരുതരമായ പരിക്കാണ് പറ്റിയത്. വന്‍ ഓഫറുകള്‍ നല്‍കിയതോടെ ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികളുടെ വളര്‍ച്ചയില്‍ വന്‍ പ്രതിസന്ധിയാണ് ഉണ്ടായിട്ടുള്ളത്.വോഡാഫോണ്‍ ഇന്ത്യന്‍ ടെലികോം രംഗത്ത് നിന്നും പിന്മാറാനൊരുങ്ങുകയാണെന്ന് അഭ്യൂഹം പരക്കുന്നതായി ടെലികോം ടോക്ക്, ബിസിനസ് ഇന്‍സൈഡര്‍ പോലുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യന്‍ ടെലികോം രംഗത്തെ സങ്കീര്‍ണമായ സാഹചര്യവും വിപണിയിലെ കനത്ത നഷ്ടത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക സാഹചര്യവുമാണ് വോഡഫോണിനെ ഇന്ത്യയില്‍ നിന്നും പിന്മാറാന്‍ പ്രേരിപ്പിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോദി സര്‍ക്കാര്‍ ജിയോക്ക് ഒപ്പമാണെന്ന സൂചനകളും, ഫെയര്‍ കോമ്പറ്റീഷന്‍ ഇന്ത്യയില്‍ നിന്ന് ഇല്ലാതാവുകയാണെന്ന ആശങ്കകളും കമ്പനിക്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ചെറുതും വലുതുമായി നിരവധി ടെലികോം കമ്പനികള്‍ വിലസിയിരുന്ന ഇന്ത്യയില്‍ ഇന്ന് റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ മൂന്ന് കമ്പനികള്‍ മാത്രമാണ് സ്വകാര്യ മേഖലയില്‍ ഉള്ളത്. ബ്രിട്ടീഷ് കമ്പനിയായ വോഡഫോണ്‍ പിഎല്‍സിയുടെ ഉടമസ്ഥതയിലുള്ള വോഡഫോണ്‍ ഇന്ത്യയും ഐഡിയ സെല്ലുലാറും തമ്മില്‍ ലയിച്ചതോടെയാണ് വോഡഫോണ്‍ ഐഡിയ എന്നൊരു ടെലികോം കമ്പനി രൂപമെടുത്തത്.
വോഡഫോണ്‍ പിഎല്‍സി എപ്പോള്‍ വേണമെങ്കിലും ഇന്ത്യ വിടാന്‍ തയ്യാറായിരിക്കുകയാണ്. കമ്പനി ഇന്ത്യയില്‍ വലിയ നഷ്ടമാണ് നേരിടുന്നത്. ഏറ്റവും കൂടുതല്‍ വരിക്കാരുള്ള കമ്പനിയാണെങ്കിലും പ്രതിമാസം ലക്ഷക്കണക്കിന് വരിക്കാരെ കമ്പനിക്ക് നഷ്ടമാകുന്നുണ്ട്. ഈ സാഹചര്യം കാരണം മൂലധനം സമാഹരിക്കുന്നതിലും കമ്പനി പ്രയാസമനുഭവിക്കുകയാണ് എന്നും ടെലികോം ടോക്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ കടം തിരിച്ചുപിടിക്കാനായി വോഡഫോണ്‍ ഐഡിയ കടക്കാരെ സമീപിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ കമ്പനി നിഷേധിച്ചു. അടുത്തിടെയുണ്ടായ അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആര്‍) നിര്‍വചനം സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് കമ്പനിയെ ബാധിച്ചിട്ടുണ്ട്. വിധി വന്നതോടെ വോഡഫോണ്‍ ഐഡിയ ഇപ്പോള്‍ 23,309 കോടി രൂപ കുടിശ്ശിക നല്‍കേണ്ട അവസ്ഥയാണ്.
ഈ തുക മൂന്ന് മാസത്തിനുള്ളില്‍ നല്‍കണം. സുപ്രീംകോടതി തീരുമാനം വന്നതോടെ വോഡഫോണ്‍ ഐഡിയയുടെ ഓഹരി 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. കോടതി വിധിയെ തുടര്‍ന്ന് ടെലികോം കമ്പനികള്‍ക്ക് മേലുള്ള അമിത ഭാരം നീക്കാന്‍ സര്‍ക്കാരിന്റെ സഹായം തേടാനൊരുങ്ങുകയാണ് കമ്പനിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.