2017 ലാണ് ഇന്ത്യയുടെ പേയ്‌മെന്റ് സ്‌പെയ്‌സിലേക്ക് ടെസ് എന്ന ഗൂഗിള്‍ പേ പ്രവേശിക്കുന്നത്. ഇപ്പോള്‍ ഇന്ത്യയില്‍ ഗൂഗിള്‍ പേയുടെ ഉപയോഗം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. അതിനായി ആപ്പ് വഴിയുള്ള പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഉപയോക്താക്കള്‍ക്ക് നല്‍കി വരുന്ന ക്യാഷ് ബാക്ക് ഓഫറുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍ പേ.
ഉപയോക്താക്കളെ നിലനിര്‍ത്തുന്നതിനായി ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്കായി റിവാര്‍ഡ് പ്ലാറ്റ്‌ഫോം കമ്പനി നിര്‍മിച്ചിട്ടുണ്ട്. ഇതിനെ കൂടുതല്‍ ഓഫറുകളിലൂടെ ഉപയോക്താക്കളില്‍ എത്തിക്കുമ്പോള്‍ ഗൂഗിള്‍ പേയുടെ ഉപയോഗം വര്‍ധിക്കുമെന്നാണ് കരുതുന്നത്.
പ്രോജക്ട് ക്രൂയിസര്‍ എന്ന പേരിലാണ് ഈ പുതിയ പദ്ധതി പ്രവര്‍ത്തിക്കുന്നത്. വ്യക്തിഗത ഇടപാടുകള്‍ക്ക് പുറമേ ആപ്പ് വഴി വാണിജ്യ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. നിലവില്‍ രണ്ടരക്കോടി ആളുകളാണ് ഒരുമാസം ഗൂഗിള്‍പേ ഉപയോഗിക്കുന്നത്.