Latest News

ഇരു കാലില്‍ നിന്ന് നാലു കാലിലേക്കുള്ള പരിണാമത്തിന് മലയാളികള്‍ക്ക് ഒരു തുള്ളി മദ്യമോ അല്‍പം ലഹരിയോ മതി; വീര്യമേറിയ പോപ്പിസ്ട്രോകായയും കേരളത്തില്‍; കുട്ടികള്‍ക്കിടയില്‍ ഉപയോഗം ആശങ്കയുണര്‍ത്തുന്നു; കേരളത്തെ വരിഞ്ഞുമുറുക്കുന്ന മയക്കുമരുന്നു വലകള്‍: ടോണി ചിറ്റിലപ്പിള്ളി എഴുതുന്നു

Malayalilife
ഇരു കാലില്‍ നിന്ന് നാലു കാലിലേക്കുള്ള പരിണാമത്തിന് മലയാളികള്‍ക്ക് ഒരു തുള്ളി മദ്യമോ അല്‍പം ലഹരിയോ മതി; വീര്യമേറിയ പോപ്പിസ്ട്രോകായയും കേരളത്തില്‍; കുട്ടികള്‍ക്കിടയില്‍ ഉപയോഗം ആശങ്കയുണര്‍ത്തുന്നു; കേരളത്തെ വരിഞ്ഞുമുറുക്കുന്ന മയക്കുമരുന്നു വലകള്‍: ടോണി ചിറ്റിലപ്പിള്ളി എഴുതുന്നു

ജൂണ്‍ 26... വീണ്ടുമൊരു ലോക ലഹരിവിരുദ്ധദിനം. കോവിഡ് വൈറസിക്കാള്‍ ഭീകരമാണ് ഇപ്പോള്‍ കേരളത്തില്‍ മയക്കുമരുന്നുകളുടെ വലകള്‍. 1987 മുതലാണ് ഐക്യരാഷ്ട്ര സഭ ലോക ലഹരി വിരുദ്ധ ദിനം ആചരിക്കാന്‍ തുടങ്ങിയത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും,ദുരന്ത വശങ്ങള്‍ തെളിവുകള്‍ നിരത്തി വിവരിക്കേണ്ട ആവശ്യമേ ഇന്നില്ല.ദിവസം പ്രതി നാം നമ്മുടെ മക്കളിലൂടെയും,ബന്ധുക്കളിലൂടെയും ഇക്കാര്യങ്ങള്‍ അനുഭവിച്ചറിയുകയല്ലേ?..ഇരു കാലില്‍ നിന്ന് നാലു കാലിലേക്കുള്ള പരിണാമത്തിന് മലയാളികള്‍ക്ക് ഒരു തുള്ളി മദ്യമോ അല്‍പം ലഹരിയോ മതി.
ഒരു വര്‍ഷം ഏകദേശം 321 ബില്യണ്‍ ഡോളറിന്റെ മയക്കുമരുന്ന് കച്ചവടം ഈ ലോകത്ത് നടക്കുന്നുണ്ട്.ലോകത്താകെ 27 കോടി മനുഷ്യര്‍ ലഹരിക്ക് അടിമപ്പെട്ടിട്ടുണ്ടെന്നാണ് ഐക്യരാഷട്രസഭയുടെ കണ്ടെത്തല്‍. 35 ദശലക്ഷത്തിലധികം ആളുകള്‍ക്ക് മയക്കുമരുന്ന് ഉപയോഗ സംബന്ധമായ അസുഖങ്ങള്‍ ബാധിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച സംഘടന പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ലോകത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള ഉയര്‍ന്ന നിലവാരത്തിലെ മയക്കുമരുന്നാണ് എം.ഡി.എം.എ എന്നറിയപ്പെടുന്ന 'മാക്‌സ് ജെല്ലി എക്സ്റ്റസി'.ഈ മാരകമായ മയക്കു മരുന്ന് പോലും കേരളത്തിലുണ്ട്.മിക്ക രാജ്യങ്ങളിലും എം.ഡി.എം.എക്ക് നിരോധനമുണ്ട്.ഈ കൊച്ചു കേരളത്തില്‍ 10 വര്‍ഷത്തിനുള്ളില്‍ മയക്കുമരുന്നുപയോഗം 15 മടങ്ങിലധികം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. 98.4 ലക്ഷം പേര്‍ കേരളത്തില്‍ മദ്യ/മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ട്. എറണാകുളം കേന്ദ്രീകരിച്ച്‌ നടത്തിയ ഒരു പഠനത്തില്‍ പറയുന്നത് ശരാശരി പതിമൂന്നര വയസ്സില്‍ തന്നെ കുട്ടികള്‍ ലഹരി ഉപയോഗിച്ചുതുടങ്ങുന്നു എന്നാണ്.

നിശാ പാര്‍ട്ടികളുടെയും,ബര്‍ത്ത് ഡേ പാര്‍ട്ടികളുടേയുമൊക്കെ പേരില്‍ മയക്ക് മരുന്ന് വിപണനം കേരളത്തില്‍ സജീവമാണ്.ന്യൂജെന്‍ ലഹരികള്‍ അരങ്ങു വാഴുകയാണ്.സിന്തറ്റിക് ലഹരി മരുന്നുകളാണ് ഇപ്പോഴത്തെ ട്രെന്‍ഡ്.3000 കോടി രൂപ വിലമതിക്കുന്ന 300 കിലോ ഹെറോയിന്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുമായി മത്സ്യബന്ധന ബോട്ട് കഴിഞ്ഞ ഏപ്രിലില്‍ അറബിക്കടല്‍ ഭാഗത്തു നിന്നും നാവികസേന പിടികൂടിയ സംഭവം ലഹരിമരുന്ന് കടത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നു 'ടെലഗ്രാം 'എന്ന ന്യൂജെന്‍ ആപ് വഴി മയക്കുമരുന്ന് വില്പന കേരളത്തില്‍ വ്യപകമാണ്.

കുട്ടികള്‍ക്കിടയില്‍ ഉപയോഗം ആശങ്കയുണര്‍ത്തുന്നു.സംസ്ഥാനത്ത് പിടിയിലായ നൂറോളം മയക്കുമരുന്ന് കച്ചവടക്കാരില്‍ 90 പേരും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് വില്‍പന നടത്തിയവരാണ്. വിദ്യാര്‍ത്ഥികളാണ് മയക്കുമരുന്ന് വിപണനത്തിലും ഉപയോഗത്തിലും മുന്‍പന്തിയില്‍. കുട്ടികള്‍ ആകസ്മികമായി ലഹരിയുടെ മാരക വലയത്തിലെത്തുകയല്ല. മനഃപൂര്‍വം അവരെ ഈ മരണവലയത്തില്‍ കുടുക്കുകയാണ്. വഴിതെറ്റി നടക്കുന്നവരെയും ഒറ്റപ്പെട്ടവരെയും മാത്രമല്ല,ഏത് പശ്ചാത്തലത്തില്‍നിന്ന് വരുന്ന കുട്ടികളെയും കറക്കിയെടുക്കുന്നവരുണ്ട്.

മയക്കുമരുന്നുകളുടെ ഉപയോഗം മൂലം സംഭവിക്കുന്ന നൈതികമായ പതനം തലമുറകളില്‍നിന്നു തലമുറകളിലേക്കു നീണ്ടു പോകുന്ന ഒന്നാണ്.
സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരിയുപയോഗം കേരളം നേടിയെടുത്തിട്ടുള്ള വികസനത്തിനും പുരോഗതിക്കും സാംസ്‌കാരിക മൂല്യങ്ങള്‍ക്കും കടുത്തവെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

ലഹരി വസ്തുക്കള്‍ യഥേഷ്ടം ലഭ്യമാവുകുയും അവയുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന സാമൂഹികാന്തരീക്ഷം കേരളത്തില്‍ നിലനില്‍ക്കുന്നുവെന്നത് ഒരു ദുരന്താവസ്ഥ തന്നെയാണ്.സ്‌കൂള്‍ കുട്ടികളില്‍ 28.7ശതമാനം പേര്‍ ഒരിക്കലെങ്കിലും ലഹരിവസ്തുക്കള്‍ ഉപയോഗിച്ചവരെന്ന് ചില പഠന റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നു.33 ശതമാനം വിദ്യാര്‍ത്ഥികളും മുതിര്‍ന്ന ക്ലാസുകളില്‍ പഠിക്കുന്നവരില്‍ നിന്നാണ് ലഹരിയുടെ ആദ്യപാഠങ്ങള്‍ പഠിച്ചെടുത്തതെന്നതാണ് കൗതുകകരം.

മനുഷ്യന്റെ അന്തകനായ വീര്യമേറിയ പോപ്പിസ്ട്രോ കായ നമ്മുടെ കേരളത്തിലും എത്തിയിട്ടുണ്ട് .കേരളത്തിലെ നിശാക്ലബ്ബുകള്‍, ഡിജെ പാര്‍ട്ടികള്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്യുന്ന ലഹരിമരുന്നുകള്‍ നിര്‍മ്മിക്കുന്നതിനാണ് പോപ്പി സ്ട്രോ കേരളത്തിലെത്തിക്കുന്നത്.പോപ്പിസ്ട്രോ കായ കഴിക്കാനുള്ളതല്ല, മറിച്ച്‌ കഴിപ്പിക്കാനുള്ളതാണ്. ബ്രൗണ്‍ ഷുഗര്‍, ഹെറോയിന്‍, കറുപ്പ് ഉള്‍പ്പെടെ 26 ല്‍ പരം വീര്യം കൂടിയ ലഹരിമരുന്നുകള്‍ നിര്‍മ്മിക്കുന്നത് പോപ്പിസ്ട്രോ കായ കൊണ്ടാണ്.

ഇന്ത്യയില്‍ മയക്കുമരുന്ന് ഉപഭോക്താക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നുവെന്നാണ് യു.എന്‍ റിപ്പോര്‍ട്ട്. ദക്ഷിണേഷ്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഹെറോയിന്‍ ഉപയോഗം ഇന്ത്യയിലാണ്. ഇതിന് രാജ്യത്ത് മൂന്ന് ദശലക്ഷം ഉപഭോക്താക്കളുണ്ടെന്നും ഇതിലേറെയും വിദ്യാര്‍ത്ഥികളാണെന്നും യു.എന്നിന്റെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബോര്‍ഡിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലുണ്ട്. ജാതി, മത, പായഭേദമന്യെ മയക്കുമരുന്നിന്റെ അപകടച്ചുഴികളില്‍ പതിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവാകും വരും കാലത്ത് മാനവരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നത് സുവ്യക്തം.ലഹരിവസ്തുക്കളെ സംബന്ധിച്ചുള്ള കുറ്റകൃത്യങ്ങളില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്താണു കേരളം.

വീണ്ടും ഒരിക്കല്‍ക്കൂടി ലഹരി വിരുദ്ധദിനം കടന്നു വരുമ്ബോള്‍ നാം നമ്മുടെ പുതിയ തലമുറയെ ഓര്‍ക്കണം.ഈ വര്‍ഷത്തെ ലോക ലഹരിവിരുദ്ധദിനത്തിന്റെ മുദ്രാവാക്യം''മയക്കുമരുന്നിനെക്കുറിച്ചുള്ള വസ്തുതകള്‍ പങ്കിടുക,ജീവന്‍ രക്ഷിക്കുക''എന്നതാണ്.കുട്ടികള്‍ക്ക് സ്നേഹവും വാത്സല്യവും പരിഗണനയും വേണ്ടുവോളം നല്‍കണം.എന്തും എപ്പോഴും പരസ്പരം തുറന്നുപറയാന്‍ കഴിയുന്ന വിധം സുഹൃത്തുക്കളായി മാറണം രക്ഷിതാക്കളും മക്കളും.

നമ്മുടെ സമൂഹത്തെ മയക്കുമരുന്നുകളുടെ ഈ നീരാളിപ്പിടിത്തത്തില്‍ നിന്ന് രക്ഷിക്കാന്‍ സര്‍ക്കാരിന്റെ ലഹരി വിമുക്തി സെന്റര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട്.ഇത് സ്വാഗതാര്‍ഹമാണ്. ഇത്തരം പദ്ധതികള്‍ പാതിവഴിയില്‍ നിലച്ചു പോകാതെ തുടര്‍ച്ച ഉറപ്പ് വരുത്തുകയും മത, സന്നദ്ധ സംഘടനകള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള സഹകരണം തേടുകയും ചെയ്യേണ്ടതാണ്.

tony chittilapally note about drugs

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES