'വിദ്യാവിനോദിനി' മാസികയില്‍ 1891-ല്‍ (1066 കുംഭം) പ്രസിദ്ധീകരിച്ച 'വാസനാ വികൃതി' യാണ് മലയാളത്തിലെ ആദ്യത്തെ ചെറുകഥ. പത്രപ്രവര്‍ത്തകനായിരുന്ന കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരാണ് 'വാസനാ വികൃതി' രചിച്ചത്. കഥാകൃത്തിന്റെ പേരുവയ്ക്കാതെയാണ് ഈ ചെറുകഥ പ്രസിദ്ധീകരിച്ചത്. സി. എസ്. ഗോപാലപ്പണിക്കര്‍, മൂര്‍ക്കോത്തു കുമാരന്‍, ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്‍, അമ്പാടി നാരായണപ്പതുവാള്‍, എം. ആര്‍. കെ. സി., കെ. സുകുമാരന്‍, ഇ. വി. കൃഷ്ണപിള്ള എന്നിവരായിരുന്നു പ്രമുഖരായ ആദ്യകാല കഥാകൃത്തുക്കള്‍.
പത്രമാസികകളുടെ പ്രചാരമാണ് ചെറുകഥയ്ക്ക് വായനക്കാരെ സൃഷ്ടിച്ചത്. ഈ അന്തരീക്ഷം ഒട്ടേറെ എഴുത്തുകാരെ ചെറുകഥയിലേക്ക് ആകര്‍ഷിച്ചു. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, ശീവൊള്ളി നാരായണന്‍ നമ്പൂതിരി, പന്തളം കേരളവര്‍മ്മ, സി. പി. അച്യുതമേനോന്‍, അപ്പന്‍ തമ്പുരാന്‍, സി. വി. കുഞ്ഞുരാമന്‍, കാരാട്ട് അച്യുതമേനോന്‍, തേലപ്പുറത്ത് നാരായണന്‍ നമ്പി, ചിത്രമെഴുത്ത് കെ. എം. വര്‍ഗീസ്, എം. രത്‌നം, എന്‍. എം. ദാസ്, ഇ. ഐ. പങ്ങിയച്ചന്‍, കണ്ണമ്പ്ര കുഞ്ഞുണ്ണിനായര്‍, സി. ശങ്കരവാരിയര്‍, പി. ജി. രാമയ്യര്‍, അമ്പാടി കാര്‍ത്ത്യായനി അമ്മ, വി. പാര്‍വതിയമ്മ, ടി. സി. കല്യാണിയമ്മ തുടങ്ങിയ ഒട്ടേറെ എഴുത്തുകാര്‍ ആദ്യകാലത്ത് ചെറുകഥകളെഴുതി. ഈ ആദ്യഘട്ടത്തിന്റെ ഒടുവില്‍ രംഗത്തു വന്ന കഥാകൃത്തുക്കളാണ് കെ. പി. കേശവമേനോന്‍, ചേലനാട്ട് അച്യുതമേനോന്‍, കെ. എന്‍. എഴുത്തച്ഛന്‍, എസ്. രാമാവാരിയര്‍, സി. എ. കിട്ടുണ്ണി, പാവുണ്ണി തൈക്കാട്, വിളാവട്ടത്ത് ശങ്കരപ്പിള്ള, കെ. എസ്. മണി തുടങ്ങിയവര്‍.
രണ്ടാം ഘട്ടം
1925 മുതല്‍ ചെറുകഥയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നു. വ്യക്തമായ സാമൂഹിക വീക്ഷണത്തോടുകൂടി എഴുതിയ ചെറുകഥകളുടെ ഘട്ടമാണത്. വി. ടി. ഭട്ടതിരിപ്പാട്, മുത്തിരിങ്ങോട് ഭവത്രാതന്‍ നമ്പൂതിരി, എം. ആര്‍. ബി തുടങ്ങിയവരുടെ കഥകളാണ് ഇതിനുദാഹരണം. 1920-കള്‍ മുതല്‍ ലോകകഥയെ പരിചയപ്പെടുത്തിയും ചെറുകഥയുടെ സൗന്ദര്യശാസ്ത്രപരമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തും നിരൂപകനായ കേസരി ബാലകൃഷ്ണപിള്ള പുതിയൊരു സാഹിത്യാവബോധം മലയാളത്തില്‍ സൃഷ്ടിച്ചു. ചെറുകഥയിലും നോവലിലും പരിവര്‍ത്തനം കൊണ്ടുവരാന്‍ ചെറിയ സഹായമല്ല കേസരി ചെയ്തത്. ഒട്ടേറെ യൂറോപ്യന്‍ ചെറുകഥകള്‍ വിവര്‍ത്തനം ചെയ്തും കേസരി മാതൃക കാണിച്ചു. ജീവല്‍സാഹിത്യ പ്രസ്ഥനവും പുരോഗമന സാഹിത്യപ്രസ്ഥാനവും സാഹിത്യത്തിന് പുതിയ ലക്ഷ്യബോധം പകരുകയും ചെയ്തു. ഈ പരിവര്‍ത്തന ദശയില്‍ ഉയര്‍ന്നു വന്ന അഞ്ചു കഥാകൃത്തുക്കള്‍ മലയാള കഥയുടെ സുവര്‍ണ്ണയുഗത്തിന്റെ സ്രഷ്ടാക്കളായി മാറി. എസ്. കെ. പൊറ്റക്കാട്ട്, പി. കേശവദേവ്, തകഴി ശിവശങ്കരപ്പിള്ള, വൈക്കം മുഹമ്മദ് ബഷീര്‍, പൊന്‍കുന്നം വര്‍ക്കി എന്നിവരാണവര്‍.
സുവര്‍ണ്ണകാലം
പൊന്‍കുന്നം വര്‍ക്കി, പൊറ്റക്കാട്ട്, കേശവദേവ്, തകഴി, ബഷീര്‍ എന്നീ അഞ്ചു പേരും ലളിതാംബിക അന്തര്‍ജ്ജനം, കാരൂര്‍ നീലകണ്ഠപ്പിള്ള, ഉറൂബ് (പി. സി. കുട്ടികൃഷ്ണന്‍), കെ. സരസ്വതിയമ്മ തുടങ്ങിയവരും ചേര്‍ന്നാണ് 1930- കള്‍ക്കു ശേഷം മലയാള കഥയിലെ സുവര്‍ണ്ണയുഗം സൃഷ്ടിച്ചത്. റിയലിസത്തിന്റെ സന്ദേശമാണ് അവര്‍ ഉയര്‍ത്തിയത്. അദ്ഭുതരസവും പരിണാമ ഗുപ്തിയും തൊലിപ്പുറമേയുള്ള ഫലിതവും നിറഞ്ഞ ആദ്യകാല കഥകളില്‍ നിന്നുള്ള വമ്പന്‍ കുതിച്ചു ചാട്ടമാണ് ഈ തലമുറ നിര്‍വഹിച്ചത്.
ദരിദ്രമനുഷ്യരുടെ ജീവിതവും അവര്‍ നേരിടുന്ന ചൂഷണങ്ങളും രാഷ്ട്രീയസമരവും അധികാര വിമര്‍ശനവും ഈ കഥാകൃത്തുക്കളുടെ പ്രമേയമായി. വര്‍ക്കിയുടെ 'മന്ത്രിക്കെട്ട്', 'അന്തോണീ നീയുമച്ചനായോടാ, ശബ്ദിക്കുന്ന കലപ്പ', തകഴിയുടെ 'വെള്ളപ്പൊക്കത്തില്‍', കേശവദേവിന്റെ 'ഗുസ്തി', 'കൂള്‍ഡ്രിങ്ക്', 'പ്രതിജ്ഞ', ബഷീറിന്റെ 'നീലവെളിച്ചം', 'ജന്മദിനം', 'ടൈഗര്‍', 'പൂവമ്പഴം', പൊറ്റക്കാട്ടിന്റെ 'ഒട്ടകം', 'ഏഴിലംപാല', 'കാട്ടുചെമ്പകം', 'നിശാഗന്ധി', കാരൂരിന്റെ 'മരപ്പാവകള്‍', 'പൂവമ്പഴം', 'അരഞ്ഞാണം', 'ഉതുപ്പാന്റെ കിണര്‍', 'മോതിരം', 'പിശാചിന്റെ കുപ്പായം', അന്തര്‍ജനത്തിന്റെ 'മാണിക്കന്‍', 'പ്രതികാരദേവത', സരസ്വതിയമ്മയുടെ 'പെണ്‍ബുദ്ധി', 'ചോലമരങ്ങള്‍' തുടങ്ങിയ എത്രയോ കഥകള്‍ ആ സുവര്‍ണ്ണഘട്ടത്തിന്റെ സ്മാരകങ്ങളായി നിലനില്‍ക്കുന്നു.
ഒട്ടേറെ പുതിയ എഴുത്തുകാര്‍ 1940-കളില്‍ ചെറുകഥാരംഗത്തെ വികസ്വരമാക്കി. പുളിമാന പരമേശ്വരപിള്ള, നാഗവള്ളി ആര്‍. എസ്. കുറുപ്പ്, വെട്ടൂര്‍ രാമന്‍ നായര്‍, പോഞ്ഞിക്കര റാഫി, ടി. കെ. സി. വടുതല തുടങ്ങിയവര്‍ ഈ കാലഘട്ടത്തില്‍ ശ്രദ്ധേയരായിത്തീര്‍ന്നു. മുട്ടത്തു വര്‍ക്കി, വൈക്കം ചന്ദ്രശേഖരന്‍ നായര്‍, ചെറുകാട്, ഐ. കെ. കെ. എം., എം. പരമേശ്വരന്‍ നായര്‍, പെരുന്ന തോമസ്, എന്‍. ഗോവിന്ദന്‍കുട്ടി, ടാറ്റാപുരം സുകുമാരന്‍, ബി. മാധവമേനോന്‍, ഡി. എം. പൊറ്റെക്കാട്ട്, സി. അച്യുതക്കുറുപ്പ്, എസ്. കെ. ആര്‍. കമ്മത്ത്, ഇ. എം. കോവൂര്‍, എം. എന്‍. ഗോവിന്ദന്‍ നായര്‍, വേളൂര്‍ കൃഷ്ണന്‍ കുട്ടി, പി. കെ. രാജരാജവര്‍മ, ആനന്ദക്കുട്ടന്‍, എന്‍. പി. ചെല്ലപ്പന്‍ നായര്‍, പി. സി. കോരുത്, വി. ടി. നന്ദകുമാര്‍, സരളാരാമവര്‍മ, എസ്. കെ. മാരാര്‍ തുടങ്ങി ഒട്ടേറെ കഥയെഴുത്തുകാര്‍ 1940 കള്‍ക്കു ശേഷം ഉയര്‍ന്നു വന്നവരാണ്.
മൂന്നാം ഘട്ടം
1950-കള്‍ മുതല്‍ ചെറുകഥ അന്നുവരെയുള്ളതില്‍ നിന്നു വ്യത്യസ്തമായ വഴിയില്‍ സഞ്ചരിക്കാന്‍ തുടങ്ങി. സാഹിത്യരൂപമെന്ന നിലയില്‍ ചെറുകഥ ഏകാഗ്രവും സൂക്ഷ്മവുമായ ശില്പമായിത്തീര്‍ന്ന ഈ ഘട്ടത്തിലെ കഥകള്‍ ആന്തരികാനുഭവങ്ങള്‍ക്കും മനോവൃത്തികള്‍ക്കും പ്രാധാന്യം നല്‍കി. ബിംബ പ്രധാനമായ ആഖ്യാനരീതിയും പ്രാബല്യം നേടി. ഏകാകിയുടെ വേദനകള്‍ ആവിഷ്കരിക്കുന്ന കഥകളായിരുന്നു ഈ പുതുഭാവുകത്വത്തിലെ ശ്രദ്ധേയമായ രചനകളില്‍ പലതും. എം. ടി. വാസുദേവന്‍ നായരുടെയും ടി. പദ്മനാഭന്റെയും കഥകളാണ് ഈ ഭാവപരിവര്‍ത്തനത്തിനു തുടക്കമിട്ടത്. എം. ടി. യുടെ 'ബന്ധനം', 'വളര്‍ത്തു മൃഗങ്ങള്‍', 'കുട്ട്യേടത്തി', 'ഇരുട്ടിന്റെ ആത്മാവ്', 'പള്ളിവാളും കാല്‍ചിലമ്പും', 'ഓപ്പോള്', 'വാരിക്കുഴി', 'സുകൃതം', 'അജ്ഞാതന്റെ ഉയരാത്ത സ്മാരകം', 'വാനപ്രസ്ഥം', 'ഷെര്‍ലക്' തുടങ്ങിയ കഥകള്‍ അതിപ്രശസ്തമാണ്. 'കടയനെല്ലൂരിലെ ഒരു സ്ത്രീ', 'കാലഭൈരവന്‍', പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി', 'മഖന്‍സിങ്ങിന്റെ മരണം', 'ഭയം', 'ഹാരിസണ്‍ സായ്‌വിന്റെ നായ', 'ശേഖൂട്ടി', 'ഗോട്ടി', 'ഗൗരി' തുടങ്ങിയ ഒട്ടേറെ പ്രശസ്ത കഥകളുടെ കര്‍ത്താവാണ് ടി. പദ്മനാഭന്‍.
എന്‍. പി. മുഹമ്മദ്, കെ. ടി മുഹമ്മദ്, പി. എ. മുഹമ്മദ് കോയ, സി. രാധാകൃഷ്ണന്‍, കോവിലന്‍, പാറപ്പുറത്ത്, ജി. എന്‍. പണിക്കര്‍, തുളസി, നന്തനാര്‍, വിനയന്‍, ജി. വിവേകാനന്ദന്‍, ഉണ്ണികൃഷ്ണന്‍ പുത്തൂര്‍ തുടങ്ങിയ ഒട്ടേറെ കഥാകൃത്തുക്കള്‍കൂടി ചേര്‍ന്നതാണ് മൂന്നാംഘട്ടം.
ആധുനികത
ആധുനികതയുടെ കാലമാണ് ചെറുകഥയിലെ നാലാം ഘട്ടം. നഗരകേന്ദ്രിതമായ ആധുനിക സമൂഹത്തില്‍ മാനുഷിക മൂല്യങ്ങളും മനുഷ്യസ്തിത്വവും നേരിട്ട പ്രതിസന്ധികളും ജീവിതത്തിനുണ്ടായ അന്യവത്കരണവും ഏകാന്തതാബോധവുമൊക്കെയായിരുന്നു ആധുനികരുടെ വിഷയങ്ങള്‍. ഒ. വി. വിജയന്‍, മാധവിക്കുട്ടി, എം. പി. നാരായണപിള്ള, കാക്കനാടന്‍, എം. മുകുന്ദന്‍, സേതു, പുനത്തില്‍ കുഞ്ഞബ്ദുള്ള, വി. കെ. എന്‍., ടി. ആര്‍., കെ. പി. നിര്‍മല്‍ കുമാര്‍, മേതില്‍ രാധാകൃഷ്ണന്‍, എം. സുകുമാരന്‍, പി. കെ. നാണു, യു. പി. ജയരാജ്, സി. ആര്‍. പരമേശ്വരന്‍, സക്കറിയ, സി. വി. ശ്രീരാമന്‍, പി. വത്സല, എസ്. വി. വേണുഗോപന്‍ നായര്‍, വൈശാഖന്‍, മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടി, തുടങ്ങിയ ഒട്ടേറെപ്പേരുള്‍പ്പെടുന്നതാണ് ആധുനികതയുടെ തലമുറ. ഒ. വി. വിജയന്റെ 'എണ്ണ', 'അരിമ്പാറ', 'കടല്‍ത്തീരത്ത്', 'കാറ്റു പറഞ്ഞ കഥ', മാധവിക്കുട്ടിയുടെ 'പക്ഷിയുടെ മണം', 'നാവിക വേഷം ധരിച്ച കുട്ടി', 'പരുന്തുകള്‍', 'നെയ്പായസം', കാക്കനാടന്റെ 'ശ്രീ ചക്രം', 'നിഷാദസങ്കീര്‍ത്തനം', 'യൂസഫ് സരായിയിലെ വ്യാപാരി', 'കുഞ്ഞമ്മപ്പാലം', എം. പി. നാരായണപിള്ളയുടെ 'ജോര്‍ജ്ജ് ആറാമന്റെ കോടതി', 'മുരുകന്‍ എന്ന പാമ്പാട്ടി', എം. മുകുന്ദന്റെ 'രാധ രാധമാത്രം', 'അഞ്ചര വയസ്സുള്ള കുട്ടി', 'ദല്‍ഹി 1981' തുടങ്ങിയ കഥകള്‍ ആധുനിക ചെറുകഥയുടെ മികച്ച മാതൃകകളാണ്.
ആധുനികതയ്ക്കു ശേഷം
ആധുനികതയുടെ പ്രഭാവ കാലത്തു തന്നെ അതില്‍ നിന്നു വ്യത്യസ്തമായി എഴുതാന്‍ ശ്രമിച്ച ഒരുപറ്റം കഥാകൃത്തുക്കള്‍ രംഗത്തു വന്നു. വി. പി. ശിവകുമാര്‍, എന്‍. എസ്. മാധവന്‍, അയ്മനം ജോണ്‍, യു. കെ. കുമാരന്‍, സി. വി. ബാലകൃഷ്ണന്‍, സാറാ ജോസഫ്, എന്‍. പ്രഭാകരന്‍, അഷ്ടമൂര്‍ത്തി, ടി. വി. കൊച്ചു ബാവ, വി. ആര്‍. സുധീഷ്, അക്ബര്‍ കക്കട്ടില്‍, എം. രാജീവ് കുമാര്‍, മാനസി, ഇ. വി. ശ്രീധരന്‍ തുടങ്ങിയവയെല്ലാം ഈ തലമുറയില്‍ ഉള്‍പ്പെടുന്നു. വിശാലാര്‍ത്ഥത്തില്‍ ആധുനികതയുടെ ഭാഗമാണ് ഈ എഴുത്തുകാരും.
ഉത്തരാധുനികത
1990- കള്‍ മുതല്‍ ആവിര്‍ഭവിച്ച ഭാവുകത്വത്തെയാണ് ഉത്തരാധുനികതയെന്നു വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ തലമുറയില്‍പ്പെട്ടവരും ഈ പുതുഭാവുകത്വ രീതി സ്വാംശീകരിച്ചു കഴിഞ്ഞിട്ടുണ്ട്. തോമസ് ജോസഫ്, വി. വിനയകുമാര്‍, അശോകന്‍ ചരുവില്‍, സുഭാഷ് ചന്ദ്രന്‍, സന്തോഷ് ഏച്ചിക്കാനം, ബി. മുരളി, ഉണ്ണി ആര്‍. തുടങ്ങിയ ഒട്ടേറെ കഥാകൃത്തുക്കള്‍ ഉള്‍പ്പെടുന്നതാണ് ചെറുകഥയുടെ ഈ വര്‍ത്തമാനകാല തലമുറ.