Latest News

സ്ത്രീധനം- ചെറുകഥ

Samuel George
topbanner
സ്ത്രീധനം-   ചെറുകഥ

ദൈവമേ ഇതെങ്കിലും നടക്കണേ” പയ്യനും കൂട്ടര്‍ക്കും ചായ നല്‍കി പരസ്പരം സംസാരിച്ച ശേഷം ഉള്ളിലേക്ക് നടക്കുമ്പോള്‍ ദേവു ഉള്ളുരുകി പ്രാര്‍ഥിക്കുകയായിരുന്നു. സുമുഖനും മൃദുഭാഷിയുമായ വിഷ്ണുവിനെ അവള്‍ക്ക് നന്നേ ബോധിച്ചു. ആള് ബാങ്ക് മാനേജരാണ്. പക്ഷെ അച്ഛന്‍….അച്ഛന്റെ കാര്യം ഓര്‍ത്തപ്പോള്‍ അവളുടെ മനസ്സില്‍ ആശങ്ക ഉടലെടുത്തു. “ബാക്കി കാര്യങ്ങള്‍ എങ്ങനെയാ? അല്ല പെണ്ണിനും ചെറുക്കനും പരസ്പരം ഇഷ്ടമായ സ്ഥിതിക്ക് അതെക്കുറിച്ച് തീരുമാനിക്കണ്ടേ…” വിഷ്ണുവിന്റെ അച്ഛന്‍ സ്വന്തം അച്ഛനോട് ചോദിക്കുന്നത് കേട്ട് ദേവു വാതിലിനരുകില്‍ മറഞ്ഞു നിന്നു. അവളുടെ അമ്മയും അവിടെ, മുറിവാതില്‍ക്കല്‍ നില്‍പ്പുണ്ടായിരുന്നു. “അതെ; ഇനി അതെപ്പറ്റി തീരുമാനിക്കാം” വിഷ്ണുവിന്റെ അമ്മാവനാണ്. “തീരുമാനിക്കനിനി എന്താണ്? നല്ലൊരു മുഹൂര്‍ത്തം നോക്കി വിവാഹം നടത്തണം; അത്ര തന്നെ” അവളുടെ അച്ഛന്‍ അനന്തന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. “അതെയതെ മുഹൂര്‍ത്തം നോക്കണം. പക്ഷെ ഞങ്ങള്‍ ഉദ്ദേശിച്ചത് ചില കൊടുക്കല്‍ വാങ്ങലുകള്‍ ഒക്കെ ഉണ്ടല്ലോ? അതെപ്പറ്റി ഒരു ധാരണ പരസ്പരം വേണ്ടേ എന്നാണ്” അമ്മാവന്‍ വിശദീകരിച്ചു. “ധാരണകള്‍ ആയിക്കഴിഞ്ഞല്ലോ? പെണ്ണും ചെറുക്കനും തമ്മില്‍ ഇഷ്ടപ്പെട്ടു; ഞങ്ങള്‍ക്ക് നിങ്ങളുടെ കുടുംബവും നിങ്ങള്‍ക്ക് ഞങ്ങളുടെ കുടുംബവും ഇഷ്ടമായി.

ഇനി ഞങ്ങള്‍ മകളെ നിങ്ങള്‍ക്ക് തരുന്നു; നിങ്ങള്‍ മകനെ ഞങ്ങള്‍ക്ക് തരുന്നു. കൊടുക്കല്‍ വാങ്ങല്‍ ആയില്ലേ?” ദേവു ആശങ്കയോടെ പാളി നോക്കി. ഇതും അച്ഛന്റെ സ്വഭാവം മൂലം നടക്കില്ലെന്നാണ് തോന്നുന്നത്. വിഷ്ണുവിന്റെ അച്ഛനും അമ്മാവനും കൂടി പരസ്പരം എന്തോ രഹസ്യമായി സംസാരിക്കുന്നുണ്ട്. അച്ഛന്റെ സംസാരം അവര്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല എന്ന് സ്പഷ്ടം. ദേവുവിന്റെ മനസ്സില്‍ നിരാശ പടര്‍ന്നു പിടിച്ചു. ഇതിപ്പോള്‍ തനിക്കിഷ്ടപ്പെട്ട എട്ടാമത്തെ ആലോചനയാണ്. വന്നതില്‍ വച്ച് ഏറ്റവും നല്ല ആലോചനയും ഇതുതന്നെ. പക്ഷെ… “അതല്ല മിസ്റ്റര്‍ അനന്തന്‍; നിങ്ങള്‍ മകള്‍ക്ക് എന്ത് കൊടുക്കും എന്നാണ് ഞങ്ങള്‍ ചോദിച്ചത്. അങ്ങനെ ഒരു ഏര്‍പ്പാട് ഉള്ളതായി താങ്കള്‍ക്ക് അറിയാമല്ലോ, അല്ലെ?” അമ്മാവന്റെ സ്വരത്തില്‍ ലേശം പാരുഷ്യം കലര്‍ന്നിരുന്നു.

“ഓ..അതോ..മകള്‍ക്ക് ഞാന്‍ വിദ്യാഭ്യാസം നല്‍കി; ശാരീരിക-മാനസിക ആരോഗ്യത്തോടെ വളര്‍ത്തി. നല്ല സ്വഭാവവും ജീവിത ശീലങ്ങളും നല്‍കി. ഒരു തൊഴില്‍ കിട്ടാനുള്ള എല്ലാ യോഗ്യതകളും ഉള്ളവളാക്കി; ചില ടെസ്റ്റുകള്‍ എഴുതി റിസള്‍ട്ട് കാത്തിരിക്കുന്നു. അതില്‍ ഏതെങ്കിലും ഒന്നിലവള്‍ക്ക് വിജയം സുനിശ്ചിതമാണ്. ഇത്രയുമൊക്കെയല്ലേ നമുക്ക് ചെയ്യാന്‍ പറ്റൂ?” അച്ഛന്റെ മറുപടി അവരുടെ മുഖങ്ങളില്‍ ഈര്‍ഷ്യ പടര്‍ത്തുന്നത് ദേവു കണ്ടു. “താങ്കളെന്താ പൊട്ടന്‍ കളിക്കുകയാണോ? മകള്‍ക്ക് സ്ത്രീധനമായി എന്ത് നല്‍കുമെന്ന് പറ. അതാണ്‌ ഇത്രനേരവും പല രീതിയില്‍ ചോദിച്ചത്” പയ്യന്റെ അച്ഛന്‍ കോപം മറച്ചു വയ്ക്കാതെ തുറന്ന് ചോദിച്ചു.

സംഗതി പതിവുപോലെ കൈവിട്ടു പോകുകയാണ് എന്ന് മനസിലായ ദേവു നിരാശയോടെ ഭിത്തിയിലേക്ക് ചാരി. “സ്ത്രീധനമോ? അതെന്ത് സാധനമാണ്? നിങ്ങള്‍ക്ക് പെണ്ണിനെയാണോ അതോ പണമാണോ വേണ്ടത്? നിങ്ങളുടെ മകനൊരു ഭാര്യയുടെ ആവശ്യമുണ്ട് എന്ന് കരുതിയാണ് ഞാന്‍ നിങ്ങളെ സ്വീകരിച്ച് ഇരുത്തിയതും സംസാരിച്ചതും. ഇപ്പോള്‍ മനസിലാകുന്നു നിങ്ങള്‍ക്ക് വേണ്ടത് പെണ്ണല്ല, മറിച്ച് പണം ആണെന്ന്. തക്കതായ ഈടുണ്ട് എങ്കില്‍, പണം തരാം. ബാങ്ക് പലിശ തന്നാല്‍ മതി….” അച്ഛന്റെ മറുപടി ദേവുവിനെയും അവളുടെ അമ്മയെയും ഞെട്ടിച്ചില്ല; കാരണം അവരിത് ആദ്യമായി കേള്‍ക്കുകയല്ലല്ലോ. ഇതും മുടങ്ങി എന്നവര്‍ക്ക് ഉറപ്പായിക്കഴിഞ്ഞിരുന്നു. “മിസ്റ്റര്‍ അനന്തന്‍…നിങ്ങള്‍ ഞങ്ങളെ അപമാനിക്കുകയാണ്..മാന്യതയെന്ന സാധനം നിങ്ങള്‍ക്കില്ല..ഞങ്ങള്‍ പോകുകയാണ്..” കോപത്തോടെ അങ്ങനെ പറഞ്ഞിട്ട് വിഷ്ണുവിന്റെ അച്ഛന്‍ ദല്ലാളിന്റെ നേരെ തിരിഞ്ഞു: “മേലാല്‍ നീ ആലോചനയുമായി അങ്ങോട്ട്‌ വന്നേക്കരുത്..കേട്ടല്ലോ. വാ അളിയാ, വാടാ..പോകാം” അവര്‍ പോകാനായി എഴുന്നേറ്റു. ഒപ്പം അവളുടെ അച്ഛനും. “ഒന്ന് നില്‍ക്ക്; നിങ്ങള്‍ മാന്യതയുടെ കാര്യം പറഞ്ഞല്ലോ.

അതിന്റെ മറുപടി കേട്ടിട്ട് പോയാല്‍ മതി. ഒരു ആണ്‍കുട്ടിയെ വളര്‍ത്തി വലുതാക്കുന്ന ചിലവ് തന്നെ ഒരു പെണ്‍കുട്ടിയെ വളര്‍ത്താനും ഉണ്ട്. അങ്ങനെ വളര്‍ത്തി പഠിപ്പിച്ച അവള്‍ സ്വന്തം വീട് വിട്ടു മറ്റൊരു വീട്ടിലെത്തി ഭര്‍ത്താവിന്റെ മാതാപിതാക്കളെ അച്ഛനും അമ്മയുമായി കണ്ട്, അവരെയും ഭര്‍ത്താവിനെയും സേവിച്ച് ജീവിക്കേണ്ടവളും മക്കളെ ഉദരത്തില്‍ ഒമ്പത് മാസങ്ങള്‍ വഹിച്ച് വേദനയോടെ പ്രസവിക്കേണ്ടവളുമാണ്. മാത്രമോ, ഒരു ജോലി ചെയ്ത് ജീവിക്കാന്‍ വേണ്ട വരുമാനം ഉണ്ടാക്കാനുള്ള പ്രാപ്തിയും അവള്‍ക്കുണ്ട്. അത്രയധികം ത്യാഗവും സേവനവും ചെയ്യാനായി സ്വമനസ്സാലെ വരുന്ന പെണ്ണിനെ, പണം കൂടി ഉണ്ടെങ്കിലെ നിങ്ങള്‍ സ്വീകരിക്കൂ അല്ലെ? മാന്യത എന്ന വാക്കിന്റെ അര്‍ഥം നിങ്ങളാണ് പഠിക്കേണ്ടത്. ഇവനൊരു ഭാര്യയാണ് ആവശ്യമെങ്കില്‍, എന്റെ മകള്‍ അവന്റെ ഒപ്പം ജീവിക്കും. അതല്ല അവളുടെ പേരില്‍ കിട്ടുന്ന പണമാണ് വേണ്ടതെങ്കില്‍, അങ്ങനെ നല്‍കാനിവിടെ പെണ്ണില്ല. നിങ്ങള്‍ക്ക് പോകാം”

അച്ഛന്റെ സംസാരം കേട്ട ദേവുവിന് മനസ്സില്‍ ഉണ്ടായിരുന്ന നിരാശ പാടെ ഇല്ലാതായി. അച്ഛന്‍ പറയുന്നത് ന്യായമാണ്; പക്ഷെ ഇതൊക്കെ ആര് അംഗീകരിക്കാന്‍. ചെറുക്കന്റെ അച്ഛനും അമ്മാവനും പരസ്പരം നോക്കുന്നത് അവള്‍ കണ്ടു. അച്ഛന്റെ സംസാരം അവരില്‍ ചില ചലനങ്ങള്‍ സൃഷ്ടിച്ചോ എന്നവള്‍ക്ക് തോന്നുന്നുണ്ടായിരുന്നു. അതിനിടെ വിഷ്ണു എഴുന്നേറ്റ് അച്ഛന്റെ അരികിലേക്ക് ചെല്ലുന്നത് അവള്‍ കണ്ടു. “അങ്കിള്‍..എനിക്ക് ദേവുവിനെ ഇഷ്ടമായി. പണം ഞാന്‍ ചോദിക്കുന്നില്ല; എനിക്ക് വേണ്ടത് അവളെപ്പോലെ ഒരു പെണ്ണിനെയാണ്. പക്ഷെ എന്റെ അച്ഛനും അമ്മയും ഇക്കാര്യത്തില്‍ അനുകൂലമായാല്‍ മാത്രമേ എനിക്ക് തീരുമാനം എടുക്കാന്‍ പറ്റൂ. കാരണം എന്നെ വളര്‍ത്തി ഈ നിലയിലെത്തിച്ചത് അവരാണല്ലോ. അതുകൊണ്ട് ഞാനിത് അച്ഛന് വിടുകയാണ്” അവന്റെ ആ നിലപാട് ദേവുവിന്റെ ഉള്ളു കുളിര്‍പ്പിച്ചു. അവള്‍ വീണ്ടും പാളി നോക്കി. അവന്റെ അച്ഛന്‍ അമ്മാവനെയും അവനെയും കൂട്ടി പുറത്തേക്ക് ഇറങ്ങി തമ്മില്‍ സംസാരിക്കാന്‍ തുടങ്ങി. അവളുടെ മനസ്സില്‍ പ്രതീക്ഷകള്‍ വീണ്ടും നാമ്പിട്ടു. പുറത്ത് അവര്‍ മൂവരും തമ്മില്‍ ചര്‍ച്ച പുരോഗമിക്കുകയായിരുന്നു. “അയാള്‍ ഒരു അഹങ്കാരിയാണ്;

ഇത് നമുക്ക് വേണ്ടടാ മോനെ” അമ്മാവന്‍ വിഷ്ണുവിനോട് പറഞ്ഞു. “എനിക്ക് ആദ്യമായി ഇഷ്ടപ്പെട്ട പെണ്‍കുട്ടിയാണ്. ജീവിക്കാന്‍ വേണ്ട പണം ഞാന്‍ ജോലി ചെയ്ത് ഉണ്ടാക്കുന്നുണ്ടല്ലോ? അതുപോരെ? പെണ്ണിന്റെ വീട്ടുകാരുടെ പണംകൂടി വേണമെന്ന് നിര്‍ബന്ധം പിടിക്കണോ?” അവന്‍ ചോദിച്ചു. “പണത്തിനു പണം തന്നെ വേണം. നിനക്ക് ഈസിയായി പത്തോ ഇരുപതോ ലക്ഷം കിട്ടും. അതിലേറെയും കിട്ടിയേക്കാം. ഇവളേക്കാള്‍ സുന്ദരിയായ പെണ്ണിനേയും കിട്ടും. പിന്നെന്തിന് ഇങ്ങനെ ഒരു അഹങ്കാരിയുടെ മോളെ ഒരു പിണ്ണാക്കും വാങ്ങാതെ കെട്ടണം? നീ ചുമ്മാ മണ്ടത്തരം കാണിക്കരുത്” അമ്മാവന്‍ അവനെ ശകാരിച്ചു. “അച്ഛനും അമ്മാവനും കൂടി തീരുമാനിക്ക്; ഞാനെന്റെ അഭിപ്രായം പറഞ്ഞു” പറഞ്ഞിട്ട് അവന്‍ മെല്ലെ റോഡിലേക്ക് ഇറങ്ങി. ദേവു എല്ലാം കാണുന്നുണ്ടായിരുന്നു. “അളിയാ..അയാളെ അഹങ്കാരി എന്ന് വിളിക്കാന്‍ പറ്റില്ല. അയാള്‍ പറഞ്ഞത് നമ്മള്‍ ചിന്തിച്ചിട്ടില്ലാത്ത ഒരു തലമാണ്. പറഞ്ഞതൊക്കെ നൂറു ശതമാനം ശരിയും.

ഇവന്റെ സ്ഥാനത്ത് എനിക്കൊരു മോളാണ് ഉള്ളതെങ്കില്‍ എന്താകും നമ്മുടെ അവസ്ഥ? അവനിഷ്ടപ്പെട്ട സ്ഥിതിക്ക്, ഇത് നടത്താം എന്നാണ് ഞാന്‍ ഇപ്പോള്‍ ആലോചിക്കുന്നത്; എത്ര പെണ്ണ് കണ്ടതാ..അവനിതുവരെ ആരെയെങ്കിലും ഇഷ്ടപ്പെട്ടായിരുന്നോ? അവരൊക്കെ എത്ര പണവും തരാന്‍ തയ്യാറായിരുന്നു. എല്ലാം കൂടി ഒത്തുകിട്ടില്ല എന്നങ്ങു കരുതിയാല്‍ പോരെ” ചെറുക്കന്റെ അച്ഛന്‍ ചോദിച്ചു. “വേണോ അളിയാ? നമ്മള്‍ അവന്റെ മുന്‍പില്‍ ചെറുതാകണോ? ഈ നാട്ടില്‍ ഈ ഒരു പെണ്ണ് മാത്രമല്ലല്ലോ ഉള്ളത്?” “പണത്തിന്റെ പേരില്‍ വേണ്ടെന്നു വയ്ക്കണ്ട എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ..അളിയന് താല്പര്യം ഇല്ലെങ്കില്‍ വിട്ടുകളയാം” അമ്മാവന്‍ അല്‍പനേരം ആലോചിച്ചു. പിന്നെ ഇങ്ങനെ പറഞ്ഞു: “അവനിഷ്ടം; അളിയനും ഇഷ്ടം;

ഇനി ഞാനായിട്ടെന്തിനാണ് ഇഷ്ടപ്പെടാതിരിക്കുന്നത്; എങ്കില്‍പ്പിന്നെ നിങ്ങളുടെ ഇഷ്ടംപോലെ ഇത് നടക്കട്ടെ..” രണ്ടുപേരും ചിരിച്ചു. പിന്നെ മകനെ അരികിലേക്ക് വിളിച്ചിട്ട്‌ വീട്ടിലേക്ക് കയറി. “മിസ്റ്റര്‍ അനന്തന്‍; നിങ്ങള്‍ പറഞ്ഞ വാക്കുകള്‍ ഞങ്ങളെ ചിന്തിപ്പിച്ചു. ശരിയാണ്. പെണ്ണാണ് ഒരു വിവാഹത്തില്‍ ഏറ്റവുമധികം ത്യാഗം അനുഭവിക്കുന്നവള്‍; പുരുഷനല്ല. ആ ഒരു സത്യം മനസിലാക്കാന്‍ ഞങ്ങള്‍ക്ക് താങ്കള്‍ വേണ്ടി വന്നു. പരുഷമായി ഞങ്ങള്‍ പെരുമാറിയത് അറിവില്ലായ്മ കൊണ്ടാണ്. അത് മാപ്പാക്കണം. ദേവുവിനെ ഞങ്ങള്‍ക്ക് വേണം..അതില്‍ താങ്കള്‍ക്ക് വിരോധമില്ല എന്നാണ് എന്റെ വിശ്വാസം” വിഷ്ണുവിന്റെ അച്ഛന്‍ ഒരു പുഞ്ചിരിയോടെ അങ്ങനെ പറഞ്ഞപ്പോള്‍ ദേവുവിന്റെ മനസ്സ് മാത്രമല്ല, കണ്ണുകളും നിറഞ്ഞുപോയി. അവളുടെ അമ്മയും ആനന്ദാശ്രുക്കള്‍ സാരിത്തലപ്പ് കൊണ്ട് ഒപ്പി. “താങ്ക്സ് എ ലോട്ട്.

ഞാന്‍ നിങ്ങളെയും വിഷമിപ്പിക്കുന്ന തരത്തില്‍ സംസാരിച്ചു. എന്നോടും ക്ഷമിക്കണം.” അനന്തന്‍ അവര്‍ ഇരുവരുടെയും കരങ്ങള്‍ കവര്‍ന്നുകൊണ്ട് പറഞ്ഞു. അന്തരീക്ഷം അയഞ്ഞതോടെ എല്ലാ വദനങ്ങളിലും പുഞ്ചിരിപ്പൂക്കള്‍ വിടര്‍ന്നു. ദേവു അമ്മയുടെ തോളില്‍ കൈയിട്ടു വിഷ്ണുവിനെ പാളി നോക്കി. അവന്‍ ആരും കാണാതെ അവളെ കണ്ണിറുക്കി കാണിച്ചപ്പോള്‍ അവള്‍ ചിരിയടക്കാന്‍ പണിപ്പെട്ടു മുഖം കുനിച്ചു. “എങ്കിലിനി ഓരോ ചായ കൂടി ആയാലോ..” പ്രശ്നം പരിഹരിക്കപ്പെട്ടത്തിന്റെ സന്തോഷത്തില്‍ ദല്ലാള്‍ ചോദിച്ചു. “തീര്‍ച്ചയായും..ഇനി ചായയല്ല; ഊണ് കഴിച്ചിട്ട് പോയാല്‍ മതി..നിങ്ങള്‍ ഇരിക്ക്..” അനന്തന്‍ സന്തോഷത്തോടെ അവരോട് പറഞ്ഞിട്ട് ഉള്ളിലേക്ക് നോക്കി. “സുശീലേ..മോളെ ഇങ്ങു വിളിക്ക്”. അമ്മയുടെ ഒപ്പം ലജ്ജാവിവശമായ മുഖഭാവത്തോടെ ദേവു അവിടെയെത്തി അച്ഛന്റെ അരികില്‍ നിന്നു. അനന്തന്‍ അവളെ നോക്കി പുഞ്ചിരിച്ചു.

“പെണ്ണിന്റെ വില മനസിലാക്കുന്ന ഒരു കുടുംബത്തില്‍ മാത്രമേ നിന്നെ ഞാന്‍ അയയ്ക്കൂ എന്ന് പറഞ്ഞത് ഇപ്പോള്‍ ശരിയായില്ലേ? ഇവരാണ് അവര്‍. ഇതുവരെ നിന്നെ കാണാന്‍ വന്നവര്‍ക്കൊക്കെ വേണ്ടിയത് പണം നല്‍കുന്ന, ജോലി ചെയ്യുന്ന, മക്കളെ പ്രസവിക്കുന്ന ഒരു യന്ത്രത്തെ ആയിരുന്നു. ഇവര്‍ക്കും അതേ ചിന്ത തന്നെ ആയിരുന്നെങ്കിലും അത് ശരിയല്ല എന്ന് മനസിലാക്കാനുള്ള മനസ്സും കഴിവും ഉണ്ടായി; ഇതുവരെ മറ്റാര്‍ക്കും ഉണ്ടാകാതിരുന്ന മഹത്തായ ഒരു തിരിച്ചറിവ്. അതിലേറെ വിഷ്ണു നിന്നെ മാത്രം മതി എന്ന് പറഞ്ഞത് എന്റെ ഹൃദയത്തെ സ്പര്‍ശിക്കുകയും ചെയ്തു.” അത്രയും പറഞ്ഞിട്ട് അയാള്‍ അവരുടെ നേരെ നോക്കി ഇങ്ങനെ തുടര്‍ന്നു: “ഇനി സ്ത്രീധനം. എനിക്കുള്ള സ്വത്തിന്റെ നേര്‍ പകുതി ഇവള്‍ക്കുള്ളതാണ്. അത് നിങ്ങള്‍ ആവശ്യപ്പെടാതെ തന്നെ നല്‍കേണ്ട സമയത്ത് ഞാന്‍ നല്‍കിയിരിക്കും

. ഈ നല്‍കേണ്ട സമയം എന്ന് ഞാന്‍ ഉദ്ദേശിക്കുന്നത്, ഇവര്‍ രണ്ടുപേരും പരസ്പര സ്നേഹത്തോടെ നല്ല രീതിയില്‍ ജീവിച്ചു കാണുന്നു എങ്കില്‍ എന്നാണ്. കാരണം ഇന്നത്തെ കാലത്ത് ഇന്ന് കല്യാണവും നാളെ ഡിവോഴ്സും ആണല്ലോ? കുറച്ചു കഴിഞ്ഞ് ഭര്‍ത്താവ് ഇവളെയോ ഇവള്‍ ഭര്‍ത്താവിനെയോ ഉപേക്ഷിച്ചാല്‍, സ്ത്രീധനത്തിന് രണ്ടാളും അര്‍ഹരല്ലാതായി മാറും; കാരണം ഒരു കുടുംബം പുലര്‍ത്തി നന്നായി ജീവിക്കാന്‍ വേണ്ടിയാണ് സ്ത്രീധനമെന്ന പേരിലൊരു സഹായം നല്‍കുന്നത്. അതിനുള്ള അര്‍ഹത ഉണ്ടെന്ന് ഇവര്‍ ബോധ്യപ്പെടുത്തുന്ന സമയത്ത്, ആരും ചോദിക്കാതെ തന്നെ ഞാനത് നല്‍കും

. ചത്തു കഴിഞ്ഞ് ആര്‍ക്കും മേപ്പോട്ടു കൊണ്ടുപോകാന്‍ പറ്റില്ലല്ലോ ഈ സ്ഥലവും വീടും പണവുമെല്ലാം” അയാളുടെ സംസാരം അവരില്‍ അത്ഭുതവും ആദരവും സൃഷ്ടിച്ചു. അസാമാന്യ ചിന്താരീതികളുള്ള ഒരു മനുഷ്യനാണ് തങ്ങളുടെ മുന്‍പില്‍ നില്‍ക്കുന്നത് എന്നവര്‍ തിരിച്ചറിയുകയായിരുന്നു. വിഷ്ണുവിന്റെ അച്ഛന്‍ എഴുന്നേറ്റ് വന്ന് അനന്തന്റെ കൈകള്‍ കവര്‍ന്നിട്ട് ഇങ്ങനെ പറഞ്ഞു: “മിസ്റ്റര്‍ അനന്തന്‍, താങ്കള്‍ ഞങ്ങളുടെ ധാരണകള്‍ക്കും ചിന്തകള്‍ക്കും വളരെ വളരെ മുകളില്‍ നില്‍ക്കുന്ന വ്യക്തിയാണ്. ഈ വീട്ടില്‍ നിന്നുമൊരു ബന്ധം കിട്ടാന്‍ സാധിച്ചത് ഞങ്ങളുടെ മഹാഭാഗ്യമെന്നു തന്നെ ഞാന്‍ കരുതുന്നു. ഇനി താങ്കള്‍ ഒരിക്കലും ഒന്നും നല്‍കിയില്ലെങ്കിലും ഞങ്ങള്‍ക്ക് പരാതിയുമില്ല. പക്ഷെ മറ്റൊരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്..അതില്‍ ആരെന്ത് പറഞ്ഞാലും ഇനി ഒരു വിട്ടുവീഴ്ചയും ഉണ്ടാകുന്നതല്ല…” ഗൌരവഭാവത്തോടെ അദ്ദേഹം അര്‍ദ്ധോക്തിയില്‍ അങ്ങനെ നിര്‍ത്തിയപ്പോള്‍ അന്തരീക്ഷം പൊടുന്നനെ കടുത്തു. ഇനിയെന്ത് എന്ന ആശങ്കയോടെ ദേവു മാത്രമല്ല അവളുടെ അമ്മയും അച്ഛനും അദ്ദേഹത്തെയും അമ്മാവനെയും വിഷ്ണുവിനെയും മാറിമാറി നോക്കി.

“ഇനി..ഇനി എന്താണ് പ്രശ്നം?” ആശങ്കയോടെ അനന്തന്‍ ചോദിച്ചു. “കാര്യം മറ്റൊന്നുമല്ല; ഞങ്ങള്‍ക്ക് ദേവുവിനെ വേണം. അതിലിനി എന്തെങ്കിലും മുടന്തന്‍ ന്യായം പറഞ്ഞു വന്നാലുണ്ടല്ലോ..എന്റെ സ്വഭാവം മാറും” വിഷ്ണുവിന്റെ അച്ഛന്റെ സംസാരം അവിടെ ചിരിയുടെ അലകള്‍ തീര്‍ത്തു…..

Read more topics: # short-story-sreedhanam
short-story-sreedhanam

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES