ചാകരപ്പുലപ്പു പോലെയുള്ള ചോദ്യങ്ങൾ-അജീഷ് ജി ദത്തൻ

അജീഷ് ജി ദത്തൻ
topbanner
ചാകരപ്പുലപ്പു പോലെയുള്ള ചോദ്യങ്ങൾ-അജീഷ് ജി ദത്തൻ

രുൾരതി എന്ന കഥയുടെ തുടക്കത്തിൽ ഫ്രാൻസിസ് നോറോണ എഴുതിയ 'ചാകരപ്പുലപ്പു പോലെ ചോദ്യോത്തരങ്ങൾ' എന്ന പ്രയോഗമാണ് ജേക്കബ്ബ് ഏബ്രഹാമിന്റെ പുതിയ കഥ (ചോദ്യങ്ങളും ഉത്തരങ്ങളും/സമകാലിക മലയാളം വാരിക) വായിച്ചപ്പോൾ പെട്ടെന്ന് ഓർമ്മ വന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും പെരുക്കത്തിനിടയിൽപ്പെട്ട് ശ്വാസം മുട്ടുന്ന സമകാലിക യുവത്വത്തിന്റെ യാഥാർത്ഥ്യ ലോകങ്ങളെയാണ് കഥ അനാവരണം ചെയ്യുന്നത്. 

മാത്തൻ, രഞ്ജൻ എന്നീ രണ്ടു സുഹൃത്തുക്കളുടെ പി എസ് സി പഠനം, ശ്രീപത്മനാഭന്റെ പത്തുചക്രം കിട്ടാൻ വേണ്ടിയുള്ള തത്രപ്പാട് എന്നിവയെ മലമൂട്ടിലെ ഒരു കുഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്. കേരളീയ യുവത്വത്തെ തുറിച്ചു നോക്കുന്ന ഭീകരമായ സമകാല യാഥാർത്ഥ്യമാണ് തൊഴിലില്ലായ്മ. അതിനെപ്പറ്റിയുള്ള ചർച്ചകളും അന്തരീക്ഷത്തിൽ സജീവമായുണ്ട്. ഇങ്ങനെ നാം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന വളരെ സുപരിചിതമായ വിഷയത്തെ കഥയായി അവതരിപ്പിക്കുന്നു എന്നതാണ് കഥാകൃത്ത് ഏറ്റെടുക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. എന്നാൽ സാഹിത്യ ജേർണലിസത്തിന്റെ കുരുക്കിൽ ഒട്ടും തന്നെ വീണു പോകാതെ കലാപരമായി കഥയെ സ്ഥാപിച്ചെടുക്കുന്നു എന്നിടത്താണ് ജേക്കബ്ബ് ഏബ്രഹാമിന്റെ ക്രാഫ്റ്റ് തെളിയുന്നത്.

മലപ്പുറത്ത് എൽ ഡി സി എഴുതാൻ പോയ മാത്തൻ അവിടെ വെച്ചു പരിചയപ്പെടുന്ന അപർണയും, അതിനെത്തുടർന്ന് വാട്‌സ്ആപ്പിലൂടെ രൂപം കൊള്ളുന്ന അവരുടെ പ്രണയവും പി എസ് സി ചോദ്യോത്തരങ്ങളുടെ അടിത്തറയിലാണ് നിലക്കൊള്ളുന്നത്. എന്നാൽ അവൾക്ക് ജോലി കിട്ടുന്നതോടെ ആ വെർച്വൽ പ്രണയത്തിന് തിരശ്ശീല വീഴുന്നു. സർക്കാർ ജോലിക്ക് സമൂഹത്തിൽ കിട്ടിക്കൊണ്ടിരിക്കുന്ന വമ്പിച്ച സ്വീകാര്യതയും ആദരവും പരിഗണനയുമൊന്നും സ്വകാര്യ ജോലികൾക്ക് ലഭിക്കുന്നില്ല എന്ന യാഥാർത്ഥ്യവും, പലപ്പോഴും സാമൂഹിക അസമത്വങ്ങളിലേക്ക് അത് നീങ്ങുന്നതും പല നിലകളിൽ കഥ അടയാളപ്പെടുത്തുന്നുണ്ട്.

പ്രവാസിയായി തിരുവനന്തപുരത്ത് കോച്ചിങ് നടത്തിയിട്ടും ജോലി കിട്ടാതെ പരാജയപ്പെട്ട് നാട്ടിൽ തിരിച്ചെത്തി പി എസ് സി കോച്ചിങ് സെന്റർ ആരംഭിക്കുന്ന പ്രതാപൻ മാഷിന്റെ കഥാപാത്രം മികവുറ്റ ഒരു പാത്രസൃഷ്ടിയാണ്. സർക്കാർ ജോലിയില്ലാത്തതിനാൽ അൻപതു വയസ്സായിട്ടും കല്യാണം പോലും കഴിച്ചിട്ടില്ല അയാൾ.

കോച്ചറെ കോച്ചറെ എന്നു വിളിച്ചു എല്ലാവരും കളിയാക്കുന്ന, സകല ജി കെ യും അറിയാവുന്ന പ്രതാപൻ മാഷ് എല്ലാ നാട്ടിലും കാണാൻ സാധിക്കുന്ന ഒരു ദുരന്ത കഥാപാത്രമാണ്. "അലഞ്ഞു തിരിയുന്ന ഒരു നാട്ടു പ്രേതത്തെ പോലെ ഒരു പി എസ് സി ഗൈഡ് ബുക്കും കക്ഷത്തിൽ വെച്ചു നടന്നു പോകുന്ന അങ്ങേരേതോ പഴയ സിനിമകളെ ഓർമ്മിപ്പിക്കുന്നു" എന്നു കഥാകൃത്ത് എഴുതുന്നുണ്ട്. രഞ്ജനും മാത്തനും ഭാവിയിലെ തങ്ങളുടെ തന്നെ പ്രതിരൂപമായിട്ടാണ് പ്രതാപൻ മാഷിനെ കാണുന്നതെന്ന കൂട്ടിച്ചേർക്കൽ കൂടിയാകുമ്പോൾ ദുരന്തം പൂർണ്ണമാകുന്നു.

കഥ രാഷ്ട്രീയം സംസാരിക്കുന്നു

പ്രത്യക്ഷത്തിൽ ഇത്തരമൊരു വിഷയം സംസാരിക്കുന്ന കഥയിൽ അതിസമർത്ഥമായി സമകാല രാഷ്ട്രീയം ഉൾച്ചേർത്തിട്ടുണ്ട് എന്നത് കാണാതെ പോകരുത്. സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തെ ഗംഭീരമായി ട്രോളിക്കൊണ്ടാണ് കഥ തുടങ്ങുന്നത്. ചോദ്യങ്ങളിലാണ് കഥ ആരംഭിക്കുന്നത്. ആ ചോദ്യങ്ങളും ഉത്തരങ്ങളും ഒട്ടും നിഷകളങ്കമായ പൊതുവിജ്ഞാനങ്ങളല്ല. വേദങ്ങളിലേക്ക് തിരിച്ചു പോവുക എന്ന ആഹ്വാനം ആരുടേത്?, ഗൗരി ലങ്കേഷ്‌ കൊല്ലപ്പെട്ട ദിവസം?, ഇന്ത്യയിൽ നോട്ട് നിരോധനം നടപ്പിലാക്കിയ വർഷം? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ എതിർപ്പിന്റെയും വെറുപ്പിന്റെയും ഫാസിസ്റ്റ് രാഷ്ട്രീയത്തെ മറനീക്കി കാണിക്കുന്നുണ്ട്.

 

ജ്ഞാനം അധികാര തൃഷ്ണയുടെ ബഹിർസ്ഫുരണമാണെന്നു പറഞ്ഞത് നീത്‌ഷെയാണ്. ഇവിടെ ചോദ്യമായി രൂപം കൊള്ളുന്ന ഇൻഫർമേഷനുകൾ അധികാരത്തിന്റെ ക്രൂരവും മനുഷ്യത്വവിരുദ്ധവുമായ മുഖത്തെയാണ് ദൃശ്യവൽക്കരിക്കുന്നത്. ജ്ഞാനം, അധികാരം എന്നിവ എപ്പോഴും ഒരുമിച്ചു വരുന്നു. അല്ലാതെ ജ്ഞാനം ഒരു വശത്തും സമൂഹം,ഭരണകൂടം എന്നിവ എതിർവശത്തും എന്ന തരത്തിലല്ല കാണേണ്ടതെന്ന് ഫൂക്കോ തന്റെ അധികാര ചർച്ചകളിൽ വിലയിരുത്തുന്നുണ്ട്‌ എന്നതും ഇതോട് കൂട്ടി വായിക്കണം. 

തീവ്രപരിശീലനത്തിന്റെ ഭാഗമായി പ്രതാപൻ മാഷ് നടപ്പിലാക്കുന്ന ഒരു വിഷയത്തെ മുൻനിർത്തിയുള്ള വിശദമായ ചർച്ചയെക്കുറിച്ചു കഥയുടെ അവസാന ഭാഗത്ത്‌ പറയുന്നുണ്ട്. അതിൽ 'സിക്സർ ജിനോ' എന്ന കഥാപാത്രം അവതരിപ്പിക്കുന്ന വിഷയം ആധാറാണ് എന്നത് ശ്രദ്ധേയമാണ്. ജിനോയുടെ വിശദമായ അവതരണം തുടങ്ങുന്നത് ഇങ്ങനെയാണ്: "കാർഗിൽ യുദ്ധത്തിന് ശേഷം ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് അന്നത്തെ പ്രധാനമന്തിയായ വാജ്പേയിക്ക് സമർപ്പിക്കപ്പെട്ട ഒരു റിപ്പോർട്ടിലാണ് ഒരു പൊതുതിരിച്ചറിയൽ രേഖ എന്ന ആശയത്തിന്റെ ബീജാവാപം നടന്നതെന്ന ഇൻട്രോയോടെയുള്ള ജിനോയുടെ അവതരണം ഗംഭീരമായിരുന്നു". 

കാർഗിൽ യുദ്ധം-ദേശീയ സുരക്ഷ-ആധാർ എന്നീ സംജ്ഞകൾ ഭരണകൂടത്തിന്റെ അധികാരപ്രയോഗത്തിന്റെ തെളിവാണ്. ആധാർ പോലുള്ള ബയോമെട്രിക് തിരിച്ചറിയലുകൾ സ്വകാര്യതകളില്ലാത്ത നഗ്നരായ പ്രജകളെ സൃഷ്ടിച്ചെടുക്കുന്ന ഭരണകൂടത്തിന്റെ ജൈവാധി കാര(biopower) പ്രയോഗ രൂപങ്ങളാണ്. ഫൂക്കോ പറയുന്ന ജൈവാധികാര പ്രയോഗത്തിന്റെ ശരീരത്തിനുമേലുള്ള കടന്നു കയറ്റമാണ് ഇത്തരം തിരിച്ചറിയൽ/ നിരീക്ഷണ സമ്പ്രദായങ്ങളിലൂടെ ഭരണകൂടം നടപ്പിലാക്കുന്നത്.

അടുത്തതായി മാത്തനു കിട്ടുന്ന വിഷയം ഉരുക്കുമനുഷ്യന്റെ ഏക്‌താ പ്രതിമയെക്കുറിച്ചാണ്. കഥയിൽ നിന്നുള്ള ഭാഗം നോക്കുക: "ഇന്ത്യയിലെ ഗ്രാമീണ ജനത അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഉഴലുമ്പോൾ കോടികൾ മുടക്കി പ്രതിമ നിർമ്മിക്കപ്പെട്ടതിനെതിരെ ഉയർന്ന വിമർശനത്തോട് കൂടി വിഷയാവതരണം തുടങ്ങാമെന്ന ആശയം രഞ്ജനാണ് പറഞ്ഞത്. നർമ്മദാ ജില്ലയിലെ 22 വില്ലേജ് സർപാഞ്ചുമാർ പ്രതിമയ്‌ക്കെതിരെ സ്ഥലത്തെ മണ്ണ്, ജലം, വനം എന്നിവ നശിപ്പിക്കപ്പെട്ടു എന്ന ആരോപണവുമായി മുന്നോട്ട് വന്നിരുന്നു".

"തമിഴ് നടൻ വിജയ്‌യുടെ പടമുള്ള നോട്ടുബുക്കിലാണ്" മാത്തൻ ഈ വിവരങ്ങളൊക്കെ കുറിച്ചു വെയ്ക്കുന്നത് എന്ന തുടർവാക്യവും ശ്രദ്ധിക്കേണ്ടതുണ്ട്. വിജയ്‌യുടെ സിനിമ സംഘപരിവാർ രാഷ്ട്രീയ വിമർശനം നടത്തിയതും തുടർന്നുണ്ടായ കോലാഹലങ്ങളുമെല്ലാം ഇവിടെ സംശയരഹിതമായി ഓർക്കേണ്ടതുണ്ട്. ഇങ്ങനെ അറിവിന്റെ രൂപപ്പെടലിനെ അധികാരവുമായും ഭരണകൂടത്തിന്റെ നൃശംസതകളുമായും ബന്ധിപ്പിച്ചു കൊണ്ട് കഥ മുന്നോട്ട് പോകുമ്പോൾ ചോദ്യങ്ങളും ഉത്തരങ്ങളുമൊന്നും അത്രമേൽ നിഷകളങ്കമല്ല എന്ന തിരിച്ചറിവിലാണ് എത്തിച്ചേരേണ്ടത്.

സമകാല മലയാള കഥകൾ കൂടുതൽ കൃത്യമായും സൂക്ഷ്മമായും രാഷ്ട്രീയം സംസാരിച്ചു തുടങ്ങിയതിന്റെ തുടർച്ചകളിൽ ഈ കഥ നിശ്ചയമായും സ്ഥാനം പിടിക്കുന്നുണ്ട്.

 

*ഫ്രാൻസിസ് നോറോണയുടെ വാചകത്തോട് കടപ്പാട്.

short story review by ajeesh g dethan

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES