“കണ്ണേട്ടാ… കണ്ണേട്ടാ.. ഡാ കണ്ണാ…!!” പ്രിയതമയുടെ വിളി കേട്ടാണ് കണ്ണ് തുറന്നത് സമയം ആറ് മണി, ഇന്ന് നേരത്തേ ആണല്ലോ… ഇനി ഇന്ന് എന്താണാവോ പുകില്… എന്റെ ഭാര്യ പേര് പാർവ്വതി ആൾ ഒരു തൊട്ടാൽ വാടിയാണ് പക്ഷേ എന്റെ അടുത്ത് ഒരു ഒന്നൊന്നര കാന്താരിയും… “എന്താ പാറു… നീ മലക്ക് മാല ഇട്ടിട്ടുണ്ടോ രാവിലെ തന്നെ ശരണം വിളിക്കുന്നുണ്ടല്ലോ..??” “ദേ മനുഷ്യാ രാവിലെ തന്നെ എന്റെ വായിൽ നിന്നും കേൾക്കാൻ നിൽക്കണ്ട കേട്ടോ…” “അതിനു നിനക്ക് അങ്ങനെ സമയം കാലം ഒക്കെ ഉണ്ടോ എന്നെ ചീത്ത പറയാൻ… ഇപ്പോഴാണ് ഞാൻ അത് അറിഞ്ഞത് ട്ടോ..” “വാ തുറക്കുന്നത് തർക്കുത്തരം പറയാൻ.. ഇങ്ങനെ ഒരുത്തനെ ആണല്ലോ ദൈവമേ എനിക്ക് വേണ്ടി നീ കരുതി വച്ചത്…!!” “ഓ തീരെ പറയാത്ത ഒരാള്…. ഇങ്ങനെ ഉള്ളവൻ വന്ന് വിളിച്ചപ്പോൾ പെട്ടിയും കിടക്കയും എടുത്ത് കൂടെ പോന്നത് എന്താണാവോ..? അപ്പോ തോന്നിയില്ലേ ഇതൊന്നും…??” “അത് പിന്നെ അന്നത്തെ എന്റെ പ്രായത്തിൽ എനിക്ക് പറ്റിയ ഒരു കയ്യബധം…” “ന്ന നീ നിന്റെ വീട്ടിൽ പൊക്കോ ആ തെറ്റ് അങ്ങ് തിരുത്തിക്കോ പ്രശനം കഴിഞ്ഞില്ലേ…” “അയ്യട എന്നെ പറഞ്ഞയച്ചിട്ട് നിങ്ങൾക്ക് സുഖിക്കാൻ അല്ലേ ഞാൻ ഇപ്പൊ അങ്ങനെ എങ്ങോട്ടും പോകുന്നില്ല മോൻ അങ്ങനെ ഇപ്പൊ സുഖിക്കണ്ട, അതിനുള്ള വെള്ളം അങ്ങ് വാങ്ങി വച്ചേക്കു ട്ടാ…” “ച്ചെ വെറുതെ കൊതിപ്പിച്ചു…. അല്ല ഈ കൊച്ച് വെളുപ്പാൻ കാലത്ത് എന്നെ വിളിച്ച് ഏണീപ്പിച്ചത് എന്തിനാണാവോ, ആകെ ഉള്ള ഒരു ഞായറാഴ്ച ആയിട്ട്…??” “ഇന്നത്തെ ദിവസം എന്താണ് എന്ന് വല്ല ഓർമ്മയുണ്ടോ നിങ്ങൾക്ക്…??” “അതല്ലേ പറഞ്ഞേ ഞായറാഴ്ച്ച ആണെന്ന് കുരങ്ങേ…!!” “അതല്ല മാക്രി ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത ഓർമ്മ ഉണ്ടോ എന്ന്…” എന്റെ ഭാഗത്തും തെറ്റുണ്ട് നാട്ടിൻപുറത്ത് കാരിയെ പോലെ ഉള്ള ഒരു കാന്താരി പെണ്ണിനെ പ്രേമിക്കാൻ പാടില്ലായിരുന്നു, ചെറിയ വട കൊടുത്ത് വലിയ വട വാങ്ങിയ അവസ്ഥയായി ഇപ്പൊ… “മാക്രി നിന്റെ മൂത്താപ്പാ…” “ദേ വേണ്ട ട്ടാ.. നിങ്ങള് ഞാൻ ചോദിച്ചതിന് ഉത്തരം താ…” “ഇന്ന് ഞായർ പ്രത്യേകത…. ആ പിടികിട്ടി…” “ന്ന പറ എന്താ…??” “ഇന്ന് ബീവറേജസ് ഇൽ പോയി ഒരു കുപ്പി വാങ്ങി രണ്ടെണ്ണം അടിക്കാൻ നീ അനുമതി തന്നിട്ടുള്ള ദിവസം… അതല്ലേ…??” “കുടിയൻ… അതൊന്നും അല്ല…” “പിന്നെ എന്തോന്ന് ആണ്, നീ കാര്യം പറയെന്‍റെ പാറു…” “എല്ലാ ആണുങ്ങളും ഇങ്ങനെയാണ് പ്രണയിക്കുന്ന സമയത്ത് എല്ലാ ദിവസവും ഓർമ്മ കാണും സ്വന്തമായി കഴിഞ്ഞാൽ പിന്നെ ഒന്നും ഓർമ്മ കാണില്ല, നിങ്ങളെ ഒക്കെ കണ്ണും പൂട്ടി പ്രണയിക്കുന്ന ഞങ്ങളെ പറഞ്ഞാല് മതി…” “ഇങ്ങനെ സ്വയം ട്രോൾ അടിക്കാൻ നിന്നെ കഴിഞ്ഞേ വേറെ ആൾ ഉള്ളൂ…” അവളുടെ കലിപ്പ് ഒന്ന് തണുക്കാൻ ഒരു ചളി അടിച്ച് നോക്കി പക്ഷേ ഒത്തില്ല, ആ ഉണ്ട കണ്ണുരുട്ടി ഒരു നോട്ടം ആയിരുന്നു തിരികെ കിട്ടിയത്… “ഡി നീ കാര്യം പറ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ നിൽക്കരുത്…” ഇനി കലിപ്പ് തന്നെ രക്ഷ അല്ലെങ്കിൽ ഇവൾ എന്റെ നെഞ്ചിൽ പഞ്ചാരി മേളം കൊട്ടും, നാലാം കാലത്തിൽ തുടങ്ങി കുഴമറിഞ്ഞ് കാലം മാറി അഞ്ചാം കാലം കൊട്ടി കേറി അവസാനം ലക്ഷ്മീ കലാശത്തോടെ മാത്രേ നിർത്തൂ… “ഏട്ടാ ചൂടാവല്ലേ… ഇന്ന് നമുക്ക് അമ്പലത്തിൽ പോകണം…” ഞാൻ ദേഷ്യപ്പെടുന്നത് നല്ല പേടിയാണ് പാറുവിന് ചിലപ്പോൾ ഞാൻ നഷ്ടപ്പെടുമോ എന്ന് ഒക്കെ ഓർത്ത് ആയിരിക്കും പാവം, എന്തായാലും പത്തൊമ്പതാം അടവ് ഏറ്റു.. “ഇതിനാണോ നീ രാവിലെ തന്നെ ഇത്ര പുകിൽ ഉണ്ടാക്കിയത്…??” ഞാൻ ചോദ്യഭാവത്തിൽ അവളെ ഒന്ന് നോക്കി “അല്ല… ഇന്ന് ഞാൻ ഏട്ടന്റെ കൂടെ വന്നിട്ട് 3 വർഷം തികയുന്ന ദിവസം ആണ്…” അവള് പറഞ്ഞത് സത്യമാണ് എന്ന് എനിക്കും തോന്നി ഇത് കേട്ടപ്പോൾ, പ്രണയിക്കുന്ന സമയത്ത് അവളെ ആദ്യമായി കണ്ടത് മുതൽ അവളോട് ഇഷ്ടം പറഞ്ഞതും അവള് പിന്നാലെ കുറേ നടത്തിയ ദിവസങ്ങളും തിരിച്ച് ഇഷ്ടം പറഞ്ഞ ദിവസവും, അവളുടെ ജീവിതത്തിലെ ഓരോ സന്തോഷ ദിവസങ്ങളും അവള് പോലും പറയാതെ ഓർത്ത് വച്ചിരുന്ന ഞാൻ ഇന്ന്, എന്നെ മാത്രം മതിയെന്ന് പറഞ്ഞ് എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് എന്റെ കൂടെ അവള് വന്ന ദിവസം പോലും മറന്നിരിക്കുന്നു, എന്റെ പ്രിയതമയായ എന്റെ വാമഭാഗമായ ദിവസം…. രണ്ട് വീട്ടുകാരും എതിർത്തിട്ടും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച് ജീവിതം തുടങ്ങിയപ്പോൾ കൂടെ വന്ന പെണ്ണിനെ അവരുടെ വീട്ടുകാർ കൊടുത്ത സുഖ സൗകര്യങ്ങൾ ഒന്നും നൽകാൻ കഴിഞ്ഞില്ലെങ്കിലും പട്ടിണി ഇല്ലാതെ നോക്കാൻ ജോലിക്ക് കൂടുതൽ സമയം കണ്ടെത്തേണ്ടി വന്നപ്പോൾ പലതും മറന്ന് പോയി എന്നതാണ് സത്യം… “പാറു…” “മ്മ്..” “പാറൂസെ…” “എന്താ ഏട്ടാ…” “സോറി ഞാൻ അത് മറന്ന് പോയി… നീ ക്ഷമിക്കൂ..” “അതൊന്നും കുഴപ്പമില്ല ഏട്ടാ… ഏട്ടൻ വേഗം പോയി കുളിച്ചു വാ എന്നെ ഒന്ന് അമ്പലത്തിൽ കൊണ്ട് പോ..” “പതിനഞ്ച് മിനുട്ട് ദേ എത്തി… നീ ഡ്രസ്സ് മാറി നിന്നോ…”
ഇതും പറഞ്ഞ് കുളിമുറിയിൽ കയറി, പക്ഷേ ചിന്തയിൽ പാറുവിന്റെ കണ്ണുകൾ ആയിരുന്നു, പാവം പലതും എനിക്ക് വേണ്ടി സഹിക്കുന്നുണ്ട് ഒന്നിനും ഒരു പരാതിയും പറഞ്ഞിട്ടും ഇല്ല ഇന്നീ നാൾ വരെ, എന്റെ കുഞ്ഞിനെ ഗർഭം ധരിക്കാൻ കഴിയില്ല ഡോക്ടർ പറഞ്ഞപ്പോൾ എന്നെ വെറുക്കല്ലേ ഏട്ടാ എന്ന് പറഞ്ഞ് കരഞ്ഞ അന്ന് മാത്രമേ ആ കണ്ണുകൾ നിറഞ്ഞിട്ടുള്ളു, എന്നിട്ടും ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒരു ദിവസത്തെ ഞാൻ മറന്ന് പോയിരിക്കുന്നു, ജീവിതത്തിലെ തിരക്കുകളിൽ പ്രിയപ്പെട്ട പലതും മറക്കുന്നു, എന്തോ മനസ്സിൽ വല്ലാത്ത കുറ്റബോധം… “ഏട്ടാ… കഴിഞ്ഞില്ലേ ഇത് വരെ…!!” പാറുവിന്റെ വിളി കേട്ടാണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്… “ദേ വന്നു പാറു…” കുളി കഴിഞ്ഞ് വേഗം ഇറങ്ങി നോക്കുമ്പോൾ നീല കരയുള്ള സെറ്റ് സാരി ഉടുത്ത് എന്നെ കാത്ത് നിൽക്കുന്ന പാറുവിനെ കണ്ടു, ഇന്ന് അവള് കൂടുതൽ സുന്ദരിയായ പോലെ തോന്നി… “എന്താ ഇങ്ങനെ നോക്കി നിൽക്കാൻ, ഏട്ടൻ എന്നെ ആദ്യമായി കാണുകയാണ് എന്ന് തോന്നും ഇങ്ങനെ നോക്കുന്നത് കണ്ടാൽ…” “നീ അല്ലെങ്കിലും സുന്ദരി അല്ലേ, എന്നും ആദ്യമായി കാണുന്ന പോലെ തന്നെയാണ് എനിക്ക്…” കുറച്ച് പഞ്ചാര കിടക്കട്ടെ ഒരു ഗുമ്മിന് “അയ്യട എന്താ പഞ്ചാര… ദേ മുണ്ടും ഷർട്ടും എടുത്ത് വച്ചിട്ടുണ്ട് എടുത്ത് ഉടുത്ത് വാ പോകാം…” പഞ്ചാര അടിച്ചതാണ് എന്ന് അറിഞ്ഞിട്ടും അവളുടെ മുഖത്ത് വന്ന നാണം അത് ഒന്ന് കാണേണ്ടത് തന്നെയാണ്, അല്ല പുകഴ്ത്തൽ ഇഷ്ടപ്പെടാത്ത പെണ്ണ് ഉണ്ടാകുമോ അല്ലേ… അവള് എടുത്ത് വച്ച ഡ്രസ്സ് നോക്കി, വിചാരിച്ച പോലെ തന്നെ നീല കര മുണ്ടും നീല ഷർട്ടും എടുത്ത് വച്ചിട്ടുണ്ട്, അവൾക്ക് അങ്ങനെ ഒരു സ്വഭാവം ഉണ്ട് ചേർച്ച ഉള്ള വസ്ത്രം ധരിക്കണം രണ്ട് പേരും എനിക്കും അത് തന്നെയാണ് ഇഷ്ടം, പെട്ടന്ന് തന്നെ അതെടുത്ത് ഇട്ട് പുറത്ത് ഇറങ്ങി ബുള്ളറ്റ് ന്റെ ചാവിയും എടുത്ത് പാറു പുറത്ത് റെഡി ആയി നിൽക്കുന്നു… “പോവാം ഏട്ടാ…??” “ആ പോവാം…” ചാവി വാങ്ങി വണ്ടി സ്റ്റാർട്ട് ചെയ്തു അവളെയും പുറകിൽ ഇരുത്തി അടുത്തുള്ള അമ്പലത്തിലേക്ക് വച്ച് പിടിച്ചു, എന്റെ വയറിൽ വട്ടം പിടിച്ച് അവള് എന്നോട് ചേർന്ന് ഇരിക്കുന്നു, ഇടക്ക് സൈഡ് മിററിൽ നോക്കി അവളുടെ ഭംഗി ആസ്വദിച്ച് മുന്നോട്ട് പോകുമ്പോൾ അവള് ചെവിയിൽ മന്ത്രിച്ചു… “ഏട്ടാ…” “എന്താ പാറു…” “എനിക്ക് വേറെ ഒരു കാര്യവും പറയാൻ ഉണ്ട്…” “എന്താ പാറു പറഞ്ഞോ…” “അമ്പലത്തിൽ പോയിട്ട് നമുക്ക് അവിടെ നിന്നും മറ്റൊരു സ്ഥലത്ത് പോകണം…” “എവിടേക്ക്…??” “ഏട്ടൻ എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞ അതേ സ്ഥലത്തേക്ക്, നമ്മുടെ കോളേജിലേക്ക്…” “നൊസ്റ്റു ആണോ മോളേ…” “അതും ഉണ്ട്… പക്ഷേ ഇത് അതിന് ഒന്നും അല്ല ചുമ്മാ…” “ശരി പോകാം…” അമ്പലത്തിൽ എത്തി അവള് എന്തോ വഴിപാട് ഒക്കെ ചെയ്തു, തൊഴുത് ഇറങ്ങി… “നീ എന്താ പ്രാർത്ഥിച്ചത്…??” “പ്രാർത്ഥിച്ചത് പുറത്ത് പറയരുത് അതിന്റെ ഫലം പോകും…” “ഓ പിന്നേ…” “അതെന്ന്… അത് ഞാനും ദേവിയും മാത്രം അറിഞ്ഞാൽ മതി മോൻ തൽക്കാലം അറിയണ്ട, കേട്ടോ…” “ഉത്തരവ്….” “ഏട്ടാ… ഇനി കോളേജിലേക്ക് അല്ലേ…” “ആ… നിന്റെ ആഗ്രഹം അല്ലേ പോയേക്കാം..” അവിടെ നിന്നും നേരെ കോളേജിലേക്ക് കുറച്ച് സമയം എടുക്കും യാത്ര, യാത്രയുടെ ഇടക്ക് ഒരു കട്ടൻ ചായയും ലഘഭക്ഷണവും കഴിക്കാൻ നിർത്തി, ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോൾ അവള് കഴിഞ്ഞ് പോയ കാര്യങ്ങള് ഒക്കെ പറയുന്നുണ്ട്, ഞാൻ എല്ലാം കേൾക്കുന്നു അവളുടെ മുഖത്ത് കാണുന്ന സന്തോഷം ആസ്വദിക്കുകയാണ് സത്യത്തിൽ ഞാൻ ചെയ്തിരുന്നത്… കടയിൽ പൈസ കൊടുത്ത് അവളെ പിറകിൽ ഇരുത്തി വീണ്ടും യാത്ര തുടർന്നു, ഞങ്ങളുടെ പ്രണയം പൂവിട്ട കലാലയ മുറ്റത്തേക്ക്, ഇടക്ക് ഓരോ തമാശകൾ പറഞ്ഞും അവളെ കളിയാക്കിയും സമയം പോയി, ഒരുമണിക്കൂർ ആകുമ്പോൾ കോളേജിന്റെ മുന്നിൽ എത്തി, ഗേറ്റ് പൂട്ടിയിരുന്നു അത് കൊണ്ട് അകത്ത് കയറാൻ കഴിഞ്ഞില്ല, പുറത്ത് വണ്ടി വച്ച് അതിൽ ചാരി നിന്നു രണ്ട് പേരും… “ഏട്ടാ… ഇപ്പോഴും അതേ പോലെ തന്നെയുണ്ട് അല്ലേ ഇവിടെ എല്ലാം…” ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് ഒന്ന് മൂളുക മാത്രം ചെയ്തു, കുറച്ച് നേരത്തിനു ഞങ്ങൾ രണ്ട് പേരും സംസാരിച്ചില്ല, മൗനം ഭേദിച്ച് സംസാരിച്ചത് അവള് തന്നെയായിരുന്നു… “ഏട്ടാ… എപ്പോഴെങ്കിലും ഏട്ടന് എന്നെ കൂടെ കൂട്ടിയത് തെറ്റായ തീരുമാനം ആയിരുന്നു എന്ന് തോന്നിയിട്ടുണ്ടോ..??” ഞാൻ ചോദ്യഭാവത്തിൽ അവളെ ഒന്ന് നോക്കി “പറ ഏട്ടാ…
തോന്നിയിട്ടുണ്ടോ…??” “നിനക്ക് എന്താ ഇപ്പൊ ഇങ്ങനെ ഒക്കെ തോന്നാൻ കാരണം?? എന്നെങ്കിലും ഞാൻ അങ്ങനെ പെരുമാറിയൊ നിന്നോട്…?? “അതൊന്നും ഇല്ല ഏട്ടാ…” “പിന്നെ ഇൗ ചോദ്യത്തിന്റെ അവാശ്യം ഇവിടെ വന്നത്…??” “ഏട്ടാ… എനിക്ക് ഏട്ടന്റെ കുഞ്ഞിന് ജന്മം നൽകാൻ കഴിയാത്തത് ഏട്ടന്റെ മനസ്സിൽ വിഷമം വല്ലതും വരുത്തിയോ എന്ന് അറിയാൻ വേണ്ടിയാണ് ഞാൻ…” അവള് അത് മുഴുവനായി പറയാൻ ഞാൻ അവസരം നൽകിയില്ല “നീ ഇങ്ങനെയാണോ എന്നെ മനസ്സിലാക്കിയത് പാറു..” “ഏട്ടാ… ഞാൻ അങ്ങനെ ഒന്നും ചിന്തിച്ച് അല്ല ഇത് ചോദിച്ചത്, തെറ്റായി പോയെങ്കിൽ സോറി…” “മ്മ്… ഇനി ഇതിനെ കുറിച്ച് സംസാരിക്കാൻ നിൽക്കണ്ട, ചിലപ്പോൾ കുഴപ്പം എന്റേത് ആണെങ്കിലോ…” “ഡോക്ടർ എന്റെ ആണെന്ന് അല്ലേ പറഞ്ഞത്, ഏട്ടൻ എന്തിനാ അത് ഏട്ടന്റെ തലയിൽ എടുത്ത് വക്കുന്നത്…??” “ഡോക്റ്റർ അങ്ങനെ പലതും പറയും എല്ലാം ശരിയാകണം എന്നുണ്ടോ..?? നമുക്ക് കുഞ്ഞിനെ കിട്ടാൻ സമയം ആകുമ്പോൾ അവൻ/അവള് വരും അത്ര തന്നെ..” “ഡോക്ടർ പറയുന്നത് തെറ്റ് ആവാൻ ഒക്കെ വഴിയുണ്ടോ ഏട്ടാ… അവർ പഠിച്ച് വരുന്നത് അല്ലേ ഇതൊക്കെ…” “ഇനി നീ എന്തെങ്കിലും പറഞ്ഞാല് നിന്റെ കാലേ വാരി ഞാൻ നിലത്ത് അടിക്കും, പറഞ്ഞേക്കാം…” “അങ്ങനെ ചെയ്താൽ ഏട്ടൻ രണ്ട് കൊലപാതകത്തിന് ഉത്തരം പറയേണ്ടി വരും…” “രണ്ടോ…” എനിക്ക് ഒന്നും മനസ്സിലായില്ല, ഞാൻ അവളെ തന്നെ നോക്കി നിന്നു, എന്നെ നോക്കി ചിരിച്ച് കൊണ്ട് എന്റെ വലതു കൈ അവളുടെ വയറിൽ വച്ച് പറഞ്ഞു “എന്നെയും നമ്മുടെ കുഞ്ഞിനേയും…” കേട്ടത് സത്യമാണോ എന്ന് പോലും അറിയാതെ നിന്ന് പോയി, അവളുടെ കണ്ണുകളിൽ സന്തോഷത്തിന്റെ കണ്ണീർ കണ്ടപ്പോൾ പിന്നെ ഒന്നും നോക്കിയില്ല കെട്ടി പിടിച്ച് നെറുകയിൽ ഒരും മുത്തം നൽകി…. “അതേ… പയ്യെ ഇറുക്ക് എന്നെ ഇപ്പൊ ഉള്ളിൽ ഒരാള് കൂടിയുണ്ട് ട്ടാ…” അവളിൽ നിന്നും അടർന്ന് മാറി വയറിൽ നോക്കി ഞാൻ പറഞ്ഞു “അയ്യോ… സോറി ട്ടോ മോളു…” “അപ്പോഴേക്കും മോൾ തന്നെയാണ് എന്ന് ഉറപ്പിച്ചോ… മോൻ ആണെങ്കിലോ…??” “എനിക്ക് മോളെ ആണ് ഇഷ്ടം.. നിന്നെ പോലെ ഒരു കന്താരിയെ..” “എനിക്ക് ഏട്ടനെ പോലെ ഒരു മോനെ മതി…” “രണ്ടിൽ ആരായാലും നമ്മുടെ കുഞ്ഞ് അല്ലേ… അത് കൊണ്ട് കുഴപ്പമില്ല… നീ വാ ആ ഡോക്ടർ നേ എനിക്ക് ഒന്ന് കാണണം..” “എന്തിനാ…??” “ചുമ്മാ… ഞാൻ ഗോൾ സ്കോർ ചെയ്തു എന്ന് അറിയിക്കാൻ മാത്രം…” കോളേജിന്റെ മുന്നിൽ നിന്നും അവളെ പുറകിൽ ഇരുത്തി വണ്ടി തിരിച്ച് പോരുമ്പോൾ ലോകം വെട്ടി പിടിച്ച ഒരു സന്തോഷമായിരുന്നു മനസ്സിൽ ഞാനും ഒരു അച്ഛനാകാൻ പോകുന്നു എന്ന സന്തോഷം…!! ചില സന്തോഷങ്ങൾ അങ്ങനെയാണ് പ്രതീക്ഷിക്കാത്ത സമയത്ത് കേറി വരും, ചിലപ്പോൾ എല്ലാവരും കൈ മലർത്തിയ സമയത്ത്, ഇനി അതിൽ പ്രതീക്ഷിക്കണ്ട എന്ന് പറഞ്ഞു കഴിഞ്ഞതിനു ശേഷം, ഇരട്ടി മധുരം പോലെ….!!