ഏട്ടാ… നാളെ മുതൽ ഏട്ടന്റെ വണ്ടിയിൽ എന്നെ കോളേജിൽ കൊണ്ട് വിടാമോ?” “എനിക്കൊന്നും ആവില്ല. നീ തനിയെ പോയാൽ മതി. ” “Pleas ഏട്ടാ… എനിക്ക് തനിയെപ്പോകാൻ പേടിയായിട്ടല്ലേ.. ” “ഓ പിന്നെ നിന്റെ ഒരു പേടി. പോകുന്ന വഴിയിൽ ആരെങ്കിലു നിന്നെ പിടിച്ച് വിഴുങ്ങും. ഹല്ല പിന്നെ. നീ ഇതുവരെ പോയ പോലെത്തന്നെ പോയാൽ മതി.” “ഏട്ടനെന്താ എന്നെ കൊണ്ട് വിട്ടാൽ, ഏട്ടൻ ദിവസവും വായ നോക്കാൻ അവിടെ വരാറുണ്ടല്ലോ… ” “നീ എന്റെ അടുത്ത് നിന്നും ഒന്ന് കിട്ടാതെ ഉറങ്ങാൻ നോക്ക്. ആരാ നിന്നോട് പറഞ്ഞത് ഞാൻ വായ നോക്കാനാണ് അവിടെ വരുന്നതെന്ന്. ഞാൻ എന്റെ കൂട്ടുകാരനെ കാത്തു നില്കുനതാ..” “ഓ പിന്നെ, എനിക്കൊന്നും മനസ്സിലാവില്ല. ” “അല്ല ഞാൻ അവിടെ നോക്കി നിൽക്കുന്നത് നീ എങ്ങനെ കണ്ടു. നീ ബോയിസിനെ നോക്കി നിൽക്കുന്നതുകൊണ്ടല്ലേ… നീ ഇനി അതിലെ ചുറ്റിത്തിരിയുന്നത് കണ്ടാൽ അവിടെ വെച്ച് തന്നെ എന്റെ അടുത്ത് നിന്ന് നിനക്ക് അടി കിട്ടും. പഠിക്കാൻ എന്നും പറഞ്ഞ് രാവിലെ തന്നെ ഇറങ്ങിക്കോളും.” “ഏട്ടൻ എന്നെ കൊണ്ടുവിടാൻ ആവില്ലെങ്കിൽ അത് പറഞ്ഞാൽ മതി. ചുമ്മാ ഇല്ലാത്തതൊന്നും പറഞ്ഞുണ്ടാക്കണ്ട. ” എന്നും പറഞ്ഞ് എന്നോടുള്ള ദേശ്യം കടിച്ചമർത്തി പെങ്ങൾ കട്ടിലിന്റെ ഒരറ്റത്ത് കിടന്നുറങ്ങി. എന്നും ജോലിക്ക് പോകുന്നതിന് മുമ്പ് കൂട്ടുകാരോടൊപ്പം കോളേജിന് മുന്നിൽ പോയി വായ നോട്ടം പതിവാണ്. പെങ്ങളെ പിന്നിൽ കയറ്റിയാൽ പിന്നെ എന്റെ വായ നോട്ടം സാധിക്കില്ലല്ലോ. അതുകൊണ്ട് തന്നെയാണ് പെങ്ങളെ കൊണ്ടുപോകാൻ ഞാൻ മടി കാണിക്കുന്നതും. അങ്ങനെ ഒരിക്കെ ഒരു ദിവസം പെങ്ങളെ കോളേജിൽ കൊണ്ട് വിടാൻ ഞാൻ നിർബന്ധിതനായി. ജോലിക്ക് പോകാനായി നിൽക്കുന്ന എന്നോട് ഉമ്മ വിളിച്ചു പറഞ്ഞു. “മോനേ… നീ അവളെ ഒന്ന് കോളേജിൽ കൊണ്ട് വിട്ടേക്ക്.. അവൾ ഒരുപാട് ലേറ്റായി.” “അവൾക്ക് എന്താ ഒന്ന് നേരത്തെ ഒരുങ്ങിയാൽ. ” “എനിക്ക് സുഖമില്ലാഞ്ഞിട്ടല്ലേ ഏട്ടാ….” അവളുടെ സങ്കടത്തോട് കൂടിയുള്ള വാക്കുകൾ കേട്ട എന്റെ മനസ്സലിഞ്ഞു. എപ്പോഴു ചുമ്മാ വഴക്ക് കൂടാറുള്ള അനിയത്തിക്കുട്ടിയോട് ഞാൻ അന്ന് ആദ്യമായി ഒന്ന് മയത്തിൽ പെരുമാറി.
“സോറി ഡീ…. ഞാൻ ചുമ്മാ പറഞ്ഞതല്ലേ. നിനക്ക് വിഷമമായോ…” ഏട്ടൻ ഇങ്ങനെയൊക്കെ പെരുമാറാൻ അറിയാമോ എന്നുള്ള ചിന്തയിൽ പുഞ്ചിരിയോടെ തനിക്ക് വിസമമൊന്നും ആയില്ല എന്നുള്ള രീതിയിൽ തലയാട്ടിക്കൊണ്ട് അവൾ എന്റെ ബൈക്കിന് പിന്നിൽ കയറി. അവളെയും കൊണ്ട് കോളേജിലേക്ക് പോകും വഴി എന്നെപ്പോലെ ഒരായിരം യുവാക്കൾ എന്റെ പെങ്ങളെ വായനോക്കാൻ നിൽക്കുന്നത് ഞാൻ നേരിൽ കണ്ടു. “എടാ നിന്റെ ആൾ അതാ ഇന്ന് ബൈക്കിൽ പോകുന്നു, ഏതവനാടാ അവളുടെ കൂടെ, നല്ലൊരു സീൻ മിസ്സായി, നല്ലൊരു ചരക്ക്,” എന്നിങ്ങയൊക്കെയുള്ള ധാരാളം കമന്റുകൾ ആ വോയനോട്ടക്കാരിൽ നിന്നും ഞാൻ കേൾക്കുമ്പോൾ എന്റെ കൈ തരിച്ചതാണ്, അവരെ ശക്തമായി എതിർക്കണം എന്ന് എനിക്ക് തോന്നിയതാണ് പക്ഷെ അതിന് എന്നും മറ്റുള്ളവന്റെ പെങ്ങളെ വായ നോക്കുന്ന എനിക്ക് എന്ത് അവകാശം എന്ന് ഞാൻ ഒരു നിമിഷം ചിന്തിച്ചു. അവൾ കോളേജിലേക്ക് പോകാൻ ഭയപ്പെടുന്നുവെന്ന അവളുടെ വാക്കുകളുടെ അർത്ഥം എനിക്കന്ന് മനസ്സിലായി. അവളെ കോളേജ് മുറ്റത്ത് ഇറക്കി വിടുന്ന നേരത്ത് ഞാൻ അവളോട് പറഞ്ഞു. “പെങ്ങളെ നിന്നെ അവർ കമന്റടിച്ചപ്പോൾ അവരെ അടിക്കാൻ എന്റെ കൈകൾ ഉയർന്നതാണ്, അവരോടു തിരിച്ച് പ്രതികരിക്കാൻ എന്റെ നാവുകൾ ശബ്ദമുയർത്താൻ നിന്നതാണ് അപ്പോഴേക്കും മറ്റുള്ളവന്റെ പെങ്ങളുടെ വായ നോക്കുന്ന എനിക്ക് അതിനൊക്കെ എന്തവകാശം എന്ന് എന്റെ മനസ്സ് പറഞ്ഞപ്പോൾ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഞാൻ ഇവിടെ വെച്ച് സത്യം ചെയ്യുകയാണ്.
ഞാൻ ഇനി ഒരിക്കലും ഒരു പെണ്ണിന്റെ മാനത്തെ ചോദ്യം ചെയ്യില്ല. ഞാൻ നന്നായി എന്ന് എനിക്ക് ബോധ്യപ്പെടുന്ന സമയം എനിക്കെന്റെ പെങ്ങളുടെ മാനത്തിന് ചോദ്യം ചെയ്തവരോട് ശക്തമായി പ്രതികരിക്കണം. ” “ഏട്ടാ എനിക്ക് ഈ വാക്കുകൾ കേട്ടാൽ മതി. ഇനി എന്നെ ഏട്ടൻ ഇവിടെ കൊണ്ട് വിടണമെന്നില്ല. ” സന്തോഷത്തോട് കൂടി അവൾ കോളേജിലേക്ക് നടന്നകലുമ്പോൾ ഞാൻ അവളെ പിന്നിൽ നിന്നും വിളിച്ചിട്ട് പറഞ്ഞു. “ഇനി എന്റെ അനിയതിക്കുട്ടിയെ ഇവിടെ കൊണ്ട് വിടുന്നത് മാത്രമല്ല ഇവിടുന്ന് തിരിച്ചു കൊണ്ട് പോകുന്നതും ഈ ഏട്ടൻ തന്നെ ആയിരിക്കും.” ഈ വാക്കുകൾ കേട്ട അവൾക്ക് സന്തോഷം അടക്കിപ്പിടിക്കാൻ കഴിഞ്ഞില്ല. ആൾകൂട്ടത്തിനിടയിൽ നിന്ന് അവൾ പരിസരം എല്ലാം മറന്ന് എന്നെ കെട്ടിപ്പിടിച്ച് കവിളിൽ ഒരു സ്നേഹ ചുംബനം തരുമ്പോൾ അവൾ ഇത്രയും കാലം അവളുടെ മനസ്സിൽ കൊണ്ട് നടന്നിരുന്ന ഒരു ഏട്ടനിൽ നിന്നും കിട്ടേണ്ട സ്നേഹം അവൾക്ക് കിട്ടിയതുപോലെ എനിക്ക് തോന്നി. ചുറ്റും കൂടി നിന്നവരെല്ലാം ഇത് കണ്ട് അവൾ എന്റെ പെങ്ങൾ ആണെന്ന സത്യം തിരിച്ചറിയാതെ ഞങ്ങളെ തെറ്റിദ്ധരിക്കപ്പെടുമ്പോഴും ഞങ്ങൾക്ക് വിഷമമുണ്ടായിരുന്നില്ല. കാരണം അവൾ എന്റെ പെങ്ങളായിരുന്നു. എന്റെ ഉമ്മയുടെ വയറ്റിൽ ജനിച്ച, എന്റെ തന്നെ രക്തം ഓടുന്ന എന്റെ സ്വന്തം അനിയത്തിക്കുട്ടി.