സുധീര...സാഹിതീ നിറവുകളുടെ ഉറവ!

സതീഷ് കളത്തിൽ
സുധീര...സാഹിതീ നിറവുകളുടെ ഉറവ!

ആകാശത്തിലെ ചെരാതുകളില്‍നിന്നും
ആകാശചാരികള്‍ കൊളുത്തിവിട്ട
അവനിയിലെ നിറദീപം;
ആജീവനാന്തം പ്രണയസമീര;
സ്‌നേഹസ്പര്‍ശങ്ങളുടെ നീലക്കടമ്പ്;
സ്‌നേഹപ്രയാണങ്ങളുടെ സഹയാത്രിക.

ചോലമരങ്ങളില്ലാത്ത വഴിത്താരകളില്‍
ചോര്‍ന്നുപോയിരുന്ന ബാല്യത്തിലും
ഏകാന്ത വിവശമായ കൗമാരത്തിലും
ഏകമായവള്‍ പൊരുതികൊണ്ടിരുന്നു.

മണ്‍തരിമുതല്‍ മഹാകാശംവരെ,
മായക്കണ്ണുള്ള  അവളില്‍ ആന്ദോളനം ചെയ്യുന്നു.
അവളില്‍, കുടിലും കൊട്ടാരവുമൊരുപോലെ
അതിജീവനകലയുടെ അധിവാസകേന്ദ്രങ്ങളാകുന്നു.

വസുധയുടെയേതു സ്പര്‍ശത്തിലും
വസന്തങ്ങളെ തിരഞ്ഞിരുന്നു അവള്‍;  സുധീര,
മുഗ്ദ്ധമാം പുഷ്പം; സുധീരമായവളെന്നോ
മടക്കയാത്രയറിയാത്തൊരു യാത്രയിലാണ്.

പ്രണയ മര്‍മരങ്ങളുടെ, പ്രണയ നൊമ്പരങ്ങളുടെ
പ്രണയ സാഫല്യത്തിന്റെ ഗാഥകള്‍ നെയ്തവള്‍  
പ്രണയ മധുരമായൊരു  യാത്രയിലാണ്;
പ്രണയ ദൂതും കയ്യില്‍പിടിച്ചുള്ള യാത്ര.

ചിത്രവിളക്കണഞ്ഞു പോകുംമുന്‍പേ; സദാ
ചിരിക്കുമൊരു കടല്‍കാക്കപോലെയാണാ യാത്ര;  
ത്യാഗത്തിന്റെ, കരുണയുടെ തീരാ വിശപ്പില്‍
തളിര്‍ത്ത നാമ്പുകളുമേന്തി, ഭൂഖണ്ഡങ്ങളിലൂടെ!


 

poem sudheera satheesh

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES