കർക്കിടകത്തിൻ കവിളിൽതലോടിയാൽ
മർക്കിടകശോകഭാവങ്ങൾ കാണാം
കാഞ്ഞവയറിന് കഞ്ഞിയില്ലാതെ
പഞ്ഞംപറഞ്ഞും
പിഞ്ഞാണം തല്ലിയും
പിന്നാംപുറത്ത് തീപുകയില്ലാതെ
മിന്നാംമിനുങ്ങിൻകഥകൾ പറഞ്ഞും
പുന്നാരമക്കളെച്ചായിച്ചുറക്കുന്നു
കർക്കിടകത്തള്ളപണ്ടു കാലങ്ങളിൽ .
സസ്യയ്ക്കൊരിത്തിരി തിരുനൂറ്തൊട്ട്
ചാണകംമെഴുകിയ ഉമ്മറത്തിണ്ണയിൽ
ചമ്രംപിണഞ്ഞു് വിളക്കിൻ്റെ മുന്നിൽ
രാമനാമം ചൊല്ലും മുത്തശ്ശിയമ്മമാർ.
പയ്യിനെ കൊതുക് കടിയ്ക്കാതെ നെരിപ്പോട്ടിൽ ദൈന്യത നീറ്റിപ്പുകച്ചിട്ട് കോണകതുമ്പ് മറയ്ക്കാനൊരിത്തിരി
കീറിയതോർത്തുമുടുത്തു വടിയുമായ് കാത്തിരിപ്പു
ബലികാക്കയെ വാർദ്ധക്യം.
ഇന്ന്, പഞ്ഞമുണ്ടെങ്കിലും
പട്ടിണിയില്ലെന്ന് കർക്കിടകത്തള്ള ഒട്ടിയവയറുമായ് എന്നോടു ചൊന്നു.
നുണ,കല്ലുവച്ചനുണ
പട്ടിണിപെറ്റ കിടാങ്ങളാണിന്ത്യയിൽ
പത്തിൽപകുതിയും
പട്ടിണിപാവങ്ങൾ.
കുഞ്ഞുകരങ്ങളിൽ
കുഞ്ഞു ശവത്തിനെ
താങ്ങിനില്ക്കുന്നു
ഇന്ത്യതൻദൈന്യത.
കടപ്പാട്: പോതുപാറ മധുസൂദനൻ