ചുടു ചോരകള്‍ ചിന്നിച്ചിതറും രണാങ്കണത്തില്‍
ഉയര്‍ന്നുപൊങ്ങും നശീകരണ റോക്കറ്റ് ബോംബുകളാല്‍
തീപിടിച്ച് തകര്‍ന്നടിയും കോട്ടകള്‍ കൊത്തളങ്ങള്‍
ദേഹം ചിന്നിച്ചിതറി കഷണം കഷണമായി വേര്‍പെട്ട മാനവര്‍
തല തകര്‍ന്ന, കൈകളും വേര്‍പെട്ടു ചുടു ചോരയില്‍
പിടഞ്ഞു സ്പന്ദിക്കുന്ന മനുഷ്യ മാംസ പിണ്ഡങ്ങള്‍
പാതി ജീവനുമായി പിടയുന്ന മനുഷ്യജന്മങ്ങള്‍
തകര്‍ന്നടിഞ്ഞ കെട്ടിട കൂമ്പാരത്തിനുള്ളില്‍ കുടുങ്ങിയ
ചോരയും നീരും മനസ്സുമുള്ള പച്ച മനുഷ്യജന്മങ്ങള്‍
അന്തരീക്ഷമാകെ മലിന വിഷ വാതകപ്പൊടിപടലങ്ങള്‍ നിറയും
പൂക തുപ്പി ചീറിപ്പായും മിലിട്ടറി ടാങ്കര്‍കളില്‍ നിന്നുയരുന്ന
തീപാറും വെടിയുണ്ടകള്‍ നിഷ്‌ക്കരുണം ചുട്ടു തള്ളുന്നു
സാധാരണക്കാരാം യുദ്ധമരണഭീതിയില്‍ കഴിയുന്ന ജനത്തെ
സ്ത്രീജന കൊച്ചുപിച്ചു കുരുന്നുകള്‍കൊപ്പം ജനത്തെയാകെ
കശാപ്പ്‌ചെയ്തു ചെഞ്ചോരയില്‍ മുക്കിയൊഴുക്കും
ഹൃദയവും മനസ്സും മരവിക്കാത്ത, മരിക്കാത്ത ലോകജനമേ
കേള്‍ക്കുന്നില്ലേ നിങ്ങള്‍ ചുടു ചോരയാല്‍ പിടയുന്ന
ആ മനുഷ്യ ജന്മങ്ങളുടെ കരളലിയിക്കുന്ന ആര്‍ത്തനാദങ്ങള്‍
ജാതി മത വര്‍ഗ്ഗ ഗോത്ര രാഷ്ട്ര വൈവിധ്യമില്ലാതെ ചിന്തിക്കൂ...
അമിത മതവെറി മനസ്സില്‍ കൊണ്ടുനടക്കും ദുഷ് ചിന്തകരെ
അമിത മതാന്ധത മുഖമുദ്രയാക്കും രക്തദാഹികളാം
അനാചാര ദുരാചാര വിശ്വാസ കര്‍മ്മങ്ങളാല്‍ സ്വയം
പക്വ മത ദൈവ വിശ്വാസികളായി ചമയുന്നവരെ നിങ്ങള്‍
ആരായാലും ഏതു ദൈവത്തിന്‍ യുദ്ധഗുണ്ടകളാണ്..
സെക്കുലരിസത്തിനെതിരെ യുദ്ധകാഹളം മുഴക്കും
അമിത മത ജാതി ഭാഷ രാജ്യസ്‌നേഹചിന്തയില്‍ തിളക്കരുത് ചോര
ജനത്തെയിളക്കി തമ്മില്‍ തല്ലിക്കും രാഷ്ട്രീയ കോമരങ്ങളെ
നിര്‍ത്തു വിരമിക്കു നിങ്ങളുടെ ഈ യുദ്ധ താണ്ഡവം
ഒരു ജനതയുടെ സ്വാതന്ത്ര്യ സേനാനികള്‍..പോരാളികള്‍
എതിര്‍ ചേരികള്‍ക്കു വെറും തത്വതീക്ഷയില്ലാത്ത ഭീകരര്‍
എന്ന് തിരിച്ചും മറിച്ചും പരസ്പരം മുദ്ര ചാര്‍ത്തപ്പെട്ടേക്കാം
എന്തായാലും മനുഷ്യക്കുരുതിക്ക്, നശീകരണത്തിന് അറുതി വേണം
ആരും ജയിക്കാത്ത യുദ്ധം.. സര്‍വ്വമാനവരും തോല്‍ക്കുന്ന യുദ്ധം
നമുക്കീ ഭൂമുഖത്ത് ഒരു കോണിലും ഇനി വേണ്ട.. ഉടന്‍
വെടിനിര്‍ത്തണം
മുന്‍വിധികള്‍ മാറ്റി എത്രയും വേഗം ഉണരൂ.. സാഹചരെ
യുദ്ധത്തിനെതിരായൊരു യുദ്ധം, ഒരു സമാധാന യുദ്ധം
മനുഷ്യ ജന്മങ്ങളെ കൊന്നൊടുക്കും മാരകായുധം എടുക്കാത്ത
ഒരു യുദ്ധം, കൊല്ലും കൊലയും കൊലവിളിയും തുലയട്ടെ
അണിയായി നിരയായി സമാധാനത്തിന്‍ വെള്ളരിപ്രാവുകള്‍
എങ്ങും നീലാകാശത്തില്‍ പൊങ്ങി പൊങ്ങി പറക്കട്ടെ.