മൈത്രേയന്‍ കഥ പറയുമ്പോള്‍

Malayalilife
മൈത്രേയന്‍ കഥ പറയുമ്പോള്‍

ഴിഞ്ഞ പത്തുവര്‍ഷത്തിനിടക്ക് കേരളത്തിലെ അനവധി ഐഎ എസ് ഉദ്യോഗസ്ഥരെ അടുത്ത് പരിചയപ്പെടാനുള്ള അവസരം എനിക്ക് ഉണ്ടായിട്ടുണ്ട്. അതില്‍ പുതിയതായി വരുന്ന ഐ എ എസ് ട്രെയിനി മുതല്‍ ചീഫ് സെക്രട്ടറി വരെ ഉണ്ട്. പൊതുവെ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥര്‍ ഏറെ ആശയങ്ങള്‍ ഉള്ളവരും, പുതിയ സാങ്കേതിക വിദ്യകള്‍ അറിയുന്നവരും ആയിരിക്കും. പുതിയ ആശയങ്ങള്‍ കേള്‍ക്കാനും സാങ്കേതിക വിദ്യകളെ പറ്റി അറിയാനും അവര്‍ക്ക് ഏറെ താല്പര്യവുമുണ്ട്

നാളത്തെ കേരളത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിവുള്ള, സാധ്യതയുള്ള ആളുകള്‍ ആണ് ഇവര്‍ എന്നതിനാല്‍ അവരോട് സംസാരിക്കാനുള്ള ഒരവസരവും ഞാന്‍ വെറുതെ കളയാറില്ല. പക്ഷെ ഉദ്യോഗസ്ഥര്‍ കൂടുതല്‍ മുകള്‍ തട്ടിലേക്ക് പോകുന്തോറും പുതിയ ആശയങ്ങളോട് വിമുഖത കൂടുന്നു. റിട്ടയര്‍ ആകാറാകുമൊഴേക്കും ഒരു വിവാദവും ഉണ്ടാകാതെ സമാധാനമായി പെന്‍ഷന്‍ വാങ്ങുക, അത് കഴിഞ്ഞാലും എന്തെങ്കിലും ഒക്കെ ജോലികള്‍ തരമാക്കുക എന്നതിലായിരിക്കും ശ്രദ്ധ, അതുകൊണ്ട് പുതിയ കാര്യങ്ങള്‍, പ്രത്യേകിച്ചും അല്പമെങ്കിലും റിസ്‌ക് ഉള്ള കാര്യങ്ങള്‍ ചെയ്യാന്‍, ചെയ്യാന്‍ ശ്രമിക്കാതിരിക്കുക. ഇതാണ് പൊതു രീതി. അല്ലാത്തവര്‍ ഇല്ല എന്നല്ല, കുറവാണ്.

അത്തരത്തില്‍ ഏറ്റവും ഉയര്‍ന്ന തലത്തില്‍ എത്തിയിട്ടും പുതിയ ആശയങ്ങള്‍ ശ്രദ്ധിക്കുന്ന ഒരാളാണ് ശ്രീ ശിവശങ്കര്‍ ഐ എ എസ്. ഇപ്പോള്‍ അദ്ദേഹത്തെ അറിയാത്തവരായി കേരളത്തില്‍ ആരുമില്ലല്ലോ. ഞാന്‍ ആദ്യമായി അദ്ദേഹത്തെ പരിചയപ്പെടുന്നത് കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് ഇലക്ട്രിസിറ്റി ബോര്‍ഡിലെ എന്‍ജിനീയര്‍മാരുടെ സംസ്ഥാന സമ്മേളനത്തില്‍ സുരക്ഷയെ പറ്റി ഒരു സെമിനാറിന് പോയപ്പോള്‍ ആണ്. ബോര്‍ഡില്‍ ഒരു വര്‍ഷം രണ്ടു ഡസനിലേറെ തൊഴിലാളികള്‍ ഷോക്കേറ്റ് മരിക്കുന്നു. ഇതൊക്കെ ഒഴിവാക്കാവുന്നതാണ്. എന്നിട്ടും ബോര്‍ഡില്‍ ഒരു സേഫ്റ്റി ഡിപ്പാര്‍ട്ടമെന്റ് പോലും ഇല്ല. ഇതിനെ ഒക്കെ ഞാന്‍ രൂക്ഷമായി വിമര്‍ശിച്ചു, അദ്ദേഹം അതൊക്കെ കേട്ടിരുന്നു. പിന്നീട് എന്നെ വിളിച്ച് ഈ വിഷയങ്ങളെ പറ്റി വിശദമായി ചോദിച്ചു, അദ്ദേഹത്തിനാവുന്നത് ചെയ്തു. പുതിയ സാങ്കേതിക വിദ്യകള്‍ കൊണ്ട്, റോബോട്ടിക്‌സ് ഉള്‍പ്പടെ, കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചാല്‍ എങ്ങനെയാണ് കൂടുതല്‍ സുരക്ഷ ഉണ്ടാക്കാന്‍ പറ്റുന്നത് എന്നൊക്കെ പിന്നീടും സംസാരിച്ചു.

അതിന് ശേഷം ഞാന്‍ അദ്ദേഹത്തെ പലപ്പോഴും കണ്ടിട്ടുണ്ട്. പുതിയ ഏതൊരാശയം ഉണ്ടെങ്കിലും അത് കേള്‍ക്കാന്‍ അദ്ദേഹത്തിന് താല്പര്യമുണ്ട്. പോരാത്തതിന് ഓരോ തവണ കാണുമ്പോഴും കുറെ പുതിയ ആശയങ്ങള്‍ പറയും. കുറെ സ്വന്തം ആകും, കുറെ മറ്റുള്ളവരില്‍ നിന്നും ലഭിക്കുന്നതാകും. ഓരോന്നിനെ പറ്റി പറയുമ്പോഴും അദ്ദേഹത്തിന് കൊച്ചു കുട്ടിയെ പോലെ ആവേശമാണ്. സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ കീഴില്‍ നടത്തിയ ഒരു പരിപാടിക്ക് കളമശേരിയില്‍ പോയപ്പോള്‍ ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നു. പുതിയ ആശയങ്ങളുമായി വരുന്ന വിദ്യാര്‍ത്ഥികള്‍ തൊട്ടുള്ളവരുടെ മധ്യത്തിലാണ് അദ്ദേഹം. അധികാരത്തിന്റെ ജാഡകള്‍ ഇല്ല, എല്ലാം അറിയാമെന്ന ഭാവമില്ല, ചുറ്റും ആള്‍ക്കൂട്ടമില്ല. നിര്‍മ്മിത ബുദ്ധി മുതല്‍ റോബോട്ടിക്‌സ് വരെയുള്ള വിഷയങ്ങളില്‍ കേരളത്തിന്റെ സാധ്യതകളെ പറ്റി, കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പ് എക്കോസിസ്റ്റത്തില്‍ ഇന്നും ഒരു ബില്യണ്‍ ഡോളര്‍ കമ്പനി ഉണ്ടായി വരുന്നതിനെ പറ്റിയൊക്കെ അന്നും ആവേശത്തോടെ സംസാരിച്ചു.
ഇന്നിപ്പോള്‍ അദ്ദേഹം വിവാദങ്ങളുടെയും മാധ്യമ വിചാരണകളുടെയും നടുവിലാണ്. ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ, എത്ര സത്യം ഉണ്ട് എന്നൊന്നും അറിയാനുള്ള ഒരു യന്ത്രവും എന്റെയടുത്തില്ല. ഇതില്‍ സത്യം എവിടെയാണ് എന്നൊക്കെ കാലം തെളിയിച്ചുകൊള്ളും, അതുകൊണ്ട് തന്നെ അക്കാര്യത്തില്‍ ജഡ്ജെമെന്റല്‍ ആകേണ്ട ഒരു ഉത്തരവാദിത്തവും എനിക്കില്ല. നമ്മള്‍ ഇവിടെ ഒക്കെ തന്നെ ഉണ്ടല്ലോ. ഇങ്ങനെയൊക്കെ ചിന്തിച്ചിരിക്കുമ്പോള്‍ ആണ് മൈത്രേയന്‍ ഐ എസ് ആര്‍ ഓ ചാരക്കേസിന്റെ കഥ പറയുന്നത്. അനുഭവങ്ങളില്‍ നിന്നാണ്, കേട്ട് കേള്‍വികളില്‍ നിന്നല്ല, മൈത്രേയന്‍ എപ്പോഴും സംസാരിക്കുന്നത്. അതുകൊണ്ട് തന്നെ അതിനൊരു ശക്തിയുണ്ട്. എങ്ങനെയാണ് ഒന്നുമില്ലായ്മയില്‍ നിന്നും ഉണ്ടായ ഒരു കേസ് പൊലീസുകാര്‍, മാധ്യമങ്ങള്‍, ശാസ്ത്രജ്ഞര്‍, രാഷ്ട്രീയക്കാര്‍ ഇവരെല്ലാം കൂടി ഉരുട്ടി വലുതാക്കിയത്. എങ്ങനെയാണ് ഓരോരുത്തരും അവരുടെ വ്യക്തി താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ കുറച്ചു മനുഷ്യരുടെ ജീവിതത്തിന് മുകളില്‍ റോഡ് റോളര്‍ കയറിയത്, എങ്ങനെയാണ് മാധ്യമങ്ങളുടെ കഥമെനയലില്‍ കേരളസമൂഹം വീണുപോയത് എന്നൊക്കെ മൈത്രേയന്‍ പറയുന്നു. ഇപ്പോള്‍ വിവാദങ്ങളുടെ മറ്റൊരു പെരുമഴക്കാലത്ത്, മാധ്യമ വിചാരണയുടെ കാലത്ത്, മാധ്യമ കഥകളുടെ ഒഴുക്കിലും ചുഴിയിലും പെട്ട് ആളുകള്‍ നട്ടം തിരിയുന്ന കാലത്ത് മൈത്രേയന്റെ വാക്കുകള്‍ നമ്മള്‍ കേട്ടിരിക്കേണ്ടതാണ്

Read more topics: # murali thummarukudy,# writeup
murali thummarukudy writeup

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES