ഞാനൊരു പാട്ടു പഠിച്ചിട്ടുണ്ട്
കൈതപ്പൊത്തില്‍ വച്ചിട്ടുണ്ട്
അപ്പം തന്നാല്‍ ഇപ്പം പാടാം
ചക്കര തന്നാല്‍ പിന്നേം പാടാം..!
അപ്പൂപ്പന്‍ താടിയിലുപ്പിട്ടു കെട്ടി
അമ്മൂമ്മ വന്നപ്പോളഴിച്ചിട്ടു കെട്ടി..!
ചെറിയ കുറുപ്പിനു പണ്ടേയുണ്ടേ ചെറിയൊരു ദുഃശീലം
ഉറക്കമുണര്‍ന്നാല്‍ മുറുക്കു തിന്നണമെന്നൂരു ദുഃശീലം
ചെറിയ കുറുപ്പിനു പിന്നെയുമുണ്ടേ വലിയൊരു ദുഃശീലം
മുറുക്കു തിന്നാലുടനെ മുറുക്കണമെന്നൊരു ദുഃശീലം..!
ഉറുമ്പുറങ്ങാറുണ്ടെന്നെനിക്കറിയാം
പക്ഷെ, സ്വപ്‌നം കാണാറുണ്ടോ എന്നറിയില്ല
അതിനാല്‍ ഞാന്‍ അജ്ഞാനി..!
ജീവിതം മറ്റാര്‍ക്കും പകുക്കാന്‍ കഴിയാഞ്ഞു,
ഞാനെന്നെത്തന്നെ വേളി കഴിച്ചുകൂടീടുന്നു..!
ആറു മലയാളിക്കു നൂറു മലയാളം
അര മലയാളിക്കുമൊരു മലയാളം
ഒരു മലയാളിക്കും മലയാളമില്ല
തുള്ളിക്കൊണ്ട് വരുന്നുണ്ടേ…..
തുള്ളിക്കൊരു കുടം എന്ന മഴ….
കൊള്ളാമീ മഴ, കൊള്ളരുതീ മഴ…
കൊള്ളാം കൊള്ളാം പെയ്യട്ടെ….!!!
ഇതു ഞാനെന്നൊരൊട്ട വര
ഇതിലെഴുതാമെന്റെ കൈപ്പടയില്‍ത്തന്നെ
മറ്റൊരു സമാന്തര വര വന്നിതൊരിരട്ടവരയായാല്‍ പിന്നെ
കോപ്പി എഴുത്തു തന്നെ എനിക്കു ഗതി..!
അങ്ങിനെ ഇങ്ങിനെ എങ്ങിനെയെന്ന –
ല്ലങ്ങനെ ഇങ്ങനെ എങ്ങനെയെന്നു ശരി..!
ഒന്നെന്നെങ്ങനെയെഴുതാം
വളവും വേണ്ട, ചെരിവും വേണ്ട,
കുത്തനെയൊരു വര, കുറിയ വര,
ഒന്നായി, നന്നായി,
ഒന്നായാല്‍ നന്നായി, നന്നായാല്‍ ഒന്നായി..!
എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം..!
കാക്കാ പാറി വന്നു
പാറമേലിരുന്നു
കാക്ക പാറി പോയി
പാറ ബാക്കിയായി..!
ഞാനൊരു കവിയൊ കവിതയോ ?
അല്ലല്ല..!
കവിയും ഞാന്‍ കവിതയും ഞാന്‍
ആസ്വാദകനും ഞാന്‍..!
ആനക്കുള്ളതും ജീവിതം
ആടിന്നുള്ളതും ജീവിതം
ആഴിക്കുള്ളതും ജീവിതം
ഊഴിക്കുള്ളതും ജീവിതം
ഈ എനിക്കുള്ളതും ജീവിതം..!
മഞ്ഞു വേണം മഴയും വേണം
വെയിലും വേണം ലാവും വേണം
ഇരുട്ടും വേണം പുലരീം വേണം
പൂവും വേണം പുഴുവും വേണം
വേണം വേണം ഞാനും പാരിന്..!
പൂ വിരിയുന്നതു കണ്ടോ പുലരി വിരിയുന്നു?
പുലരി വിരിയുന്നതു കണ്ടോ പൂ വിരിയുന്നു..?
മണ്ണു വേണം പെണ്ണു വേണം
പണം വേണം പുരുഷന്
പെണ്ണിന്
കണ്ണുവേണം കരളുവേണം
മന്നിലുള്ള ഗുണവും വേണം..!
കണ്ണിലെ കരട് നല്ലതോ ചീത്തയോ
കാട്ടിലൊരു കരടി നല്ലതോ ചീത്തയോ..!
കുട്ടികള്‍ ഞങ്ങള്‍ കളിച്ചുവളര്‍ന്നൊരു
കുട്ടിയും കോലും മരിച്ചുപോയി
വിദേശത്തുനിന്നു ഇറക്കുമതി ചെയ്‌ത
ക്രിക്കറ്റിലാണിന്നത്തെ ഭ്രാന്തന്‍ തലമുറ..!
അത്ഭുതമെന്നൊരു സാധനം കൊണ്ടല്ലോ
സൃഷ്‌ടിച്ചതീശ്വരന്‍ എന്നെ നന്നായ്
എന്നിട്ടതിന്‍ ബാക്കിയെടുത്തവന്‍
ഒപ്പിച്ചതീ പ്രപഞ്ചത്തിനേയും..!
വായിച്ചാല്‍ വളരും
വായിച്ചില്ലേലും വളരും
വായിച്ചുവളര്‍ന്നാല്‍ വിളയും
വായിക്കാതെ വളര്‍ന്നാല്‍ വളയും..!