നിക്കര്‍ ചാലഞ്ച് എഫ്ബി നിറച്ചും.. ഞാനുമൊരു പെങ്കൊച്ചിന്റെ അമ്മയാണ്.. പിരികത്തില്‍ ആണ് പെണ്ണിന്റെ ധൈര്യം എന്ന് പറഞ്ഞു കൊടുത്താണ് ഞാനവളെ വളര്‍ത്തുന്നതും.. വസ്ത്രധാരണത്തില്‍ നാടന്‍ വേഷങ്ങള്‍ അവള്‍ അണിയണം എന്ന് ഒരു നിര്‍ബന്ധവും എനിക്കില്ല. അവളുടെ ശരീരത്തിന് ചേരുന്ന എന്തും അവള്‍ക്കിടാം.
എന്നാലോ, ലോകത്തുള്ള എല്ലാ ആണുങ്ങളോടും അമ്മയും പെങ്ങളും ഇല്ലേയെന്ന് ചോദിച്ചു ബോധവല്‍ക്കരിക്കാന്‍ പറ്റില്ല. വൈകല്യം ഉള്ള ഒരുപാട് വേട്ടക്കാരുടെ ഇടമാണ് സമൂഹം
എന്റെ മകള്‍ വാക്കുകള്‍ കൊണ്ടു ഇരയാക്കപ്പെട്ടാല്‍, അതൊന്നും ശ്രദ്ധിക്കാതെ പോകാനുള്ള ആര്‍ജ്ജവം അവള്‍ക്ക് ആയിട്ടില്ല. ഞാന്‍ നേരിടും.. അവളുടെ ഒപ്പം നില്കും... പക്ഷേ, ഒറ്റ കമന്റ് ഇല്‍ അവള്‍ തകര്‍ന്നേക്കാം.. നേരിടാനുള്ള പക്വത അവള്‍ക്ക് ആയിട്ടില്ല.. അതുകൊണ്ട്, അതിനനുസരിച്ചുള്ള വസ്ത്രം മാത്രമേ ഞാന്‍ അനുവദിക്കാറുള്ളു.
അതേ കാരണം കൊണ്ട്, ങൗാാ്യ &മാു; ാല ടീനേജ് അടികൂടല്‍ ഇവിടെയും സംഭവിക്കാറുണ്ട്.. നാളെ, എന്ത് പ്രതിസന്ധിയും, നിരൂപണവും നേരിടാന്‍ ഉള്ള ചങ്കുറ്റം അവളില്‍ ഉണ്ടായാല്‍, അവള്‍ക്ക് തീരുമാനിക്കാം അവളുടെ വസ്ത്രധാരണം.. അവള്‍ക്ക് വേണ്ടി അവള്‍ സംസാരിക്കുന്ന ഘട്ടം എത്തണം.. ഭൂമിയില്‍ ചവിട്ടി നില്‍ക്കാനുള്ള ത്രാണി ഉണ്ടാകണം.. ഉള്‍കണ്ണ് കൊണ്ട് കാണാന്‍ പറ്റണം.ഫെമിനിസ്റ്റ് ആയി തന്നെ അവള്‍ വളരണം. അവളൊരു പെണ്ണായി പോയി എന്നതുകൊണ്ട് അവള്‍ക്ക് കിട്ടേണ്ട ഒരു അവകാശവും കിട്ടാതെ പോകരുത്. പെണ്ണായി പോയല്ലോ എന്ന് ഓര്‍ത്തു വിലപിക്കരുത്. ഒരു പുരുഷനാല്‍ ചതിക്കപ്പെട്ടു അവളുടെ കണ്ണുനീര്‍ ഒഴുക്കരുത്. അതേ പോലെ അവളൊരു ആണിനെ ചതിക്കരുത്. ആത്മാര്‍ഥമായി സ്നേഹിക്കാന്‍ പഠിക്കണം.തിരിച്ചു കിട്ടിയില്ല എങ്കിലും, സാരമില്ല. അത് അവളുടെ കുറവല്ല.
ഞാന്‍ അവള്‍ക്ക് പറഞ്ഞു കൊടുക്കുന്ന ഫെമിനിസം ഇതാണ്. ഞാന്‍ ചുരിദാറും സാരിയും മാത്രമേ ഉപയോഗിക്കാറുള്ളു.അതിന് കാരണം, എന്റെ ശരീരം മറ്റു വസ്ത്രങ്ങളില്‍ ഭംഗിയായി എനിക്കു തോന്നാത്തതുകൊണ്ട് മാത്രമാണ്. അല്പം മെലിഞ്ഞ ശരീരം ആണേല്‍, ഞാന്‍ ശ്രമിച്ചേനെ.ഫെമിനിസം ഉണ്ടാകാന്‍ നിക്കര്‍ ചലഞ്ച് ഫോട്ടോ ഇട്ടാല്‍ മതി എന്ന് തോന്നുന്നില്ല. അതുക്കും മേലെ ആണ് ഫെമിനിസം. എന്നാല്‍, ഒരു പെണ്‍കുട്ടി നിക്കര്‍ ഇട്ട് ഫോട്ടോ ഇട്ടാല്‍, അവളുടെ കാലൊന്നു കണ്ടാല്‍, അതിനു കീഴെ, ആഹ്, കളിക്കാന്‍ പാകമായി എന്ന കമന്റ് ഒരു പുരുഷന് ചേര്‍ന്നതല്ല.. സ്ത്രീയെന്നാല്‍ വെറുമൊരു ഭോഗവസ്തു മാത്രമാണെന്ന് പഠിക്കാന്‍ ആ കമന്റ് ഇട്ട പുരുഷന് ഉണ്ടായ സാഹചര്യത്തോട് സഹതാപം മാത്രമേ ഉള്ളു.ഞാന്‍ എന്റെ മകളെ ആ കമന്റ് കാണിച്ചു. നോക്കു, ഇവരെ എന്നിലെ അമ്മയ്ക്ക് ഭയമാണ് കുഞ്ഞേ..എന്നോട് ക്ഷമിക്കു..നിന്നിലെ ചില ഇഷ്ടങ്ങളെ അടിച്ചമര്‍ത്താന്‍ ഉള്ള കാരണം ഈ കമന്റിനു പിന്നിലെ അഴുകി നാറിയ മനോഭാവത്തോടുള്ള ഒരു അമ്മയുടെ പേടിയാണ്.