Latest News

പെണ്ണിന്റെ ലൈംഗികത, അവളുടെ സ്വകാര്യ ഭാഗങ്ങള്‍ ഇതൊക്കെ മാത്രമാണോ അപ്പോള്‍ പ്രശ്നം; റംസിയെ ആത്മഹത്യയിലേക്ക് നയിച്ച സാമൂഹ്യ സാഹചര്യങ്ങളെക്കുറിച്ച് കലാമോഹന്‍

Malayalilife
 പെണ്ണിന്റെ ലൈംഗികത, അവളുടെ സ്വകാര്യ ഭാഗങ്ങള്‍ ഇതൊക്കെ മാത്രമാണോ അപ്പോള്‍ പ്രശ്നം; റംസിയെ ആത്മഹത്യയിലേക്ക് നയിച്ച സാമൂഹ്യ സാഹചര്യങ്ങളെക്കുറിച്ച് കലാമോഹന്‍

ലപ്പോഴും വ്യക്തിത്വ വികസന ക്ലാസുകള്‍ പോലും പെണ്‍കുട്ടികള്‍ക്ക് മാത്രമായി നടത്തുകയാണ് ചെയ്യുന്നത്. പെണ്ണിന്റെ ലൈംഗികത, അവളുടെ സ്വകാര്യ ഭാഗങ്ങള്‍ ഇതൊക്കെ മാത്രമാണോ അപ്പോള്‍ പ്രശ്നം.. ആണിന് ഇതൊന്നും ബാധകമല്ലേ.. പെണ്‍കുട്ടും ആണ്‍കുട്ടിയും ഒന്നിച്ചല്ലേ ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടത്.. എന്നും അവര്‍ കുറിക്കുന്നു. റംസിയയുടെ പരാധീനത ഉള്ള കുടുംബം നിശ്ചയം നടത്തിയപ്പോള്‍ ചെറുക്കന് കൊടുത്ത ഒരു ലക്ഷം വിലയുള്ള വാച്ച് മുതലുള്ള കാര്യങ്ങള്‍ കേട്ടുവെന്നും കല ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെടുന്നു.അവര്‍ എടുത്തു കൂട്ടി വെച്ചിരിക്കുന്ന പലിശ ഊഹിക്കാം.. അതേ പോലെ എത്രയോ ഇടങ്ങളില്‍ സംഭവിച്ചു കൊണ്ടേ ഇരിക്കുന്നു.. സ്ത്രീധന ഇടപാടില്‍ കൊല്ലം ജില്ലയില്‍ എന്ത് പ്രതിസന്ധി വന്നാലും ഒരു ഇളവും പ്രതീക്ഷിക്കേണ്ട.. രാഷ്ട്രീയം കലര്‍ത്തി, മതവികാരങ്ങള്‍ക്ക് തീകൊളുത്തി, ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിച്ചു, സ്വാര്‍ത്ഥകാര്യങ്ങള്‍ നേടിയെടുക്കാതെ, ആത്മാര്‍ത്ഥതയോടെ ജനങ്ങള്‍ക്ക് ഇടയില്‍ ഇറങ്ങി ചെല്ലാന്‍ ആരേലും ഉണ്ടാകുന്ന കാലം വരട്ടെയെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.


കൗണ്‍സലിങ് സൈക്കോളജിസ്റ്റ് കലയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

പത്ത് വര്‍ഷത്തോളം നീണ്ട പ്രണയത്തിന്റെ ഒടുവില്‍ റംസി എന്ന പെണ്‍കുട്ടി, കൊല്ലം കൊട്ടിയത്ത് ആത്മഹത്യ ചെയ്തു.. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ ഞങ്ങളുടെ കൊല്ലം ജില്ലയില്‍ ആണെന്ന് റിപ്പോര്‍ട്ട് എന്റെ കൊല്ലം.. ഞാന്‍ ജനിച്ചു വളര്‍ന്ന നാട്.. ഇപ്പോള്‍ ഞാന്‍ ജീവിക്കുന്നത് തിരുവനന്തപുരം ആണെങ്കിലും എന്റെ ഉയിര്‍ അവിടെയാണ്.. എന്റെ ജനനം മുതല്‍ ഞാന്‍ അനുഭവിച്ച സുഖകരമായ അനുഭവങ്ങള്‍ ഉള്ള കൊല്ലമല്ലായിരുന്നു, എന്റെ ഔദ്യോഗിക ജീവിതത്തിലെ ആറു വര്‍ഷങ്ങള്‍ ഞാന്‍ കണ്ടത്.. 2015 വരെ ഞാന്‍ ആ മേഖലയില്‍ ഉണ്ടായിരുന്നു.. റംസി ജീവിച്ച, സ്ഥലം.. അവളുടെ കാമുകന്റെ സ്ഥലം.. ഞാന്‍ ജോലി നോക്കിയതും അതേ ഇടത്ത് ആയിരുന്നു.. ആറു വര്‍ഷങ്ങള്‍... സമ്പന്നതയുടെ അങ്ങേ അറ്റത്തും, അതിനേക്കാള്‍ സാമ്പത്തിക പരാധീനതയുടെ ഇങ്ങേ അറ്റത്തും ഉള്ള ജീവിതങ്ങളെ ഞാന്‍ കണ്ട കാലങ്ങള്‍.. ആചാരങ്ങള്‍ സമം കടബാധ്യത എന്നതാണ് അവിടെ ഉള്ള പാവങ്ങളുടെ ജീവിതം..ഓരോ സമുദായവും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴും ആചാരങ്ങളും കീഴ്വഴക്കങ്ങളും മാറ്റി വെയ്ക്കാന്‍ തയ്യാറല്ല.. കടം വാങ്ങി ആചാരങ്ങള്‍ ഒപ്പിക്കും.
പണം ഇടപാട് , പലിശയ്ക്ക് എടുപ്പ് ഒക്കെ വന്‍ തോതില്‍.. പഠനം തുടരാതെ പകുതി വഴിക്ക് നിര്‍ത്തുന്നവര്‍ ഒരുപാട് ഉണ്ടായിരുന്നു... കടം വാങ്ങി, വസ്തു പണയയപ്പെടുത്തി പുരുഷന്മാരെ വിദേശത്ത് ജോലിക്ക് പറഞ്ഞു വിടുകയും ചെയ്യുന്ന ഭാര്യമാരാണ് പിന്നെ ആ കുടുംബം നോക്കുന്നത്.. വിദേശത്തു പോയി എന്നതുകൊണ്ട് കടം തീരുന്നില്ല.. കടമ കൂടുന്നതല്ലാതെ.. പിടിപ്പില്ലാത്ത പെണ്ണുങ്ങള്‍ ആണേല്‍ അയാള്‍ തിരിച്ചെത്തുമ്പോള്‍ ഉള്ളതിന്റെ ഇരട്ടി കടമാക്കി വെച്ചിട്ടുണ്ടാകും..നല്ല മിടുക്കി ആണേലും പെണ്‍കുട്ടികളെ അധികം പഠിപ്പിക്കാതെ കെട്ടിച്ചു വിടുന്നത് കണ്ടു അസാഹ്യതയോടെ പ്രതികരിച്ചു പോയിട്ടുണ്ട്.. പക്ഷേ, അതൊന്നും അവിടെ അന്ന് വിലപോയിരുന്നില്ല..
ഇത്രധികം കേസുകളോ എന്ന് അതിശയം തോന്നിയതുകൊണ്ട് വിവരാവകാശത്തിന് ആ കാലങ്ങള്‍ ഞാന്‍ സമീപിച്ചു.. ഏറ്റവും അധികം പീഡനവും ഗുണ്ടായിസവും റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ ആയിരുന്നു എന്റെ ജോലികള്‍.. അംഗനവാടികളില്‍ ക്ലാസുകള്‍ എടുക്കാന്‍ പോകുമ്പോള്‍ അവിടെ ഉള്ള അദ്ധ്യാപികമാര്‍ തരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പലതും മേധാവികള്‍ക്ക് പരാതിയായി തന്നെ കൊടുത്തിട്ടുണ്ട്.. കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള വ്യക്തിത്വ വികസന ക്ലാസ്സ് എന്ന് വലിച്ചു കെട്ടിയ ബാനറിന്റെ മുന്നില് നിന്ന് എത്രയോ ക്ലാസുകള്‍ എടുത്തു..

അപ്പോഴൊക്കെ ആലോചിക്കും. എന്തേ ആണ്‍കുട്ടികള്‍ക്ക് ഇതൊന്നും കേള്‍ക്കേണ്ടേ.. പെണ്ണിന്റെ ലൈംഗികത, അവളുടെ സ്വകാര്യ ഭാഗങ്ങള്‍ ഇതൊക്കെ മാത്രമാണോ അപ്പോള്‍ പ്രശ്നം.. ആണിന് ഇതൊന്നും ബാധകമല്ലേ.. പെണ്‍കുട്ടും ആണ്‍കുട്ടിയും ഒന്നിച്ചല്ലേ ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടത്.. അന്ന്, ഞാനുണ്ടായിരുന്ന സ്‌കൂളില്‍ മുതിര്‍ന്ന ആണ്‍കുട്ടികള്‍ അധികവും പാര്‍ട്ട് ടൈം ജോലിക്കു പോയി കാശുണ്ടാക്കുന്നവരായിരുന്നു.. എന്ത് പണിയും ചെയ്യുന്ന ഉശിരുള്ള കുട്ടികള്‍.. ആ പണം കൊണ്ട് അവര്‍ നഗരത്തിലെ സമ്പന്നരായ കുട്ടികളെ പോലെ ''ചെത്തി ''നടക്കുന്നത് കാണമായിരുന്നു.. വേണേല്‍ പഠിച്ചു കേറാം.. പക്ഷേ അങ്ങനെ ഓതി കൊടുക്കാന്‍ വീട്ടില്‍ ആര്‍ക്കും താല്പര്യം ഇല്ല.. പെങ്ങളുടെ കെട്ടിന് എടുത്ത പണത്തിന്റെ പലിശ അടയ്ക്കാന്‍ അവനും കൂടും.. സ്നേഹിച്ചാല്‍ നക്കി കൊല്ലും, പിണങ്ങിയാല്‍ വെട്ടി കൊല്ലും എന്ന രീതി ആയിരുന്നു അവരുടെ സ്വഭാവത്തില്‍ ഞാന്‍ കണ്ട സവിശേഷത.
കൊട്ടിയം ഭാഗം മുതല്‍ ഏതാണ്ട് പള്ളിമുക്ക് വരെ ഞാന്‍ ഇടപെടല്‍ നടത്തിയിരുന്നു... കുറുക്കന്മാരായ രാഷ്ട്രീയക്കാര്‍ക്ക് അണികളെ ഏറ്റവും എളുപ്പത്തില്‍ സ്വാധീനിക്കാന്‍ പറ്റിയ ഇടങ്ങള്‍... കരുത്തുള്ള ആണ്‍കുട്ടികളെ ഇഷ്ടം പോലെ കൂടെ നിര്‍ത്താന്‍ പറ്റും.. ഇന്ന് അന്നത്തെ പല ആണ്‍കുട്ടികളെയും കണ്ടാല്‍ തിരിച്ചറിയില്ല.. വലിയ മീശയും താടിയും ആയി, മുന്നില് വന്ന് ചിരിക്കുമ്പോള്‍ സന്തോഷം തോന്നും.. എന്ത് ചെയ്യുന്നു നീയിപ്പോ? പഠിച്ചില്ല, അപ്പോഴേ ഞാന്‍ ചെറിയ തട്ടിക്കൂട്ട് ബിസിനെസ്സില്‍ ഇറങ്ങി.. ചിരിച്ചു കൊണ്ട് അവര്‍.. പത്താം ക്ലാസ്സില്‍ പഠനം നിര്‍ത്തിയ അവരോട് എന്ത് ബിസിനസ് എന്ന് ചോദിക്കാന്‍ തോന്നാറില്ല.

നന്നായി പഠിക്കുമായിരുന്ന പെണ്‍കുട്ടിയെ കാണുമ്പോ കണ്ണ് നിറയും.. അവളുടെ നിഷ്‌കളങ്കമായ ചിരിക്കു കൂട്ടായ് ഒക്കത്ത് ഒരു കുട്ടിയും ഉണ്ടാകും.. അല്ലേല്‍ അവളുടെ കെട്ടു ഉറപ്പിച്ചു വെച്ചതാകും.. പിന്നെ പഠിക്കേണ്ടതില്ലല്ലോ.. പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസുകള്‍ക്കു പുറമെ ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസും എടുത്ത കൗണ്‍സിലര്‍ ആണെന്ന് ഒരു പൊലീസ്‌കാരന്‍ എന്നെ അഭിനന്ദനങ്ങള്‍ അറിയിച്ചു.. പരാതി കൊടുക്കാനും സാക്ഷി പറയാനും അന്ന് നിയമങ്ങളുടെ പിന്‍ബലം ഇല്ലായിരുന്നു.... പക്ഷേ ആ അഭിനന്ദനങ്ങള്‍ക്കു അപ്പുറം അവിടത്തെ അവസ്ഥ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഭീതി ആണ്.
എഴുതിയാല്‍ തീരില്ല.. അക്ഷരം കൊണ്ട് ശത്രുക്കളെ കൂട്ടാനും വയ്യ.. ജീവിതശൈലി ആണ് പലപ്പോഴും ജീവന് ആപത്താകുന്നത്.. ജീവിതശൈലി മെച്ചപെടുത്തി എടുക്കാന്‍ ജനങ്ങളെ സഹായിക്കേണ്ടതോ ഭരണം ഏറ്റെടുത്തു നടത്തുന്നവര്‍.... റംസിയുടെ ചിത കെട്ടടങ്ങാന്‍ അധികം നേരമാകില്ല.. താമസിക്കാതെ അവളെ എല്ലാവരും മറക്കും.. എത്രയോ റംസിമാര്‍ ഉണ്ടായിട്ടുണ്ട്.. ഇനിയും ഉണ്ടാകും.. ഒരാള്‍ക്ക് ശിക്ഷ കൊടുത്തതുകൊണ്ടാകില്ല.. അവിടെ മൊത്തത്തില്‍ അഴിച്ചു പണിയണം.. ചിന്താഗതികള്‍ മാറാന്‍ സമയം എടുക്കും.
റംസിയയുടെ പരാധീനത ഉള്ള കുടുംബം നിശ്ചയം നടത്തിയപ്പോള്‍ ചെറുക്കന് കൊടുത്ത ഒരു ലക്ഷം വിലയുള്ള വാച്ച് മുതലുള്ള കാര്യങ്ങള്‍ കേട്ടു.. അതിനു അവര്‍ എടുത്തു കൂട്ടി വെച്ചിരിക്കുന്ന പലിശ ഊഹിക്കാം.. അതേ പോലെ എത്രയോ ഇടങ്ങളില്‍ സംഭവിച്ചു കൊണ്ടേ ഇരിക്കുന്നു.. സ്ത്രീധന ഇടപാടില്‍ കൊല്ലം ജില്ലയില്‍ എന്ത് പ്രതിസന്ധി വന്നാലും ഒരു ഇളവും പ്രതീക്ഷിക്കേണ്ട.. രാഷ്ട്രീയം കലര്‍ത്തി, മതവികാരങ്ങള്‍ക്ക് തീകൊളുത്തി, ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിച്ചു, സ്വാര്‍ത്ഥകാര്യങ്ങള്‍ നേടിയെടുക്കാതെ, ആത്മാര്‍ത്ഥതയോടെ ജനങ്ങള്‍ക്ക് ഇടയില്‍ ഇറങ്ങി ചെല്ലാന്‍ ആരേലും ഉണ്ടാകുന്ന കാലം വരട്ടെ..

kala counselling psychologist writes about ramzi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES