ആമാടപെട്ടികളുമായി ക്യു നില്‍ക്കുന്നവര്‍
എ ന്റെ ബഹുമാന്യരായ വായനക്കാര്‍ക്ക് ബോറടിക്കില്ലെങ്കില്‍ ഞാന്‍ രണ്ട് വ്യത്യസ്ത ലോകങ്ങളുടെ ഒരു ചെറിയ കഥ പറയാം. ഇപ്പോള്‍ എല്ലാം ഗള്‍ഫ് മയമാണല്ലോ. ഫലിതപ്രിയനും സരസ ഭാഷിയുമായ ഇ കെ നായനാരെ ഓര്‍മ്മിക്കാത്ത മലയാളികള്‍ ഉണ്ടാകില്ലല്ലോ. മലയാളി സ്ത്രീകളുടെ ഏറ്റവും പ്രിയങ്കരനായ നേതാവും നായനാര്‍ തന്നെ. അതുപോലെ ഇനി ഒരാള്‍ ഉണ്ടാകുന്നതുവരെ ആ സ്ഥാനം അങ്ങനെ തന്നെ നിലനില്‍ക്കും. എന്തുകൊണ്ടാണ് അങ്ങനെ ഒരാള്‍കൂടി എങ്കിലും ഉണ്ടാകാത്തത്? വിജയന്‍ മാഷ് മുമ്ബേ പറഞ്ഞ ഉത്തരം തന്നെ ഇവിടെയും ആവര്‍ത്തിക്കാം: 'ചോദ്യം ചെയ്യുന്നവരെ തുടര്‍ച്ചയായി പുറത്താക്കിക്കൊണ്ടിരുന്നാല്‍ ഒരു പറ്റം ഭീരുക്കള്‍ മാത്രം അവശേഷിക്കുന്ന ഒരു സ്ഥാപനമായി പാര്‍ട്ടി മാറും.' അതാണ് സത്യം. ഞാന്‍ തുടങ്ങിവെച്ചത് നായനാരെക്കുറിച്ചാണല്ലോ. അതേ എന്റെ മുഖ്യ കഥയിലെ നായകന്‍ നായനാര്‍ തന്നെയാണ്, പ്രതിനായകന്റെ പേര് നിങ്ങള്‍ക്ക് ഊഹിച്ചെടുക്കാം.
നായനാര്‍ 1980ല്‍ മുഖ്യമന്ത്രി പദത്തിലെത്തുമ്ബോള്‍, ഒരു വിദേശയാത്ര പോലും നടത്തിയിട്ടില്ലാത്ത നേതാവായിരുന്നു എന്നത് എത്രപേര്‍ക്ക് അറിയാം. മുഖ്യമന്ത്രി പദത്തിലെത്തി അഞ്ചുവര്‍ഷത്തോളം ഒരു പാസ്‌പ്പോര്‍ട്ട് പോലും അദ്ദേഹം എടുത്തിരുന്നില്ല. അത്തരം പത്രാസുകള്‍ ഒന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. ഗള്‍ഫിലെ മലയാളികളുടെ പ്രശ്‌നങ്ങള്‍ നേരില്‍ കണ്ട് മനസിലാക്കാന്‍ നായനാര്‍ ഗള്‍ഫ് സന്ദര്‍ശിക്കണമെന്ന ആവശ്യം ശക്തിയായി ഉയര്‍ന്നപ്പോഴാണ് നായനാരെയും എം വി രാഘവനെയും അങ്ങോട്ടയയ്ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. 'എന്റെ വിദേശ യാത്രകള്‍' എന്ന പേരില്‍ ഒരു ഗ്രന്ഥം നായനാര്‍ എഴുതിയത് 1998 അവസാനം നാഷണല്‍ ബുക്സ്റ്റാള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് . മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഒരു പാസ്‌പ്പോര്‍ട്ട് പോലും ഇല്ലാത്ത നേതാവായിരുന്നു നായനാര്‍ എന്നത് ആ പുസ്തകം തുറക്കുമ്ബോള്‍ അത്ഭുതത്തോടെയേ നമുക്ക് കാണാന്‍ ആകൂ.
നായനാര്‍ തന്നെ തുടര്‍ന്ന് പറയട്ടെ :'കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഞങ്ങള്‍ ആലോചിച്ചിരുന്ന ഒരു പദ്ധതി - ഗള്‍ഫ് മേഖലയിലേക്കുള്ള പര്യടനം -1984 ജനുവരി അവസാനത്തിലാണ് നടപ്പിലാക്കാന്‍ കഴിഞ്ഞത്. അങ്ങനെ ജനുവരി 22 ന് ഞാനും എം വി രാഘവനും തിരുവനന്തപുരത്തു നിന്ന് ന്യുഡല്‍ഹിയിലേക്ക് പുറപ്പെട്ടു. ഇന്ത്യയ്ക്കു പുറത്തുപോകാനുള്ള പാസ്പോര്‍ട്ട് സപ്തംബര്‍ മാസം തയ്യാറാക്കിയിരുന്നു. ഞങ്ങളുടെ പാസ്‌പ്പോര്‍ട്ടിനുള്ള അവസാന ഏര്‍പ്പാട് ചെയ്യുന്നതിനും വിദേശനാണയ കൈമാറ്റമനുസരിച്ചു ഉറുപ്പിക ഡോളര്‍ ആക്കി മാറ്റുന്നതിനും ഡല്‍ഹിയിലെ പാര്‍ട്ടി കേന്ദ്രകമ്മിറ്റി ഓഫീസുമായി ബന്ധപ്പെട്ടു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഇ എം എസിനെക്കണ്ട് ഗള്‍ഫ് യാത്രയെക്കുറിച്ചു സംസാരിച്ചു. ഫെബ്രുവരി നാലിന് സമ്മേളിക്കുന്ന പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നതിന് കഴിയും വിധത്തില്‍ തിരിച്ചെത്താമെന്ന ധാരണ ഇ എം എസിനു നല്‍കി. പിറ്റേന്ന് വൈകുന്നേരത്തോടെ, പാസ്‌പ്പോര്‍ട്ട്, വിദേശനാണയം സമ്ബാദിക്കല്‍ തുടങ്ങിയ എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കി. ( ഇന്നാണെങ്കില്‍ പോളിറ്റ് ബ്യുറോ അംഗം വിദേശത്തു പോയാലും എങ്ങനെ പോയെന്നോ എപ്പോള്‍ പോയെന്നോ ആര്‍ക്കും ഒരുനിശ്ചയവുമില്ല. പാര്‍ട്ടി സെന്റര്‍ പോലും തിരിച്ചറിയുന്നത് ടെലിവിഷനില്‍ സ്‌ക്രോള്‍ കാണുമ്ബോള്‍ ആണ്. )
ഗള്‍ഫ് മേഖലയില്‍ താമസിക്കുന്ന ലക്ഷക്കണക്കിന് മലയാളികളുടെ ജീവിത പ്രശ്‌നങ്ങളും തൊഴില്‍പ്രശ്നങ്ങളും പഠിക്കാനും മനസിലാക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു ഈ യാത്ര, ഞങ്ങള്‍ രണ്ടുപേരുടെയും ജീവിതത്തിലെ ആദ്യ വിദേശപര്യടനമായിരുന്നു ഇത്. കേന്ദ്രകമ്മിറ്റി ഓഫീസില്‍ പോയഘട്ടത്തില്‍ ഞാനും എം വി രാഘവനും ഓഫീസിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു പ്രവര്‍ത്തിക്കുന്ന ദേശരാജ് ഛദ്ദയെ കണ്ട് സംസാരിച്ചു. ഗള്‍ഫ് നാട്ടിലേക്ക് പോകുമ്ബോള്‍ ആവശ്യമായ ഉറുപ്പിക നാണയം, ഡോളര്‍ ആക്കി മാറ്റുന്നതിനും മറ്റു കാര്യങ്ങള്‍ക്കും ആവശ്യമായ സഹായമെല്ലാം അദ്ദേഹം ഞങ്ങള്‍ക്ക് ചെയ്തുതന്നു. കുറച്ചു പണം കേന്ദ്രകമ്മിറ്റി ഓഫീസില്‍ നിന്ന് ഞങ്ങള്‍ വാങ്ങിയിരുന്നു. അതിനു എന്റെ കയ്യക്ഷരത്തില്‍ തന്നെ പേരെഴുതി ഒപ്പിടണമെന്ന് ചദ്ദ നിര്‍ദ്ദേശിച്ചു. പാര്‍ട്ടി ഓഫീസിലെ പണത്തെപ്പറ്റിയുള്ള കൃത്യതയും കണക്കും സൂക്ഷിക്കുന്നതില്‍ ചദ്ദ പാലിച്ചിരുന്ന കണിശമായ തത്വദീക്ഷയും അച്ചടക്കവും മാതൃകാപരമായിരുന്നു. (ഓഫീസിലെ കേന്ദ്രകമ്മിറ്റി ഓഫീസിലെ വാഹനത്തില്‍ ഇന്ധനം നിറയ്ക്കണമെങ്കില്‍ എത്ര ചെറിയ തുകയ്ക്കും രണ്ട് പിബി അംഗങ്ങള്‍ ഒപ്പിടണമായിരുന്നു അടുത്തനാള്‍ വരെ )
വീണ്ടും നായനാര്‍ തുടരുന്നു: ' തികഞ്ഞ ആഹ്ലാദത്തോടുകൂടിയാണ് ജനുവരി 24 നു രാവിലെ ഞാനും രാഘവനും ബോംബെയില്‍ എത്തിയത്. വൈകിട്ട് നാലുമണിക്ക് രാഷ്ട്രാന്തരീയ വിമാനത്താവളത്തിലെത്തി. വൈകുന്നേരം നാലരമണിക്കുള്ള ഗള്‍ഫ് ഭരണാധികാരികളുടെ വിമാനത്തില്‍ അബുദാബിയിലേക്ക് പുറപ്പെട്ടു. അറബിക്കടല്‍ മുറിച്ചുകൊണ്ടുള്ള ആ യാത്ര സന്തോഷപ്രദമായിരുന്നു. കീഴെ കടല്‍. മുകളില്‍ ആകാശം. മേഘപാളികള്‍ മുറിച്ചുകൊണ്ടുള്ള വിമാനയാത്ര. മേഘസന്ദേശത്തിലെ ചില വരികളിലേക്കു എന്റെ മനസ്സിനെ പിടിച്ചുവലിച്ചു. വൈകുന്നേരം ഇന്ത്യന്‍ സമയം ഏഴുമണിക്ക് ഞങ്ങള്‍ അബുദാബി വിമാനത്താവളത്തിലെത്തി.
പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ എനിക്ക് ഫെബ്രുവരി നാലിന് തന്നെ തിരിച്ചെത്തണമായിരുന്നു. എന്നാല്‍ ഗള്‍ഫ് മേഖലയിലെ മലയാളികളുടെയിടയില്‍ ഇറങ്ങി ചെന്നതോടുകൂടി ഞങ്ങള്‍ മുന്‍കൂട്ടി ഇട്ട പരിപാടികളാകെ മാറ്റേണ്ടിവന്നു. വെറും ഒമ്ബതു ദിവസത്തെ പരിപാടിയുമായി പുറപ്പെട്ട ഞങ്ങള്‍ക്ക് 19 ദിവസം ഗള്‍ഫ് മേഖലയില്‍ ചെലവിടേണ്ടിവന്നു. വിമാനമിറങ്ങിയ ദിവസം ഞങ്ങള്‍ ആദ്യം താമസിച്ചത് രാജന്റെ വീട്ടിലാണ്. അവിടെ നാലുപേര്‍ താമസിക്കുന്നുണ്ട്. അവരോടൊപ്പം തന്നെ താമസിക്കാന്‍ ഞങ്ങളും തീരുമാനിച്ചു. അവര്‍ കാലത്തു നാലുമണിക്ക് ജോലിക്കു പോകും. ചിലര്‍ ഉച്ചയ്ക്ക് തിരിച്ചെത്തും. മറ്റു ചിലര്‍ ഉച്ചയ്ക്ക് പോയി രാത്രി തിരിച്ചെത്തും. ഒരു വിഭാഗം മലയാളികള്‍ അവരുടെ പ്രവര്‍ത്തനസങ്കേതമായി കണക്കാക്കിയ വീടാണിത്. മുല്ലരാജന്‍ എന്നാണ് സുഹൃത്തുക്കള്‍ അദ്ദേഹത്തെ വിളിക്കാറ് . ജനവരി 5 മുതല്‍ മൂന്നു ദിവസം ഞങ്ങള്‍ അബുദാബിയില്‍ താമസിച്ചു. ഈ മൂന്നു ദിവസത്തിനകം നിരവധി മലയാളികളെ ഞങ്ങള്‍ കണ്ടു അവരുടെ സംഘടനകളുമായി ബന്ധപ്പെട്ടു. മലയാളികളുടെ ജീവിതാനുഭവങ്ങള്‍ കൈമാറി.' ഇങ്ങിനെപോകുന്നു പ്രതിപക്ഷനേതാവിന്റെ ഗള്‍ഫ് പര്യടനത്തിന്റെ വിവരണം.(നായനാരെ പോലെ ഒരു നേതാവിനെ സഹസ്രകോടീശ്വരന്മാര്‍ ആരുംകാണാന്‍ വന്നില്ല. അതാണ് ആ കാലം.)
ഇത്രയും ഇവിടെ ഉദ്ധരിച്ചത് ഇന്നത്ത കാലത്തെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഗള്‍ഫ് പര്യടനവുമായുള്ള അന്തരം മനസ്സിലാക്കാനാണ്. കേരള നേതാവ് എത്തുന്നു എന്നറിഞ്ഞാല്‍ നൗകയുടെ രൂപസാദൃശ്യമുള്ള കോടികളുടെ ആഡംബര കാര്‍ വിമാനത്താവളത്തില്‍ ഉണ്ടാകും. അവിടെനിന്ന് രാജാവിന് തുല്യമായ ആഡംബരമുള്ള ഹോട്ടലിലെ വാസം. അവിടെ ഒരു മുല്ല രാജന്റെയും സാന്നിധ്യം കാണാനാവില്ല . ഭൂമുഖത്തെ സഹസ്രകോടീശ്വരന്മാര്‍ എന്ന് പുകള്‍പെറ്റ ഉന്നതരുടെ വരവും പോക്കുമാവും മുറിയില്‍. കുടുംബാംഗംങ്ങള്‍ കൂടി ഉണ്ടെങ്കില്‍ അവരുടെ കേളികള്‍ പറയാനുമില്ല. തൊഴിലാളികളുടെ പാര്‍പ്പിടങ്ങളോ ചേരികളോ കാണാന്‍ അവര്‍ക്കു നേരമില്ല. എന്തുമാറ്റമാണ് നമുക്ക് ചുറ്റും.
ഈ മാറ്റങ്ങള്‍ എല്ലാം കണ്ടിട്ടും ശയ്യാവലംബിയായ മറ്റൊര സെന്‍ ബുദ്ധസന്യാസിക്ക് ചാഞ്ചല്യമില്ല. പാര്‍ട്ടിക്ക് വിലപ്പെട്ട മൂല്യങ്ങള്‍ എല്ലാം ഈറ്റില്ലത്തില്‍ നുഴഞ്ഞു കയറിയ തസ്‌ക്കരന്മാര്‍ ബക്കറ്റുകളില്‍ കവര്‍ന്നുകൊണ്ടിരിക്കുന്നു എന്നാണ് ഒപ്പമുള്ളവര്‍ മന്ത്രിക്കുന്നത്. വിഗ്രഹങ്ങള്‍ എല്ലാം കള്ളന്മാര്‍ കൊണ്ടുപോയി, അപ്പോഴും സെന്‍ബുദ്ധന്റെ ചുണ്ടില്‍ മന്ദഹാസം മാത്രം. കിളിവാതില്‍ ചൂണ്ടി ആത്മവിശ്വാസത്തോടെ സെന്‍ ബുദ്ധന്‍ അനുയായിയോട് പറഞ്ഞു : നോക്കൂ എല്ലാം പോയാലും മുകളിലെ ആ കിളിവാതിലില്‍ കൂടി നോക്കുമ്ബോള്‍ കാണുന്ന പൂന്തിങ്കള്‍ അവിടെ തന്നെ കാണും. അതാര്‍ക്കും മോഷ്ടിക്കാനാവില്ല. എത്ര ബക്കറ്റ് വെച്ച് അളന്നാലും അതില്‍ തൊടാന്‍ ആവില്ല