കുട്ടികളെ ശാസ്ത്രത്തോട് കൂടുതൽ അടുപ്പിക്കുവാനും ശാസ്ത്ര കുതുകികളാക്കി മാറ്റാനും പരിശ്രമിക്കുന്ന യൂറീക്ക അരനൂറ്റാണ്ട് തികയ്ക്കുന്നു. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടു കാലമായി കേരളത്തിലെ കുട്ടികൾ ശാസ്ത്രത്തിന്റെ വികാസത്തെ കുറിച്ച് അറിയാൻ ഉപയോഗിക്കുന്ന മാധ്യമമാണ് യൂറീക്ക. ശാസ്ത്രീയ സമീപനത്തിനും ശാസ്ത്രബോധത്തിനും ഊന്നൽ നൽകുന്ന യുറീക്ക മലയാളത്തിലെ മറ്റ് ബാലപ്രസിദ്ധീകരണങ്ങളിൽനിന്ന് വേറിട്ടുനിൽക്കുന്നു. കുട്ടികളെ അന്വേഷണത്തിന് പ്രേരിപ്പിക്കുംവിധത്തിലാണ് യുറീക്കയുടെ ഉള്ളടക്കം. മാത്തൻ മണ്ണിരക്കേസ്, ഇടിയൻ മുട്ടൻ, മാഷോടു ചോദിക്കാം, ഹരീഷ് മാഷും കുട്ട്യോളും, ഭൂമിയിലെത്തിയ വിരുന്നുകാർ തുടങ്ങി കുട്ടികളുടെയിടയിൽ ഹിറ്റായ നിരവധി രചനകൾ ഇതിനോടകം യുറീക്കയിലൂടെ വെളിച്ചംകണ്ടു.
ഡോ. കെ എൻ പിഷാരടി ചീഫ് എഡിറ്ററും ടി ആർ ശങ്കുണ്ണി മാനേജിങ് എഡിറ്ററുമായി 1970 ജൂൺ ഒന്നിന് തൃശൂരിൽനിന്നാണ് യുറീക്ക പിറന്നത്. യുറീക്കാമാമൻ എന്ന പേരിലാണ് യുറീക്കയുടെ എഡിറ്റർ കുട്ടികൾക്കിടയിൽ പരിചിതനായത്. ഡോ. കെ എൻ പിഷാരടി, എം സി നമ്പൂതിരിപ്പാട്, പ്രൊഫ. എസ് ശിവദാസ്, സി ജി ശാന്തകുമാർ, കേശവൻ വെള്ളികുളങ്ങര, ഡോ. കെ കെ രാഹുലൻ, ഡോ. കെ പവിത്രൻ, എ വി വിഷ്ണുഭട്ടതിരിപ്പാട്, പ്രൊഫ. എം ശിവശങ്കരൻ, പ്രൊഫ. കെ ശ്രീധരൻ, പ്രൊഫ. കെ പാപ്പുട്ടി, കെ ടി രാധാകൃഷ്ണൻ, കെ ബി ജനാർദനൻ, രാമകൃഷ്ണൻ കുമരനെല്ലൂർ, ഇ എൻ ഷീജ തുടങ്ങിയവർ യുറീക്കയുടെ എഡിറ്റർമാരായിരുന്നു. സി എം മുരളീധരൻ ഇപ്പോൾ എഡിറ്ററും എം ദിവാകരൻ മാനേജിങ് എഡിറ്ററുമാണ്.
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ. 1970ന് കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ, എറണാകുളം, കോട്ടയം, ഷൊർണൂർ, മലപ്പുറം, ബംഗളുരു എന്നിവിടങ്ങളിൽ പ്രകാശനം നടന്നു. കോഴിക്കോട്ട് ബാലാമണിയമ്മയും എറണാകുളത്ത് കെ എ ദാമോദര മേനോനുമായിരുന്നു പ്രകാശനം നിർവഹിച്ചത്.
ആദ്യ ലക്കത്തിൽ ബാലാമണിയമ്മയാണ് യുറീക്കയുടെ ദർശനം വായനക്കാർക്ക് മുന്നിലവതരിപ്പിച്ചത്. ഡോ. കെ ജി അടിയോടി, ഡോ. കെ എൻ പിഷാരടി, ഡോ. കെ പവിത്രൻ, ബി വിജയകുമാർ, ഒ ടി പീറ്റർ, പ്രൊഫ. എ അച്യതൻ, എം സി നമ്പൂതിരിപ്പാട്, രേവതി, എം സോമൻ എന്നിവരായിരുന്നു ആദ്യ ലക്കത്തിലെ ലേഖകർ. ലേഖനങ്ങളും ചെറുകുറിപ്പുകളും ലളിതാംബിക അന്തർജനത്തിന്റെ മോഹം എന്ന കഥയുമായിരുന്നു ആദ്യലക്കത്തിലെ ഉള്ളടക്കം. തുടക്കത്തിൽ ഒരു കോപ്പിക്ക് മുപ്പത് പൈസയും വാർഷിക വരിസംഖ്യ മൂന്ന് രൂപയുമായിരുന്നു വില.
യൂറീക്കയുടെ പ്രസിദ്ധീകരണം കോഴിക്കോട്ടേക്ക് മാറ്റിയത് 1980കളുടെ തുടക്കത്തിലാണ്. 2002 ഓഗസ്റ്റ് മുതൽ യുറീക്ക ദ്വൈവാരികയായി മാറി. 2019 ജൂണിൽ യുറീക്ക അമ്പതാം വയസ്സിലേക്ക് പ്രവേശിക്കും. പല പുതിയ ശാസ്ത്ര വിവരങ്ങളെയും കേരളത്തിലെ കുട്ടികൾക്ക് ആദ്യമായി പരിചയപ്പെടുത്തുന്നതിൽ യുറീക്ക മുഖ്യമായ ഒരു പങ്കു വഹിച്ചിട്ടുണ്ട്. വായിച്ചു വളരാനും അറിവു നേടാനും കേരളത്തിലെ യുറീക്ക വായനക്കാരായ കുട്ടികളെ പ്രേരിപ്പിക്കുന്നതിൽ യുറീക്ക വലിയ ഒരളവു വരെ വിജയിച്ചിട്ടുണ്ട്. യുറീക്ക വിജ്ഞാന പരീക്ഷ ,വിജ്ഞാനോത്സവം എന്നീ മത്സരപരീക്ഷകൾ ഏറെ പ്രശസ്തമാണ്.
കുട്ടികളെ കൂടി പങ്കെടുപ്പിച്ചാണ് യൂറീക്ക തയ്യാറാകുന്നത്. കുട്ടികളുടെ രചനകൾക്കായുള്ള ചുവടുകൾ എന്ന പംക്തി വർഷങ്ങളായി തുടരുന്നു. ചുവടുകളിലൂടെ എഴുതിത്ത്തെളിഞ്ഞ് പിന്നീട് എഴുത്തുകാരായി മാറിയ നിരവധി കൂട്ടുകാർ യുറീക്കക്കുണ്ട്. കുട്ടികൾ രചനയും ചിത്രീകരണവും എഡിറ്റിങ്ങും നിർവഹിച്ച് തയ്യാറാക്കുന്ന പ്രത്യേക ലക്കങ്ങൾ യുറീക്കയുടെ സവിശേഷതയാണ്. ഇതിനകം പന്ത്രണ്ട് ലക്കങ്ങൾ ഇങ്ങനെ കുട്ടികളുടെ നേതൃത്വത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്.
2019 ജൂൺ മുതൽ 2020 ജൂൺ വരെയുള്ള ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്ക് യുറീക്കയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും തയ്യാറെടുക്കുകയാണ്. മലയാളത്തിലെ ബാലശാസ്ത്ര മാസികകളുടെ ചരിത്രത്തിൽ പുതിയ അധ്യായം രചിക്കുന്നതായിരുന്നു യുറീക്കയുടെ വളർച്ച. ശിശു കേന്ദ്രീകൃത വിദ്യാഭ്യാസ പരിപാടിക്കും പാഠ്യപദ്ധതി പരിഷ്‌കരണത്തിനും മാസിക നൽകിയ സംഭാവനകളും ചെറുതല്ല.
വിവര സാങ്കേതിക വിദ്യയുടെ വികാസത്തിനും പതിറ്റാണ്ടുകൾക്ക് മുമ്പാണ് യുറീക്ക ശാസ്ത്രമാസിക കേരളത്തിൽ പ്രസിദ്ധീകരണം ആരംഭിച്ചത്. ടെലിവിഷനും ഇന്റർനെറ്റും സാധാരണ മലയാളിയുടെ ചിന്തയിൽ പോലും ഇല്ലാതിരുന്ന കാലത്ത് ലോകത്ത് ശാസ്ത്ര ശാഖകളിൽ സംഭവിക്കുന്ന മാറ്റങ്ങൾ കുട്ടികൾക്ക് മനസ്സിലാകുന്ന ഭാഷയിൽ യുറീക്ക കുട്ടികളിലേക്ക് എത്തിച്ചു. യൂറീക്ക പരീക്ഷയും വിജ്ഞാനോത്സവവുമെല്ലാം കുട്ടികളെ അറിവിനോട് കൂടുതൽ ചേർത്തു നിർത്തുന്നതിന് മാസികയും ശാസ്ത്ര സാഹിത്യ പരിഷത്തും ഉപയോഗിച്ചു. ഇന്ന് അറിവ് വിരൽതുമ്പിൽ ലഭ്യമാകുമ്പോൾപോലും ഇത്തരം ഇടപെടലുകളാണ് യുറീക്കയെ മറ്റ് മായികകളിൽ നിന്നും അറിവിന്റെ ഉറവിടങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.