Latest News

മട്ടാഞ്ചേരിയുടെ നിഗൂഢതകൾ-അജീഷ് ജി ദത്തന്‍

അജീഷ് ജി ദത്തന്‍
മട്ടാഞ്ചേരിയുടെ നിഗൂഢതകൾ-അജീഷ് ജി ദത്തന്‍

ലയാള ചെറുകഥയിൽ ഇന്ന് എഴുതുന്ന പുതുതലമുറയിലെ ശ്രദ്ധേയനാണ് അഖിൽ.എസ്.മുരളീധരൻ. വളരെക്കുറച്ചു കഥകൾ മാത്രമേ എഴുതിയിട്ടുള്ളുവെങ്കിലും, നിലനിൽക്കുന്ന ക്രാഫ്റ്റിനെ മറികടക്കാൻ ഈ കഥാകൃത്ത് ബോധപൂർവം ശ്രമിക്കുന്നു എന്നിടത്താണ് കയ്യടി അർഹിക്കുന്നത്.

പരീക്ഷണങ്ങളെ വായനക്കാർ എങ്ങനെ കാണുമെന്ന ഭയം ഈ എഴുത്തുകാരനെ അലോസരപ്പെടുത്തുന്നില്ല. 'കഥയിൽ കഥ തേടുന്ന' സാമ്പ്രദായിക വായനക്കാരെ/ആസ്വാദകരെ ഒരു പക്ഷെ ഈ കഥകൾ നിരാശപ്പെടുത്തിയെക്കുമെന്ന് തോന്നുന്നു. അഖിലിന്റെ ഏറ്റവും പുതിയ കഥ മട്ടാഞ്ചേരി രഹസ്യം(ശാന്തം മാസിക) വായിക്കുമ്പോഴും ഈ പരീക്ഷണ ത്വര കാണാം.

"You have everything but onething: madness. A man needs a little madness or else he never dares cut the rope and be free"-  എന്ന കസൻ ദി സാക്കിസിന്റെ 'സോർബ ദി ഗ്രീക്കി'ലെ വാചകം ഉദ്ധരിച്ചാണ് കഥ ആരംഭിക്കുന്നത്. ഭ്രാന്തിന്റെ ഉണ്മയെന്ന് കഥയെ വിശേഷിപ്പിച്ചാൽ തെറ്റില്ലെന്ന് തോന്നുന്നു.

മട്ടാഞ്ചേരി നഗരത്തിലെ ഗൈഡായ കഥാപാത്രത്തിന്റെ ഭ്രമദർശനങ്ങളിലൂടെയും അനിശ്ചിതത്വങ്ങളിലൂടെയുമാണ്‌ കഥ പോകുന്നത്. മട്ടാഞ്ചേരിയുടെ ചരിത്രം ഒരു ഭൂതായ്മയായി ഇതിലെ കഥാപാത്രങ്ങളെയും പിന്തുടരുന്നു. ബിനാലെയും, ചുവർചിത്രങ്ങളും, ജൂതത്തെരുവുകളും, കപ്പലുകളും നിറഞ്ഞ മട്ടാഞ്ചേരിയുടെ ഭൗതിക സ്ഥലം(space) കഥയിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. കാലം(time) ഡൈനമിക്കും ഡൈലക്ടിക്കുമാണെന്ന പഴയ വീക്ഷണത്തെ ഈ കഥ അട്ടിമറിക്കുന്നുമുണ്ട്. 

"വന്നതും പോയതുമായ പ്രാചീന കപ്പലുകൾ വീണ്ടും ഒരിക്കൽകൂടി തീരത്തേക്ക് വന്നു. ഞാൻ അവരോട് കാലം ചോദിച്ചു? അവർ ചിരിക്കുന്നു". കഥയുടെ തുടക്കത്തിൽ തന്നെ ഇടത്തിന് പ്രാധാന്യം കൈവരുന്നുണ്ട്. ഭൂത-വർത്തമാന കാലങ്ങൾ പലപ്പോഴും ശിഥില ചിത്രങ്ങൾ പോലെ ആഖ്യാനത്തിൽ കൂടിക്കുഴയുന്നുണ്ട്.  കാലത്തെയും സമയത്തെയും കുറിച്ചുള്ള ധാരണകൾ മാറിമാറിയുന്നു.

രണ്ടു കാലത്തിന്റെയും ഇടയിലാണ് പലപ്പോഴും ആഖ്യാതാവ് നിലയുറപ്പിക്കുന്നത്. ഇത് തീർച്ചയായും ഭൗതികമായ ഇടമല്ല. ജ്ഞാനവും ഭാവനയും ഉൾപ്പെടുന്ന ഒരിടമാണത്. അവിടെ കമല സുരയ്യയുണ്ട്, പി എഫ്. മാത്യൂസിന്റെ കാപ്പിരി മുത്തപ്പനുണ്ട്, കൊച്ചി തമ്പുരാനുണ്ട്, തെരുവിന്റെ രഹസ്യങ്ങൾ അറിയുന്ന തോമസ് ഇടവ എന്ന ചായക്കടക്കാരനുണ്ട്, ചിത്രത്തിൽ നിന്നും( അതോ ചരിത്രത്തിൽ നിന്നോ) പുറത്തുവരുന്ന പെൺകുട്ടിയുണ്ട്.

മട്ടാഞ്ചേരിയുടെ തെരുവുകളിലെ നിഗൂഢമായ രഹസ്യങ്ങൾ അറിയാവുന്നത് ആർക്കാണ്? ആ തെരുവുകളിൽ വന്നും പോയുമിരുന്ന അനേകം മനുഷ്യർക്ക്, അവിടെ ജീവിച്ചു മരിച്ച അനേകരുടെ ആത്മാക്കൾക്ക്, വർത്തമാനത്തിൽ ജീവിച്ചിരിക്കുന്ന തോമസ് ഇടവ എന്ന ചായക്കടക്കാരന്, കഥ പറയുന്ന ചിത്രങ്ങൾക്ക് ഒക്കെ തങ്ങൾ പേറുന്ന ഭൂതകാലത്തിന്റെ നിഗൂഢ ഭാരമുണ്ട്.

നഗരത്തിലൂടെ, അവിടുത്തെ തെരുവുകളിലൂടെയുള്ള നടത്തം കഥയിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. വ്യവഹാരങ്ങളുടെ തലം, ജീവിതാനുഭവങ്ങളുടെ തലം എന്നീ നോട്ടപ്പാടുകളിൽ കഥ സഞ്ചരിക്കുന്നുണ്ട്. അതുപോലെ തന്നെ ചിത്രങ്ങൾ കൊണ്ടുള്ള സൂചകാഖ്യാനം കഥയുടെ സവിശേഷതയാണ്. പെൺകുട്ടി ഇറങ്ങിവരുന്നത് ചിത്രങ്ങളിൽ നിന്നും ഓർമ്മകളിൽ നിന്നുമാണ്. കമല സുരയ്യയുടെ ചിത്രം നിൽക്കുന്ന മതിൽ, അത് പകർത്തുന്ന ആളുകൾ, രാജാവിന്റെ ചിത്രം- മട്ടാഞ്ചേരി തെരുവുകളിലെ ഭിത്തികൾ മുഴുവൻ ചിത്രങ്ങളാണെന്നു കഥ പറയുന്നുണ്ട്. 

തീർച്ചയായും മുകളിൽ നിന്നുള്ള ഒരു കാഴ്ച്ചയല്ല ഈ കഥ ആവശ്യപ്പെടുന്നത്. ചരിത്രവും ഭാവനയും ഭ്രാന്തും കൂടിച്ചേർന്ന അന്തരീക്ഷത്തിലാണ് കഥ നിലയുറപ്പിക്കുന്നത്. തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ ഒരല്പം ഭ്രാന്തുണ്ടെങ്കിൽ മട്ടാഞ്ചേരിയുടെ ഈ ചിതറിയ ചിത്രങ്ങളിലേക്ക് എളുപ്പത്തിൽ ആണ്ടുമുങ്ങാം. ക്രാഫ്റ്റിൽ തീർക്കുന്ന ഈ പരീക്ഷണങ്ങളും വൈവിധ്യവും അഖിലിന്റെ ഇനിയും എഴുതപ്പെടാനിരിക്കുന്ന കഥകളെ കൗതുകത്തോടെ കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നു.

book review mattancherryude nigudatha by ajeesh g dethan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES