Latest News

ഇരട്ടനാളങ്ങളുടെ പൊരുൾ- അജീഷ് ജി ദത്തന്‍

Malayalilife
topbanner
ഇരട്ടനാളങ്ങളുടെ പൊരുൾ- അജീഷ് ജി ദത്തന്‍

നുഷ്യമനസ്സിന്റെ സങ്കീർണ്ണതകൾ ആവിഷ്കരിക്കാൻ എല്ലാ കാലത്തും ചെറുകഥകൾ ശ്രമിച്ചിട്ടുണ്ട്. അതിന്റെ തുടർച്ചയിൽ തന്നെ വായിക്കേണ്ടുന്ന ഒരു കഥയാണ് സമകാലിക മലയാളം വാരികയിൽ ഫർസാന അലി എഴുതിയ 'ഇരട്ടനാളങ്ങൾ'. വിശദീകരിക്കാൻ പ്രയാസമേറിയ  അനിശ്ചിതത്തിന്റെ ലോകമാണല്ലോ മനുഷ്യമനസ്സ്. അനന്തവൈചിത്ര്യങ്ങൾ നിറഞ്ഞ ആ മനുഷ്യമനസ്സിന്റെ കെട്ടഴിച്ചു വിട്ട പോക്കാണ് ഇരട്ടനാളങ്ങളിൽ എഴുത്തുകാരി ചിത്രീകരിക്കുന്നത്.

മലയാള ചെറുകഥയെ സംബന്ധിച്ചിടത്തോളം ഭ്രമാത്മകതയുടെ വിവിധ തലങ്ങൾ സൃഷ്ടിക്കുന്ന കഥകൾ നാം വായിച്ചിട്ടുണ്ട്. അതിൽ തന്നെ എഴുത്തുകാർക്ക് പ്രിയപ്പെട്ട ഒന്നാണ് ദ്വന്ദ്വാനുഭവം അഥവാ ദ്വന്ദവ്യക്തിത്വങ്ങളുടെ ആവിഷ്കാരം. സേതുവിന്റെ കഥകൾ  ദ്വന്ദ്വാനുഭവത്തിന്റെ അൺകാനിയൻ അവസ്ഥകൾ സൃഷ്ടിച്ചെടുക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നവയാണ്. 'കരയും കടലും' എന്ന കഥയിൽ ദ്വന്ദ്വാനുഭവത്തെ തന്നിൽ നിന്നും വേറിട്ട് നിൽക്കുന്ന ഒരു ശരീരമായി സേതു അവതരിപ്പിക്കുന്നുണ്ട്. ഇവിടെ യഥാർത്ഥ വ്യക്തിത്വത്തിന് നിരന്തരം പരിക്കേൽപ്പിച്ചു കൊണ്ടിരിക്കുന്ന അപര വ്യക്തിത്വം മരണം തന്നെയാണ്.

കടലിന്റെ പശ്ചാത്തലത്തിൽ മനുഷ്യമനസ്സാകുന്ന കടലിൽ അലയടിക്കുന്ന മരണ ഭീതിയെ സേതു ചിത്രീകരിക്കുന്നു. അദ്ദേഹത്തിന്റെ തന്നെ 'വിശ്വനാഥൻ എന്ന ഭൂത'ത്തിൽ അപര വ്യക്തിത്വത്തിന് ഭൂതകാല സ്വരൂപം നൽകി കഥാപാത്രമാക്കി നിർത്തുന്നു. മരണത്തിന് മൂർത്തരൂപം നൽകി മുന്നിൽ നിർത്തുന്ന സേതുവിന്റെ തന്നെ മറ്റൊരു കഥയാണ് 'കറുപ്പിന്റെ സംഗീതം'. ഇവിടെയെല്ലാം ദ്വന്ദ്വാനുഭവത്തിനെ ശരീരസ്ഥമായ മൂർത്തതയിൽ ആവിഷ്കരിക്കുകയും അവയിലെല്ലാം ഭയത്തിന്റെ നേർത്ത വികാര തന്ത്രികളെ സുപ്തമാക്കിയിടുകയുമാണ് സേതു ചെയ്യുന്നത്.

ഫർസാനയുടെ കഥയിൽ ദ്വന്ദ്വാനുഭവത്തിന് നിദാനമാകുന്ന ചിന്ത ജീവന്റെ പാതിയായ ഇണയെക്കുറിച്ചുള്ളതാണ്. ഏകരൂപമായിരുന്ന ഭൂമി നെടുകെ പിളർന്ന് ഇരുപാതികളാകുന്ന വിവരണത്തിന്റെ ലാവാ പ്രവാഹത്തിലാണ് കഥയുടെ ആരംഭം. ജന്മാന്തര ബന്ധങ്ങളുടെ നേർത്ത നൂലിഴയിൽ തന്റെ ഇണയെ തേടുന്ന പുരുഷനുണ്ട് ഒരു പകുതിയിൽ.

മറ്റേ ഭൂപാതിയിൽ അയാൾ തേടിയലഞ്ഞ, അയാളെ തേടുന്ന സ്ത്രീയുണ്ട്. ആത്മാവിന്റെ പാതിയെ കണ്ടെത്തുക എന്നതാണ് അയാളിലെ തത്ത്വചിന്തകനെ ആവേശം കൊള്ളിച്ചതെന്ന് കഥാകൃത്ത് എഴുതുന്നുണ്ട്‌. യഥാർത്ഥ ഇണയെ തേടിയുള്ള ഈ അലച്ചിലാണ് കഥയുടെ കാമ്പ്. സ്ത്രീയും പുരുഷനും തന്റെ ആത്മാവിന്റെ പകുതിയെ കണ്ടെത്തുമ്പോഴാണ് പൂർണ്ണതയിലേക്കെത്തുന്നതെന്ന ദർശനം കഥ മുന്നോട്ട് വെയ്ക്കുന്നുണ്ട്‌.

ഇരട്ടനാളങ്ങളിലെ അടിസ്ഥാനഭാവം പ്രണയമാണ്. പ്രണയത്തിന്റെയും, പൂർണതയിലെത്തിയ ആത്മാവിന്റെയും സമാഗമത്തിലേക്കുള്ള കാത്തിരിപ്പാണ് ഇതിലെ പുരുഷനും സ്ത്രീയും പങ്കുവെയ്ക്കുന്നത്. പ്രണയത്തിന്റെ കാൽപ്പനികമായ നേർത്ത പുകപടലങ്ങൾ കഥയെ പൊതിഞ്ഞു നിൽക്കുന്നുണ്ട്. ഇരു സത്തകളും ഒറ്റയൊറ്റയായി നിൽക്കുമ്പോൾ ജീവന്റെ പച്ചപ്പുകൾ ഇരു ഭൂപാതികളിലും അപ്രത്യക്ഷമാണ്. അവളെ കണ്ടെത്തുന്നതോടു കൂടി അയാളുടെ തളർച്ച ഉന്മേഷത്തിനും വാർധക്യം യൗവ്വനത്തിനും വഴിമാറി കൊണ്ട് ഊർജസ്വലമാകുന്നു.

"ചേതനമായ ഒരു വസ്തുവിനും പൂർണ നാശമുണ്ടെന്നു അവൾ വിശ്വസിക്കുന്നില്ല. ഓരോ മനുഷ്യനും അനേകം ജന്മങ്ങൾ, ഓരോ ജന്മത്തിലും അവനും അവൾക്കും പ്രിയപ്പെട്ട ഒരാളുണ്ടാകാം. ആത്മാവിന്റെ മറുപാതി. മറുജന്മങ്ങളിലും അവനും അവളും ആ പാതിയെ തേടിക്കൊണ്ടിരുന്നു. വളരെ അപൂർവം ചിലർ മാത്രം പരസ്പരം കണ്ടുമുട്ടി ജീവിതത്തെ അർത്ഥവത്താക്കുന്നു"- ഇങ്ങനെ ചിന്തിക്കുന്ന സ്ത്രീ ജന്മാന്തര ജീവിതങ്ങളിൽ വിശ്വസിക്കുന്നവളാണ്. മുൻപെവിടെയോ അയാളെ കണ്ടതു പോലെ അവൾക്ക് തോന്നുന്നതിന്റെ കാരണമിതാണ്.

ഭാഷയിലെ ലാളിത്യവും കാല്പനിക ഛായയും കഥയെ അനുഭൂതി നിറഞ്ഞ ജീവിതാഖ്യാനമാക്കി തീർക്കുന്നുണ്ട്. മനുഷ്യമനസ്സിന്റെ സങ്കീർണ്ണമായ അന്വേഷണങ്ങളുടെ അവസാനമില്ലാത്ത വഴിയാണിത്. ഈ കഥാകൃത്ത് ഇനിയും പ്രതീക്ഷയുടെ നാളങ്ങളെ ജ്വലിപ്പിക്കുമെന്നതിൽ സംശയമില്ല.

Read more topics: # book review by ajeesh g dethan
book review by ajeesh g dethan

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES