Latest News

പെൺദൈന്യങ്ങളുടെ കുടീരം- അജീഷ് ജി ദത്തന്‍

Malayalilife
topbanner
പെൺദൈന്യങ്ങളുടെ കുടീരം- അജീഷ് ജി ദത്തന്‍

രു പറ്റം യുവ എഴുത്തുകാർ മലയാള കഥാഭൂമികയിൽ ചലനമുണ്ടാക്കിക്കൊണ്ടിരിക്കുന്ന കാലമാണിത്. കഥയുടെ കൂമ്പടയില്ലെന്നു ഉറച്ചു പറയാവുന്നവിധം ആവിഷ്കരണ മികവ് പുലർത്തുന്നവയാണ് ഇവയിലോരോന്നും. സമീപകാലത്ത് നിരന്തരമായി കഥകൾ എഴുതികൊണ്ടു ശ്രദ്ധ പിടിച്ചു പറ്റിയ മജീദ് സെയ്ദിന്റെ പുതിയ കഥ 'കന്യാകുടീരം' (കഥാ മാസിക, ജൂൺ ലക്കം) വായിക്കുമ്പോൾ ഈ തോന്നലുകൾക്ക് ബലം കൂടുന്നു. നോമ്പ്തുറ, പെൺവാതിൽ തുടങ്ങി ശ്രദ്ധിക്കപ്പെട്ട ചില കഥകൾക്ക് ശേഷം മജീദിന്റേതായി പുറത്തു വന്ന 'കന്യാകുടീരം' പ്രമേയ തലത്തേക്കാളുപരി ഭാഷയുടെ ലാവണ്യതലത്തിലും ഉപമകളിലെ വൈവിധ്യ സമൃദ്ധികൊണ്ടും ആഖ്യാനത്തിന്റെ ചതുരവടിവ് കൊണ്ടുമാണ് ശ്രദ്ധേയമായി തോന്നിയത്.

രാഖിയെന്ന പെൺകുട്ടിയെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ടാണ് കഥ പറഞ്ഞു തുടങ്ങുന്നത്. കർത്താവിന്റെ മണവാട്ടിയായുള്ള അവളുടെ പരിവർത്തനം വരെയുള്ള വളർച്ചയാണ് പ്രമേയതലം. അഴിച്ചു വിട്ട കാമനകൾക്ക് പിറകെ പായുന്ന രാഖിയുടെ അമ്മ ഭർത്താവിനെ ഉപേക്ഷിച്ചു  മക്കളെ 'കരുണാഭവ'ന്റെ കാരുണ്യത്തിലേക്ക് തള്ളി വിട്ട് കാമുകനിലേക്ക് പോകുന്നു. അവിടെ നിന്ന് വേണം നിസ്സഹായരായ മൂന്നു കുഞ്ഞുങ്ങൾക്കും തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കാൻ.  തുടക്കത്തിൽ തന്നെ ശിഥിലമായി പോകുന്ന കുടുംബഘടനയിൽ നിന്നും അനാഥമാക്കപ്പെടുന്ന പെൺജീവിതം മഠത്തിന്റെയും മതാധിപത്യത്തിന്റെയും അധികാര ഘടനയിലേക്കാണ് ചെന്നു ചേരുന്നത്. വിദേശത്തേക്ക് പോകുകയാണെന്ന് കള്ളം പറഞ്ഞു കുട്ടികളെ മഠത്തിലേക്ക് നടതള്ളി രക്ഷപ്പെടുന്ന അമ്മയെ തിരിഞ്ഞു നോക്കാതെ അവർ മഠത്തിന്റെ ഉള്ളറകളിലേക്ക് പ്രവേശിക്കുന്നു. അമ്മയുടെ കാമുകനെ തീരെ ഇഷ്ടപ്പെടാത്ത, അയാളിൽ നിന്നും ദുരന്താനുഭവങ്ങളുള്ള രാഖിയെ സംബന്ധിച്ചു അവരുടെ നടനം മനസ്സിൽ വെറും ഉപഹാസ ഛായയെ സൃഷ്ടിക്കുന്നുള്ളൂ. 

രാഖി എന്നെ പേരിനെ കൊച്ചു മേരി എന്ന ഒറ്റ മാറ്റിവിളിയിലൂടെ സിസ്റ്റർ ജ്ഞാനസ്നാനം ചെയ്തെടുക്കുന്നു. അവിടെ മദറിന്റെയും എസ്തർ സിസ്റ്ററിന്റെയും അന്തേവാസിയായ വേറോണിക്കയുടെയുമൊപ്പം അവളുടെ ജീവിതവും മുന്നേറുന്നു. പ്രായാധിക്യം മൂലം മഠത്തിലേക്ക് താമസത്തിന് വരുന്ന കഴുകന്റെ മാതിരി രൂപമുള്ള ബെനഡിക്ട് അച്ചനും തുടർന്ന് രാഖിയുടെ അനിയത്തി രാജിക്ക് സംഭവിക്കുന്ന ദുരന്തവുമെല്ലാം അടക്കം ചെയ്ത രഹസ്യങ്ങൾ മന്ത്രിക്കും പോലെ സൂചനകളിൽ കൊരുത്തിട്ടിരിക്കുകയാണ് കഥാകൃത്ത്. ആ മൗനങ്ങളെ പൂരിപ്പിക്കേണ്ട ഉത്തരവാദിത്വം വായനക്കാർക്ക് വിട്ടു നൽകിയിരിക്കുകയാണ്. 

തുടർന്ന് ജർമ്മനിക്കാരുടെ ദത്തു പുത്രനായി അനിയൻ രാഹുലും മഠത്തിൽ നിന്നും അവളിൽ നിന്നും പറിച്ചു മാറ്റപ്പെടുന്നതോടെ രാഖി ഒറ്റയ്ക്കാകുന്നു. ഒരുനാൾ ദൈവവിളി കിട്ടിയെന്ന മദറിന്റെ പ്രഖ്യാപനത്തോടെ അവൾ കർത്താവിന്റെ മണവാട്ടിയാകാൻ വലിയ മഠത്തിലേക്ക് മാറ്റപ്പെടുന്നു. ഏഴു കൊല്ലത്തോളം ആഫ്രിക്കയുടെ വരണ്ട ഭൂപ്രദേശങ്ങളിലെ പട്ടിണിയും യുദ്ധകെടുതിയിൽ നീറുന്ന മനുഷ്യരുടെ കാഴ്ചകളും അവളുടെ വേദനകളെ അവൾ മറന്നതായി നടിക്കാൻ പ്രേരിപ്പിക്കുന്നു. പിന്നീട് ഓർമകളുടെ നീറുന്ന നേരിപ്പോടുകളുമായി കേരളത്തിലേക്ക് തിരിച്ചെത്തുന്ന അവൾ ഇഷ്ടമില്ലെങ്കിലും എസ്തറിന്റെ മരണത്തിനു സാക്ഷിയാവുന്നത് വരെയും നീളുന്ന കഥയുടെ ദൈർഘ്യം ഒരിക്കലും മടുപ്പിക്കുന്നില്ല. ഒറ്റയിരുപ്പിൽ വായിച്ചു വെക്കാൻ പ്രേരിപ്പിക്കുന്ന ഭാഷയാണ് കഥാകൃത്തിന്റെ വലിയ കൈമുതൽ.

ഇരയും വേട്ടക്കാരനും

ഇരയും വേട്ടക്കാരനും തമ്മിലുള്ള 'ടോം ആൻഡ് ജെറി' കളിയാണ് കഥയിൽ ഭൂരിഭാഗവും. എങ്ങനെയാണ് മതാധിപത്യവും മഠാധിപത്യവും ചേർന്ന് പെൺകർതൃത്ത്വങ്ങളെ നിശബ്ദമാക്കുന്നത് എന്നതിന്റെ തെളിവ് കൂടിയാണീക്കഥ. രാഖിയും രാജിയും വേറോണിക്കയുമടക്കമുള്ള

ഇരകളുണ്ട് അവിടെ. മദറും എസ്തറും ബെനഡിക്ട് അച്ചനെയും പോലെ വേട്ടക്കാർ മറുവശത്തും. എല്ലാവരെയും കുരുക്കിയിട്ടിരിക്കുന്ന മതാധിപത്യമെന്ന വലിയ വേട്ടക്കാരൻ കാര്യങ്ങൾക്ക് ചരടു വലിക്കുകയും ചെയ്യുന്നു. കുമ്പസാര രഹസ്യങ്ങൾ പൂട്ടിയ നാവിൻ തുമ്പുകളുമായി നടക്കുന്നവരുടെ ദൈന്യതയാണ് കഥയിലെ മൗനങ്ങളിൽ വായിച്ചെടുക്കേണ്ടത്.

എസ്തറിന്റെ കല്ലറയിൽ നിന്ന് നടക്കുമ്പോഴും രാജിയെ സംബന്ധിച്ച സത്യം രാഖിയോട് പറഞ്ഞു മുഴുമിപ്പിക്കാതെ വിഴുങ്ങിക്കളയുന്ന വേറോണിക്കയെ കഥയിൽ കാണാനാവും.  വേട്ടക്കാർ മരിച്ചിട്ടും രഹസ്യങ്ങൾ രഹസ്യങ്ങളായി തുടരുന്നു. അവരെ കീഴ്‌പ്പെടുത്തിക്കളഞ്ഞ വിധേയത്വത്തിന്റെ ആസുരതയാൽ ദൈന്യതയോടെ ഒളിച്ചു കളിക്കാനേ ഇരകൾക്ക് സാധിക്കുന്നുള്ളൂ. രാഖിയുടെയും ടിനോയുടെയും ചെറുപ്രായത്തിലെ പ്രണയം വരെ മുളയിലേ നുള്ളിക്കളയുന്നുണ്ട് എസ്തർ. ഇങ്ങനെ വിലക്കുകളുടെയും ആജ്ഞാനുവർത്തിത്വത്തിന്റെയും രാവണൻ കോട്ടയാകുന്നു കരുണാഭവൻ എന്ന ഒട്ടും കാരുണ്യമില്ലാത്ത മഠം. 

ബാഹ്യതലത്തിലെ ശബ്ദ പ്രഘോഷങ്ങളിൽ ഈ കഥാകൃത്ത് ഒട്ടും വിശ്വസിക്കുന്നില്ല എന്നു തോന്നുന്നു. മറിച്ച് സാമൂഹ്യവ്യവസ്ഥിതിയോടുള്ള കലഹം ആന്തരികമായ മുഴക്കമായി ഉടനീളം അലയടിപ്പിക്കുകയാണ് ചെയ്യുന്നത്. അവിടെയാണ് ഈ എഴുത്തുകാരന്റെ ക്രാഫ്റ്റ് വെളിവാകുന്നത്. 

ഭാഷാപ്രയോഗങ്ങളിലെ വൈവിധ്യങ്ങൾ

കഥയിലെ ഭാഷയും ഇമേജറികളും എടുത്തു പറയേണ്ടതുണ്ട്. കഥയുടെ പ്രമേയത്തെയും പശ്ചാത്തലത്തെയും കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങളെയും സൂക്ഷ്മമായി ചിത്രീകരിക്കാനും മൗനങ്ങൾ അടക്കം ചെയ്തു വെയ്ക്കാനുമുള്ള എഴുത്തുകാരന്റെ കയ്യടക്കം ഭാഷയിലാണ് നിൽക്കുന്നത്. ചില ഉദാഹരണങ്ങൾ കഥയിൽ നിന്നും:

1.എന്റെ തെറ്റാത്ത മാസമുറ പോലെ രാരീരത്തിനും സമയം തെറ്റിയില്ല.

2.എളേത്തുങ്ങൾ പപ്പടബോളി കടിച്ചു നുറുക്കിയപ്പോൾ മുറിവേറ്റപോലെ മഴയൊന്ന് പിടഞ്ഞു.

3.പെട്ടെന്ന് ചവിട്ടിയ ബസ്സിൽ നിന്നുമെന്റെ ഓർമ്മകൾ വഴിയിലെവിടെയോ തെറിച്ചു.

4.സ്‌കൂളിന് എതിരെയാണ് പൊട്ടിത്തെറിക്കാറായ നെടുവീർപ്പ് പോലത്തെ വെള്ള കോൺവെന്റ് കെട്ടിടം. അതിനോട് ചേർന്ന് വിങ്ങിപ്പൊട്ടറായ കരുണാഭവനം.

5.മതിലിനു മുകളിൽനിന്ന് കർത്താവ് കൈകൾ വിടർത്തി സ്വീകരിച്ചു.

6.അമ്മയെ വലിയൊരു കുരിശായി ഞാൻ നിനച്ചു.

7.കല്ലേല് കട്ടപുതപ്പ് അലക്കണ പോലത്തൊരു കരിമ്പനടിച്ച ശബ്ദം.

8.കായ്ച്ചു കിടന്ന കപ്പളങ്ങാ മരച്ചോട്ടില് നെഞ്ചു വിരിച്ചു നിന്ന അലക്ക് കല്ലെന്നെ ശൂശൂന്നു വിളിച്ചു.

9.ചായ്പ്പിൽ കൂനിക്കൂടിയ വൃദ്ധരെപ്പോലത്തെ അടുപ്പ് കല്ല് എന്നെ നോക്കി അണ്ണാക്ക് നീട്ടി.

10.മുറ്റത്ത് നിന്ന നാരകത്തിൽ ഇളംമഞ്ഞ പടർന്ന് തുടങ്ങുന്നതെയുണ്ടായിരുന്നുള്ളു. അച്ചൻ വെറുതെ രണ്ടെണ്ണം അടർത്തി.

11.പാമ്പിലെ ചില്ല് കുപ്പിയിൽ തല വളച്ചു കൂട്ടികിടക്കുന്ന ഭ്രൂണം കണക്കെ നാലൊമ്പത് നമ്പർ ബോർഡിൽ ചത്തു കിടക്കുന്നു.

എടുത്തു കാണിക്കാൻ തുടങ്ങിയാൽ തീരാത്ത വണ്ണം ഉദാഹരണങ്ങളാൽ സമൃദ്ധമാണ് കഥ. ഭാഷയിൽ സൃഷ്‌ടിക്കുന്ന അതീവ ചാരുതയാർന്ന പ്രയോഗങ്ങൾ കഥാകൃത്തിന്റെ വളർച്ചയ്ക്ക് സാധൂകരണം നല്കുന്നു. ബേപ്പൂർ സുൽത്താന്റെ നാട്ടുകാരൻ കൂടിയായ  ഇദ്ദേഹത്തിൽ നിന്നു ഇനിയും മികച്ച കഥകൾ പ്രതീക്ഷിക്കാവുന്നതാണ്.

Read more topics: # book review by ajeesh g dethan
book review by ajeesh g dethan

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES