ഇരുട്ടിൽ ഒരു പുണ്യാളൻ എന്ന നോവലിന്റെ തുടക്കമായിട്ടു വായിക്കാവുന്ന ഒന്നാണ് 'അച്ചമ്പിയും കുഞ്ഞുമാക്കോതയും' എന്ന പി.എഫ് മാത്യൂസിന്റെ പുതിയ കഥ(സമകാലിക മലയാളം). ആ കഥയുടെ തുടർച്ചയിൽ വായിക്കാവുന്ന മറ്റൊരു കഥയാണ് മാതൃഭൂമിയിൽ വന്ന 'അടിയാള പ്രേത'വും. നോവലിന് മുന്നോടിയായി വരുന്ന കഥകളെ നാം കണ്ടിട്ടുണ്ട്. ഇവിടെ നോവലിന്റെ തുടർച്ചയിൽ വായിക്കാവുന്ന രണ്ടു കഥകളാണ് മാത്യൂസ് അവതരിപ്പിക്കുന്നത്. നോവലിന്റെ പിടിയിൽ നിന്നു മാറിയാലും വേറിട്ടു നിൽക്കുന്ന അസ്തിത്വം ഇവയ്ക്കുണ്ട്.
'അച്ചമ്പിയും കുഞ്ഞുമാക്കോത'യും പി.എഫ് മാത്യൂസ് സ്വന്തമായി രൂപം കൊടുത്ത കഥാപ്രപഞ്ചത്തിലേക്ക് പ്രവേശിക്കാനുള്ള താക്കോലാണ്. കാപ്പിരി മുത്തപ്പന്റെ സേവയുടെ പശ്ചാത്തലത്തിൽ അച്ചമ്പിയുടെയും അടിയാളനായ കുഞ്ഞുമാക്കോതയുടെയും ജീവിതമാണ് പറയുന്നത്. 'ഇരുട്ടിൽ ഒരു പുണ്യാള'നിൽ നാം കണ്ടും കേട്ടും പരിചയിച്ച കഥാപാത്രങ്ങൾ ആ കഥയുടെ തുടക്കം പറയുകയാണ് ഇവിടെ. ഒരു കോപ്പയിൽ നിന്നു മോന്തി, ഒരു പാത്രത്തിൽ തിന്നു വളർന്ന അവരുടേത് കള്ളിന്റെ മണം പരത്തുന്ന സൗഹൃദമാണ്. അച്ചമ്പി മാപ്പിളയുടെ ഭൂമിയിൽ അയാൾ വീതിച്ചു കൊടുത്ത നാലര സെന്റിൽ ജീവിതം തുടങ്ങുന്ന മാക്കോത. അതോടൊപ്പം അച്ചമ്പിയുടെ കുടുംബവും വലുതാകുന്നു. അവരുടെ ബന്ധത്തിന് 1663-കളുടെ പഴക്കമുണ്ടെന്നു പറഞ്ഞു കൊണ്ട് അടിയാള ചരിത്രത്തിന്റെ ഭൂതകാലം കുഴിതോണ്ടി നമ്മുടെ മുന്നിലേക്ക് വെയ്ക്കുകയാണ് കഥാകൃത്ത്. കൊച്ചിയിലെ അൽമേഡ സായിപ്പിന്റെയും അയാളുടെ അടിയാളനായ കാപ്പിരിയുടെയും മിത്തിന്റെ രൂപപ്പെടലും അതിന്റെ പഴക്കവും അച്ചമ്പിയിലേക്കും മാക്കോതയിലേക്കും അതിവിദഗ്ധമായി കൂട്ടിയിണക്കുന്നു.
അന്ന് സ്വത്തിനോടൊപ്പം നിലവറയിലേക്ക് തള്ളിയ അടിയാളൻ പിന്നീട് കാപ്പിരി മുത്തപ്പൻ മിത്തായി രൂപാന്തരം പ്രാപിക്കുന്നു. അവിടുന്നാണ് അച്ചമ്പി മാപ്പിള കുഞ്ഞുമാക്കോതയെ കൂട്ടുപിടിച്ചു കാപ്പിരിസേവ ആരംഭിക്കുന്നത്. തുടർന്ന് നാളുകൾക്ക് ശേഷം ഷാപ്പിൽ വെച്ചുണ്ടായ പ്രഖ്യാപനങ്ങൾ- കുഞ്ഞു മാക്കോതയ്ക്ക് കാഞ്ഞിരപ്പള്ളിയിൽ ഏക്കറു കണക്കിന് പറമ്പ് വാങ്ങിയിരിക്കുന്നു, അച്ചമ്പിയുടെ പറമ്പിൽ കുഞ്ഞുമാക്കോതയും കുടുംബവും താമസിച്ചിരുന്ന വീട് വിറ്റിരിക്കുന്നു.
പിന്നീടാരും കുഞ്ഞുമാക്കോതയെപ്പറ്റി കേൾക്കുകയോ കാണുകയോ ചെയ്യുന്നില്ല. അയാളുടെ കുടുംബവും എവിടെയോ അപ്രത്യക്ഷരായിരിക്കുന്നു. കാപ്പിരിയുടെ സേവ മടുത്തു നിധി പിടിച്ചു വാങ്ങാൻ നോക്കിയതിന്റെ ശിക്ഷയാണോ, അൽമേഡ സായിപ്പ് പണ്ട് അടിയാളനായ കാപ്പിരിയെ ഇല്ലാതാക്കിയ പോലെ കുഞ്ഞുമാക്കോതയെ അച്ചമ്പി ഇല്ലാതാക്കിയതാണോ തുടങ്ങി നിരവധി സന്ദേഹങ്ങളുടെയും സംശയങ്ങളുടെയും നടുവിൽ കഥ അവസാനിക്കുന്നു. ഇരുട്ടിൽ ഒരു പുണ്യാളനിൽ കാണുന്ന പോലെ എഴുത്തുകാരൻ കഥയിൽ ഇടപെട്ട് തന്ത്രപരമായി ചരട് വലിക്കുന്നത് ഇവിടെയും കാണാം.
ഈ കഥയുടെ തുടർച്ചയിലാണ് 'അടിയാള പ്രേതം' എന്ന കഥ വായിക്കേണ്ടത്. അച്ചമ്പിയിലും കുഞ്ഞു മാക്കോതയിലും വായനക്കാരെ കുഴക്കിയ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ സമർത്ഥമായി അടിയാള പ്രേതത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എസ്.ഐ ഉണ്ണിച്ചെക്കനിലൂടെ നീങ്ങുന്ന ആഖ്യാനം ഉദ്വേഗജനകമാണ്. യുക്തിയുടെ വേലിക്കെട്ടുകൾ ആവശ്യപ്പെടുന്ന ജോലിയിൽ അയാൾ വ്യത്യസ്തനാകുന്നത് മായികമായ സ്വപ്‍നദർശനങ്ങളിലൂടെയാണ്.
ലോഡ്ജിൽ കിടന്നുറങ്ങുന്ന ഉണ്ണിച്ചെക്കൻ പോർച്ചുഗീസ് വീടിന്റെ ആഴമേറിയ നിലവറയിലേക്ക് വീഴുന്ന നീഗ്രോ ശരീരത്തെ സ്വപ്നത്തിൽ കാണുന്നുണ്ട്. ഈ സ്വപ്‍നദർശനത്തിന്റെ അതേ സമയത്ത് ലോഡ്ജിനു മുന്നിൽ ഒരാൾ പാണ്ടി ലോറിയിടിച്ചു മരിക്കുകയും ചെയ്യുന്നു. ഈ കേസന്വേഷണമെല്ലാം വന്നു പതിക്കുന്നത് ഉണ്ണിച്ചെക്കനിലാണ്. തീരദേശത്തെ പുസ്തകം വായിക്കാൻ പഠിപ്പിച്ച കറുപ്പന്റെ പഴങ്കഥകളിലൂടെ പാണ്ട്യാലക്കൽ അച്ചമ്പിയുടെ കുടുംബത്തിലേക്കും കുഞ്ഞുമാക്കോതയിലേക്കും അയാൾ എത്തിച്ചേരുന്നു. തുടർന്ന് നടക്കുന്ന അന്വേഷണത്തിൽ കുഞ്ഞുമാക്കോതയ്ക്ക് എന്തു സംഭവിച്ചുവെന്നതിനുള്ള ഉത്തരങ്ങൾ തെളിഞ്ഞു കിട്ടുന്നു.
കാപ്പിരിത്തറ കുത്തി പൊളിച്ചു പഴയ ഒരു കുറ്റകൃത്യത്തിന്റെ അടിവേരു തോണ്ടിയെടുക്കുന്ന ഉണ്ണിച്ചെക്കനെ ലോഡ്ജിനു മുന്നിലെ അപകടം വീണ്ടും തീരാത്ത അന്വേഷണങ്ങളിലേക്ക് തള്ളി വിടുന്നു. ഇരുട്ടിൽ ഒരു പുണ്യാളൻ നോവലിൽ നാം കണ്ട കഥാപാത്രങ്ങളായ അച്ചമ്പിയും അയാളുടെ ഭാര്യ അന്നംകുട്ടി താത്തിയും മകൻ സേവ്യറും ഭാര്യ കാർമ്മലിയുമെല്ലാം ഇവിടെയും കടന്നു വരുന്നുണ്ട്. അടിയാള പ്രേതത്തിന്റെ തുടർച്ചയിൽ നോവൽ വായിച്ചാൽ ലോഡ്ജിലേക്ക് ബാഗും തൂക്കി വന്ന ചെറുപ്പക്കാരനേയും അയാളെ പിന്തുടർന്നു വന്ന് ലോറിയിടിച്ചു മരിച്ച ആളെപ്പറ്റിയുമുള്ള നിഗൂഡതകൾ തെളിയും.
"പറഞ്ഞ കഥകൾ തന്നെ വീണ്ടും പറയുന്നതിനെക്കുറിച്ചാണ് ഉണ്ണിച്ചെക്കൻ ആലോചിച്ചത്. പറഞ്ഞ കഥകളിൽ പറയാതെ വിട്ടതെത്രയാണെന്ന് ആരെങ്കിലും അറിയുന്നുണ്ടോ? പറയാതെ വിട്ട ഇടുങ്ങിയ മൂലകളിലെ ഇരുട്ടിലായിരുന്നു അതിന്റെ മർമ്മം. പുതിയ കഥകളുടെ പിന്നാലെ പോകുമ്പോൾ അതൊക്കെ അറിയാതെയും പോകും." (അടിയാള പ്രേതം)
വിട്ടുപോയ കണ്ണികളെ പലമട്ടിൽ പൂരിപ്പിക്കുകയാണ് രണ്ടു കഥകളും. യാഥാർത്ഥ്യത്തേക്കാൾ സ്വപ്നങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന മാത്യൂസിന്റെ രചനാപ്രപഞ്ചം മായികമായ സ്വതന്ത്ര കഥാഖ്യാനങ്ങളുടെ വിളനിലമാണ്. കാപ്പിരി മുത്തപ്പന്റെ മിത്ത് അഴിച്ചെടുക്കുമ്പോൾ കീഴാളമായ ഒരു ഭൂതകാല പ്രപഞ്ചത്തിന്റെ വലിയ ലോകം മുന്നിൽ തെളിഞ്ഞുവരും. ചൂഷണത്തിന്റെയും വിധേയത്വത്തിന്റെയും മേൽക്കോയ്മാ ഭൂമികയിലാണ് കാപ്പിരി മുത്തപ്പന്റെ മിത്തിക്കൽ ആഖ്യാനത്തെ വായിക്കേണ്ടത്. അൽമേഡ സായിപ്പിന്റെ കാലത്ത് കാപ്പിരിയാണെങ്കിൽ അച്ചമ്പിയിലെത്തുമ്പോൾ കുഞ്ഞുമാക്കോതപ്പറയനായി മാറുന്നു എന്ന വ്യത്യാസം മാത്രമേയുള്ളൂ. മിത്തിനെ ചരിത്രപരമായി അഴിച്ചെടുക്കുമ്പോൾ സാമൂഹ്യ വ്യവസ്ഥയുടെ ആധിപത്യ പ്രത്യയശാസ്ത്ര യുക്തികളാണ് തെളിഞ്ഞു കിട്ടുക.
ഭൗതിക ജീവിതത്തേക്കാളുപരി ആത്മാവിന്റെ അസ്തിത്വത്തിനു പ്രാധാന്യം കൊടുക്കുന്ന മാത്യൂസിന്റെ കഥനരീതി പരമ്പരാഗത യുക്തിയുടെ കലാനുഭവങ്ങളെ അട്ടിമറിക്കുന്നുണ്ട്. കൊച്ചിയുടെ ഭൂമിശാസ്ത്രവും അതിൽ നിലീനമായി കിടക്കുന്ന കൊളോണിയൽ സാംസ്കാരിക ഭൂതകാല ചരിത്രവും ഭാഷാവൈവിധ്യങ്ങളും യാഥാസ്ഥിതിക മതത്തിന്റെ യുക്തിയും യുക്തികേടുകളും മാന്ത്രികമായ അവയുടെ കലർപ്പുകളും ചേർന്ന് സൃഷ്ടിക്കുന്ന ഭാവനാ ഭൂപടമാണ് ഈ എഴുത്തുകാരന്റെ സർഗാത്മകമായ മൗലികത. മരണവും അതിനെക്കാളുപരി മരണാനന്തര ജീവിതവും ആവിഷ്കരിക്കുന്ന ഈ ഭാവലോകം ഇരുട്ടിന്റെ പുണ്യാളന്മാരെ സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നു.