വിക്‌ടോറിയൻ സാഹിത്യഭാവനയുടെ വന്യമായ വൈവിധ്യങ്ങളിൽ നിന്നാണ് പത്തൊൻ പതാം നൂറ്റാണ്ടിലെ പാശ്ചാത്യനോവൽ ഭാവുകത്വങ്ങൾ മിക്കതും പിറവിയെടുക്കുന്നത്. മധ്യകാല യൂറോപ്യൻ ചരിത്രങ്ങളുടെ നിഗുഢതകൾ മിത്തീകരിച്ച ഹിസ്റ്റോറിക്കൽ റൊമാൻസുകളും ഫോക് കഥകളെ ഗൂഢവൽക്കരിച്ച വാംപയർ (Vampire)നോവലുകളും മുഖ്യമായും ക്രൈസ്തവ പ്രേത സങ്കല്പത്തെ സ്ഥാപിച്ചെടുക്കുകയോ കാല്പനികവൽക്കരിക്കുകയോ ചെയ്ത ഹൊറർ നോവലുകളും ശാസ്ത്രഭാവനയിൽ രൂപം കൊണ്ട ജൈവസൃഷ്ടികളുടെയും കൃത്രിമചേതനകളുടെയും യന്ത്രങ്ങളുടെ തന്നെയും രാക്ഷസീയതകളാവിഷ്‌കരിച്ച സയൻസ്ഫിക്ഷനും ശാസ്ത്രീയ സങ്കേതങ്ങളും യുക്തിബോധവും കൊണ്ട് കുറ്റകൃത്യങ്ങളുടെ ചുരുളഴിച്ച ഡിറ്റക്റ്റീവ് കഥകളും രാജ്യാന്തരകുറ്റകൃത്യങ്ങൾ മറനീക്കി കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിച്ച ചാര (Spy) നോവലുകളും ഉൾപ്പെടെ ഈ നൂറ്റാണ്ടിൽ രൂപം കൊണ്ട ‘അധോലോക’ നോവൽ ഗണങ്ങളുടെ വലിയൊരുനിര തന്നെ നമുക്കുമുന്നിലുണ്ട്
പതിനെട്ടാം നൂറ്റാണ്ടിൽ ജന്മംകൊണ്ട കാല്പനിക, സാമൂഹിക, ചരിത്ര, വീര, സാഹസിക നോവൽ ഗണങ്ങൾക്കെല്ലാം പുറമെയാണ് ഇവ വായനയുടെ ജനപ്രിയ സംസ്‌കാരത്തിനു രൂപം കൊടുത്തുകൊണ്ട് യൂറോപ്പിൽ നിന്നും ലോകമെങ്ങും പ്രചരിച്ചത്. മധ്യകാല യൂറോപ്യൻ ചരിത്രവും വിശ്വാസങ്ങളും കുരിശുയുദ്ധങ്ങളുടെ രാഷ്ട്രീയവും മുതൽ വംശീയതയും ശാസ്ത്ര ചിന്തയും യുക്തിബോധവും കൊളോണിയലിസവും ദേശീയതയും സാമ്രാജ്യത്തവും വ്യവസായവിപ്ലവവും നഗര സംസ്‌കാരവും മതവിമർശനവുമുൾപ്പെടെ വിക്‌ടോറിയൻ നോവൽ ഭാവനയെ സ്വാധീനിച്ച ആശയ സന്ദർഭങ്ങൾ നിരവധിയാണ്. ഈ ഭാവുകത്വത്തിന്റെ ഏറ്റവും മികച്ച മാതൃകയായി കരുതപ്പെടുന്ന ഷെർലക് ഹോംസിലൂടെ (1887) ജനപ്രീതിനേടിയ കുറ്റാന്വേഷകരെയും മറ്റൊരു മികച്ച മാതൃകയായ ഡ്രാക്കുള (1897) യിലൂടെ ലോകത്തെ ആവേശിച്ച രക്തരക്ഷസുകളെയും അതേപടിയോ തദ്ദേശീയമായോ സാഹിത്യത്തിലും സിനിമയിലും ടെലിവിഷനിലും പുനഃസൃഷ്ടിക്കാത്ത ഭാഷയും ജനതയും എവിടെയുണ്ടാകും ?
ബൈബിളും ആയിരത്തൊന്നു രാവുകളുമുൾപ്പെടെയുള്ള ആഖ്യാനങ്ങളിൽ പൂർവ രൂപങ്ങൾ കണ്ടെത്താമെങ്കിലും 1818 ൽ പ്രസിദ്ധീകൃതമായ മേരിഷെല്ലിയുടെ ഫ്രാങ്കൻസ്റ്റീൻ ആണ് മേൽപ്പറഞ്ഞ സാഹിത്യ ഗണങ്ങൾ പലതിന്റെയും ആദ്യ ആധുനിക മാതൃകയായി കണക്കാക്കപ്പെടുന്നത്. 1841 -43 കാലത്തു പുറത്തുവന്ന എഡ്ഗാർ അലൻപോയുടെ കഥകൾ കുറ്റാന്വേഷണത്തിന്റെ ആധുനികഘട്ടത്തിനു തുടക്കമിട്ടു.
ചാരൻ (Spy) എന്നതിനുപകരം കുറ്റാന്വേഷകൻ (detective)എന്ന വാക്ക് ഉപയോഗിച്ചുതുടങ്ങുന്നത് 1843 ലാണ് (Louis James, 2001: 63) ആധുനിക കുറ്റാന്വേഷണകഥയുടെ അടിസ്ഥാന സ്വഭാവങ്ങളായി ജെ. ജി. കാവൽറ്റിയെപ്പോലുള്ള നിരൂപകർ ചൂണ്ടിക്കാണിക്കുന്ന ഘടകങ്ങളെല്ലാം (കുറ്റാന്വേഷകന്റെ അവതരണം, കുറ്റവും അതിന്റെ തെളിവുകളും, അന്വേഷണം, കുറ്റം തെളിയിക്കൽ. അതിന്റെ വിശകലനം, നിർവഹണം എന്നിവ) തികഞ്ഞ കഥകളായിരുന്നു അലൻ പോവിന്റേത്. 1887 ലാരംഭിക്കുന്ന ആർതർ കോനൻ ഡോയലിന്റെ രചനാലോകത്തെത്തുമ്പോൾ ഈ സാഹിത്യശാഖ ലോകചരിത്രത്തിലെയും സാഹിത്യഭാവനയിലെയും എക്കാലത്തെയും വലിയ കുറ്റാന്വേഷകനു ജന്മം കൊടുക്കുകയും ചെയ്തു.
വിക്‌ടോറിയൻ നോവലിനെക്കുറിച്ചുള്ള ഒരു പഠനത്തിൽ റൊണാൾഡ് ആർ തോമസ് എഴുതുന്നതുപോലെ, “ചോസറും ഷേക്‌സ്പിയറും മിൽട്ടണും ഡിക്കൻസും സൃഷ്ടിച്ച ഏതു കഥാപാത്രത്തെക്കാളും ജനപ്രീതിയും പ്രസിദ്ധിയും നേടിയെടുത്തു ഷെർലോക് ഹോംസ്’’. വിക്‌ടോറിയൻ കാലഘട്ടം ലോകസാഹിത്യത്തിനു നൽകിയ ഏറ്റവും വലിയ സംഭാവനയെന്ന നിലയിലാണ് കുറ്റാന്വേഷണ നോവൽശാഖയെ ഇംഗ്ലീഷ് സാഹിത്യചരിത്രങ്ങൾ അടയാളപ്പെടുത്തുന്നത്.
നവോത്ഥാനയുക്തിബോധത്തിനും വ്യക്തിവാദത്തിനുമൊപ്പം ആധുനിക പൊലീസ് സേനയുടെയും ഉദ്യോഗസ്ഥ നിയന്ത്രിതമായ ഭരണകൂടത്തിന്റെയും നീതിന്യായവ്യവസ്ഥയുടെയും ഫോറൻസിക് സയൻസിന്റെയും ക്രിമിനോളജിയുടെയും ആവിർഭാവത്തിന്റെ പശ്ചാത്തലത്തിലാണ് കുറ്റാന്വേഷണസാഹിത്യം രൂപം കൊള്ളുന്നത്. സാമൂഹിക, കുടുംബകഥകളാവിഷ്‌കരിക്കുന്ന നോവലുകൾ പോലും മറനീക്കപ്പെടേണ്ട കുറ്റകൃത്യങ്ങളും ഗുഢവ്യക്തിത്വങ്ങളും രഹസ്യസംഭവങ്ങളും കൊണ്ടുനിറഞ്ഞു. ജയിൻ ഓസ്റ്റിൻ മുതൽ തോമസ് ഹാർഡിവരെ ആരും ഇതിനപവാദമായില്ല. കുറ്റം തെളിയിക്കൽ (detection) എന്നത് ഒരു പ്രത്യേകഗണത്തിൽപെട്ട കൃതികളുടെ സ്വഭാവം എന്നതിനപ്പുറം ഒരു പൊതുസാഹിത്യഭാവുകത്വം തന്നെയായിമാറി എന്നർത്ഥം.
അമേരിക്കയിൽ എഡ്ഗാർ അലൻപോവും ഇംഗ്ലണ്ടിൽ ചാൾസ് ഡിക്കൻസും അവതരിപ്പിച്ച ആദ്യകാല കുറ്റന്വേഷണകഥകൾ പ്രാഥമികമായിത്തന്നെ ദേശീയതയുടെയും പൗരത്വത്തിന്റെയും ആധുനിക രാഷ്ട്രീയങ്ങളെ പ്രശ്‌നവൽക്കരിക്കുന്നവയാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മറ്റൊരു വിഭാഗം എഴുത്തുകാർ, ഭരണകൂടത്തിന്റെ ഇരയായി മാറുന്ന കുറ്റവാളികളെ നായകസ്ഥാനത്തവതരിപ്പിച്ചുകൊണ്ട് കുറ്റാന്വേഷണനോവലുകളെ ഭരണകൂടവിമർശനത്തിന്റെ മാധ്യമമാക്കി മാറ്റി. പത്രങ്ങളിൽ പ്രസിദ്ധീകൃതമായ കുറ്റവാളികളുടെ ജീവചരിത്രങ്ങളായിരുന്നു വലിയൊരു വിഭാഗം നോവലുകളുടെയും ആധാരം.
ഡോക്ടറുടെ ശാസ്ത്ര വൈദഗ്ധ്യവും അഭിഭാഷകന്റെ നിയമകുശലതയും കേസന്വേഷകന്റെ നിരീക്ഷണപാടവവും അന്വേഷണശീലവും കുറ്റാന്വേഷണനോവലുകളിൽ പ്രകടമായിത്തുടങ്ങിയതോടെയാണ് സാങ്കേതികശാസ്ത്രത്തിനും ശാസ്ത്രീയ യുക്തിക്കും മേൽക്കെയുണ്ടായിരുന്ന സയൻസ് ഫിക്ഷനെക്കാൾ ജനപ്രിയമായ സ്വതന്ത്രസാഹിത്യശാഖയായി കുറ്റാന്വേഷണനോവൽ സ്വന്തം സ്ഥാനമുറപ്പിക്കുന്നത്. ഫോട്ടോഗ്രാഫിക്കൊപ്പം കുറ്റവാളിയുടെ ശരീരഭാഗങ്ങളുടെ രാസപരിശോധനയും കുറ്റം തെളിയിക്കാനുള്ള ശാസ്ത്രീയ മാർഗങ്ങളായി വികസിച്ചകാലത്തുതന്നെയാണ് ഷെർലക്‌ഹോംസിന്റെ ജനനം. ഫ്രഞ്ച്‌പൊലീസ് സേനയിലെ അൽഫോൻസ് ബെർട്ടിലോണും എഡ്മണ്ട് ലൊക്കാർഡും കുറ്റവാളികളുടെ ശരീരഭാഗങ്ങൾ പരിശോധനക്കുവിധേയമാക്കി കുറ്റം തെളിയിച്ചതിലൂടെ പ്രസിദ്ധരായ വർഷവുമായിരുന്നു 1887. ജീവശാസ്ത്രപരവും രാസപരവും ശാരീരികവും സാങ്കേതികവുമായ പരിശോധനാ മാർഗങ്ങളിലൂടെ ക്രിമിനോളജിയിലെ ഏറ്റവും പുതിയ കുറ്റാന്വേഷണ രീതികൾ നടപ്പാക്കുകയായിരുന്നു ഷെർലക്‌ഹോംസ്.
ചരിത്രത്തിനൊപ്പമോ പലപ്പോഴും മുന്നിൽതന്നെയോ സഞ്ചരിച്ച കഥാപാത്രം. ബെർട്ടിലോണും ലോക്കാർഡും ഹോംസിന്റെ ആരാധകരായിരുന്നു. കോനൽഡോയൽ ഈ ഉദ്യോഗസ്ഥരുടെ ആരാധനും. തന്റെ കഥാപാത്രത്തിന് ഈ ഉദ്യോഗസ്ഥരുമായുള്ള സാമ്യം ഡോയൽ തന്നെ സൂചിപ്പിച്ചിട്ടുമുണ്ട് . വിരലടയാളപരിശോധന കുറ്റാന്വേഷണ മാർഗങ്ങളിലൊന്നായി മിക്ക യുറോപ്യൻ രാജ്യങ്ങളും ഔദ്യോഗികമായി അംഗീകരിക്കുന്നിതിനു മുൻപുതന്നെ ഷെർലക്‌ഹോംസ് അതു തന്റെ പ്രിയപ്പെട്ട കുറ്റാന്വേഷണ രീതിയായി വികസിപ്പിച്ചെടുത്തിരുന്നു, എഡിൻബറോ സർവകലാശാലയിൽ തന്റെ മെഡിക്കൽ പ്രൊഫസറായിരുന്ന ജോസഫ് ബെല്ലിനെയാണ് കോനൽഡോയൽ ഹോംസിന്റെ സൃഷ്ടിയിൽ മാതൃകയാക്കിയത്. “ശാസ്ത്രീയാന്വേഷണത്വരമൂലം വീരനായക പരിവേഷമാർജ്ജിച്ച ജീനിയസാണ് ഷെർലക്‌ഹോംസ്’’ എന്ന് സൂചിപ്പിക്കുന്നു ഡബ്ൾയു. എച്ച് ഓഡൻ. അതേസമയം തുടക്കം തൊട്ടുതന്നെ കുറ്റാന്വേഷണസാഹിത്യത്തിനുണ്ടായിരുന്ന ജനപ്രിയത്വം ഡിക്കൻസിനെപ്പോലെ കോനൽഡോയലിനും ആ സാഹിത്യശാഖയെക്കുറിച്ചുള്ള മതിപ്പു കുറച്ചിരുന്നു. ഹോംസിന്റെ പ്രഭയിൽ തന്റെ തന്നെ ചരിത്രനോവലുകൾ ശ്രദ്ധിക്കപ്പെടാതെ പോയതിൽ ഖിന്നനായിരുന്നു കോനൽഡോയൽ.
നവസാക്ഷരതയുടെയും വായനാസംസ്‌കാരത്തിന്റെയും ജനപ്രിയസാഹിത്യത്തിന്റെയും വളർച്ചയ്‌ക്കൊപ്പമാണ് (ലോകത്തെവിടെയുമെന്നപോലെ) ഇംഗ്ലണ്ടിൽ ഹോംസ്‌കഥകൾക്ക് പ്രചാ രമുണ്ടായത്. ഹോംസ് കഥകളുടെ ജനപ്രീതിയുടെ ഏറ്റവും വലിയെ തെളിവ് ആ കഥകൾ പ്രസിദ്ധീകരിച്ച സ്ട്രാൻഡ് (Strand) മാസികയുടെ വില്പനയിലുണ്ടായ വൻകുതിപ്പാണ്. രണ്ടുലക്ഷം കോപ്പിയിൽ നിന്ന് നാലുലക്ഷം കോപ്പിയിലേക്ക്. പിൽക്കാലത്ത് ബീറ്റിൽസിനു മാത്രം കൈവരിക്കാൻ കഴിഞ്ഞ ഇരമ്പുന്ന ജനപ്രീതി ഇംഗ്ലണ്ടിലും അമേരിക്കയിലും കൈവരിക്കാൻ ഹോംസിനു കഴിഞ്ഞു. “അക്കാലത്ത് 221 ബി. ബേക്കർ റോഡിനെക്കാൾ യഥാതഥവും കഥാത്മകവുമായി യാതൊന്നുമുണ്ടായിരുന്നില്ല’’ എന്ന നിരീക്ഷണം സുപ്രസിദ്ധമാണ്. എഴുത്തുകാരനെക്കാൾ പ്രസിദ്ധനായിത്തീർന്ന കഥാപാത്രമെന്നതാണ് ഷെർലക്‌ഹോസിന്റെ ഖ്യാതികളിലൊന്ന്. അതുകൊണ്ട് തന്നെ അവസാനകാല കൃതികളിലൊന്നിൽ ഹോംസിന്റെ മരണം ചിത്രീകരിച്ച കോനൻഡോയലിന് വായനക്കാരുടെ സമ്മർദ്ദത്തെത്തുടർന്ന് തന്റെ കഥാപാത്രത്തെ വീണ്ടു ജീവിപ്പിക്കേണ്ടിവന്നു.
ആധുനികയുക്തിബോധത്തിന്റെയും ശാസ്ത്രചിന്തയുടെയും പിൻബലത്തിൽ വിക്‌ടോറി യൻ സാഹിത്യഭാവനയുടെ രാജകുമാരനായി ഷെർലക്‌ഹോംസ് വാഴുന്നകാലത്താണ് ഐറിഷ് കഥാകൃത്തായ ബ്രാംസ്റ്റോക്കർ ‘രക്തദാഹത്തിന്റെ നിത്യപ്രഭുവും നീചകാമത്തിന്റെ നക്തഞ്ചരനു’ മായ ഒരു മധ്യകാല റൊമാനിയൻ ഭരണാധികാരിയെ നായകനാക്കി ഡ്രാക്കുള എന്ന നോവൽ രചിക്കുന്നത്. 1456 മുതൽ ആറുവർഷം റൊമാനിയ ഭരിച്ച വ്‌ളാദ് മൂന്നാമനെയാണ് ഡ്രാക്കുളയുടെ സൃഷ്ടിയിൽ സ്റ്റോക്കർ മാതൃകയാക്കിയത്. ഓട്ടോമൻ തുർക്കികൾക്കെതിരെ ക്രിസ്തുമതം നടത്തിയ നരവേട്ടകളുടെ ചരിത്രപശ്ചാത്തലത്തിലാണ് പിശാചിന്റെ സന്തതിയായ ഡ്രാക്കുളയുടെ ജനനം.
വിക്‌ടോറിയൻ സ്ത്രീസങ്കല്പത്തെയും ലൈംഗികതയെയും യാഥാസ്ഥിതികവും പുരുഷാധീശപരവുമായി ചിത്രീകരിക്കുകയും കൊളോണിയൽ അധിനിവേശത്തെ സാമ്രാജ്യത്തവാദപരമായി സന്നിവേശിപ്പിക്കുകയും ചെയ്യുന്ന രചനയാണ് ഡ്രാക്കുള എന്നു വിലയിരുത്തപ്പെട്ടിട്ടുണ്ട്. മുതലാളിത്തത്തിന്റെ അന്യാപദേശമാണ് ‘ഡ്രാക്കുള’ യെന്ന് മോറെറ്റി. അധ്വാനവർഗത്തിന്റെ വിയർപ്പിൽ നിന്ന് അപ്പം ഭക്ഷിക്കുന്ന മുതലാളി വർഗ്ഗത്തെപ്പോലെയാണ് രക്തരക്ഷസായ ഡ്രാക്കുള പുതുരക്തത്തിനായി അലയുന്നത്. ലോകം മുഴുവൻ റൊമാനിയൻ ഫോക്‌ലോറിനോടും ചരിത്രത്തോടും ഭൂമിശാസ്ത്രത്തോടുമിണക്കി ഡ്രാക്കുളക്കഥകൾ ആഘോഷിക്കവെ ചെഷസ്‌ക്യൂ അധികാരമേറ്റ ഉടൻ ഡ്രാക്കുള പുസ്തകരൂപത്തിൽ വിറ്റഴിക്കുന്നതും ചലച്ചിത്രരൂപത്തിൽ പ്രദർശിപ്പിക്കുന്നതും റൊമാനിയയിൽ നിരോധിക്കുകയുണ്ടായി. ചെഷസ്‌ക്യൂവിന്റെ പതനത്തിനുശേഷമാണ് ്ഡ്രാക്കുളപ്രഭുവിന് തന്റെ സ്വന്തം രാജ്യത്ത് പിന്നീട് പ്രവേശനം കിട്ടിയത്.
ഇംഗ്ലണ്ടിനെ നടുക്കിയ ജാക്ക് ദ റിപ്പറുടെ കൊലപാതകപരമ്പരയ്ക്ക് ഒരു ദശകത്തിനുശേഷമാണ് ബ്രാംസ്റ്റോക്കർ തന്റെ രക്തരക്ഷസിനെ അവതരിപ്പിക്കുന്നത്. ഷെർലക്ക് ഹോംസ് സൃഷ്ടിച്ച ശാസ്ത്ര ആധുനികതയുടെ ഭാവുകത്വത്തിനുപകരം മധ്യകാല മതവൈരത്തിന്റെയും ഹിംസകളുടെയും ചരിത്രത്തിനൊപ്പം മിത്തുകളുടെയും ഫോക്‌ലോറിന്റെയും ഭാവുകത്വത്തിലാണ് ഡ്രാക്കുള സൃഷ്ടിക്കപ്പെട്ടത്. ക്രൈസ്തവതയെ നിരാകരിക്കുന്നതിൽ കോനൻ ഡോയലിനെ ബ്രാംസ്റ്റോക്കർ കൃത്യമായി പിന്തുടരുകയും ചെയ്തു. ഹോംസ് കഴിഞ്ഞാൽ ഏറ്റവും കുടൂതൽ ചലച്ചിത്രങ്ങളിൽ കഥാപാത്രമായതും ഡ്രാക്കുളയാണ്. വിക്‌ടോറിയൻ വാംപയർ സാഹിത്യത്തിലെ ഏറ്റവും വലിയ പ്രവണതയായി ചൂണ്ടിക്കാണിക്കപ്പെടുന്ന പെൺമേധാവിത്തത്തിനു വിരാമമിട്ടതും ഡ്രാക്കുള തന്നെ. പെൺരക്തരക്ഷസുകളുടെ തേർവാഴ്ചയവസാനിപ്പിച്ച് ആ മേഖലയും പുരുഷൻ കയ്യടക്കി ഡ്രാക്കളയിലൂടെ.
രണ്ട് :
ഇരുപതാം നൂറ്റാണ്ടിൽ ലോകഭാഷകളിലെല്ലാം തന്നെ നാനാമണ്ഡലങ്ങളിലേക്കു വികസിച്ചും വ്യാപിച്ചും പോയ ഹൊറർ, ക്രൈം, ത്രില്ലർ, ഡിറ്റക്ടീവ് സാഹിത്യശാഖകൾക്ക് ഏറ്റവും വലിയ പ്രചോദനവും പശ്ചാത്തലവുമായത് ഷെർലോക് ഹോംസും ഡ്രാക്കുളയുമാണ്. വിക്‌ടോറിയൻ ഇംഗ്ലണ്ടിന്റെ പശ്ചാത്തലത്തിൽ രൂപം കൊണ്ട മേല്പറഞ്ഞ ഗോഥിക് സാഹിത്യത്തിന് കാലാനുസൃതവും ദേശാനുസൃതവുമായ പാഠാന്തരങ്ങളുണ്ടായി. മലയാളത്തിലും പ്രണയ, കുടുംബകഥകൾ കഴിഞ്ഞാൽ ജനപ്രിയസാഹിത്യത്തിന്റെ ചരിത്രത്തെ പൂരിപ്പിച്ചു നിലനിൽക്കുന്ന ഏറ്റവും പ്രധാനപ്പെട്ട നോവൽ ശൈലി കുറ്റാന്വേഷണത്തിന്റേതാണ്.
ക്രൈം എന്ന ഒറ്റ സംജ്ഞക്കുകീഴിൽപെടുത്തി പറയാവുന്ന ഹൊറർ, ത്രില്ലർ, ഡിറ്റക്ടീവ് നോവലുകളുടെ വലിയൊരു മേഖല 1960 കൾ മുതൽ മലയാളത്തിലുണ്ടായി. ഹോംസിന്റെയും ഡ്രാക്കുളയുടെയും സ്വാധീനവും വിവർത്തനവും സൃഷ്ടിച്ച ആദ്യകാലപ്രചോദനത്തിന് 1905 മുതൽ 1960 കൾ വരെ നീളുന്ന ഒരു ഘട്ടമുണ്ട്. അമ്പാടിനാരായണപ്പൊതുവാളിന്റെ ഉളിപിടിച്ചകൈ പോലുള്ള കഥകളും അപ്പൻതമ്പുരാന്റെ ഭാസ്‌കരമേനോൻ പോലുള്ള നോവലുകളും ഈ ഘട്ടത്തിൽപെടുന്നു. മുഖ്യമായും കൊലപാതകങ്ങളെ ചുറ്റിപ്പറ്റിയുള്ള കേസന്വേഷണത്തിൽ കോനൻഡോയലിന്റെ കുറ്റാന്വേഷണസങ്കേതങ്ങൾ അനുവർത്തിക്കുന്ന രചനകളാണിവ.
1950 കളുടെ അവസാനം ഹിന്ദി നോവലിസ്റ്റായ ദുർഗാപ്രസാദ് ഖത്രിയുടെ നോവലുകളുടെ വിവർത്തനം മോഹൻ ഡി കങ്ങഴ നിർവഹിക്കുന്നതുമുതലാണ് മലയാളത്തിൽ അപസർപ്പകസാഹിത്യം (അപസർപ്പകൻ എന്നാൽ ചാരൻ എന്നാണർത്ഥം. കുറ്റാന്വേഷകന് ചാര സ്വഭാവം ഉണ്ടെങ്കിലുമില്ലെങ്കിലും ഇത് സിനിമയുൾപ്പെടെയുള്ള ആദ്യകാല മലയാളകുറ്റാന്വേഷണ പാഠങ്ങളിൽ വ്യപകമായി സ്വീകരിക്കപ്പെട്ടിരുന്നു. സിഐഡി നസീർ പോലുള്ളവ ഉദാഹരണം. പിൽക്കാലത്താണ്് കുറ്റാന്വേഷകർ ചാരപ്പണി നടത്താതെ പൊലീസ് പണിമാത്രം നടത്തികുറ്റം തെളിയിക്കുന്ന രീതി നിലവിൽ വന്നത്. സി ബി ഐ ഡയറിക്കുറിപ്പ് പോലുള്ളവ ഉദാഹരണം ) രണ്ടാം ഘട്ടത്തിലേക്കു കടക്കുന്നത്. അവിടെ നിന്നിങ്ങോട്ട് മുഖ്യമായും അഞ്ചു മേഖലകളിലേക്ക് (ക്രൈം സാഹിത്യത്തിന്റെ ഉപഗണങ്ങളിലേക്ക്) വ്യാപിക്കുകയുണ്ടായി മലയാളത്തിൽ ഈ സാഹിത്യം.
ഹോംസിന്റെ മാതൃക പിന്തുടർന്ന് ശാസ്ത്രീയാടിത്തറയിൽ പുരോഗമിക്കുന്ന കുറ്റാന്വേഷണത്തിന്റെ കഥകൾ, മുഖ്യമായും ഡ്രാക്കുളയെ പിന്തുടർന്ന് അവതരിപ്പിക്കുന്ന രക്തരക്ഷസുകളുടെ കഥകൾ, കേരളീയ പശ്ചാത്തലത്തിലുള്ള ഭൂത, പ്രേത, യക്ഷി, ഗന്ധർവാദികളെ നായകസ്ഥാനത്തുനിർത്തുന്ന മന്ത്രവാദനോവലുകൾ, സമൂഹത്തിലും മാധ്യമങ്ങളിലും ചർച്ച ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളെ മാതൃകയാക്കി രചിക്കപ്പെടുന്ന ത്രില്ലറുകൾ, ആധുനികാനന്തര കഥാഭാവുകത്വങ്ങൾ വെളിപ്പെടുത്തുന്ന ചരിത്രപരമായ കുറ്റാന്വേഷണ രചനകൾ എന്നിങ്ങനെ. ജീവൽ, പുരോഗമനസാഹിത്യപ്രസ്ഥാനങ്ങളും എസ് പി സി എസ് ഉൾപ്പെടെയുള്ള പ്രസാധന സ്ഥാപനങ്ങളും ഗ്രന്ഥശാലാസംഘവും അതിന്റെ ചിറകിൻ കീഴിൽ നാട്ടിലെങ്ങുമുണ്ടായ ജനകീയവായനശാലകളും പൊതുസമൂഹത്തിന്റെ സാക്ഷരതാനിരക്കിലുണ്ടായ വർധനവും അവരെ തൃപ്തിപ്പെടുത്താനുണ്ടായ ആനുകാലികങ്ങളുടെയും പത്രങ്ങളുടെയും പ്രചാരവും മറ്റുമാണ്.
1950 കളോടെ മലയാളത്തിൽ ആധുനികാർഥത്തിലുള്ള ഒരു ബഹുജനവായനാ സമൂഹത്തിനും (reading public) വായനാസംസ്‌കാരത്തിനും രൂപം നൽകിയത്. ഇടതുപക്ഷാവബോധമെന്നതുപോലെ വലതുപക്ഷാവബോധവും മലയാളിയുടെ സാംസ്‌കാരിക ജീവിതത്തിൽ വേരുപിടിച്ച ചരിത്രസന്ദർഭവും മറ്റൊന്നല്ല.
ഒരു വശത്ത് രാഷ്ട്രീയ പ്രതിബദ്ധതയും സാംസ്‌കാരിക പ്രവർത്തനവും രണ്ടല്ല എന്നുവാദിച്ച എഴുത്തുകാരും രാഷ്ട്രീയക്കാരും. മറുവശത്ത് വ്യക്തിസ്വാതന്ത്ര്യവും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും പ്രാഥമിക പരിഗണനയാകേണ്ട സാഹിത്യമുൾപ്പെടെയുള്ള സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് അവയോടല്ലാതെ മറ്റൊന്നിനോടും പ്രതിബദ്ധതയാവശ്യമില്ല എന്നുവാദിച്ച എഴുത്തുകാരും നിരൂപകരും. ഇനിയുമൊരുവശത്ത് സാഹിത്യമുൾപ്പെടെയുള്ള ഏതുസാംസ്‌കാരിക പ്രവർത്തനത്തിനും വിനോദമാണ് മുഖ്യമൂല്യമെന്നു കരുതിയ എഴുത്തുകാരും പ്രസാധകരും . മുട്ടത്തുവർക്കിയിലും മുഖ്യമായും കോട്ടയത്തുനിന്നു പുറപ്പെട്ട ആനുകാലികങ്ങളിലും നിന്ന് മലയാളി ഏറ്റെടുത്ത ഈ മൂന്നാമത്തെ സാഹിത്യമാർഗത്തിലാണ് അൻപതുകളിൽ തുടക്കമിട്ട ജനപ്രിയ നോവൽശാഖ അറുപതുകളിൽ കുറ്റാന്വേഷണനോവൽ ഗണത്തിലേക്കു വ്യാപിക്കുന്നത്. നൂറ്റാണ്ടിന്റെ തുടക്കം തൊട്ട് കുറ്റാന്വേഷണകഥകൾക്കുണ്ടായിരുന്ന സാമാന്യം മാത്രമായ പ്രചാരത്തിന് ജനപ്രിയ മണ്ഡലത്തിലേക്കു വഴിമാറ്റമുണ്ടായത് വായനാസംസ്‌കാരത്തിന്റെ ഈ കുതിപ്പുമൂലമാണ്. ഇംഗ്ലീഷ് ഉൾപ്പെടെയുള്ള അന്യഭാഷകളിൽ നിന്ന് കുറ്റാന്വേഷണ നോവലുകൾക്കും കഥകൾക്കും മലയാളത്തിലേക്കുണ്ടായ വിവർത്തനങ്ങളും അവയുടെ ചുവടുപിടിച്ച് ഇവിടെത്തന്നെയുണ്ടായ കുറ്റാന്വേഷണ രചനകളും - മലയാളിയുടെ കുറ്റാന്വേഷണ സാഹിത്യവായന തൃപ്തിപ്പെടുത്തിയത് ഇവ രണ്ടുമാണ്.
കുറ്റാന്വേഷണസാഹിത്യത്തെക്കുറിച്ചു മാത്രമല്ല അപസർപ്പകഭാവനയെക്കുറിച്ചുതന്നെയും മലയാളത്തിലുണ്ടായിട്ടുള്ള വിശദമായ ആദ്യ അക്കാദമികപഠനമാണ് ആർ. രാജശ്രീയുടെ ഈ പുസ്തകം. ‘എഴുത്ത്’, ‘കാഴ്ച’ എന്നീ രണ്ടു ഭാഗങ്ങളിലായി ആറു രചനകളുണ്ട് ഇതിൽ. പാശ്ചാത്യ കുറ്റാന്വേഷണസാഹിത്യത്തിന്റെ കലയും ചരിത്രവും അഥവാ സൗന്ദര്യശാസ്ത്രവും പ്രത്യയശാസ്ത്രവും സാമാന്യമായാണെങ്കിലും ചർച്ചചെയ്യുന്നു, ‘കുറ്റവും ശിക്ഷയും’ എന്ന ആദ്യ ലേഖനം. ആർതർ കോനൻ ഡോയലിന്റെ ‘തോർബ്രിജ്’ എന്ന കുറ്റാന്വേഷണകഥയുടെ സൂക്ഷ്മാവലോകനമാണ് രണ്ടാം ലേഖനം. കോട്ടയം പുഷ്പനാഥിന്റെ ‘മാന്ത്രിക’നോവലായ ‘സൂര്യസംഹാര’വും ദുർഗാപ്രസാദ് ഖത്രിയുടെ കുറ്റാന്വേഷണനോവലായ ‘കറുത്ത കള്ളനും’ മുൻനിർത്തി ഇന്ത്യൻ അപസർപ്പകഭാവനയുടെ വഴിത്തിരിവു വിശദീകരിക്കുകയാണ് മൂന്നാം ലേഖനം.
‘കാഴ്ച’യിൽ രണ്ടു ലേഖനങ്ങളുണ്ട്. ടെലിവിഷനിലെ കുറ്റാന്വേഷണപരമ്പരകളുടെ കലയും കച്ചവടവും ചൂണ്ടിക്കാണിച്ചുകൊണ്ട് സോണി ടിവിയിൽ ഇരുപതുവർഷം തുടർച്ചയായി സംപ്രേഷണം ചെയ്ത ‘സിഐ.ഡി.’ എന്ന കുറ്റാന്വേഷണപരമ്പരയെക്കുറിച്ചു ചർച്ചചെയ്യുന്നു, ആദ്യ ലേഖനം. ഈ പരമ്പരയിലെ കഥാപാത്രമായ അഭിജിത്ത് എന്ന കുറ്റാന്വേഷകന്റെ സ്വത്വവിശകലനമാണ് രണ്ടാമത്തെ ലേഖനം. അനുബന്ധമായി കോനൻ ഡോയലിന്റെ ‘തോർബ്രിജ്’ എന്ന കഥയുടെ വിവർത്തനവും ചേർച്ചിരിക്കുന്നു. ചുരുക്കത്തിൽ അപസർപ്പകഭാവനയ്ക്കു കീഴിൽ മലയാളിക്കു പരിചയമുള്ള മൂന്നു വിഭാഗം രചനകളുടെയും (കുറ്റാന്വേഷണനോവൽ, മാന്ത്രികനോവൽ, കുറ്റാന്വേഷണ ടെലിവിഷൻപരമ്പര) കലയും രാഷ്ട്രീയവും അപഗ്രഥിക്കുന്ന ശ്രദ്ധേയമായ ഒരക്കാദമിക ശ്രമമാകുന്നു രാജശ്രീയുടെ പുസ്തകം.
കുറ്റത്തിന്റെയും ശിക്ഷയുടെയും സാമൂഹ്യമനഃശാസ്ത്രമന്വേഷിച്ചുകൊണ്ട് മിത്തുകളിലും ചരിത്രത്തിലും അവയ്ക്കു കൈവരുന്ന കഥനപാരമ്പര്യം വിശദീകരിക്കുന്നു, രാജശ്രീ. തുടർന്ന് മുഖ്യമായും സിഗ്മണ്ട് ഫ്രോയ്ഡിനെ മുൻനിർത്തി കുറ്റവാസനയുടെ വ്യക്തിമനഃശാസ്ത്രത്തിലേക്കു തിരിയുന്നു, ഈ വിശകലനം. ഭയം (Horror), ഭീതി (Terror) എന്നീ വികാരങ്ങൾക്ക് ഗോഥിക്ഭാവന മുതൽ കൈവന്ന ആഖ്യാനപാഠങ്ങൾ ചർച്ചചെയ്ത് അപസർപ്പകസാഹിത്യത്തിന്റെ യൂറോപ്യൻചരിത്രം സംഗ്രഹിക്കുന്നു. ജനപ്രിയഭാവനയുടെ പാശ്ചാത്യചരിത്രത്തിൽ പത്തൊൻപതാം നൂറ്റാണ്ടിലാരംഭിക്കുന്ന കുറ്റാന്വേഷണസാഹിത്യഗണത്തിന്റെ സ്വാധീനം കേരളീയാധുനികതയിൽ മലയാളമുൾപ്പെടെയുള്ള ഭാഷകളിലേക്കു സംക്രമിച്ചതിന്റെ കഥ പറയുന്നു, പിന്നീട്. റൊണാൾഡ് അബുനോട്ട് നോക്‌സിന്റെ ‘പത്തുകല്പനകൾ’ പിൻപറ്റി കുറ്റാന്വേഷണനോവലിന്റെ കലയും ഘടനയും വിശദീകരിക്കുന്ന രാജശ്രീ ശ്രദ്ധേയങ്ങളായ ചില കുറ്റാന്വേഷണസാഹിത്യപഠനങ്ങൾ മാതൃകയാക്കി ഈ സാഹിത്യശാഖയുടെ അവാന്തരവിഭാഗങ്ങളും ആഖ്യാനരീതികളും ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. ചരിത്രം, ശാസ്ത്രം, വംശീയത, ഭരണകൂടം തുടങ്ങിയവയ്ക്ക് കുറ്റാന്വേഷണസാഹിത്യത്തിന്റെ പ്രത്യയശാസ്ത്രവ്യവസ്ഥയിലുള്ള സ്ഥാനം ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും ഗോഥിക്-ഹൊറർ കഥകൾക്കും സാഹസരചനകൾക്കും ചാരക്കഥകൾക്കും സയൻസ്ഫിക്ഷനും കുറ്റാന്വേഷണ(Detective)സാഹിത്യവുമായുള്ള സൂക്ഷ്മവും സ്ഥൂലവുമായ വ്യത്യാസങ്ങൾ പരിഗണിക്കുന്നില്ല എന്ന പരിമിതി ഈ ലേഖനത്തിനുണ്ട്.
ഷെർലക്‌ഹോംസ് കഥകളിലൊന്നായ ‘തോർബ്രിജി’ന്റെ അപഗ്രഥനമാണ് അടുത്ത രചന. അമേരിക്കൻ സെനറ്റർ നീൽ ഗിബ്‌സൺന്റെ ഭാര്യയുടെ ദുരൂഹമായ മരണവും അതിൽ സംശയിക്കപ്പെടുന്ന ട്യൂഷൻ ടീച്ചറുടെ നിരപരാധിത്വവും മറനീങ്ങുന്ന കഥ. ഷെർലക്‌ഹോംസ്‌കഥകൾ അക്ഷരത്തിൽ ചെയ്തതാണ് ആൽഫ്രഡ് ഹിച്ച്‌കോക്കിന്റെ ടെലിഫിലിമുകൾ ദൃശ്യത്തിൽ ചെയ്തത്. അരമുക്കാൽ മണിക്കൂർ നീളുന്ന സസ്‌പെൻസിന്റെ പരമപാഠം. ഫോറൻസിക് സയൻസ്, ആധുനിക മനഃശാസ്ത്രം, യുക്തിയിലധിഷ്ഠിതമായ സാഹചര്യവിശകലനം, ശാസ്ത്രീയമായ തെളിവുകൾ മുൻനിർത്തിയുള്ള കേസന്വേഷണം-ഷെർലക്‌ഹോംസിന്റെ കുറ്റാന്വേഷണം നിലനിൽക്കുന്നത് ഈ നാലു തലങ്ങളിലാണ്. തോർപാലവും ഭിന്നമല്ല. ഉദ്വേഗത്തിന്റെ പിരിമുറുക്കവും ആഖ്യാനത്തിന്റെ നാടകീയതയും മനുഷ്യസ്വഭാവത്തിന്റെ സൂക്ഷ്മതലവിശകലനവും കൊണ്ട് മറ്റേതൊരു ഹോംസ്‌കഥയുംപോലെ ഈ രചനയും ശ്രദ്ധേയമാകുന്നു.
കുറ്റകൃത്യത്തിനു പിന്നിലെ സാമൂഹ്യമനഃശാസ്ത്രം മറനീങ്ങുന്ന മതപരവും വംശീയവും സ്ത്രീപരവുമായ സൂചനകൾ ചൂണ്ടിക്കാണിക്കുകയാണ് രാജശ്രീ. കുറ്റാന്വേഷണസാഹിത്യത്തെ ജനപ്രിയ സംസ്‌കാരപാഠമായി കണ്ടു വിശകലനം ചെയ്യുന്നതിന്റെ സങ്കല്പനപരമായ വിവക്ഷകൾ പലതും ഈ പഠനത്തിൽ സൂക്ഷ്മമായുപയോഗിക്കുന്നു, നിരൂപക.
ദുർഗാപ്രസാദ് ഖത്രിയുടെ ‘കറുത്ത കള്ളൻ’ (കാലാചോർ), കോട്ടയം പുഷ്പനാഥിന്റെ ‘സൂര്യസംഹാരം’ എന്നീ നോവലുകളുടെ ചർച്ചയിൽ സമാനതകളെക്കാൾ വൈരുധ്യങ്ങളാണ് അവയ്ക്കു തമ്മിലുള്ളതെന്നു സൂചിപ്പിക്കുന്നു, രാജശ്രീ. ഖത്രിയുടേത് കുറ്റാന്വേഷണനോവലാണ്. കൊളോണിയൽ ഭാവനാകാലം. ശാസ്ത്രസാങ്കേതികവിദ്യകളുടെ നൂതനലോകം. വംശീയതയുടെ രാഷ്ട്രീയം. 1970കളിലെ ദലിത്പാന്ഥർ പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രപരിസരം ഈ നോവലിൽ കണ്ടെത്തുന്നു, രാജശ്രീ. 1990കളിൽ കരുത്താർജ്ജിക്കുന്ന മലയാളത്തിലെ ‘മന്ത്രവാദ’നോവലുകളുടെ സാംസ്‌കാരിക പശ്ചാത്തലം വിവരിച്ചുകൊണ്ട് സൂര്യസംഹാരം അപഗ്രഥിക്കുന്നു, പിന്നീട്. മണ്ഡൽകമ്മീഷൻ റിപ്പോർട്ട്, ബാബ്‌റിമസ്ജിദ് എന്നിവ സൃഷ്ടിച്ച രാഷ്ട്രീയ നവഹൈന്ദവതയുടെയും സാംസ്‌കാരിക ബ്രാഹ്മണ്യത്തിന്റെയും സംയുക്ത സൃഷ്ടികളായിപ്പിറന്ന മന്ത്രവാദനോവലുകളുടെ വിശകലനം. കുറ്റാന്വേഷണസാഹിത്യം അതിന്റെ ആധുനിക-ശാസ്ത്രീയ-യുക്ത്യധിഷ്ഠിത സ്വരൂപത്തിൽനിന്ന് ആധുനികാനന്തര-മതാത്മക-അധിഭൗതിക സ്വരൂപത്തിലേക്കു നടത്തിയ അപഥസഞ്ചാരത്തിന്റെ വിശകലനം കൂടിയാണിത്.
സാഹിത്യത്തിലെന്നതിനെക്കാൾ കുറ്റാന്വേഷണഭാവനയും ഭൂത-പ്രേത-മന്ത്ര-തന്ത്ര കഥകളും ജനപ്രീതി നേടിയത് സിനിമയുൾപ്പെടെയുള്ള ദൃശ്യമാധ്യമരൂപങ്ങളിലാണ്. ഇന്ത്യൻ ടെലിവിഷനിൽ ഐതിഹാസിക വിജയം കൈവരിച്ച സിഐ.ഡി. എന്ന പരമ്പരയെക്കുറിച്ചാണ് ‘കാഴ്ച’യിലെ ആദ്യ ലേഖനം. ഈ പുസ്തകത്തിലെ ഏറ്റവും ശ്രദ്ധേയമായ പഠനവും ഇതുതന്നെയാണ്. ത്രില്ലറുകളെയും റിയാലിറ്റി ടെലിവിഷനെയും കൂട്ടിയിണക്കിക്കൊണ്ടാണ് ഇരുപതുവർഷം സോണി ടി.വി. തുടർച്ചയായി സംപ്രേഷണം ചെയ്ത സിഐ.ഡി.യുടെ പഠനം രാജശ്രീ നടത്തുന്നത്.
“ഇന്ത്യയിൽ സംപ്രേഷണം ചെയ്യപ്പെടുന്ന ദൈർഘ്യമേറിയ ടി.വി. പരമ്പരകളിലൊന്നായ സിഐ.ഡി. സസ്‌പെൻസ് ത്രില്ലറാണ്. 1998 ജനുവരി 21ന് സംപ്രേഷണമാരംഭിച്ച സിഐഡി., 2018 ജനുവരി 27ന് 1491 ഉപാഖ്യാനങ്ങൾ പൂർത്തിയാക്കി. ബി.പി. സിങ് ആണ് പരമ്പരയുടെ നിർമ്മാതാവ്. ക്രിസ്റ്റബൽ ഡിസൂസ സംവിധാനം ചെയ്യുന്ന പരമ്പരയുടെ ഉടമസ്ഥർ സോണി എന്റർടെയിന്മെന്റ് ടെലിവിഷൻ ആണ്. ഇരുപതുവർഷമായി തുടരുന്ന ഒരു സസ്‌പെൻസ് ത്രില്ലർ എന്ന നിലയ്ക്ക് ഇത് തീർച്ചയായും വിശകലനം അർഹിക്കുന്നുണ്ട്. ശനിയാഴ്ചകളിൽ ഇന്ത്യൻ സമയം രാത്രി പത്ത് മുപ്പതിന് സംപ്രേഷണം ചെയ്യപ്പെടുന്ന പരമ്പരയ്ക്ക് ഹിന്ദി ഇതര ഭാഷകളിലും പ്രേക്ഷകരുണ്ട്. തമിഴിലേക്കും മലയാളത്തിലേക്കും തെലുങ്കിലേക്കും മൊഴിമാറ്റം ചെയ്ത് പ്രദർശിപ്പിച്ചിരുന്നെങ്കിലും ഹിന്ദിയിലുള്ള പരമ്പരയ്ക്കുള്ള ജനപ്രീതി അവയ്ക്ക് നേടാനായില്ല എന്നത് വസ്തുതയാണ്.
ഇന്ത്യൻ കുറ്റാന്വേഷണവിഭാഗം അന്വേഷിച്ചു തെളിയിക്കുന്ന കേസുകളായാണ് പരമ്പര വിന്യസിക്കപ്പെട്ടിരിക്കുന്നത്. പരമാവധി നാല്പത്തഞ്ചു മിനിട്ടു നീളുന്ന ഒരു ഉപാഖ്യാനത്തിൽ കഥപറഞ്ഞുതീർക്കുകയാണ് പതിവ്. എന്നാൽ ചില കഥകൾ രണ്ട് ഉപാഖ്യാനങ്ങളിലേക്ക് നീളാറുണ്ട്.
തുടക്കത്തിൽ വ്യാഴാഴ്ചകളിൽ രാത്രി പത്തുമണിക്ക് സംപ്രേഷണം ചെയ്തിരുന്ന പരമ്പര പ്രേക്ഷകരുടെ ആവശ്യപ്രകാരം ആഴ്ചയിൽ മൂന്നും നാലും തവണ കാണിക്കേണ്ടി വന്നിട്ടുണ്ട്. ലിംകാബുക്‌സ് ഓഫ് റിക്കോർഡ്‌സിലും ഗിന്നസ് ബുക്കിലും ഇടം നേടിയ സിഐ.ഡി.യുടെ ഒരു പ്രത്യേക ഉപാഖ്യാനം 111 മിനിട്ടു ദൈർഘ്യമുള്ള ഒറ്റ ഷോട്ടായി എടുത്തിരുന്നു. പ്രധാന കഥാപാത്രങ്ങളും അഭിനേതാക്കളും രണ്ടു ദശകങ്ങളായി മാറ്റമില്ലാതെ തുടരുന്ന ഈ പരമ്പര വ്യത്യസ്തമായ ശീർഷകങ്ങളിൽ കുറ്റാന്വേഷണകഥകൾ അവതരിപ്പിക്കുന്നു. സിഐ.ഡി. ഫയൽസ്, സിഐ.ഡി. മോസ്റ്റ് വാണ്ടഡ്, സിഐ.ഡി. സീരിയൽ കില്ലർ കേസസ്, സിഐ.ഡി. ചേസ്, സിഐ.ഡി. വാട്ടർ ക്രൈം സ്റ്റോറീസ്, സിഐ.ഡി. രഹസ്യമയ് ദ്വീപ്, സിഐ.ഡി. ഖൂൻ കിബർസാത്, സിഐ.ഡി. കരോയാ മരോ, സിഐ.ഡി. ഫോറൻസിക് എന്നിങ്ങനെ പത്തൊമ്പതോളം ഉപവിഭാഗങ്ങളായാണ് കഥകൾ വിന്യസിച്ചിരിക്കുന്നത്. ഓരോ വിഭാഗത്തിലും എഴുപതോളം കഥകളുണ്ട്. കുറ്റാന്വേഷണസാഹിത്യത്തിലുള്ള തരംതിരിവുകൾ തന്നെയാണ് ടി.വി.യിലെ സസ്‌പെൻസ്/ക്രൈം തില്ലറുകളും പിന്തുടരുന്നത്. ഉദാഹരണമായി രഹസ്യമയ് ദ്വീപ്, ഖൂൻ കി ബർസാത് തുടങ്ങിയവ മാർട്ടിൻ പ്രീസ്റ്റ്മാൻ നിർദ്ദേശിച്ച നു അർ ത്രില്ലർ (Noir Thriller) എന്ന വിഭാഗത്തിൽ ഉൾപ്പെടും. വന്യമായ രഹസ്യാത്മകതയുള്ള ഇടങ്ങളിൽ നടക്കുന്ന ഭീതിദമായ കൊലപാതകങ്ങളുടെ ചുരുളഴിക്കുന്ന ഉപാഖ്യാനങ്ങളാണിവ.
ആന്റി കോൺസ്പിരസി ത്രില്ലർ എന്ന വിഭജനത്തിന് ആധാരമായി പ്രീസ്റ്റ്മാൻ നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾക്കനുസരിച്ചുള്ളവയാണ് മിഷൻ മുംബൈ, കരോ യാ മാരോ തുടർച്ചകൾ. പൊലീസ് നടപടിക്രമങ്ങൾക്ക് പ്രാധാന്യമുള്ള കഥകളാണ് സിഐ.ഡി. ഫയൽസ്. ഫോറൻസിക് സയൻസിന്റെ സഹായത്തോടെയുള്ള ശാസ്ത്രീയമായ കുറ്റാന്വേഷണങ്ങൾക്ക് പരമ്പരയിൽ പൊതുവെ പ്രാധാന്യമുണ്ട്. അത് കുറ്റാന്വേഷണത്തിന്റെ ഭാഗമായി എല്ലാ ഉപാഖ്യാനങ്ങളിലുമുണ്ടെങ്കിലും ഫോറൻസിക് സയൻസിനെ കേന്ദ്രസ്ഥാനത്തുനിർത്തുന്ന ഉപാഖ്യാനഗണമാണ് സിഐ. ഫോറൻസിക്.
മുംബൈ ആണ് പ്രധാന ലൊക്കേഷൻ എങ്കിലും ഈ പരമ്പര ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ചിത്രീകരിച്ചിട്ടുണ്ട്. വിവിധ ഭാഷകളും സംസ്‌കാരസവിശേഷതകളും ഉപാഖ്യാനങ്ങളുടെ ഭാഗമാക്കാൻ പരമ്പര ശ്രദ്ധിച്ചിട്ടുണ്ട്. പാരീസ്, ഉസ്ബക്കിസ്ഥാൻ,സ്വിറ്റ്‌സർലണ്ട് തുടങ്ങിയ വിദേശരാജ്യങ്ങളിലാണ് ആഖ്‌രി ചുനൗത്തി എന്ന വിഭാഗം ചിത്രീകരിക്കപ്പെട്ടത്”.
ഇന്ത്യൻ ടെലിവിഷനെ ജനപ്രിയസംസ്‌കാരവുമായി ബന്ധപ്പെടുത്തിയും കുറ്റാന്വേഷണപരമ്പരകൾക്കുള്ള ദൃശ്യമാധ്യമസാധ്യതകൾ ചൂണ്ടിക്കാണിച്ചും സിഐ.ഡി.യെക്കുറിച്ചു വന്നിട്ടുള്ള പഠനങ്ങൾക്കൊപ്പം നിരവധി എപ്പിസോഡുകളുടെ പാഠം വിശകലനം ചെയ്തുമാണ് രാജശ്രീ ഈ ലേഖനമവതരിപ്പിക്കുന്നത്. ഇത്തരമൊരു ടെലിവിഷൻ മാധ്യമപഠനവും കുറ്റാന്വേഷണപരമ്പരയുടെ വിശകലനവും മലയാളത്തിൽ ഇതാദ്യമാണ്.
മിഥോളജി, പ്രണയം, ദേശീയത, സവർണത, വീര-പുരുഷത്വം എന്നിങ്ങനെ ഇന്ത്യൻ ടെലിവിഷന്റെ ജനപ്രിയസമവാക്യങ്ങൾ ഒന്നടങ്കം ഏറ്റവും സമർഥമായുപയോഗപ്പെടുത്തുന്നുണ്ട് സിഐ.ഡി. ഒപ്പം, ബോളിവുഡിനു സമാന്തരമായി സൃഷ്ടിക്കുന്ന ഒരു ദൃശ്യ-ജനപ്രിയപാഠവുമാണ് ഈ പരമ്പര.
ഈ പരമ്പരയിലെ അഭിജിത് എന്ന കുറ്റാന്വേഷകന്റെ വിഭക്തവ്യക്തിത്വം അനാവരണം ചെയ്യുന്നു, അടുത്ത ലേഖനം. കുറ്റവാളിയും കുറ്റാന്വേഷകനും ഒരാൾ തന്നെയാകുന്ന വിചിത്രമായ സാഹചര്യത്തിൽ കുറ്റാന്വേഷണത്തിനു സംഭവിക്കുന്ന വിപര്യയത്തിന്റെ സങ്കീർണതയാണ് ഈ ലേഖനം വിശദീകരിക്കുന്നത്.
“ടെലിവിഷൻപരമ്പരകൾ പൊതുവെ ബോളിവുഡിനെയാണ് അനുകരിക്കാറുള്ളത്. ബോളിവുഡിൽ ഓരോ ഘട്ടത്തിലും പ്രകടമാകുന്ന അഭിരുചിവ്യത്യാസങ്ങളും വിഷയപരിചരണങ്ങളും പരമ്പരകളിലേക്ക് വ്യാപരിക്കാറുണ്ട്. ഉദാഹരണത്തിന് 1970കളോടെയാണ് ബോളിവുഡ് സാമൂഹികാസമത്വങ്ങളുടെ വിഷയം സംസാരിച്ചു തുടങ്ങിയത്. ഉന്നതകുലജാതനെങ്കിലും സാധാരണക്കാരുടെ പ്രശ്‌നങ്ങളിലിടപെട്ട്, സാധാരണക്കാരുടെ ജീവിതം ജീവിക്കുന്ന നായകനായി അമിതാഭ്ബച്ചൻ പ്രത്യക്ഷപ്പെടുന്നത് ആ കാലഘട്ടത്തിലാണ്. ജാതിവിവേചനം, സ്ത്രീശാക്തീകരണം തുടങ്ങിയ വിഷയങ്ങൾ അപ്പോഴും ബോളിവുഡിൽ വെളിച്ചത്ത് വന്നിരുന്നില്ല. സ്വാഭാവികമായും ആ കാലഘട്ടത്തിലെ ടെലിവിഷൻ പരമ്പരകൾ അതേ രീതി പിന്തുടർന്നു. ഹിന്ദി സിനിമകളുടെ പിന്നണിയിൽ പ്രവർത്തിച്ചിരുന്നവരെല്ലാം ഹിന്ദി ഉപരിവർഗ്ഗത്തിന്റെ മൂല്യസങ്കല്പങ്ങളെയും രുചികളെയും ആഘോഷിച്ചവരാണ്. ഈ ഉപരിവർഗ്ഗത്തിന്റെ കുടുംബപ്രശ്‌നങ്ങളും വൈകാരികസംഘർഷങ്ങളുമാണ് ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും പ്രേക്ഷകർ കണ്ടതും സ്വാംശീകരിച്ചതും.
ബോളിവുഡിലെ സമാന്തര നവതരംഗസിനിമകൾ ജാതിയുടെ സങ്കീർണ്ണതകളെ അവതരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ദളിത്പശ്ചാത്തലമുള്ള കഥാപാത്രങ്ങളിൽ ഭൂരിപക്ഷവും അപരിഷ്‌കൃതസ്വത്വമുള്ളവരും തരംതാഴ്‌ത്തപ്പെട്ടവരും നല്ലൊരു ഭാവിയെക്കുറിച്ച് പ്രതീക്ഷവച്ചുപുലർത്തുന്നവരുമായിരുന്നു. ഉദാരീകരണത്തിനു ശേഷം സിനിമ ഏതാണ്ടു പൂർണ്ണമായിത്തന്നെ വിപണിക്ക് കീഴടങ്ങിയതോടെ സെൻസേഷണലിസവും വിനോദവും ആധിപത്യം സ്ഥാപിച്ചു. അതിനു സമാന്തരമായ ചലനങ്ങൾ ടെലിവിഷനിലും ഉണ്ടായിട്ടുണ്ട്. സിനിമയടക്കമുള്ള മാധ്യമങ്ങൾ സാമൂഹികമായ ഉത്തരവാദിത്തങ്ങളിൽ നിന്നു പിന്മാറിയ കാലമാണത്. അക്കാലത്തായാലും പാർശ്വവൽകൃതരുടെ പ്രതിനിധാനങ്ങൾ ആശ്രിതത്വത്തിന്റെയും അടിച്ചമർത്തലിന്റേതും മാത്രമായിത്തുടർന്നു. 2001ൽ ഇറങ്ങിയ ലഗാൻ പോലും നിലവിലെ ബ്രാഹ്മണിക് മൂല്യങ്ങളുമായി ചേർന്നുപോകാനാണ് ശ്രമിച്ചതെന്നു കാണാം. ഒറ്റയ്ക്ക് പൊരുതി ജയി(പ്പി)ക്കുന്ന നായകന് വിപണിമൂല്യം കൂടും, എന്നാലും ദളിതർ അദൃശ്യരായിത്തുടരുകയേ ഉള്ളൂ. ഉപരിവർഗ്ഗത്തിനായി വെടിയേറ്റുവീഴാനാണ് പലപ്പോഴും അവരുടെ നിയോഗം.
അഭിജിത്ത് എന്ന കഥാപാത്രത്തിന്റെ സൃഷ്ടിയും അവതരണവും അയാൾ കടന്നുപോകുന്ന അനുഭവങ്ങളും ഇത്തരമൊരു പശ്ചാത്തലത്തിലാണ് കാണേണ്ടത്. ഒരു കുറ്റാന്വേഷണപരമ്പരയെ സംബന്ധിച്ചിടത്തോളം ഈ വസ്തുതകൾ പൊതുവെ പ്രത്യക്ഷമായിരിക്കുകയില്ല. എന്നാൽ ജനപ്രീതി എന്ന ഘടകത്തെ നിർണ്ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിൽ അവ വഹിക്കുന്ന പങ്ക് ചർച്ചചെയ്യപ്പെടുമ്പോൾ