കുറ്റവാളിയായ പശുപതി സിങ്ങിനു പകരം അഞ്ഞൂറു രൂപ ഭാര്യയ്ക്കും കുട്ടികൾക്കും മാസം കിട്ടുമെന്ന ഉറപ്പിൽ രംഭാഗഢ് കോട്ടയിൽ പണിയെടുക്കുന്ന സുലൈമാന്റെ ദൈന്യത മരുഭൂമികൾ ഉണ്ടാകുന്നതിലും, കുടുക്കിന് പാകമുള്ള കഴുത്തുള്ളതു കൊണ്ടു മാത്രം ചെയ്യാത്ത കുറ്റത്തിന് കുറ്റവാളിയായി മാറിയ ഗോവർധന്റെ കഥ ഗോവർദ്ധന്റെ യാത്രകളിലും ആനന്ദ് ചിത്രീകരിക്കുന്നുണ്ട്.
ഭരണകൂടം അതിന്റെ പൗരന്മാർക്കുമേൽ നടത്തുന്ന ക്രൂരവും നൃശംസവും അതിബീഭത്സവുമായ കടന്നു കയറ്റങ്ങൾ ആനന്ദിയൻ ഭാവനയുടെ ഏറ്റവും സവിശേഷമായ ചർച്ചാ വിഷയമായിരുന്നു. ചെയ്യാത്ത കുറ്റത്തിന് കുറ്റവാളികളാക്കപ്പെടുന്നവരേയും ഐഡൻറ്റിറ്റികൾ മായ്ച്ചു കളഞ്ഞ് നിത്യമായ അഭയാർത്ഥിത്വത്തിലേക്ക് എടുത്തെറിയപ്പെട്ടവരേയും ആനന്ദിന്റെ കഥകളിലും കാണാവുന്നതാണ്. 1998 ൽ എഴുതിയ 'ചിരി' എന്ന കഥയിൽ ആനന്ദ് അതിജീവനത്തിനുവേണ്ടി സ്വന്തം ഐഡന്റിറ്റികളെ കുഴിച്ചുമൂടി പലായനം ചെയ്യുന്ന ചെറുപ്പക്കാരെ പറ്റി ഇങ്ങനെ എഴുതുന്നുണ്ട്: "തുമ്പില്ലായ്മയാണ്, പേരും വിലാസവും ഫോൺ നമ്പറും മായ്ച്ചു കളയുകയാണ് അവർ അന്വേഷിക്കുന്നയാളിന്റെ രക്ഷാ കവചം."
തമ്പി ആന്റണിയുടെ മെക്സിക്കൻ മതിൽ (ദേശാഭിമാനി വാരിക) എന്ന ഏറ്റവും പുതിയ കഥ ഒരു ആഗോള മലയാളിയുടെ വീക്ഷണത്തിൽ അമേരിക്കയുടെ സമകാലിക രാഷ്ട്രീയ പശ്ചാത്തലത്തിൽ ഊന്നി കൊണ്ടാണ് ഭരണകൂട നൃശംസതകളെ ചർച്ച ചെയ്യുന്നത്. "കുപ്രസിദ്ധ മെക്സിക്കൻ ഡ്രഗ് ഡീലർ കാർലോസ് ലോപ്പസ് അമേരിക്കൻ ബോർഡർ പെട്രോളിന്റെ കസ്റ്റഡിയിൽ" എന്ന അന്നത്തെ ബ്രേക്കിങ് ന്യൂസ് കേൾക്കുന്ന സന്തോഷ് എന്ന ജേർണലിസ്റ്റാണ് കഥയുടെ ആഖ്യാനം നിർവഹിക്കുന്നത്. മെക്സിക്കൻ മതിലുമായി അതിർത്തി പങ്കിടുന്ന റിയോ ഗ്രാൻഡെ നദീതീരത്തു നിന്നാണ് കാർലോസിനെ അറസ്റ്റു ചെയ്യുന്നത്. മെക്സിക്കൻ അഭയാർത്ഥികളുടെ ഒളിത്താവളമാണവിടം. കോട്ടയത്ത് എത്ര മത്തായിമാരുണ്ട് എന്ന ജോൺ എബ്രഹാമിന്റെ കഥയാണ് മെക്സിക്കോയിൽ എത്ര കാർലോസുമാരുണ്ടെന്ന തിരച്ചിലിലേക്ക് ഇറങ്ങുമ്പോൾ സന്തോഷിന് ഓർമ്മ വരുന്നത്. പക്ഷെ ടെലിവിഷനിൽ കാണുന്ന കാർലോസിന്റെ ചിത്രം അയാളിൽ സംശയമുണർത്തുന്നു. അമേരിക്കയുടെ അതിർത്തി പ്രദേശമായ മക്കാലൻ പട്ടണത്തിൽ ജോലി ചെയ്യുമ്പോഴാണ് തനിക്ക് പരിചയമുള്ള കാർലോസിനെ അയാൾ കാണുന്നത്.
മെക്സിക്കോയോട് ചേർന്നുള്ള പ്രദേശമായതു കൊണ്ടു തന്നെ ഏറ്റവും അധികം മെക്സിക്കൻ വർഗ്ഗക്കാരുള്ള സ്ഥലവുമാണത്. അഭയാർഥികളും ഭവനരഹിതരുമായ ധാരാളം പേർ തെരുവിന്റെ മക്കളായി കഴിയുന്ന സ്ഥലത്താണ് കാർലോസിനെ ഒരു തെരുവ് നിവാസിയായി സന്തോഷ് ആദ്യം കാണുന്നത്.
കാർലോസ് ഫവേല എന്ന നെയിം ബോർഡും 'പ്ലീസ് ഹെല്പ് മീ ടു ഗോ ടു ഹെൽ' എന്ന ബോർഡുമായി വഴിവക്കിൽ ഇരിക്കുന്ന അയാൾ സന്തോഷിനെ സംബന്ധിച്ചു ഗൂഢമായ ഐഡന്റിറ്റി പേറുന്ന ഒരാളായിരുന്നു. അല്ലെങ്കിൽ ഐഡന്റിറ്റികളെ തന്നെ പ്രശ്നവൽക്കരിക്കുന്ന ഒരാൾ. വാർത്തയിൽ കണ്ട ഡ്രഗ് ഡീലർ കാർലോസിന്റെ ചിത്രവും തെരുവിൽ യാചകനായിരിക്കുന്ന കാർലോസ് ഫവേലയുടെ രൂപവും തമ്മിലുള്ള സാമ്യമാണ് കാർലോസിന് പിറകെ പോകാൻ സന്തോഷിനെ പ്രേരിപ്പിക്കുന്നത്.
അനേകം കാർലോസുമാരുള്ള മെക്സിക്കോയിൽ താൻ അന്വേഷിക്കുന്നയാളുടെ ഐഡന്റിറ്റി കണ്ടെത്താൻ സന്തോഷിന് സാധിക്കുന്നില്ല. ഒരു പക്ഷെ ചെയ്യാത്ത കുറ്റത്തിന് യഥാർത്ഥ ഡ്രഗ് ഡീലറായ കാർലോസ് ലോപ്പസിന്റെ കുറ്റകൃത്യങ്ങളുടെ പേരിൽ പിടിക്കപ്പെട്ട ഒരു പകരക്കാരനായിരിക്കാം കാർലോസ് ഫവേല എന്ന പാവം അഭയാർത്ഥി എന്ന സൂചനകൾ കഥയിൽ വായിച്ചെടുക്കാം. പശുപതി സിങ്ങിന്റെ കുറ്റകൃത്യത്തിന് രംഭാഗഢ് കോട്ടയിൽ തടവുകാരനായി ജോലി ചെയ്യുന്ന സുലൈമാന്റെ ഒരു ആഗോള പ്രതിരൂപമായി കാർലോസ് ഫവേല മാറുന്നത് ഇങ്ങനെയാണ്.
കഥയുടെ സമകാലരാഷ്ട്രീയം
ഐഡന്റിറ്റികൾ മാഞ്ഞു പോകുന്ന നിത്യ അഭയാർത്ഥിത്വവും ഭരണ കൂടത്തിന്റെ അമാനവികമായ കടന്നു കയറ്റത്തിനുമൊപ്പം കഥ ശക്തമായി അമേരിക്കൻ സമകാല രാഷ്ട്രീയവും സംസാരിക്കുന്നുണ്ട്. ട്രംപിന്റെ മെക്സിക്കൻ മതിലുമായി ബന്ധപ്പെട്ട വോട്ടുതേടൽ പ്രചാരണം കഥയുടെ പശ്ചാത്തലത്തിൽ ഓർക്കേണ്ടതുണ്ട്. അതിർത്തി മുഴുവൻ മതിൽ പണിയുമെന്നായിരുന്നു ട്രംപിന്റെ പ്രചാരണ വാഗ്ദാനം. പക്ഷെ ഇപ്പോഴും ട്രംപ് ഭരണകൂടത്തിനത് സാധിച്ചിട്ടില്ല. ചെറിയ ചെറിയ ജോലികളിലെല്ലാം ഇത്തരം അഭയാർഥികളാണ് ഏർപ്പെടുന്നത്. കർക്കശമായി അഭയാർഥികളെ തിരിച്ചയ്ക്കുന്ന നിലപാടാണ് ട്രംപ് ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരമൊരു രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരു അഭയാർത്ഥിയെ പെട്ടന്നൊരു ദിവസം കാണാതാവുകയും കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഒരു സ്ഥിരം കുറ്റവാളി (കാണാതായ ഭവനരഹിതന്റെ സാമ്യം) അറസ്റ്റിലായി എന്ന വാർത്ത വരികയും ചെയ്യുമ്പോൾ കഥ കൂടുതൽ രാഷ്ട്രീയം സംസാരിക്കുന്നു. അധികാര കേന്ദ്രങ്ങളും ഭരണകൂടവുമായുള്ള അവിഹിതമായ കൊള്ള കൊടുക്കലുകൾക്ക് മികച്ച മാതൃകയായിത്തീരുന്നുണ്ട് ഈ കഥ. മാത്രമല്ല ലോകവ്യാപകമായി നിലനിൽക്കുന്ന ജനസഞ്ചയങ്ങളുടെ അഭയാർത്ഥിത്വത്തിന്റെയും ഭവനരാഹിത്യത്തിന്റെയും രൂക്ഷമായ ഭരണകൂട നിയന്ത്രത്തിന്റെയും യാഥാർത്ഥ്യങ്ങളെ വെളിച്ചത്തേക്ക് നിർത്തുന്നുണ്ട് കഥാകൃത്ത്. അമേരിക്ക പോലെ ഒരു മുതലാളിത്ത രാജ്യത്തിലെ വിശപ്പിന്റെ രാഷ്ട്രീയവും, ആർക്കും ഉപയോഗപ്പെടാതെ പോകുന്ന ഭക്ഷ്യ വസ്തുക്കളും കഥ ചർച്ച ചെയ്യുന്ന മറ്റൊരു വിഷയമാണ്.
കഥയുടെ അവസാനം എഴുതിചേർക്കുന്ന വാചകങ്ങളെ മനസ്സിലാക്കേണ്ട പശ്ചാത്തലം ഈ രാഷ്ട്രീയമാണ്:
"നദിയുടെ അങ്ങേക്കരയിൽ നിന്നും ആരൊക്കെയോ നീന്തി വരുന്നതു പോലെ തോന്നിയെങ്കിലും ഒന്നിനും ഒരു വ്യക്തത ഇല്ലായിരുന്നു. എല്ലാവരുടെയും മുഖങ്ങൾ ഒരു പോലെ, എല്ലാവരും ഒരേ വേഷമിട്ടവർ, ഒരേ ഭാഷയിൽ എന്തൊക്കെയോ അടക്കം പറയുന്നതു പോലെ. രാവേറുന്തോറും ആളുകൾ കൂടിക്കൂടി വരുന്നുണ്ടെങ്കിലും അവർക്കെല്ലാം കാർലോസിനെപോലെ ഒരേ മുഖച്ഛായ ആയിരുന്നു. അവരെല്ലാം കാർലോസുമാരായി രൂപാന്തരം പ്രാപിക്കുകയാണോ. ഒന്നിനും ഒരു വ്യക്തതയില്ലായിരുന്നു.