ഇങ്ങസ്തമിക്കുന്നു സൂര്യൻ; പെരുവഴി
തീർന്നൂ, തിരിച്ചു നടക്കാം നമുക്കിനി
സ്വന്തം കുരുതിയിലേക്കു പോകുന്നൊരി-
ക്കൊമ്പ് ചുവന്നോരറവു മൃഗങ്ങൾക്കു
പിമ്പേ നടക്കുമ്പോഴും നമ്മെ ബന്ധിപ്പ-
തെന്താഭിചാരം? പ്രണയമോ പാപമോ?
ഇല്ല പൊട്ടിച്ചിരി; നീണ്ട ഞരക്കങ്ങ-
ളല്ലാതെ,യോരോ തകരക്കുടിലിലും
വെള്ളമിറങ്ങാതെ, ജീവിതമൂർച്ഛയിൽ
തുള്ളിപ്പനിച്ചു കിടക്കയാമുണ്ണികൾ
നീയറിയുന്നുവോ? ചോലമരങ്ങളിൽ
സായാഹ്നമോരോന്നിരുണ്ടുതൂങ്ങുന്നതും
നീണ്ടമൗനത്തിലേക്കെന്റെ രാപ്പക്ഷികൾ
നീലച്ചിറകു കുഴഞ്ഞു വീഴുന്നതും
നിദ്രാന്തരങ്ങളിൽ ദുർമരണത്തിന്റെ
സ്വപ്നം തലച്ചോറു കാർന്നുതിന്നുനതും?
ആർത്തിരമ്പുന്നൂ കടൽ; ഒരു കാലത്തു
കാറ്റുകൊള്ളാൻ നാം നടന്ന തീരങ്ങളിൽ
നോക്കൂ, പുഴുത്ത പകുതിയും മീൻ തിന്നു
തീർത്ത ശവങ്ങൾ, ശവങ്ങൾ, ശവങ്ങൾ...
കത്തുന്ന ചുമ്പനം കൊണ്ടു നീ പണ്ടെന്റെ
കയ്ക്കുന്ന പ്രാണനെച്ചുട്ടുപൊള്ളിച്ചതും
കണ്ണിന്റെ നക്ഷത്രജാലകത്തിൽക്കൂടി
ജന്മാന്തരങ്ങളെ കണ്ടു മൂർച്ഛിച്ചതും
എന്നോ കറുത്ത തിരശ്ശീല വീണതാം
ഉന്മാദനാടകരംഗസ്മരണകൾ
വർഷപാതങ്ങളിൽക്കുത്തിയൊലിച്ചുപോം
അർഥമില്ലാത്ത ദിനാന്ത്യക്കുറിപ്പുകൾ
ഓരോ ചുവടിലും നഗ്നപാദങ്ങളിൽ
ആണിത്തുരുമ്പു തറഞ്ഞു മുറിഞ്ഞു ഞാൻ
ഓരോ വിരലിലും കാലചക്രം പാഞ്ഞു
കേറിച്ചതഞ്ഞു, തൊടുമ്പോൾപ്പുളഞ്ഞു ഞാൻ
പാപശ്രുതികളിൽപ്പാതകം പാടിനാ-
മാടീ പകലിന്റെ പ്രേതപ്രഹസനം
രാവിൽത്തനിച്ചു തിരിച്ചെത്തി, വെണ്മുഖം-
മൂടിയൂരുമ്പോൾ,ത്തകർന്ന കണ്ണാടിയിൽ-
ക്കാണുന്ന നഗ്നനെപ്പോലും ചതിക്കണോ?
വീഴുന്നു ഞാനെൻ ഞെരിഞ്ഞി;ക്കിടക്കയിൽ
ഏതോ പരസ്യപ്പലകയിലിങ്ങനെ;
പാതിയടഞ്ഞ മനുഷ്യജന്മത്തിന്റെ
വാതിലിൽപ്പാദുകമൂരിവെക്കൂ,കണം
കാലിൽ വ്രണം നൊന്തുഴിഞ്ഞിരിക്കൂ, ഒരു
നേരം മരണം കുഴഞ്ഞ നാവാൽ നിന്റെ
പേരും വയസ്സും വിളിച്ചുചൊല്ലും വരെ
അന്ധകാരത്തിൽപ്പരസ്പരം കൊല്ലുന്ന
ബന്ധങ്ങൾതൻ മഹാഭ്രാന്താലയങ്ങളിൽ,
കുന്തിരിക്കപ്പുക ഭ്രൂണബലിയുടെ
ഗന്ധം മറയ്ക്കും വിവാഹരംഗങ്ങളിൽ
എങ്ങുമൊടുങ്ങാത്ത ജീവിതാസക്തികൾ
തൂങ്ങിമരിച്ച വഴിയമ്പലങ്ങളിൽ
കാരമുള്ളിന്റെ കിരീടവും ചൂടി നാം
തേടി നടന്നതു സൗഖ്യമോ മൃത്യുവോ?
പിന്നിട്ട രാത്രിവിളക്കുകൾ ഛർദ്ദിച്ച
മഞ്ഞനീർമോന്തിക്കനത്ത കൺപോളയിൽ
വിങ്ങുന്നു ജന്മഗൃഹം; നിത്യരോഗിയാ-
മമ്മയും റാന്തലിൻ തേങ്ങും വെളിച്ചവും
നിർത്തൂ ചിലയ്ക്കൽ; നിനക്കെന്തു വേണ,മെൻ
ദുഃഖങ്ങളോ, ഫണം തീർത്ത പുല്ലിംഗമോ?
നേരമാവുന്നൂ, വരുന്നു ചിത്തഭ്രമ
രോഗികൾക്കുള്ളോരവസാനവാഹനം
വീർപ്പിൽക്കരച്ചിൽ ഞെരിച്ചടക്കിക്കൊണ്ടു
യാത്രയാക്കുന്നു വെറുക്കുന്നു നിന്നെ ഞാൻ
മുപ്പതു വെള്ളി വിലയുള്ള മെത്തയിൽ
പശ്ചാത്തപിക്കാത്ത കൈകളാലന്യനെ-
ക്കെട്ടിപ്പുണർന്നു കിടക്കൂ, ജരാനരാ
ബദ്ധദേഹാർത്തികൾ തൻ മൃതിലീലയിൽ
നിൽക്കട്ടെ ഞാനീയധോനഗരത്തിന്റെ
നിദ്രയും സ്വപ്നവുമില്ലാത്ത രാത്രിയിൽ
നാളത്തെ സൂര്യനും മുമ്പേ കൊലക്കത്തി
പാളേണ്ട മാടിന്റെ യാതനാരാത്രിയിൽ...