കളിയ്ക്കവെ, പഠിക്കവെ,
വിപത്തുവന്നുചേരവെ,
ലഭിച്ചിടുന്ന സൗഹൃദമ-
ലിഞ്ഞുചേരുമാത്മാവിൽ.
മരിച്ചിടും വരെയത്
മനസ്സിൽപൂത്തുനിന്നിടും
തമസ്സിലും വെളിച്ചമായ്
നമുക്കൊരാത്മബന്ധമായ്
കുടിയ്ക്കവെ, സുഖിക്കവെ,
ഉയർച്ചവന്നവേളയിൽ
ലഭിച്ചിടുന്ന സൗഹൃദം
തുടുത്തു നില്ക്കുമെങ്കിലും
തകർച്ചവന്നു വീഴുകിൽ
തനിച്ചു വിട്ടു പോയിടും.
നമുക്ക് ചൂഴ്ന്നു നോക്കുവാൻ
കഴിയയില്ലയെങ്കിലും
നമുക്കു മുന്നിൽ സ്ഥൂലമായ്
വളർന്നിടേണം സൗഹൃദം.
ഇരുൾവഴിയിലെപ്പൊഴും
വഴിവിളക്ക് പോലെയും
ഇരുൾ മനസ്സിലാകിലോ
കുളിർ നിലാവ് പോലെയും
ഇടറിവീഴും വേളയിൽ
കരം തരുന്നു സൗഹൃദം.
കരളിലേറ്റ നൊമ്പരം
പറഞ്ഞു മാറ്റിടുന്നവർ.
ശ്യാമമേഘ വീഥിയിൽ
വിടർന്നിടുന്ന താരപോൽ
മനം നിറയെ സൗഹൃദം
നിറഞ്ഞു വന്നാൽ ഭാഗ്യമായ്.
പാർത്ഥപാണിയിൽ പിടിച്ച
ഗാണ്ഡീവത്തിൻ മാതിരി
ചിത്ത ചാരുവിൽ നമുക്ക്
ശക്തിയേകും സൗഹൃദം.