എബിയുടെയും കുട്ടികളുടെയും അനാഥത്വവും വേദനയും സ്നേഹവും പ്രതീക്ഷയും; ഒപ്പം എബിയുടെയും ആനിയുടെയും പ്രണയവും; ലാലും കമലും കൂടി ഉണ്ണികളുമായി വന്ന് കഥ പറഞ്ഞിട്ട് 33 വര്‍ഷങ്ങള്‍; സഫീര്‍ അഹമ്മദ് എഴുതുന്നു

Malayalilife
എബിയുടെയും കുട്ടികളുടെയും അനാഥത്വവും വേദനയും സ്നേഹവും പ്രതീക്ഷയും; ഒപ്പം എബിയുടെയും ആനിയുടെയും പ്രണയവും; ലാലും കമലും കൂടി ഉണ്ണികളുമായി വന്ന് കഥ പറഞ്ഞിട്ട് 33 വര്‍ഷങ്ങള്‍; സഫീര്‍ അഹമ്മദ് എഴുതുന്നു

ബിയുടെയും കുട്ടികളുടെയും അനാഥത്വവും വേദനയും സ്നേഹവും പ്രതീക്ഷയും ഒപ്പം എബിയുടെയും ആനിയുടെയും പ്രണയവും മലയാള സിനിമ പ്രേക്ഷകര്‍ അനുഭവിച്ചറിഞ്ഞിട്ട് ഇന്നേയ്ക്ക് 33 വര്‍ഷങ്ങള്‍...അതെ, കമല്‍-ജോണ്‍പോള്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ 'ഉണ്ണികളെ ഒരു കഥ പറയാം' എന്ന മികച്ച സിനിമ റിലീസായിട്ട് 33 വര്‍ഷങ്ങള്‍...

'ഉണ്ണികളെ ഒരു കഥ പറയാം', പേരില്‍ ഉണ്ണികളോട് കഥ പറയാമെന്നാണെങ്കിലും കമല്‍ നമ്മളോട് പറഞ്ഞത് എബി എന്ന അനാഥന്റെയും തെരുവിലേക്ക് എടുത്തെറിയപ്പെട്ട ഒരു കൂട്ടം അനാഥ കുട്ടികളുടെയും കഥയാണ്...കുതിര കുളമ്ബടി ശബ്ദത്തിന്റെ അകമ്ബടിയോടെ ഓടകുഴല്‍ നാദത്തില്‍ തുടങ്ങുന്ന സിനിമ, ആ ഓടകുഴല്‍ നാദത്തിന്റെ മനോഹാരിത സിനിമയുടെ അവസാനം വരെ നിലനിര്‍ത്താന്‍ കമല്‍ എന്ന താരതമ്യേന പുതുമുഖ സംവിധായകന് സാധിച്ചു...ഒരു ചെറുകഥയുടെ ലാളിത്യവും ഭംഗിയും ഒക്കെ ഒത്തിണങ്ങിയ മനോഹരമായ ഒരു സിനിമ, അതാണ് കമലിന്റെ 'ഉണ്ണികളെ ഒരു കഥ പറയാം'....

ഒരു മനുഷ്യനെ സംബന്ധിച്ച്‌ ഏറ്റവും വേദനാജനകമായ അവസ്ഥ ആയിരിക്കും അച്ഛനും അമ്മയും ആരാണെന്ന് അറിയാതെ, ബന്ധുക്കള്‍ ആരുമില്ലാതെ, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആരോരും ഇല്ലാതെ അനാഥന്‍ ആയിരിക്കുക എന്നത്, അനാഥത്വം അനുഭവിക്കുക എന്നത്...കഠിനമായ വേദനയും പേറി ആയിരിക്കും ഓരോ അനാഥനും ഈ ലോകത്ത് ജീവിച്ചിരിക്കുന്നത്...അനാഥനായ നായകന്‍/നായിക എന്നും സിനിമാക്കാരുടെ ഇഷ്ട വിഷയങ്ങളിലൊന്നാണ്, ഒരുപാട് സിനിമകള്‍ അനാഥരുടെ കഥകള്‍ പറഞ്ഞ് പ്രേക്ഷക പ്രീതി നേടിയിട്ടുമുണ്ട്...പതിവിന് വിപരീതമായി ഒരു കൂട്ടം അനാഥരുടെ കഥ പറഞ്ഞതാണ് 'ഉണ്ണികളുടെ ഒരു കഥ പറയാം' എന്ന സിനിമയുടെ പുതുമയും പ്രത്യേകതയും...

എബി, 'ഉണ്ണികളെ ഒരു കഥ പറയാം' എന്ന സിനിമയിലെ നായക കഥാപാത്രം, അനാഥനായി തെരുവോരങ്ങള്‍ കൊടും യാതനകള്‍ അനുഭവിച്ച്‌, പിന്നീട് സ്നേഹ സമ്ബന്നതയുടെ ഊഷ്മളതയില്‍ ജീവിച്ച്‌, വീണ്ടും ഒരു സുപ്രഭാതത്തില്‍ തെരുവിലേയ്ക്ക് തിരിച്ചെറിയപ്പെട്ട്, ഒരു കൂട്ടം അനാഥ കുട്ടികള്‍ക്ക് ആശ്രയവും അഭയവും ആകുന്ന കഥാപാത്രം, ആ കഥാപാത്രത്തെ മോഹന്‍ലാല്‍ ഗംഭീരമായി തന്നെ അവതരിപ്പിച്ചു...പക്ഷെ നിര്‍ഭാഗ്യവശാല്‍ ഇതിലെ മോഹന്‍ലാലിന്റെ മികച്ച പ്രകടനത്തെ എവിടെയും അധികം പരാമര്‍ശിക്കപ്പെട്ടതായി കണ്ടിട്ടില്ല...ഒരുപക്ഷെ നാടകീയതയും അതിഭാവുകത്വവും ആവശ്യപ്പെടുന്ന കഥാപാത്രമായിട്ട് കൂടി അതുകൊടുക്കാതെ വളരെ സ്വഭാവികമായി മോഹന്‍ലാല്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചതുകൊണ്ടായിരിക്കാം 'എബി' എന്ന കഥാപാത്രത്തെ, മോഹന്‍ലാലിന്റെ പ്രകടനത്തെ അക്കാലത്ത് ആരും വാഴ്‌ത്തിപ്പാടാതിരുന്നത്... മികച്ച നടന്‍ അല്ലെങ്കില്‍ മികച്ച പ്രകടനം എന്നാല്‍ സെന്റിമെന്റല്‍ സീനിലെ അതിനാടകീയ അഭിനയം എന്നാണല്ലൊ പൊതുവെ ഉണ്ടായിരുന്ന സങ്കല്‍പ്പം, ഭൂരിപക്ഷം പ്രേക്ഷകരുടെയും അവാര്‍ഡ് ജൂറിയുടെയും.. 1986 ല്‍ മലയാള സിനിമയിലെ പുതിയ താരമായി ഉദിച്ചുയര്‍ന്ന മോഹന്‍ലാലിനെ, അദ്ദേഹത്തിന്റെ താരപരിവേഷം ഒട്ടും തന്നെ എബി എന്ന കഥാപാത്രത്തിലേക്ക് അടിച്ചേല്പിക്കാതെ,ചൂഷണം ചെയ്യാതെ അവതരിപ്പിച്ചു എന്നതിന് കമല്‍ എന്ന സംവിധായകനെ അഭിനന്ദിച്ചേ മതിയാകൂ... അതും കമലിന്റെ ആദ്യ സിനിമ, മോഹന്‍ലാല്‍ നായകനായ 'മിഴിനീര്‍പ്പുവുകള്‍', ബോക്സ് ഓഫീസില്‍ പരാജയം രുചിച്ചിട്ട് പോലും കമല്‍ മോഹന്‍ലാലിന്റെ താര പരിവേഷം ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചില്ല എന്നത് എടുത്ത് പറയേണ്ട കാര്യം തന്നെയാണ്...

'തെരുവില്‍ നിന്ന് കിട്ടിയതാണ് ഇവരെ, അച്ഛനും അമ്മയും ആരാണെന്നറിയാതെ, സ്നേഹം എന്താണെന്ന് അറിയാതെ,തെരുവിലെ അഴുക്ക് ചാലുകളില്‍ ആര്‍ക്കും വേണ്ടാതെ വളരാന്‍ വിധിക്കപ്പെട്ടവര്‍, അനാഥര്‍, ഓര്‍ഫന്‍സ്,'
എബി തന്റെയും കുട്ടികളുടെയും കഥ ഫാദറിനോട് പറഞ്ഞ് തുടങ്ങുന്നത് ഇങ്ങനെയാണ്...
സ്വര്‍ഗദൂതനെ പോലെ എബിയുടെ ജീവിതത്തിലേക്ക് കടന്ന് വന്ന്, എബിയുടെ രക്ഷകനായി, ഡാഡിയായി മാറുന്ന തോമസ് എബ്രഹാം എന്ന സോമന്റെ കഥാപാത്രം, ആ കഥാപാത്രത്തിന് എബിയോടുള്ള സ്നേഹവും വാല്‍സല്യവും ഒക്കെ ഏതാനും സീനുകളിലൂടെ, ഒരു ഒറ്റ ഡയലോഗിന്റെ അകമ്ബടി പോലും ഇല്ലാതെ പ്രേക്ഷക മനസിലേക്ക് എത്തിക്കാന്‍ കമലിന് സാധിച്ചു..സകല സൗഭാഗ്യങ്ങളും നിറഞ്ഞ എബിയുടെ കോളേജ് ലൈഫ്, അവിടത്തെ ക്രിക്കറ്റ് കളി-നാടകം, ഡാഡി മരിക്കുന്നതോട് വെറും കൈയോടെ വീണ്ടും തെരുവിലേക്ക് എറിയപ്പെട്ട എബി, എബിയോടൊപ്പം കൂടുന്ന അനാഥകുട്ടികള്‍, ഈ ഫ്ളാഷ്ബാക്ക് രംഗങ്ങള്‍ ഒക്കെ വളരെ ഹൃദയസ്പര്‍ശിയായിട്ടാണ് കമല്‍ അവതരിപ്പിച്ചിരിക്കുന്നത്...
'എനിക്ക് ആരുമില്ല, ഞാന്‍ ചേട്ടന്റെ കൂടെ പോന്നോട്ടെ' എന്ന് ഒരു കുട്ടി ചോദിക്കുമ്ബോള്‍ അവനെ കെട്ടിപ്പിടിച്ച്‌ ചിരിച്ച്‌ കൊണ്ട് എബി പറയുന്ന ഡയലോഗ് 'നിന്നെക്കാളും വലിയ തെണ്ടിയാടാ ഞാന്‍, വലിയൊരു തെണ്ടി', പ്രേക്ഷകരെ ഒരുപാട് നൊമ്ബരപ്പെടുത്തിയ ഡയലോഗും രംഗവുമാണത്...

ആനിയുടെയും എബിയുടെയും പ്രണയം, 'ഉണ്ണികളെ ഒരു കഥ പറയാം' പ്രേക്ഷകര്‍ക്ക് ഹൃദ്യമാകുന്നതില്‍ മുഖ്യ പങ്ക് വഹിച്ച ഘടകങ്ങളിലൊന്ന്, വളരെ ഭംഗിയോടെ അവതരിപ്പിക്കപ്പെട്ട പ്രണയം...തന്റെ പിറന്നാളിന് കുഞ്ഞാടുകളെ മെയ്‌ക്കുന്ന ആട്ടിടയന് പുല്ലാങ്കുഴല്‍ സമ്മാനിക്കുന്ന ആനി, പിറന്നാളിന് ഞാന്‍ അല്ലെ അങ്ങോട്ട് സമ്മാനം തരേണ്ടത് എന്ന് ചോദിക്കുന്ന എബി, തന്നോളൂ വാങ്ങിക്കാന്‍ റെഡി എന്ന് പറയുന്ന ആനി, എന്താ വേണ്ടത് എന്ന് ചോദിക്കുന്ന എബി, എന്തും ചോദിക്കാമൊ എന്ന് ആനി, ചോദിച്ചോളൂ എന്ന് എബി...ഈ രംഗത്തിലെ ഡയലോഗുകള്‍ക്കിടയില്‍ കണ്ണുകളില്‍ പ്രണയം പറയാന്‍ വെമ്ബല്‍ കൊള്ളുന്ന ആനിയുടെയും എബിയുടെയും ക്ലോസ് ഷോട്സ്, തുടര്‍ന്ന് 'ഈ കുഞ്ഞാടുകളില്‍ ഒരാളായി എന്നെയും കൂടി ചേര്‍ക്കാമൊ' എന്ന ആനിയുടെ ഡയലോഗും...ആനി തന്റെ മനസില്‍ കൊണ്ട് നടക്കുന്ന പ്രണയം എബിയോട് പറഞ്ഞ രംഗം..ഒരു ചെറു പുഞ്ചിരിയാണ് എബി അതിന് മറുപടിയായി ആനിക്ക് നല്കിയത്, താന്‍ ആനിയില്‍ നിന്നും കേള്‍ക്കാന്‍ ആഗ്രഹിച്ച കാര്യം എന്ന് വ്യക്തം...എന്നാല്‍ എബിക്ക് ഒരു കാരണവശാലും തന്റെ പ്രണയം ആനിയോട് പറയാന്‍ സാധിക്കുമായിരുന്നില്ല, അയാളിലെ അനാഥന്‍ എന്ന അപകര്‍ഷതാബോധം അതിന് അനുവദിക്കുമായിരുന്നില്ല, ഉറപ്പ്...

എത്ര ലളിതമായിട്ടാണ്, എത്ര മനോഹരമായിട്ടാണ് ജോണ്‍പോള്‍ ആ രംഗം എഴുതിയിരിക്കുന്നത്...ഈ രംഗത്തിന് മോഹന്‍ലാലും കാര്‍ത്തിയും കൊടുത്ത പ്രണയഭാവങ്ങള്‍ ആകര്‍ഷകമാണ്, പ്രേക്ഷകരുടെ മനസില്‍ തൊടുന്നതാണ്...
മലയാള സിനിമയിലെ മികച്ച പ്രൊപ്പോസല്‍ രംഗങ്ങളില്‍ ഒന്നാണിത് എന്നാണ് എന്റെ അഭിപ്രായം...ഈ പ്രൊപ്പോസല്‍ രംഗത്തിന്റെ തുടര്‍ന്നുള്ള രംഗങ്ങള്‍ക്ക് കമല്‍ എന്ന സംവിധായകന്‍ കൊടുത്ത ദൃശാവിഷ്കാരം അതിഗംഭീരമാണ്...കുന്നിന്‍ ചെരിവിലൂടെ, തടാക കരയിലൂടെ ഓടി വരുന്ന, കുന്നിന്‍ ചെരുവില്‍ കുഞ്ഞാടുകളുടെ ഇടയില്‍ 'കാനനച്ഛായയില്‍ ആട് മെയ്‌ക്കാന്‍' പാട്ടിന്റെ പശ്ചാത്തലത്തില്‍ പരസ്പരം നോക്കി ഇരിക്കുന്ന ആനിയും എബിയും...കമല്‍ എന്ന സംവിധായകന്റെ കൈയൊപ്പ് പതിഞ്ഞ, പ്രതിഭ എത്രത്തോളം ഉണ്ടെന്ന് വിളിച്ചോതിയ മനോഹരമായ ഫ്രെയിമുകള്‍...

ഒട്ടനവധി ഹൃദയസ്പര്‍ശിയായ രംഗങ്ങളാല്‍ കോര്‍ത്തിണക്കിയതാണ് 'ഉണ്ണികളെ ഒരു കഥ പറയാം'...ആനിയെയും അനിയന്മാരെയും മുട്ടകള്‍ കൊണ്ട് എറിഞ്ഞതിന് കുട്ടികളെ എബി തല്ലുന്നത്,തുടര്‍ന്ന് രാത്രി അത്താഴം കഴിക്കാന്‍ വിളിക്കുമ്ബോള്‍ കുട്ടികള്‍ പിണങ്ങി നില്ക്കുന്നതും എബി ഏത്തമിടുന്നതും, കുട്ടികളോട് സോറി പറഞ്ഞ് കൊണ്ട് ആനിയും കൂട്ടരും വരുന്നത്, ആനി കുട്ടികളുമായി കുതിര വണ്ടിയില്‍ പോകുമ്ബോള്‍ അപകടം ഉണ്ടായി ഒരു കുട്ടി മരിക്കുന്നത്, ആനിയുടെയും എബിയുടെയും പ്രണയം, ആനി തന്റെ 'heaven of dreams', സ്വപ്നങ്ങളുടെ സ്വര്‍ഗ്ഗത്തെ പറ്റി എബിയോട് പറയുന്നത്, എബി തന്റെ രോഗവിവരം ഫാദറിനോട് പറയുന്നത്, രോഗവിവരം അറിഞ്ഞ് ആനി എബി കാണാന്‍ വരുന്നത്, കുട്ടികളെ അനാഥാലയത്തില്‍ ചേര്‍ക്കുന്ന കാര്യം ഫാദറിനോട് എബി പറയുന്നത്, എബി കുട്ടികളുമായി അവസാന അത്താഴം കഴിക്കുന്നത്, അവരെ ഫാദറിന്റെ കൂടെ അനാഥാലയത്തിലേക്ക് അയക്കുന്നത്, അവസാനം ശാന്തമായി എബി ഈ ലോകത്തോട് വിട പറഞ്ഞ് ഊഞ്ഞാലില്‍ കിടക്കുന്നത്, അങ്ങനെ പ്രേക്ഷകരുടെ മനസിനെ ഒരുപാട് സ്പര്‍ശിച്ച, വേദനിപ്പിച്ച രംഗങ്ങള്‍...

ഉണ്ണികളെ ഒരു കഥ പറയാം എന്ന സിനിയെ മനോഹരമായ ഒരു അനുഭവം ആക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച മറ്റ് ഘടകങ്ങള്‍ ബിച്ചു തിരുമല-ഔസേപ്പച്ചന്‍ ടീമിന്റെ അതിമനോഹരമായ പാട്ടുകളും ഔസേപ്പച്ചന്റെ പശ്ചാത്തല സംഗീതവും കണ്ണിന് കുളിര്‍മ നല്കുന്ന എസ്.കുമാറിന്റെ ഛായാഗ്രഹണവും ആണ്...എബിയും കുട്ടികളും കൂടി തടാകക്കരയില്‍ അവരുടെ കുഞ്ഞ് വീട് കെട്ടുമ്ബോള്‍ ഉള്ള പാട്ടിലെ വരികള്‍ ശ്രദ്ധയമാണ്, 'വാഴപൂങ്കിളികള്‍ ഒരുപിടി നാര് കൊണ്ട് ചെറുകൂടുകള്‍ മെടയും', ബിച്ചു തിരുമലയുടെ അര്‍ത്ഥവത്തായ വരികള്‍..കഥയോട്, കഥാസന്ദര്‍ഭങ്ങളോട് ഇഴുകി ചേര്‍ന്ന് നില്ക്കുന്ന വരികള്‍, ആ വരികളുടെ ഭംഗി കൂട്ടുന്ന മികച്ച ഈണങ്ങള്‍, അതാണ് ബിച്ചുതിരുമലയും ഔസേപ്പച്ചനും കൂടെ ഉണ്ണികളെ ഒരു കഥ പറയാം എന്ന സിനിമയിലൂടെ സമ്മാനിച്ചത്, മലയാള സിനിമ ഗാനശാഖയിലെ മികച്ച ഗാനങ്ങള്‍...1987 ലെ മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ് യേശുദാസിന് ഉണ്ണികളെ ഒരു കഥ പറയാം എന്ന പാട്ടിലൂടെ ലഭിച്ചു...പല സിനിമകളിലും ആ സിനിമയിലെ പ്രധാന പാട്ട് അഥവാ തീം സോങ് രണ്ട് പ്രാവശ്യം കഥാസന്ദര്‍ഭങ്ങളില്‍ വരുന്നതായി ഒക്കെ കണ്ടിട്ടുണ്ട്, പക്ഷെ ഈ സിനിമയില്‍ ഉണ്ണികളെ ഒരു കഥ പറയാം എന്ന പാട്ട് മൂന്ന് പ്രാവശ്യമാണ് കമല്‍ ഈ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്...'പുഞ്ചിരിയുടെ പൂവിളികളില്‍' എന്ന പാട്ടിന്റെ അനുപല്ലവിയിലെ 'മാതളത്തേന്‍ കൂട്ടില്‍ താമസിക്കും കാറ്റേ' ഭാഗത്തെ വരികളും ദൃശ്യങ്ങളും സുന്ദരമാണ്...

മോഹന്‍ലാല്‍-കമല്‍ കൂട്ടുക്കെട്ടില്‍ പിറന്ന ഏഴ് സിനിമകളില്‍ രണ്ടാമത്തെ സിനിമയാണ് 1987 ല്‍ റിലീസ് ആയ ഉണ്ണികളെ ഒരു കഥ പറയാം...സഹസംവിധായകന്‍ ആയിരിക്കുമ്ബോള്‍ തന്നെ കമലിന്റെ പ്രതിഭ മോഹന്‍ലാല്‍ തിരിച്ചറിഞ്ഞിരിക്കണം, അതായിരിക്കാം മലയാള സിനിമയിലെ ഏറ്റവും വലിയ താരം ആയ വര്‍ഷം തന്നെ കമലിന് മോഹന്‍ലാല്‍ ഡേറ്റ് കൊടുത്തതും അങ്ങനെ മിഴിനീര്‍പ്പൂവുകള്‍ എന്ന സിനിമ ഉണ്ടായതും, ആ സിനിമ പരാജയപ്പെട്ടിട്ട് കൂടി വീണ്ടും കമലിന് ഡേറ്റ് കൊടുത്തതും, അതും മോഹന്‍ലാല്‍ തന്നെ സിനിമ നിര്‍മ്മിച്ച്‌ കൊണ്ട്...മോഹന്‍ലാലിന്റെ സ്വന്തം പ്രൊഡക്ഷന്‍ കമ്ബിനിയായ 'ചിയേഴ്സ്' ആണ് ഉണ്ണികളെ ഒരു കഥ പറയാം എന്ന സിനിമയുടെ നിര്‍മ്മാതാക്കള്‍...ചിയേഴ്സിന്റെ ബാനറില്‍ മോഹന്‍ലാല്‍ നിര്‍മ്മാണ പങ്കാളിയായ നാല് സിനിമകളില്‍ രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിരിക്കുന്നത് കമല്‍ ആണ്, ഉണ്ണികളെ ഒരു കഥ പറയാം കൂടാതെ 1988 വിഷുവിന് റിലീസായ ഓര്‍ക്കാപ്പുറത്ത് എന്ന സിനിമയും...കമല്‍ എന്ന സംവിധായകന്‍ മലയാള സിനിമയില്‍ സ്വന്തമായി ഒരു ഐഡന്‍ന്റിറ്റി ഉണ്ടാക്കിയത്, മലയാള സിനിമയുടെ ഭാവി വാഗ്ദാനമാണെന്ന് വിളിച്ചോതിയത് ഉണ്ണികളെ ഒരു കഥ പറയാമിലൂടെയാണ്...അതിന് ശേഷം കമലിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളായി അദ്ദേഹം മാറി...

എബി എന്ന കഥാപാത്രത്തെ കുഞ്ഞായിരിക്കുമ്ബോള്‍ തെരുവോര സര്‍ക്കസുക്കാരന്‍ കട്ട് കൊണ്ട് വന്നതാണെന്ന് പറയുന്നുണ്ട് സിനിമയില്‍... ആ ഒരു ത്രെഡ് ഒന്ന് വികസിപ്പിച്ചതാകാം കമലിന്റെ തന്നെ കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന സിനിമ... മോഹന്‍ലാലിനെ കൂടാതെ തിലകന്‍, സോമന്‍,കാര്‍ത്തിക,ബാലതാരങ്ങള്‍ ഒക്കെ അവരവരുടെ കഥാപാത്രങ്ങളെ മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചു...സിനിമ കാണുന്ന പ്രേക്ഷകന് താമസിക്കാന്‍ കൊതിക്കുന്ന രീതിയില്‍ തടാകക്കരയില്‍ എബിയുടെയും കുട്ടികളുടെയും കൊച്ച്‌ കൂട് ഒരുക്കിയ കലാസംവിധായകന്‍ രാധാകൃഷ്ണന്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു...

1987 ജൂലൈ 4 ന് ആണ് ഞാന്‍ ഉണ്ണികളെ ഒരു കഥ പറയാം കാണുന്നത്, കൊടുങ്ങല്ലൂര്‍ മുഗള്‍ തിയേറ്ററില്‍ നിന്നും മോണിങ് ഷോ, എന്റെ ഇക്കയുടെ കൂടെ...അന്നത്തെ ഏഴാം ക്ലാസ്ക്കാരനായ എന്നെ ഒരുപാട് സ്വാധീനിച്ച സിനിമയാണിത്, ഒപ്പം നൊമ്ബരപ്പെടുത്തിയതും... ഇനി പറയാന്‍ പോകുന്നത് കൗതുകകരമായ ഒരു കാര്യമാണ്...ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചതിന് പ്രേക്ഷകര്‍ തിയേറ്ററിന് മുന്നില്‍ സമരം നടത്തിയായി കേട്ടിട്ടുണ്ടൊ? കണ്ടിട്ടുണ്ടൊ?എന്നാല്‍ അത്തരം രസകരമായ ഒരു സമരം മുഗള്‍ തിയേറ്റര്‍ പരിസരത്ത് അന്ന് നടന്നിരുന്നു...ഉണ്ണികളെ ഒരു കഥ പറയാം റിലീസ് ആയ ദിവസം മുതല്‍ മുഗള്‍ തിയേറ്ററിലെ ടിക്കറ്റ് ചാര്‍ജ് ഒരു രൂപയോളം വര്‍ദ്ധിപ്പിച്ചു...അതില്‍ പ്രതിഷേധിച്ച്‌ ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ പ്രേക്ഷകര്‍ തിയേറ്ററിന്റെ മുന്നില്‍ പന്തല്‍ കെട്ടി സമരം തുടങ്ങി...ടിക്കറ്റ് വര്‍ദ്ധനവിന്റെ കാര്യം ഒക്കെ സൂചിപ്പിച്ച്‌ തിയേറ്ററില്‍ നേരത്തെ തന്നെ പോസ്റ്റര്‍ വന്നതുകൊണ്ടായിരിക്കാം ആദ്യ ദിവസം തന്നെ സമരക്കാരുടെ പന്തല്‍ ഉയര്‍ന്നത്...സിനിമ കാണാന്‍ തിയേറ്റര്‍ കോമ്ബൗണ്ടിലേക്ക് കയറുന്നവരെയും സിനിമ കഴിഞ്ഞ് പുറത്തിറങ്ങുന്നവരെയും സമരക്കാര്‍ സ്നേഹപൂര്‍വ്വം ഉറക്കെ വിളിച്ചിരുന്നത് 'കരിങ്കാലികളെ' എന്നായിരുന്നു...ഞാനും ഇക്കയും ഒക്കെ ആ കരിങ്കാലി വിളി കേട്ടാണ് സിനിമ കാണാന്‍ കയറിയതും സിനിമ കഴിഞ്ഞ് ഇറങ്ങിയതും... അവസാനം സമരക്കാരുടെ പ്രതിഷേധം വിജയം കണ്ടു,വര്‍ദ്ധിപ്പിച്ച ടിക്കറ്റ് ചാര്‍ജില്‍ തിയേറ്റര്‍ മാനേജ്മെന്റ് ഇളവ് വരുത്തി...

കമല്‍, ജീവിതത്തില്‍ ആദ്യമായി ദൂരെ നിന്ന് നോക്കി കണ്ട സംവിധായകന്‍...എന്റെ നാട്ടുകാരനാണ്, കൊടുങ്ങല്ലൂര്‍ക്കാരന്‍, പൂക്കാലം വരവായി റിലീസ് ആകുന്നത് വരെ കമല്‍ താമസിച്ചിരുന്നതുകൊടുങ്ങല്ലൂരിലെ എറിയാട് ഗ്രാമത്തില്‍ എന്റെ വീടിന് അടുത്തുള്ള അദ്ദേഹത്തിന്റെ തറവാട് വീട്ടില്‍ ആയിരുന്നു...എറിയാട് ചന്തയിലൂടെ കമല്‍ വിജയ് സൂപ്പര്‍ സ്കൂട്ടര്‍ ഓടിച്ച്‌ പോകുന്നത് കൗതുകത്തോടെ നോക്കി നിന്നിരുന്നു ഞാന്‍ അക്കാലത്ത്...ചെറുപ്പം മുതല്‍ തന്നെ സിനിമാപ്രേമി ആയ ഞാന്‍ കമലിനെ ഒന്ന് പരിചയപ്പെടാന്‍, കൂടെ നിന്ന് ഒരു ഫോട്ടൊ എടുക്കാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു... കമലിന്റെ കസിന്‍സില്‍ ചിലര്‍ എന്റെ അടുത്ത കൂട്ടുകാരായി ഉണ്ടായിരുന്നിട്ടും, MES കോളേജില്‍ PDC ക്ക് കമലിന്റെ ഭാര്യ സബൂറ ടീച്ചര്‍ എന്റെ ഇംഗ്ലീഷ് ടീച്ചര്‍ ആയി ഉണ്ടായിരുന്നിട്ടും, അങ്ങനെ പരിചയപ്പെടാന്‍ ഒരുപാട് അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും എനിക്കിത് വരെ ഈ 34 വര്‍ഷങ്ങളില്‍ കമലിനെ നേരില്‍ കണ്ട് പരിചയപ്പെടാന്‍ സാധിച്ചിട്ടില്ല...

1998 ക്രിസ്തുമസിന് റിലീസ് ആയ 'അയാള്‍ കഥയെഴുതുകയാണ്' എന്ന സിനിമയ്ക്ക് ശേഷം ഈ നീണ്ട ഇരുപ്പത്തിരണ്ട് വര്‍ഷങ്ങളില്‍ കമല്‍-മോഹന്‍ലാല്‍ ടീം വീണ്ടുമൊരു സിനിമയ്ക്കായി ഒന്നിച്ചിട്ടില്ല എന്നത് മലയാള സിനിമയ്ക്ക്, പ്രേക്ഷകര്‍ക്ക് വലിയ നഷ്ടം തന്നെയാണ്...അവര്‍ വീണ്ടും ഒന്നിച്ച്‌ ഉണ്ണികളെക്കാള്‍, ഉള്ളടക്കത്തെക്കാള്‍, അയാള്‍ കഥയെഴുതുകയാണിനെക്കാള്‍ മികച്ച ഒരു സിനിമ നമുക്ക് സമ്മാനിക്കുമെന്ന് പ്രത്യാശിക്കാം...

'ഉണ്ണികളെ ഒരു കഥ പറയാം' എന്ന മനോഹരമായ സിനിമ സമ്മാനിച്ച തിരക്കഥാകൃത്ത് ജോണ്‍പോള്‍, സംവിധായകന്‍ കമല്‍, നിര്‍മ്മാതാവും എബിയായി പ്രേക്ഷകരുടെ മനം കവര്‍ന്ന മോഹന്‍ലാല്‍ എന്നിവരോട് നന്ദി പറഞ്ഞ് കൊണ്ട് നിര്‍ത്തുന്നു

സഫീര്‍ അഹമ്മദ്

Safeer Ahammed note about unnikalae oru kathaparayam movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES