ജൂണ്‍ 8. ഇന്ന് ലോക സമുദ്ര ദിനമാണ്. ആധുനിക ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും. മനുഷ്യസമൂഹത്തിന്റെ ഭീതിദമായ ഒരു യാഥാര്‍ഥ്യമായി അവ നാം അനുഭവിച്ചു തുടങ്ങുകയും ചെയ്തിരിക്കുന്നു. കാലാവസ്ഥ മാറ്റത്തിന്റെ ആദ്യത്തെ ഇരകള്‍ ഏറ്റവും പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങളായ കടല്‍ തീരങ്ങളാകുമെന്നത് ശാസ്ത്ര ലോകം നിരീക്ഷിച്ചിട്ടുള്ളതാണ്.
നിലനില്‍പ്പിനായുള്ള മനുഷ്യരാശിയുടെ അവസാന നിമിഷ പോരാട്ടത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷകളില്‍ ഒന്നായ മഹാസമുദ്രങ്ങളുടെയും കടലുകളുടെയും വീണ്ടെടുപ്പിനായി 1992 മുതല്‍ കുറെയേറെ ലോകരാഷ്ട്രങ്ങള്‍ മുന്‍കൈ എടുത്തു നടത്തുന്ന ഒരു ശ്രമത്തിന്റെ പരിണിതഫലമായി 2009 ജൂണ്‍ 8 മുതല്‍ ഐക്യരാഷ്ട്ര സംഘടനയുടെ അഹ്വാന പ്രകാരം ആഗോളതലത്തില്‍ ആഘോഷിക്കപ്പെടുന്ന, ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ദിനം എന്ന് ഒറ്റനോട്ടത്തില്‍ പറയാം.
ഭൂമിയുടെ 70 % ത്തില്‍ അധികം വ്യാപിച്ചു കിടക്കുന്ന സമുദ്രത്തെ പാടെ അവഗണിച്ചു, മനുഷ്യന്‍ നൂറ്റാണ്ടുകളോളം കാട്ടിക്കൂട്ടിയ പരാക്രമത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, കൊറോണ വൈറസ് മഹാമാരി. അത് ലോകമാകെയുള്ള മനുഷ്യരെ മുഴുവന്‍ ഒരു മുറിക്കുള്ളില്‍ തളക്കപ്പെടുന്നതിന് മുന്‍പ് തന്നെ ശാസ്ത്ര-പരിസ്ഥിതി സമൂഹം മുഴുവന്‍ മുന്നറിയിപ്പ് നല്‍കിയതാണ്, ഭൂമിയുടെ വീണ്ടെടുപ്പ്. അതില്‍ ഏറ്റവും പ്രാധ്യാന്യം അര്‍ഹിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്, സമുദ്ര സംരക്ഷണത്തില്‍ ആണെന്നും എല്ലാവരും അക്കമിട്ടു നിരത്തിയിട്ടും രാഷ്ട്രതലവന്മാരോ, സാധാരണ ജനതയെ അത് ചെവികൊണ്ടില്ല എന്നതിന്റെ പാശ്ചാത്തലത്തില്‍ കൂടിയാണ് ഇത്തവണ ലോക സമുദ്ര ദിനം ആഘോഷിക്കുന്നത്.
സുസ്ഥിര സമുദ്രത്തിനായുള്ള നൂതനനാശയങ്ങള്‍ എന്നതാണ്, ഇത്തവണത്തെ സമുദ്ര ദിനാശയം. ഈ കോവിഡ് കാലത്തും ഐക്യരാഷ്ട്ര സംഘടനയും വേള്‍ഡ് ഇക്കണോമിക് ഫോറം പോലുള്ള ഇതര പ്രസ്ഥാനങ്ങളും സജീവമായി സമുദ്രങ്ങളെ, അതിലെ ജീവജാലങ്ങളെ അതിലൂടെ ഭൂമിയിലെ കരയില്‍ ജീവിക്കുന്ന മനുഷ്യ റഷ്യയെയും ജൈവ വൈവിധ്യത്തേയും രക്ഷിച്ചെടുക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള ഭഗീരഥ ശ്രമത്തില്‍ ആണ്. ഈ ജൂണ്‍ 1 മുതല്‍ 5 വരെ ആഗോള സമുദ്ര സംരക്ഷണ വിര്‍ച്വല്‍ കോണ്‍ഫറന്‍സ് നടക്കുകയായിരുന്നു. അതില്‍ പങ്കെടുക്കാന്‍ സാധിച്ച ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മനസ്സിലായ കാര്യങ്ങള്‍ നമ്മുടെ കേരളത്തിന്റെ നിലനില്‍പ്പിന് പോലും എന്ത് മാത്രം പ്രാധ്യാന്യം ഉണ്ടെന്നു മനസ്സിലാക്കുന്നത്.
വിവിധ രാഷ്ട്രതലവന്മാരും പരിസ്ഥിതി ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും മാധ്യമ പ്രവര്‍ത്തകരും അടക്കം തിരഞ്ഞെടുക്കപ്പെട്ട 300 ഓളം പേര്‍ പങ്കടുക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നത് വരെ ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും പ്ലാസ്റ്റിക് മാലിന്യവും മാത്രമാണ് സമുദ്രത്തിന്റെ നിലനില്‍പ്പിന് ഏറ്റവും വിഘാതം എന്നാണ് ധരിച്ചിരുന്നത്. അതിലേറെ കടലില്‍ നടക്കുന്ന ഓരോ ചെറിയ മാറ്റം പോലും മനുഷ്യകുലത്തെ ഒന്നായി ഇല്ലാതാക്കുമെന്ന മുന്നറിയിപ്പാണ് ലോകത്തിന് മുന്നില്‍ സമര്‍പ്പിക്കപ്പെട്ടത്.
കോവിഡ് മൂലം തകര്‍ന്നടിഞ്ഞ ടൂറിസം മേഖലയാണ്, കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി, ആഗോള തലത്തില്‍ സമുദ്ര സംരക്ഷണത്തില്‍ മുഖ്യപങ്കു വഹിക്കുന്നതെന്നും ആ മേഖലയുടെ സാമ്ബത്തിക സഹായം ഇല്ലായിരുന്നെകില്‍ ഇന്ന് 7 % മാത്രം നടക്കുന്ന സംരക്ഷണ പ്രവര്‍ത്തനം പോലും നടക്കില്ലായിരുന്നു എന്നും ടൂറിസം മേഖല ഉയര്‍ത്തെഴുന്നേറ്റില്ലെങ്കില്‍, നമ്മുടെ സമുദ്രങ്ങളുടെ സംരക്ഷണവും വീണ്ടെടുപ്പും മുഴുവന്‍ വലിയ പ്രതിസന്ധിയില്‍ ആകും എന്ന് സമ്മേളനത്തിന് മുന്നോടിയായുള്ള ആമുഖത്തില്‍ പറയുമ്ബോള്‍ കഴിഞ്ഞ 30 വര്‍ഷമായി, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്ക് പോലും അമ്ബരപ്പായിരുന്നു.
2015 ല്‍ ഐക്യരാഷ്ട്രസഭ സുസ്ഥിര വികസനത്തിനായുള്ള 17 ഇന ആഗോള സൂചികകള്‍ പുറത്തിറക്കിയപ്പോള്‍, അതിലൊരു ഇനം മാത്രമായിരുന്നു സമുദ്ര സംരക്ഷണം. 2030 ല്‍ ലഷ്യം നേടുമ്ബോള്‍ അന്ന് വരെ 3 % മാത്രം സംരക്ഷിക്കപ്പെട്ടു പോന്നിരുന്ന, സമുദ്രത്തിന്റെ 30 % എങ്കിലും എത്തിക്കണമെന്നായിരുന്നു ഉദ്ദേശ്യം. എന്നാല്‍ 5 വര്ഷം കഴിയുമ്ബോള്‍ ആ ലക്ഷ്യത്തിന്റെ അടുത്ത് പോലും എത്തിയിട്ടില്ല എന്നും ഈ കോവിഡ് മഹാമാരി ആ ലക്ഷ്യം ഇനിയും അകലെയാണെന്നും ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുമ്ബോള്‍ നാം പേടിക്കേണ്ടിയിരിക്കുന്നു.
ഇന്ത്യയുടെ കാര്യം എടുത്താല്‍ ഏകദേശം 7516 കിലോമീറ്റര് നീളമുള്ളതാണ് നമ്മുടെ സമുദ്രതീരം. അറബി കടലും ബംഗാള്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാസമുദ്രവും ചേര്‍ന്ന നമ്മുടെ രാജ്യത്തിന്റെ സമുദ്ര സമ്ബത്ത് ശരിക്കും വിലമതിക്കാനാവാത്തതാണ്. ലോകത്തെ ഏറ്റവും വലിയ സമുദ്രജൈവ വൈവിധ്യങ്ങളില്‍ ഒന്നായ വെഡ്ജ് ബാങ്ക്, ഏഴെണ്ണമുള്ളതില്‍ ഒന്ന് നമ്മുടെ കേരള തീരത്താണ്. കേരളത്തിന്റെ 580 കിലോമീറ്റര് നീളമുള്ള സമുദ്രതീരം നമ്മുടെ സംസ്ഥാനത്തിന്റെ കാലാവസ്ഥയിലും മനുഷ്യന്റെ നിലനില്‍പ്പിനും നല്‍കുന്ന സംഭാവനയും വളരെ വലുതാണ്. നിര്‍ഭാഗ്യവശാല്‍ വിഴിഞ്ഞം പോര്‍ട്ട് പദ്ധതി പണി തുടങ്ങിയതോടെ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തെ ലക്ഷകണക്കിന് മല്‍സ്യതൊഴിലാളികള്‍ക്ക് വര്ഷം മുഴുവന്‍ മത്സ്യ സമ്ബത്ത് നിര്‍ലോഭം നല്‍കിയിരുന്ന കടലിനടിയിലെ ഒരു മഹാ ജൈവ സമ്ബത്തു നാം വികസനത്തിന്റെ പേരില്‍ നശിപ്പിക്കാന്‍ കൂട്ട് നിന്നിരുന്നു. ഇതിന്റെ പ്രത്യാഘാതം നാം ഭാവിയില്‍ അനുഭവിക്കാന്‍ ഇരിക്കുന്നതെ ഉള്ളൂ.
എന്നാല്‍ ദേശീയ സമുദ്രതീര ഗവേഷണ കേന്ദ്രം 1990 മുതല്‍ 2016 വരെ നടത്തിയ നീണ്ടകാലത്തെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്, അശാസ്ത്രീയമായ വികസന നയങ്ങള്‍ കാരണം, നമ്മുടെ തീരങ്ങളുടെ 40 % കടലെടുത്തു എന്നാണ്. ഒരു ഭാഗത്ത് കര കടലെടുക്കുമ്ബോള്‍, മറുഭാഗത്ത് കരവിസ്താരം കൂടുന്നു എന്ന പ്രതിഭാസവും ശ്രദ്ധേയമാണ്. ആ പഠനത്തിന്റെ വിശകലനത്തില്‍ നിര്‍ഭാഗ്യവശാല്‍ ഏറ്റവും കൂടുതല്‍ ഭീതി ഉണര്‍ത്തിയ കണ്ടെത്തല്‍ ഉണ്ടായതു നമ്മുടെ കേരളത്തിന്റെ കാര്യത്തിലാണ്. കേരളത്തിന്റെ 33 % കടലെടുത്ത് പോയി. 40 % കര കടലെടുത്തപ്പോള്‍ നമുക്ക് കര തിരിച്ചു കിട്ടിയത് വെറും 7 % മാത്രം. അതായത് കഴിഞ്ഞ 25 വര്‍ഷം കൊണ്ട്, കേരളത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ മൂന്നിലൊന്നും കടല്‍ കൊണ്ട് പോയി. എന്നിട്ടും ഇതൊന്നും നമ്മുടെ ഭരണ, രാഷ്ട്രീയ, ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ച ആയത് പോലുമില്ല എന്നതാണ്. ഒരിഞ്ചു ഭൂമിക്ക് ലക്ഷങ്ങള്‍ വിലമതിക്കുന്ന, മാധ്യമങ്ങളും സമൂഹവും ഇത്രമാത്രം ഉണര്‍ന്നിരിക്കുന്ന ഒരു സമൂഹത്തില്‍ ഏതാണ് സ്ഥിതി എങ്കില്‍ മറ്റുള്ള സ്ഥലങ്ങളുടെ കാര്യം ഒന്നോര്‍ത്തു നോക്കൂ, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സമുദ്രതീരം നഷ്ടപ്പെട്ട സംസ്ഥാനം പശ്ചിമ ബംഗാള്‍ ആയിരുന്നു. 63 % ആണ് അവരുടെ കര കടല്‍ കൊണ്ട് പോയത്. ഏകദേശം 90 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ഭൂവിഭാഗം. പ്രകൃതി അവര്‍ക്ക് തിരിച്ചു നല്‍കിയത് 24 % മാത്രമാണ്. അതിന്റെ നേട്ടം ഉണ്ടായത് ഒഡിഷക്കും ആന്ധ്രപ്രദേശിനും ആണ്.
സാധാരണയായി കടല്‍ നിരപ്പുയരുകയും തന്മൂലമുള്ള തീരശോഷണവും ഒരു സ്വാഭാവിക പ്രതിഭാസമാണ്. എന്നാല്‍ ആഗോളതാപനം കടല്‍ നിരപ്പിന്റെ ക്രമാതീതമായ വര്‍ദ്ധനക്കിടയാക്കുകയും അതുമൂലമുള്ള തീരശോഷണം പതിന്മടങ്ങ് വേഗത്തിലാക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെയാണ് വികസനത്തിനായി മനുഷ്യന്റെ ഇടപെടലുകള്‍ വരുത്തുന്ന പ്രത്യാഘാതങ്ങളും.
നാഷണല്‍ സെന്റര്‍ ഫോര്‍ സസ്റ്റൈനബിള്‍ കോസ്റ്റല്‍ മാനേജ്മന്റ് (NCSSM) പുറത്തിറക്കിയ കേരള തീരത്തെ പറ്റിയുള്ള സമഗ്ര പഠനത്തില്‍ വളരെ വ്യക്തമായി തന്നെ നമ്മുടെ തീരത്തെ കടലിന്റെ സ്വഭാവത്തെ പറ്റിയും, ഒഴുക്കിന്റെ ഗതിവിഗതികളെ കുറിച്ചും കൃത്രിമ പാരുകളും, മത്സ്യ ബന്ധന തുറമുഖ നിര്‍മ്മിതിക്കു ശേഷം കരയുടെ തെക്കും, വടക്കും തമ്മിലെ വ്യത്യാസങ്ങളുടെ ഉപഗ്രഹ മാപ്പ് സഹിതം പറഞ്ഞിട്ടുണ്ട്. നമ്മുടെ ഫിഷറീസ് - ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പുകള്‍ക്ക് മാത്രമേ ഇക്കാര്യത്തില്‍ സംശയമുള്ളൂ. കേരള തീരത്തിന്റെ സ്ഥിര നിലനില്‍പ്പിനായി യുദ്ധകാലാടിസ്ഥാനത്തില്‍ നവീന മാതൃകകള്‍ സൃഷ്ടിക്കപ്പെടേണ്ടിയിരിക്കുന്നു. കേരളത്തിന്റെ പശ്ചിമഘട്ട മലനിരകള്‍ മുഴുവന്‍ വലിയ പാരിസ്ഥിതിഘാത സംഘര്‍ഷത്തിലാണ്. നമ്മുടെ അശാസ്ത്രീയമായ നിര്‍മ്മാണ രീതികളും വികസന മാതൃകകളും ഏറ്റവും കൂടുതല്‍ മുറിവേല്‍പ്പിച്ചത് മലനിരകളെ ആണെങ്കില്‍ അതിന്റെ ഫലമായുണ്ടാകുന്ന വെള്ളപ്പൊക്ക കെടുതി അനുഭവിക്കാന്‍ യോഗമുണ്ടായത് നമ്മുടെ ഇടനാടിനെയാണ്.
ഇതിനേക്കാള്‍ ക്ര്‍രോരമായ തരത്തില്‍ ആണ് നാം നമ്മുടെ കടലിനോടും കടല്‍ തീരങ്ങളോടും പെരുമാറി കൊണ്ടിരിക്കുന്നത്. വളരെ ശാസ്ത്രീയമായ രീതിയില്‍, കടലറിവിന്റെ സ്വതം ഉള്‍ക്കൊണ്ട് മത്സ്യ തൊഴിലാളില്‍ മേഖലയിലെ വിദഗ്ധരെ മുഖവിലയ്ക്കെടുത്തു കൊണ്ടുള്ള സുസ്ഥിര വികസന നയങ്ങള്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടു കൊണ്ട് നഷ്ടപ്പെട്ട കര കേരളത്തിന്റെ മൂന്നിലൊന്ന് ആണെങ്കില്‍ അടുത്ത കാല്‍ നൂറ്റാണ്ടില്‍ ഇനിയുള്ള ഭൂവിസ്തൃതിയുടെ പകുതിയും കടലെടുക്കുന്ന കാഴ്ച മലയാളികള്‍ കാണേണ്ടി വരും. ഇത് വരെയുള്ള എല്ലാ പഠനങ്ങളും വിശകലനങ്ങളും അതാണ് തെളിയിക്കുന്നത്. എന്നാല്‍ നമ്മുടെ ഭരണകൂടവും രാഷ്ട്രീയ നേതൃത്വങ്ങളും ഉദ്യോഗസ്ഥ വൃന്ദവും ഇതൊന്നും കണ്ടതായി പോലും ഭാവിക്കുന്നില്ല എന്നതാണ് നാം നേരിടുന്ന ഏറ്റവും വലിയ ദുര്യോഗം.
യാതൊരു ശാസ്ത്രീയ സാങ്കേതിക പഠനങ്ങളും ഇല്ലാതെ നടപ്പിലാക്കുന്ന നമ്മുടെ വികസന പദ്ധതികള്‍ അത് വിഴിഞ്ഞം പോര്‍ട്ട് ആയാലും സെമി ഹൈ സ്പീഡ് കോറിഡോര്‍ റെയില്‍വേ പദ്ധതി ആണെങ്കിലും ദൂര വ്യാപക പാരിസ്ഥിതിക, സാമ്ബത്തിക സാമൂഹിക ആഘാതം മാത്രമേ സൃഷ്ടിക്കുകയുള്ളൂ. ഒരു മഹാപ്രളയവും കോവിദഃ മഹാമാരിയും നമ്മെ ഒന്നും പഠിപ്പിച്ചിട്ടില്ല എന്ന തിരിച്ചറിവില്‍ ഒരു സമുദ്ര ദിനം കൂടി കടന്നു പോകുമ്ബോള്‍ നമുക്ക് പ്രതീക്ഷയോടെ ഭാവിയെ നോക്കി കാണാന്‍ മാത്രമേ സാധിക്കൂ. അത് വെറും ഒരു വ്യാമോഹം മാത്രമാണെങ്കില്‍ പോലും...കടലിനെ സംരക്ഷിക്കാന്‍ 'നിങ്ങളുടെ ശബ്ദമാണ് ഉയരേണ്ടത് കടല്‍ നിരപ്പല്ല' എന്ന 2014 ല്‍ മാലി ദ്വീപില്‍ നടന്ന ആഗോള സമുദ്ര സമ്മേളനത്തിന്റെ മുദ്രാവാക്യം ഒരിക്കല്‍ കൂടി നമുക്കേറ്റു ചൊല്ലാം. കേരളീയ ജനത എങ്കിലും അവസരത്തിനൊത്തു നമ്മുടെ കടലിനെയും കടല്‍ തീരങ്ങളെയും സംരക്ഷിക്കും എന്നോര്‍ത്ത്.