കോഴവീരന്റെ ബജറ്റവതരണം, ഇയാള്‍ കള്ളനാണ്, വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ട്...എന്തൊക്കെയായിരുന്നു.
2015 മാര്‍ച്ച് 13 നായിരുന്നു മാണി സാറിന്റെ 13-ാം ബജറ്റ് അവതരണം. 13 തികച്ചും നിര്‍ഭാഗ്യ നമ്ബരായി. അത് അദ്ദേഹത്തിന്റെ അവസാന ബജറ്റായിരുന്നു. ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ഇടതുപക്ഷം വന്‍ പ്രക്ഷോഭ പരിപാടികള്‍ നടത്തുന്നതിനിടയ്ക്കായിരുന്നു ബജറ്റ് അവതരണം.
നിയമസഭയും പരിസരവും ഇടതുപക്ഷം അതിരാവിലെ മുതല്‍ ഉപരോധിക്കുന്നതുകൊണ്ട് മാണി സാര്‍ നിയമസഭയിലെ അദ്ദേഹത്തിന്റെ മുറിയില്‍ തന്നെയാണു അന്നു രാത്രി കിടന്നത്. മൂന്നാമത്തെ നിലയില്‍ നിന്ന് തൊട്ടുതാഴെയുള്ള നിയമസഭാ ഹാളിലക്കുള്ള ഇടനാഴിപോലും ഇടതുപക്ഷ എംഎല്‍എമാര്‍ ഉപരോധിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് നിയമസഭാ ഹാളിന് തൊട്ടടുത്തുള്ള മുഖ്യമന്ത്രിയുടെ മുറിയില്‍ മാണി സാര്‍ അതിരാവിലെ തന്നെ എത്തി.
ഉപരോധം ഉള്ളതുകൊണ്ട് അതിരാവിലെ ഞാനു മുഖ്യമന്ത്രിയുടെ മുറിയിലെത്തി. മാണിസാറും സഹായിയും മാത്രമേ അപ്പോള്‍ അവിടെയുള്ളു. മാണി സാര്‍ അകത്തെ കൊച്ചുമുറിയില്‍ കിടക്കുന്നു. അദ്ദേഹവുമായി ദീര്‍ഘകാലത്തെ പരിചയം ഉള്ളതുകൊണ്ട് ഞാനും കൂടി മുന്‍കൈ എടുത്ത് അദ്ദേഹത്തെ ഉഷാറാക്കി.
പിആര്‍ഡിയുടെ ഫോട്ടോഗ്രാഫറെയും വീഡിയോഗ്രാഫറെയും വിളിച്ചുവരുത്തി ബജറ്റ് അവതരിപ്പിക്കുന്നതിനുമുമ്ബ് മന്ത്രിമന്ദിരത്തില്‍ ചെയ്യുന്ന പരിപാടികളൊക്കെ ചെയ്യിച്ചു. വിവിധ പോസുകളില്‍ ഫോട്ടോയും വീഡിയോയുമൊക്കെ ചിത്രീകരിച്ചു കഴിഞ്ഞപ്പോള്‍ ആള്‍ കുറച്ച് ഉഷാറായി.
ഉമ്മന്‍ ചാണ്ടി സാര്‍ അപ്പോഴേക്കും പാഞ്ഞെത്തി. അതോടെ മാണിസാര്‍ കൂടുതല്‍ ഉഷാറായി. പിന്നാലെ മന്ത്രിമാരും എംഎല്‍എമാരുമൊക്കെ എത്തിയതിനെ തുടര്‍ന്ന് ആള്‍ നല്ല ആത്മവിശ്വാസത്തിലായി.
ബജറ്റ് പേപ്പര്‍ ഇടതുപക്ഷ എംഎല്‍എമാര്‍ പിടിച്ചുപറിച്ചാലും ജുബ്ബയുടെ പോക്കറ്റിലും മറ്റ് യുഡിഎഫ് എംഎല്‍എമാരുടെ പക്കലും കോപ്പികള്‍ സൂക്ഷിച്ചിരുന്നു.
കൃത്യം 9 മണിക്ക് നിയമസഭാഹാളിലേക്ക്. പിന്നെയുള്ളത് ചരിത്രം.
വളച്ചൊടിക്കാത്ത ചരിത്രമറിയാന്‍ പിറ്റേദിവസം ഇറങ്ങിയ ദേശാഭിമാനി പത്രം നോക്കിയാല്‍ മതി!