Latest News

ആശാന്റെ കരുണയും വാസവദത്തയും !

Malayalilife
topbanner
ആശാന്റെ കരുണയും വാസവദത്തയും !

ഉത്തരമധുരാപുരിയില്‍ വിഖ്യാതയായ ഒരു വേശ്യയുണ്ടായിരുന്നു വാസവദത്ത എന്നായിരുന്നു അവളുടെ പേര്. തന്റെ സൌന്ദര്യത്തില്‍ മതിമറന്നു ജീവിച്ചിരുന്ന അവള്‍ ഒരു ദിവസം ചെറുപ്പക്കാരനും സുമുഖനുമായ ഒരു ബുദ്ധ സന്യാസിയെ കാണുവാന്‍ ഇടയായി.  ഉപഗുപ്തന്‍ എന്ന ആ ബുദ്ധസന്യാസിയില്‍ അവള്‍ക്കു് കലശലായ അനുരാഗം ജനിച്ചു. അവനുമായി സംഗമിക്കണം എന്ന് ആഗ്രഹം ജനിച്ച വാസവദത്ത ഒരു ദിവസം തോഴിയെ വിട്ടു് ഉപഗുപ്തനെ തന്റെ വസതിയിലേക്കു് ക്ഷണിച്ചു. പക്ഷെ തനിക്കു് വാസവദത്തയുടെ അരികിലേക്കു് വരുവാന്‍ ഇപ്പോള്‍ സമയമില്ല എന്നു് പറഞ്ഞു് തോഴിയെ അദ്ദേഹം മടക്കി അയച്ചു. താന്‍ ഉപഗുപ്തനില്‍ നിന്നും അനുരാഗം മാത്രമാണു് ധനമല്ല മോഹിക്കുന്നതെന്നു് പറഞ്ഞു വീണ്ടും തോഴിയെ അയച്ചെങ്കിലും അദ്ദേഹത്തിന്റെ മറുപടി മുന്‍പ് പറഞ്ഞത് തന്നെ ആയിരുന്നു.

ഏതാനം മാസങ്ങള്‍ കഴിഞ്ഞു. അവിടത്തെ തൊഴിലാളികളുടെ പ്രമാണിയുമായി വാസവദത്ത ബന്ധം സ്ഥാപിച്ചു. അവനുമായി ചേര്‍ന്ന് അവള്‍ സസുഖം വാഴുന്നതിനിടയില്‍ ധനാഢ്യനായ ഒരു വിദേശവ്യാപാരിയും മധുരയില്‍ എത്തിച്ചേര്‍ന്നു. അയാള്‍ക്കു് വാസവദത്തയില്‍ വലിയ ഭ്രമമായി. അയാളുടെ ധനസമ്പത്തിലും പ്രതാപത്തിലും വാസവദത്തയും കണ്ണുവച്ചു. വിദേശവ്യാപാരിയെ പ്രാപിക്കുവാന്‍ വേണ്ടി തൊഴിലാളി പ്രമാണിയെ എങ്ങിനെയെങ്കിലും ഒഴിവാക്കുവാന്‍ വാസവദത്ത കരുക്കള്‍ നീക്കി.

 

ഒരു ദിവസം വാസവദത്തയും അവളുടെ പരിചാരികമാരും ചേര്‍ന്ന് സൂത്രത്തില്‍ തൊഴിലാളിപ്രമാണിയെ വധിച്ചു് ജഡം ചാണകക്കുഴിയില്‍ കുഴിച്ചുമൂടി. തൊഴിലാളികളും ബന്ധുജനങ്ങളും തങ്ങളുടെ പ്രമാണിയെ കാണാതായതിനെത്തുടര്‍ന്നു് അന്വേഷണം ആരംഭിച്ചു. വാസവദത്തയുടെ വസതിക്കടുത്തുള്ള ചാണകക്കുഴിയില്‍ നിന്നും അവര്‍ മൃതശരീരം കണ്ടെടുത്തു, വൈകാതെ അവള്‍ കൊലക്കുറ്റത്തിനു് പിടിക്കപ്പെട്ടു. ന്യായാധിപതിയുടെ മുമ്പില്‍ ഹാജരാക്കപ്പെട്ട അവളെ വിസ്താരത്തിനു ശേഷം ചെവിയും മൂക്കും കരചരണങ്ങളും മുറിച്ചു് ചുടുകാട്ടില്‍ തള്ളാന്‍ വിധി കല്‍പ്പിക്കപ്പെട്ടു.

വാസവദത്ത ഭോഗലോലുപയായ ഒരു ചെറുപ്പക്കാരി ആയിരുന്നു എങ്കിലും തന്റെ കീഴിലുള്ളവരെ എല്ലാം വളരെയധികം സ്നേഹിച്ചിരുന്നു. അതുകൊണ്ടു് അവരുടെ പരിചാരികകളില്‍ ഒരുവള്‍ അവളോടുള്ള സ്നേഹം നിമിത്തം ചുടുകാട്ടില്‍ ചെന്നു വാസവദത്തയെ സുശ്രൂഷിച്ചു.

ഈ അവസരത്തില്‍ വിവരങ്ങള്‍ എല്ലാം അറിഞ്ഞ ഉപഗുപ്തന്‍ വാസവദത്തയെ ചെന്നുകാണുവാന്‍ തീരുമാനിച്ചു. ഉപഗുപ്തനെ കണ്ട വാസവദത്ത തന്റെ വെട്ടിക്കളഞ്ഞ അവയവങ്ങളെ ഒരു തുണികൊണ്ടു മൂടുവാന്‍ തോഴിയോടാവശ്യപ്പെട്ടു. മുന്‍പ് തന്റെ ക്ഷണം നിരസിക്കുകയും ഇപ്പോള്‍ ഈ അവസ്ഥയില്‍ തന്റെ അടുത്ത് വന്നു ഇരിക്കുകയും ചെയ്യുന്ന ഉപഗുപ്തനെ കണ്ടപ്പോള്‍ അവള്‍ക്ക് സങ്കടം സഹിക്കാനായില്ല.  അവള്‍ ഉപഗുപ്തനോടു് തന്റെ സൗന്ദര്യത്തെയും അപ്പോഴത്തെ ശോച്യാവസ്ഥയെയും മറ്റും പറഞ്ഞു  കരഞ്ഞു തുടങ്ങി. ഉപഗുപ്തനാവട്ടെ ഭഗവാന്‍ ശ്രീബുദ്ധന്റെ ധര്‍മ്മശാസനത്തെ അവള്‍ക്കു് ഉപദേശിച്ചുകൊടുക്കുകയാണു് ഉണ്ടായതു്. ഉപഗുപ്തന്റെ ധര്‍മ്മോപദേശം കേട്ടു് അവളുടെ ഹൃദയം ശാന്തമായി. അഭൌതികമായ,  അവള്‍ അന്ന് വരെ അനുഭവിച്ചിട്ടില്ലാത്ത ഒരു സുഖം അവളുടെ ശാരീരികമായ വേദനകളുടെ ദുസ്സഹതയെ ശമിപ്പിച്ചു. ബുദ്ധന്‍, ധര്‍മ്മം, സംഘം ഈ മൂന്നില്‍ ശരണം പ്രാപിച്ചുകൊണ്ടു് തന്റെ പാപത്തിന്റെ ശിക്ഷയ്ക്കു് ഭക്തിപൂര്‍വ്വം കീഴടങ്ങി അവള്‍ മരിച്ചു.

മഹാകവി കുമാരനാശാന്‍ വാസവദത്തയുടെ കഥയെ "കരുണ" എന്ന കവിതാ രൂപത്തില്‍ നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നു.  അനിത്യമായ ശരീര സുഖം മാത്രം തേടി ദിവസവും അലയുന്ന മനുഷ്യന്‍ പരമമായ സുഖത്തെ; അഥവാ പ്രാപിച്ചാല്‍ പിന്നീട് ഒരിക്കലും നശിക്കാത്ത സുഖമായ മോക്ഷത്തെ അറിയുന്നില്ല.

ഇനിയും നമുക്ക് സമയമുണ്ട് എന്ന് കരുതുന്നതാണ് മനുഷ്യന്‍ ചെയ്യുന്ന ഏറ്റവും വലിയ വിഡ്ഢിത്തം എന്ന് ഭഗവാന്‍ ബുദ്ധന്‍ ഉപദേശിക്കുന്നു. അനിത്യമായ ഈ ജീവിതം ഏത് നിമിഷവും അവസാനിക്കാം, അതിനു മുമ്പ് മഹാഗുരുക്കന്മാര്‍ നമുക്ക് നല്‍കിയ ജ്ഞാനാമൃതം കുറച്ചെങ്കിലും നുകരുവാന്‍ ശ്രമിക്കാം...!

vasava datha story kumaranasahan karuna

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES