Latest News

തിരുവഞ്ചൂരിന്റെ പ്ലസ് പോയിന്റ് വ്യക്തിപ്രഭാവമാണ്; ഏതുസമയവും ആര്‍ക്കും പുള്ളിയെ കാണാം; വോട്ടു വീഴ്‌ത്തുന്ന തിരുവഞ്ചൂര്‍ സ്‌റ്റൈല്‍: ജിതിന്‍.കെ.ജേക്കബ് എഴുതുന്നു

Malayalilife
തിരുവഞ്ചൂരിന്റെ പ്ലസ് പോയിന്റ് വ്യക്തിപ്രഭാവമാണ്; ഏതുസമയവും ആര്‍ക്കും പുള്ളിയെ കാണാം; വോട്ടു വീഴ്‌ത്തുന്ന തിരുവഞ്ചൂര്‍ സ്‌റ്റൈല്‍: ജിതിന്‍.കെ.ജേക്കബ് എഴുതുന്നു

'മ തേതര മണ്ഡലങ്ങളില്‍' ഒഴികെ കേരളത്തില്‍ തിരഞ്ഞെടുപ്പ് ജയ പരാജയങ്ങള്‍ തീരുമാനിക്കുന്നത് നിഷ്പക്ഷമതികളായ വോട്ടര്‍മാരാണ്. നിഷ്പക്ഷ വോട്ടര്‍മാരെ സ്വാധീനിക്കുന്ന ഘടകങ്ങളില്‍ ഒന്ന് സ്ഥാനാര്‍ത്ഥിയുടെ വ്യക്തിപ്രഭാവം ആണ്. സിപിഎം നേതാക്കളെ കണ്ടിട്ടില്ലേ, കോണ്‍സ്റ്റിപേഷന്‍ പിടിച്ച മാതിരിയാണ് അവരുടെ മുഖഭാവവും പെരുമാറ്റവും. കേരളത്തിലെ ബിജെപി നേതാക്കളുടെ കാര്യവും ഏറെക്കുറെ അങ്ങനെ തന്നെയാണ് എന്നാണ് തോന്നിയിട്ടുള്ളത്. പക്ഷെ സിപിഎം ന്റെ സംഘടനാ സംവിധാനം വളരെ കരുത്തുറ്റതും, പ്രൊഫഷണലും ആയതുകൊണ്ട് ആ കുറവ് അവര്‍ക്ക് മറ്റു പലതും കൊണ്ട് നികത്താനാകുന്നു. അതേസമയം കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ദുര്‍ബലവും, യാതൊരു അച്ചടക്കവും ഇല്ലാത്തതും ആണ്. തിരഞ്ഞെടുപ്പ് സമയത്തതാണ് കോണ്‍ഗ്രസ്സുകാരെ നാട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തനം എന്ന് പറഞ്ഞു കാണുന്നത് തന്നെ. പക്ഷെ അവര്‍ ഈ ദൗര്‍ബല്യം മറികടക്കുന്നത് കുറച്ചു നേതാക്കളുടെ വ്യക്തിപ്രഭാവം കൊണ്ടാണ്. ഇന്ത്യന്‍ പ്രസിഡന്റിനെ കാണുന്നതിലും പാടാണ് കമ്മ്യൂണിസ്റ്റ് നേതാക്കന്മാരെ പാര്‍ട്ടിക്കാരല്ലാത്തവര്‍ക്ക് മുഖം കാണിക്കാന്‍. അതിന് ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ സെക്രട്ടറി തുടങ്ങി എല്ലാ ലൊട്ടുലൊടുക്കിന്റെയും ശുപാര്‍ശയും മറ്റും വേണ്ടിവരും.

അതേസമയം നേരെ തിരിച്ചാണ് കോണ്‍ഗ്രസ് നേതാക്കളുടെ കാര്യം. ഏതൊരാള്‍ക്കും പാര്‍ട്ടി ഭേദമന്യേ കാണാന്‍ കഴിയും. കോണ്‍ഗ്രസിലെ എല്ലാ നേതാക്കന്മാരും ഇങ്ങനെ ആണെന്നല്ല പറയുന്നത്, പക്ഷെ അങ്ങനെ ഉള്ള ചില നേതാക്കന്മാരുണ്ട്. അതില്‍ ഒരാളാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

2011 ല്‍ ആദ്യവട്ടം കോട്ടയത്ത് നിന്ന് വിജയിച്ചത് വെറും 711 വോട്ടിന്റെ ഭൂരിപക്ഷത്തിന് ആണെങ്കില്‍ ഇടത് തരംഗം ആഞ്ഞടിച്ച 2016 ല്‍ തിരുവഞ്ചൂരിന്റെ വിജയം 33632 വോട്ടിന്റെ ഭൂരിപക്ഷം ആയിരുന്നു. മണ്ഡലത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ അല്ല തിരുവഞ്ചൂരിന്റെ പ്ലസ് പോയിന്റ്, മറിച്ച്‌ വ്യക്തിപ്രഭാവം തന്നെയാണ്. ഏത് സമയവും ആര്‍ക്കും പുള്ളി Approachable ആണ്. അതില്‍ പാര്‍ട്ടി ഒരു വിഷയമേ അല്ല.

ഔദ്യോഗിക ആവശ്യത്തിന് ഒരിക്കല്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ പോയി കണ്ടു. ഏറ്റവും ഹൃദ്യമായ സ്വീകരണം. ഔദ്യോഗിക വിഷയം സംസാരിച്ചതിന് ശേഷം എന്റെയും സഹപ്രവര്‍ത്തകന്റെയും പേഴ്‌സണല്‍ കാര്യങ്ങള്‍ അടക്കം അദ്ദേഹം ചോദിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ മണ്ഡലത്തിലെ വോട്ടര്‍മാരല്ല ഞങ്ങള്‍ എന്നോര്‍ക്കണം. ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കെ പുറത്ത് ആരോ നില്‍ക്കുന്നത് കണ്ട് അവരെ റൂമിലേക്ക് വിളിച്ചു. ഒരു ചേട്ടന്‍ മുറിയിലേക്ക് കടന്നുവന്നു. മകളുടെ കോളേജ് ഫീസ് ഇളവിന് വേണ്ടി സഹായം തേടി വന്നതാണ് ആ മനുഷ്യന്‍. നേരത്തെയും വന്നു കണ്ടിരുന്നു എന്ന് സംസാരത്തില്‍ നിന്ന് മനസിലായി. തിരുവഞ്ചൂര്‍ ആ ചേട്ടനോട് പറഞ്ഞു 'ഫീസ് ഇളവ് ശരിയാക്കിയിട്ടുണ്ട്. കുറച്ചു കൂടി ഇളവ് ലഭിക്കാന്‍ നോക്കാം' അത് കേട്ടപ്പോള്‍ ആ ചേട്ടന്റെ മുഖത്തെ സന്തോഷം കാണണമായിരുന്നു.

എവിടെയെങ്കിലും എന്തെങ്കിലും പരിപാടിക്ക് പോകുമ്ബോള്‍ സ്ഥലം എത്തുന്നതിന് അരകിലോമീറ്റര്‍ മുമ്ബ് പുള്ളി കാറില്‍ നിന്നിറങ്ങി നടക്കാന്‍ തുടങ്ങും. അതിലെ പോകുന്ന എല്ലാവരുമായും സംസാരിക്കും. കൈവീശി കാണിക്കും. തിരഞ്ഞെടുപ്പ് നടക്കുന്ന സമയങ്ങളില്‍ മറ്റു പാര്‍ട്ടിക്കാരുടെ ബൂത്തുകളില്‍ വരെ പോയി അവരോട് കുശലാന്വേഷണം നടത്തും. ഇതൊക്കെ കേള്‍ക്കുമ്ബോള്‍ ചിലരെങ്കിലും നെറ്റി ചുളിക്കുന്നുണ്ടാകും. പക്ഷെ ഇതാണ് 700 വോട്ട് ഭൂരിപക്ഷം ഇടത് തരംഗം ആഞ്ഞടിച്ചിട്ടും 33000 ആകാനുള്ള പ്രധാന കാരണമായി എനിക്ക് തോന്നിയത്.

സ്ഥാനാര്‍ത്ഥിയുടെ വ്യക്തിപ്രഭാവം എന്നത് 'മതേതര' മേഖലകളിലും, പാര്‍ട്ടി ഗ്രാമങ്ങളിലും ഒഴികെ ഇപ്പോഴും വലിയൊരു ഘടകം തന്നെയാണ്. അത് പക്ഷെ അളക്കുന്നത് സ്ഥാനാര്‍ത്ഥിയുടെ കുട്ടിക്കാലത്തെ അല്ലെങ്കില്‍ ഇപ്പോഴത്തെ ദാരിദ്ര്യം, കുടുംബമഹിമ, വിദ്യാഭ്യാസം, സ്വത്ത് ഇല്ലാത്തത് ഒന്നുമല്ല മറിച്ച്‌ ജനങ്ങള്‍ക്ക് എന്തിനും ഏതിനും കയ്യെത്തും ദൂരത്ത് ഉണ്ട് എന്നതും, എപ്പോഴും എന്തിനും സമീപിക്കാം എന്നുമുള്ള ആ ഒരു വിശ്വാസം ആണ്. അത് ആര്‍ജിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ പിന്നെ ജനം വിജയിപ്പിച്ചുകൊണ്ടേയിരിക്കും. അവിടെ പാലം വലികള്‍ക്കോ, അടിയൊഴുക്കുകള്‍ക്കോ ഒന്നും ചെയ്യാനാകില്ല. ചിലപ്പോള്‍ അഴിമതിക്കാരന്‍ ആണെങ്കില്‍ കൂടി ജനം കാര്യമാക്കില്ല.

സിപിഎംന് ധാര്‍ഷ്ട്യവും, ഗുണ്ടായിസവും ആണ് പ്രധാന പ്രശ്‌നം എങ്കിലും മികച്ച സംഘടനാ സംവിധാനം വഴി അവര്‍ അത് കുറെയൊക്കെ മറികടക്കുന്നു. കോണ്‍ഗ്രസിന് അഴിമതിയാണ് പ്രശ്‌നം എങ്കില്‍ നേതാക്കന്മാരുടെ വ്യക്തിപ്രഭാവം വഴി അവര്‍ പിടിച്ചു നില്‍ക്കുന്നു. അതേസമയം കേരള ബിജെപിക്ക് ആകട്ടെ ഗ്രൂപ്പ് കളി കാരണം സംഘടനാ സംവിധാനവും കാര്യക്ഷമമല്ല, നേതാക്കന്മാര്‍ക്കാകട്ടെ ബിജെപി സംവിധാനത്തിന് പുറത്ത് കാര്യമായ വ്യക്തിപ്രഭാവവുമില്ല എന്നതാണ് പ്രശ്‌നം.

ക്വാളിറ്റി ഉള്ളവരെ മുന്നോട്ട് വരാന്‍ സമ്മതിക്കുകയുമില്ല. ഈ അടുത്ത കാലത്ത് ചെറിയ തോതിലെങ്കിലും അതിന് മാറ്റം വരാന്‍ തുടങ്ങിയിട്ടുണ്ട്. അതിന്റെ ഫലം അവര്‍ക്ക് തിരഞ്ഞെടുപ്പില്‍ ലഭിക്കുകയും ചെയ്യും. ഒടുവില്‍ കേട്ടത്:- തിരുവഞ്ചൂരിന്റെ പദയാത്ര പോകുന്നു. പുള്ളി എല്ലാവരെയും കൈവീശി കാണിക്കുന്നു, കടകളില്‍ നിന്നവരെല്ലാം തിരിച്ചും കൈവീശുന്നു. പദയാത്ര കടന്നുപോയ ശേഷം അവിടെ നിന്ന രണ്ടുപേര്‍ തമ്മില്‍ സംസാരം, ' നിങ്ങള്‍ യുഡിഫ് ആണോ, ഏയ് യുഡിഎഫ് ഒന്നുമല്ല, പക്ഷെ തിരുവഞ്ചൂര്‍ സാര്‍ നല്ല മനുഷ്യന്‍ അല്ലേ, അതുകൊണ്ട് തിരിച്ചു കൈവീശിയതാണ്'

Jithin k jacob note about thiruvanchoor style

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES