കഷ്ട്ട കാലത്ത് പ്രവാസികളോട് നന്ദികേട് കാണിക്കുന്നുവോ? അതു ഒരു പ്രധാന ചോദ്യ ചിഹ്നമാണ് ഇന്ന്. കേരളത്തില്‍ ആകെ ഉണ്ടായ വിപ്ലവം പ്രവാസി വിപ്ലവമാണ്. കാരണം കേരളത്തെ പട്ടിണിയില്‍ നിന്നും സാമ്ബത്തിക മുരടിപ്പില്‍ നിന്നും കരകയറ്റിയത് രാപ്പകല്‍ പണിഎടുത്തു പ്രവാസി മലയാളി എന്ന് എല്ലാവരും വിളിക്കുന്ന കേരളത്തിലെ നാട്ടുമ്ബുറങ്ങളില്‍ നിന്ന് ഇവിടെ തൊഴില്‍ കിട്ടാന്‍ നിവര്‍ത്തി ഇല്ലാതെ വണ്ടികയറിയ നമ്മുടെ സ്വന്തം ആളുകളാണ്. കഷ്ട്ടകാലത്ത് അതു മറക്കാതിരിക്കുക.
1.കേരളത്തില്‍ സാമ്ബത്തിക വളര്‍ച്ചയെങ്ങനെയാണുണ്ടായത് ?
കേരളത്തിലെ 1987 ലെ ബജറ്റ് അവതരിപ്പിച്ചത് വിശ്വനാഥ മേനോനാണ്. ആ ബജറ്റ് പ്രസംഗം ആരംഭിക്കുന്നത് കേരളത്തിലെ സാമ്ബത്തിക പ്രതിസന്ധിയെ വിവരിച്ചാണ്.
1971 മുതലുള്ള പതിനഞ്ചു വര്‍ഷങ്ങളില്‍ കേരളത്തിലെ ശരാശരി സാമ്ബത്തിക വളര്‍ച്ച വെറും 2.1%. അന്നത്തെ ദേശീയ ശരാശരി 3.1%.. ആളോഹരി സാമ്ബത്തിക വളര്‍ച്ച വെറും 0.2%.ദേശീയ ശരാശരി ആളോഹരി ആ സമയത്തു കേരളത്തിനേക്കാള്‍ വളരെ മുകളില്‍ 1.6%.കേരളത്തില്‍ എല്ലാ രംഗത്തുമുള്ള തൊഴില്‍ ഇല്ലായ്മയെകുറിച്ച് ആ ബഡ്ജറ്റ് പ്രസംഗത്തില്‍ കൃത്യമായി വിവരിക്കുന്നുണ്ട്. കേരളത്തില്‍ അന്നത്തെ റെവെന്യു വരുമാനം 1602 കോടി. റെവെന്യു ചെലവ് 1733 കോടി മാത്രം.
എന്നാല്‍ ഇന്ന് കേരളത്തിലെ സ്റ്റേറ്റ് ഡൊമസ്റ്റിക് പ്രോഡക്റ്റ് 9, 78, 064 കോടി. അതായത് പത്തു ലക്ഷം കോടിയോട് അടുത്തു. ഇത് മുന്‍വര്ഷത്തെക്കാള്‍ വളര്‍ന്നത് 12.2% മാണ്. ഈ വര്‍ഷത്തെ മൊത്തം ചെലവ് 1, 44, 265 കോടി. അതായത് 1.44 ലക്ഷം കോടിയിലധികം
കേരളത്തില്‍ 1987-8 മുതല്‍ സാമ്ബത്തികവളര്‍ച്ചക്ക് പ്രധാന കാരണം കേരളത്തിനു വെളിയില്‍പോയി ജോലി ചെയ്തു ആളുകള്‍ അയച്ചു കൊടുത്തപണമാണ്.
കേരളത്തില്‍ ഒരു മേഖലയിലും തൊഴില്‍ കിട്ടാന്‍ അവസരം ഇല്ലായിരുന്നു. തൊഴില്‍ അല്ലെങ്കില്‍ ജയില്‍ സമരം എന്നത് കണ്ടു വളര്‍ന്ന ഒരു തലമുറ.
1980 കളില്‍പോലും പട്ടിണി വ്യാപകമായിരുന്നു. 1987-88 ലെ ബജറ്റില്‍ അദ്ദേഹം ഭൂപരിഷ്‌ക്കരണത്തിന്റെ ന്യൂനതകളോടൊപ്പം കാര്‍ഷിക രംഗത്തിന്റ മുരടിപ്പ് പറയുന്നുണ്ട്. കാര്‍ഷിക രംഗത്തുപോലും ഒരു വര്‍ഷത്തില്‍ വെറും 140 ദിവസത്തെമാത്രം പണിയുള്ള അവസ്ഥ.
കേരളത്തില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ട്ടിക്കുവാന്‍ അതു വരെയുള്ള എല്ലാ സര്‍ക്കാരുകളും പരാജയപെട്ടതുകൊണ്ടാണ് ലക്ഷകണണക്കിന് ചെറുപ്പക്കാര്‍ കേരളം വിടാന്‍ നിര്‍ബന്ധിതരായത്. കേരളത്തില്‍ കിടന്നാല്‍ രക്ഷപെടുകയില്ല എന്ന ധാരണ കൊടുത്തു എന്നത് മാത്രം ആയിരുന്നു സര്‍ക്കാര്‍ റോള്‍.
ഇപ്പൊള്‍ 'പ്രവാസികള്‍ ' എന്ന് സര്‍ക്കാര്‍ വിളിക്കുന്ന ഒരു വിഭാഗം ജനങ്ങള്‍ കേരളത്തിനു വെളിയില്‍പ്പോയി രാവും പകലും പണി എടുത്തു അയച്ചു കൊടുത്ത പൈസയിലാണ് കേരളത്തില്‍ ഇന്ന് കാണുന്ന എല്ലാ സാമ്ബത്തിക വളര്‍ച്ചക്കും പ്രധാന കാരണം. ഇന്ന് അല്ലെങ്കില്‍ 1733 കോടി ബജറ്റില്‍ നിന്നും കേരളം 1.44 ലക്ഷം കോടി ബജറ്റില്‍ എത്തില്ലായിരുന്നു.
2.അബുദാബിക്കാരന്‍ പുതു മണാളന്‍
അങ്ങാടി എന്ന സിനിമയില്‍ കുതിരവട്ടം പപ്പു ചെയ്യുന്ന കഥാപാത്രമാണ് അബുദാബിക്കാരന്‍ പുതുമണാളന്‍ എന്ന പ്രവാസി സ്വപ്നങ്ങള്‍, പാവാട വേണം മേലാട വേണം എന്ന പാട്ട് പാടി അവതരിപ്പുക്കുന്നത് . എണ്‍പത്കളുടെ അവസാനം തൊട്ട് ഇറങ്ങിയ മലയാള സിനിമകളില്‍ എല്ലാം ഗള്‍ഫ് നിത്യ സാന്നിധ്യമായിരുന്നു . കേരളത്തില്‍ സിനിമയും മാധ്യമങ്ങളും എല്ലാം പച്ച പിടിച്ചതില്‍ ഗള്‍ഫ് മലയാളി ഉണ്ടായിരുന്നു .
കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ പലപ്പോഴും ഡല്‍ഹിയിലെക്കാള്‍ ദുബായിലാണ് പോയിരുന്നത്. കാശ് പിരിക്കാന്‍ മാത്രം അല്ല പോയിരുന്നത് ഹവാല വഴി കടത്തിയ കാശിന്റെ ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ തയ്യാറാക്കാനും കൂടിയാണ് പോയത് .
1980കളില്‍ ബസ്സില്‍ യാത്ര ചെയ്തിരുന്ന രാഷ്ട്രീയ നേതാക്കള്‍ക്കു ഇന്ന് ഇന്നോവ ക്രിസ്റ്റയില്‍ നിന്ന് ഇറങ്ങാന്‍ സമയം ഇല്ല. അന്ന് കഷ്ടി ഒരു എസ്‌കോര്‍ട്ട് വണ്ടി മാത്രം ഉണ്ടായിരുന്ന മുഖ്യ മന്ത്രിക്കു ഇന്ന് ആവശ്യം പോലെ . ഒരിക്കല്‍ പത്തു എസ്‌കോര്‍ട്ട് വണ്ടികള്‍ വരെ എണ്ണിയ കാര്യം പറഞ്ഞിട്ടുണ്ട്.
പ്രവാസികളുടെ കാശ് വാങ്ങാത്ത രാഷ്ട്രീയക്കാരും പള്ളിക്കാരും അമ്ബലക്കാരും ഉണ്ടേയെന്ന് സംശയം. അവരുടെ ആഥിതെയത്വം അനുഭവിച്ച ഒരുപാടു 'പ്രമുഖര്‍ 'കേരളത്തില്‍ ഉണ്ട് . അതൊക്കെ മുപ്പതു വര്‍ഷം പ്രവാസി ആയിരുന്ന എനിക്കും നല്ലത്‌പോലെ അറിയാം.
പല രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണവും പത്രാസും കേരളത്തില്‍ 'ഇന്‍വെസ്റ്റ് ' മെന്റ് ഉള്ള വിരലില്‍ എണ്ണാവുന്നവരാണ് പ്രവാസികള്‍.
സത്യത്തില്‍ കേരളത്തില്‍ പണം അയച്ചുകൊടുക്കുന്നത് പ്ലമ്ബറും, ഇലക്‌ട്രീഷ്യനും വെല്‍ഡറും മേശിരിയും ആശാരിയും ഡ്രൈവറും അതുപോലെയുള്ള ദശ ലക്ഷകണക്കിന് സാധാരണക്കാരാണ്. ഗള്‍ഫില്‍ വെയിലത്തു ചോര നീരാക്കി പണിയുന്നവരാണ്.
അമേരിക്കയിലും യൂറോപ്പിലും ഉള്ളവര്‍ അവരുടെ വരുമാനം കൂടുതല്‍ അവിടെ ചിലവെക്കുമ്ബോള്‍ ഗള്‍ഫില്‍ ഉള്ളവര്‍ കിട്ടുന്നതില്‍ വളരെ കുറച്ചു അവിടെ ചിലവഴിച്ചു എല്ലാം കേരളത്തില്‍ അയച്ചു കൊടുത്തു.
അങ്ങനെയാണ് കേരളത്തില്‍ ഒരുപാടു കുടുംബങ്ങള്‍ പട്ടിണിയില്‍ നിന്നും കര കേറിയത്. ഭൂമി ഇല്ലാത്തവര്‍ ഭൂമി വാങ്ങിയത്. വീട് ഇല്ലാത്തവര്‍ വീട് ഉണ്ടാക്കിയത്. അധികം വിദ്യാഭ്യാസത്തിന് അവസരമില്ലാത്തവര്‍ മക്കളെ ഉന്നത വിദ്യാഭ്യാസം ചെയ്യിച്ചത് . അവരാണ് കേരളത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയത്. അല്ലാതെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രിയങ്കരായ ഒന്നോ രണ്ടോ കച്ചവടക്കാരല്ല.
3.കഷ്ട്ടകാലത്തുള്ള നന്ദികേടു. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്ന ഇരട്ടത്താപ്പ്
പക്ഷേ കോവിഡ് കഷ്ട്ടകാലത്ത് കേരളം കറവ വറ്റിയ പശുക്കളെപ്പോലെ കണ്ട സാധാരണ ഗള്‍ഫ് വാസികള്‍ ചക്ര ശ്വാസം വലിക്കുകയാണ്.
പാര്‍ട്ടി ജാതി ഭേദമന്യേ. ഒരുപാടു പേര്‍ക്ക് ജോലി പോയി . പലര്ക്കും റൂമിന് വാടക കൊടുക്കാന്‍പോലും പൈസ ഇല്ല. പലര്ക്കും കോവിഡ് വന്നു. ഒരുപാടു പേര്‍ മരിക്കുന്നു. ഈ കഷ്ട്ടകാലത്ത് അവര്‍ അവിടെയും ഇവിടെയും രണ്ടാതരം പൗരന്മാരായി ഗണിക്കപ്പെടുന്നു എന്ന വേദനയിലാണ് ഒരുപാട് പേര്‍.
ജോലി പോയവര്‍, പകുതി ശമ്ബളത്തില്‍ ജോലി ചെയ്യുന്നവര്‍, ആഹാരം മാത്രം കിട്ടുന്നവര്‍, പലതിനും ലോണ്‍ എടുത്തവര്‍. അവരുടെ വരുമാനം കൊണ്ടു മാത്രം ജീവിക്കുന്ന ലക്ഷകണക്കിന് വീട്ടുകാര്‍.
എന്നാല്‍ കേരളത്തില്‍ 21 പേര്‍ കോവിഡ് വന്നു മരിച്ചെങ്കില്‍ 254 മലയാളികളാണ് കേരളത്തിനു വെളിയില്‍ മരിക്കുന്നത് . ഓരോ മരണവും ഇവിടെയുള്ളവരുടേതാണ്. അവരുടെ ബോഡിപോലും പ്രിയപ്പെട്ടവര്‍ക്ക് കണാന്‍ സാധിക്കാത്ത ദുരവസ്ഥ.
ഇന്ന് കേരളത്തിനു വെളിയില്‍ അതു പോലെ ഒരു മലയാളിയും മരണ ഭയത്തിലാണ് കഴിയുന്നത് . അവരില്‍ ഭൂരിപക്ഷം പേരുടെ വീട്ടുകാര്‍ കേരളത്തിലാണ്.
അങ്ങനെയുള്ള അവസ്ഥയില്‍ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കേറ്റ് കൊണ്ടു മാത്രം ഇങ്ങോട്ട് വന്നാല്‍ മതി എന്ന് പറയുന്ന സര്‍ക്കാര്‍ ആരുടെ സര്‍ക്കാര്‍ ആണ്?
കേരളം ഒന്നാമത് എന്ന വീരവാദം ഏത്ര നാള്‍ നടത്തും? കേരള എക്സ്പെഷനിലിസം പറഞ്ഞു എത്ര നാള്‍ ഊറ്റം കൊള്ളും?
ഇന്ത്യയില്‍ ഹോട്ട് സ്‌പോട്ടായ മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും ചെന്നൈയില്‍ നിന്നും പൂനയില്‍ നിന്നും ഈ പാസ്സും ക്വാറന്റൈനും ഉണ്ടെങ്കില്‍ ആളുകള്‍ക്കു വരാം എങ്കില്‍ ഗള്‍ഫ് കാരോട് എന്താണ് ഇരട്ടതാപ്പ്?
ഇന്ന് കേരളത്തില്‍ ഒട്ടു മിക്കവാറും കുടുംബങ്ങളുമായി ബന്ധമുള്ളവരില്‍ വലിയ വിഭാഗം കേരളത്തിന് പുറത്താണ്. അവര്‍ എന്തെ മലയാളികള്‍ അല്ലേ?
പ്രവാസികള്‍ നല്ല കാലത്ത് അയച്ചു കൊടുത്ത പൈസയുടെ ബലത്തിലാണ് കേരളത്തിലെ സാമ്ബത്തിക വളര്‍ച്ചയും ബജറ്റ് വളര്‍ച്ചയും നടന്നത്.
ഇന്ന് കേരളത്തില്‍ 1.44 ലക്ഷം ബജറ്റ് ഉണ്ടെങ്കിലും ജോലിയും കൂലിയും നഷ്ട്ടപെട്ട മലയാളികളെ ചാര്‍ട്ടര്‍ ചെയ്ത് വിമാനത്തില്‍ സൗജന്യമായി നാട്ടില്‍ എത്തിക്കാന്‍ സര്‍ക്കാരിന് പൈസ ഇല്ല.
പ്രളയം വന്നപ്പോള്‍ ഇല്ലായ്മയില്‍ നിന്നും വാരികോരി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്ത ഗള്‍ഫ് പ്രവാസി ഇന്ന് ദുരിതത്തിലാണ് . അവര്‍ക്കു എന്ത് ദുരിതാശ്വാസമാണ് സര്‍ക്കാര്‍ കൊടുക്കുന്നത് ബഹുമാനപെട്ട മുഖ്യമന്ത്രി?
അതോ അവര്‍ അവിടെ കിടന്ന് മരിച്ചോട്ടെ എന്നാണോ?
4.വാക്കുകള്‍കൊണ്ടുള്ള പാല്പായസം
വാക്കുകള്‍കൊണ്ടും വാചകങ്ങള്‍ കൊണ്ടും പാല്‍പായസം വിളമ്ബാന്‍ എല്ലാ ഭരണക്കാര്‍ക്കും വിരുതാണ്.പക്ഷേ കാര്യത്തോട് അടുക്കുമ്ബോള്‍ കാര്യങ്ങള്‍ മാറും.
നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യിച്ചു ആശിപ്പിച്ചിട്ട് കാര്യങ്ങള്‍ ഒന്നും ഇല്ലെന്നു പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും മനസ്സിലായി. നോര്‍ക്കയിലെ രജിസ്ട്രേഷന്‍ കൊണ്ടു എന്ത് പ്രയോജനം ഏത് പ്രവസിക്കുണ്ടായി?
ഇവിടെ കൊട്ടി ഘോഷിച്ചു കോടികള്‍ മുടക്കി ലോക കേരള സഭ ചര്‍ച്ച മഹാമഹം നടത്തി ഏന്തിക്കൊയോ ചര്‍ച്ച ചെയ്തിട്ട് എന്ത് പ്രയോജനമാണ് ജോലിയും കൂലിയും ഇല്ലാതെ കോവിഡ് ഭീതിയില്‍ ജീവിക്കുന്ന പ്രവാസി മലയാളിക്കു കിട്ടിയത്?
നോര്‍ക്കയുടെ ഒരു സമൂഹ ഓഡിറ്റ് പ്രവാസികള്‍ നടത്തിയാല്‍ അറിയാം അതു കൊണ്ടു ആര്‍ക്ക് പ്രയോജനമെന്ന്?
അടുത്ത കേരള ലോക സഭക്ക് വച്ചിരിക്കുന്ന 12 കോടി എടുത്തു കഷ്ട്ടപെടുന്ന സാധാരണ പ്രവാസികളെ വിമാനം ചാര്‍ട്ടര്‍ ചെയ്തു നാട്ടില്‍ എത്തിച്ചാല്‍ അതു കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടായേനെ
5. എന്ത് ചെയ്യണം.?
1)കേരള സര്‍ക്കാര്‍ നൂറു ചാര്‍ട്ടര്‍ വിമാന സര്‍വീസ് നടത്തി ജോലി ഇല്ലാത്തവരും ലേബര്‍ ക്യാമ്ബുകളിലും മറ്റിടത്തും ഉള്ള തൊഴിലകളെ സൗജന്യമായി കൊണ്ടു വരുക
2) കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് എന്ന നിര്‍ബന്ധം ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക് സാധ്യമല്ല എന്ന സാമാന്യ ബോധം വീണ്ടെടുക്കുക.
3)അതിനു പകരം ഇന്ത്യയില്‍ മറ്റു നഗരങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് വേണ്ടിയുള്ള ഈ പാസ് ഏര്‍പ്പെടുത്തുക
4).കേരളത്തില്‍ വരുന്ന പ്രവാസികള്‍ക്ക് റാപിഡ് ടെസ്റ്റ് ചെയ്യുവാനുള്ള സൗകര്യം എയര്‍പൂട്ടിനടുത്ത കോവിഡ് സപ്പോര്‍ട് സെന്ററില്‍ ചെയ്യുക.
4) പ്രവാസി കള്‍ക്ക് സ്വയം സംരഭങ്ങള്‍ക്കും കൂട്ട് സംരഭങ്ങള്‍ക്കുമായി അമ്ബതിനായിരം കോടിയുടെ പാക്കേജ് സംവിധാനം ചെയ്യുക
കേരളത്തില്‍ ലോക്ഡോണ്‍ കാലത്ത് കോവിഡ് സാമൂഹിക വ്യപനം തടുക്കുന്നതില്‍ സര്‍ക്കാര്‍ ഒരു വലിയ പരിധിവരെ വിജയിച്ചു. അതിന്റ പേരില്‍ ഒരുപാടു മീഡിയ പബ്ലിസിറ്റിയും ഇമേജും സര്‍ക്കാരിന് കിട്ടി. പക്ഷേ സര്‍ക്കാരും മുഖ്യമന്ത്രിയുമൊക്കെ ആ ഇമേജ് ട്രാപ്പില്‍ പെട്ടു വീണ്ടും അതെ സ്ട്രാറ്റജി രണ്ടാം ഘട്ടത്തില്‍ ഉപയോഗിച്ചാല്‍ അതു കൂടുതല്‍ പ്രശ്‌നമുണ്ടാക്കും
രണ്ടാഘട്ടമായ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലത്ത് സര്‍ക്കാരിന്റ പഴയ സ്ട്രാറ്റജികൊണ്ടു കാര്യമില്ല.
പ്രവാസികള്‍ക്ക് കേരളത്തില്‍ വരണമെങ്കില്‍ അതു അവരുടെ മൗലീക അവകാശമാണ് . ഡെല്‍ഹിയില്‍ നിന്ന് വരുന്ന മലയാളി പൗരനും ദുബയില്‍ നിന്ന് വരുന്നവര്‍ക്കും രണ്ടു നയ സമീപനം അവകാശലംഘനമാണ്. ഇരട്ടത്താപ്പാണ്.
കേരളത്തില്‍ കോവിഡ് പോസിറ്റീവ് കേസ് പതിനായിരം ആയാലും അതിനു തക്ക ആരോഗ്യം പരിരക്ഷ തയ്യാറെടുടുപ്പ് ഉണ്ടെങ്കില്‍ മരണ നിരക്ക് വളരെ കുറക്കാം.
എന്തായാലും ഗള്‍ഫ് പ്രവാസികളോട് ചെയ്യുന്ന ഈ ഇരട്ടത്താപ്പ് എത്രയും വേഗം അവസാനിപ്പിക്കണം.