കര്‍ഷക സ്നേഹിയായ ജസ്റ്റിസ് പി എ മുഹമ്മദ്
ജ സ്റ്റിസ് പി എ മുഹമ്മദിന്റെ വിയോഗം എനിക്ക് ഒരു ജേഷ്ഠ സഹോദരന്റെ വിടവാങ്ങലിന് തുല്യമാണ്. 1979 ല്‍ ഞാന്‍ എറണാകുളത്ത് വന്ന കാലത്ത് തന്നെ പരിചയപ്പെട്ടു. സോഷ്യലിസ്റ്റ് പ്രസ്ഥാന പ്രവര്‍ത്തകനായിരുന്ന തലശ്ശേരി മുഹമ്മദ് എന്ന വിളിപ്പേരുള്ള അദ്ദേഹം ജീവിതത്തിലും പ്രവര്‍ത്തിയിലും ഒരു സോഷ്യലിസ്റ്റായിരുന്നു.
തന്റെ എല്ലാ കേസുകളും മണിക്കൂറുകള്‍ വാദിക്കുന്ന മുഹമ്മദ് സറിന്റെ വാഗ്വാദശൈലിയെ പലപ്പോഴും ഞാന്‍ പരിഹസിച്ചിരുന്നു. അതിലദ്ദേഹം ഒട്ടും പരിഭവിച്ചിട്ടില്ല. ജസ്റ്റിസ് നിയമന ഉത്തരവ് കിട്ടിയ ദിവസം അന്നത്തെ ഹൈക്കോടതി വായനശാലയിലേയ്ക്ക് കയറിവന്ന് മനയാനി ഞാന്‍ ജഡ്ജായി എന്ന് അറിയിച്ചു എന്റെ മറുപടി: ഞങ്ങളുടെ ഒരു കേസും തള്ളാന്‍ അങ്ങക്ക് കഴിയുകയില്ലല്ലോ? സാറിന്റെ കേസുകള്‍ വെച്ചുനോക്കിയാല്‍ ഞങ്ങളുടെ കേസുകളെല്ലാം നല്ലതല്ലെ? കേട്ടുനിന്ന കേളു നമ്ബ്യാര്‍ സാര്‍ എന്നെ വഴക്കു പറഞ്ഞു. മുഹമ്മദ് സര്‍ ഒരു പരിഭവവും കാണിച്ചില്ല. മനയാനിക്ക് എന്തും പറയാനുള്ള അവകാശമുണ്ട്, പറഞ്ഞോളു.
അദ്ദേഹം നയിച്ച ഫുള്‍ബെഞ്ചാണ് പ്രശസ്തമായ പട്ടയക്കേസ് വാദം കേട്ടത്. 35 ദിവസത്തോളം നീണ്ടുനിന്ന വാദമുഖങ്ങള്‍. വനഭൂമിയിലെ കുടിയേറ്റക്കാരായ 16 കര്‍ഷകര്‍ക്ക് വേണ്ടിയാണ് ഞാന്‍ ഹാജരായത്. പട്ടയകേസ് എന്നറിയപ്പെടുന്ന മേല്‍ കേസ് കര്‍ഷക സമരത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമാണ്. കേസ് വാദം കേട്ടത് അന്തരിച്ച ജസ്റ്റിസ് പി എ മുഹമ്മദ് നയിച്ച ഫുള്‍ ബെഞ്ചാണ്.
വാദം കേട്ട മറ്റു ജഡ്ജിമാര്‍ ജസ്റ്റിസ് ജി ശിവരാജന്‍, ജസ്റ്റിസ് ജസ്റ്റിസ് എം ആര്‍ ഹിരഹരന്‍ എന്നിവര്‍. ഈ സുപ്രധാന വിധി വന്നത് 1999 ഒക്ടോബര്‍ ഏഴിന് - ഇന്നത്തേയ്ക്ക് 21 കൊല്ലം മുന്‍പ്. മേല്‍ വിധി 2000(1) ILR677782 വരെ പേജുകളില്‍ കാണാം. 105 ഓളം പേജ് വരുന്ന വിധിന്യായം. അദ്ദേഹത്തിന്റെ കര്‍ഷകരോടുള്ള സ്നേഹ വായ്പ് വിധി ന്യായത്തില്‍ സ്മരിക്കുന്നുണ്ട്. കര്‍ഷക പുത്രനായ എനിക്കൊന്നേ ചെയ്യുവാനുള്ളു. അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുക. മേല്‍വിധി പിന്നീട് സുപ്രീം കോടതി ശരി വെച്ചു.