യുഎസ് നാവികസേനയുടെ യുദ്ധക്കപ്പല്‍ ഇന്ത്യയുടെ സമുദ്രാതിര്‍ത്തി ലംഘിച്ചത് ഇന്ത്യയെ ശിങ്കിടിയായി മാത്രമാണ് കാണുന്ന അമേരിക്കന്‍ മനോഭാവത്തിന്റെ ബഹിര്‍സ്ഫുരണം; രാജ്യത്തിന്റെ പരമാധികാരത്തിന് നേരയുള്ള കടുത്ത വെല്ലുവിളിയെ നേരിടണം

Malayalilife
യുഎസ് നാവികസേനയുടെ യുദ്ധക്കപ്പല്‍ ഇന്ത്യയുടെ സമുദ്രാതിര്‍ത്തി ലംഘിച്ചത് ഇന്ത്യയെ ശിങ്കിടിയായി മാത്രമാണ് കാണുന്ന അമേരിക്കന്‍ മനോഭാവത്തിന്റെ ബഹിര്‍സ്ഫുരണം; രാജ്യത്തിന്റെ പരമാധികാരത്തിന് നേരയുള്ള കടുത്ത വെല്ലുവിളിയെ നേരിടണം

യുഎസ് നാവികസേനയുടെ യുദ്ധക്കപ്പല്‍ ഇന്ത്യയുടെ സമുദ്രാതിര്‍ത്തി ലംഘിച്ചതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ കനക്കുകയാണ്.ഏപ്രില്‍ 7ന് ലക്ഷദ്വീപിന് 130 നോട്ട്ടിക്കല്‍ മൈല്‍ പടിഞ്ഞാറു കൂടി കടന്നുപോയെന്നും ഇന്ത്യയുടെ അനുമതി വാങ്ങിയില്ലെന്നും യുഎസ് നാവികസേനയുടെ ഏഴാം കപ്പല്‍വ്യൂഹത്തിന്റെ കമാന്‍ഡര്‍ വെളിപ്പെടുത്തി. യുഎസ്‌എസ് ജോണ്‍ പോള്‍ ജോണ്‍സ് എന്ന കപ്പലാണ് ഇന്ത്യയുടെ എക്‌സ്‌കൂസീവ് ഇക്കണോമിക് സോണ്‍ (ഇഇസെഡ്) കടന്ന് യാത്ര ചെയ്തത്.

തീരരാജ്യത്തിന്റെ അനുമതിയോടെ മാത്രമേ മറ്റു രാജ്യങ്ങളുടെ യുദ്ധക്കപ്പലുകള്‍ ഇഇസെഡില്‍ പ്രവേശിക്കാന്‍ പാടുള്ളു. ഈ നിലപാടിനെയാണ് ഇന്ത്യയുടെ അമിതമായ അവകാശവാദമെന്നു യുഎസ് വ്യാഖ്യാനിക്കുന്നത്. ഏഴാം കപ്പല്‍വ്യൂഹത്തില്‍ 50-70 കപ്പലുകള്‍, 150 വിമാനങ്ങള്‍, ഏതാണ്ട് 20,000 നാവികര്‍ ഉള്‍പ്പെടുന്നു. 1971 ലെ യുദ്ധത്തില്‍ പാക്കിസ്ഥാനെ സഹായിക്കാനായി ഏഴാം കപ്പല്‍ പട മുന്‍പും ഇവിടെയെത്തിയിട്ടുണ്ട്.

ദക്ഷിണ ചൈനക്കടലിലും മറ്റു രാജ്യാന്തര സമുദ്രസഞ്ചാര സ്വാതന്ത്ര്യപ്രശ്‌നങ്ങളിലും അഭിപ്രായ സമന്വയമുണ്ടെങ്കിലും കാതലായ ചില സമുദ്ര പരമാധികാര പ്രശ്‌നങ്ങളില്‍ ഇന്ത്യയും യുഎസും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടെന്നു ലക്ഷദ്വീപ് കടലിലെ സംഭവം എടുത്തുകാട്ടുന്നു പ്രധാനമായും എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണ്‍ (ഇഇസെഡ്) സംബന്ധിച്ച കാര്യങ്ങളില്‍. തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള അതിര്‍ത്തിയാണു തീരരാജ്യത്തിന്റെ പരമാധികാര പ്രദേശമായി (ടെറിട്ടോറിയല്‍ വാട്ടേഴ്‌സ്) അംഗീകരിക്കപ്പെട്ടിരിക്കുന്നത്.

200 നോട്ടിക്കല്‍ മൈല്‍ വരെയുള്ള ജലാതിര്‍ത്തി 'യുഎന്‍ കണ്‍വന്‍ഷന്‍ ഓണ്‍ ദ് ലോസ് ഓഫ് ദ് സീ' ഇഇസെഡ് ആയി നിര്‍വചിക്കുന്നു. യുഎന്‍ കണ്‍വന്‍ഷന്‍ രേഖ ഇന്ത്യ അംഗീകരിച്ചിട്ടുണ്ടെങ്കിലും യുഎസ് അംഗീകരിച്ചിട്ടില്ല. ഈ പ്രദേശത്തു തീരരാജ്യങ്ങള്‍ പരമാധികാരം അവകാശപ്പെടുന്നത് 'എക്‌സസീവ് മാരിടൈം ക്ലെയിം' അഥവാ കടന്നു കയറി ഉയര്‍ത്തുന്ന അവകാശമായാണ് അമേരിക്ക കാണുന്നത്. ഏതു രാജ്യത്തിന്റെയും ടെറിട്ടോറിയല്‍ വാട്ടേഴ്‌സ് അല്ലാത്ത സമുദ്രപ്രദേശം (12 നോട്ടിക്കല്‍ മൈലിനപ്പുറമുള്ള കടല്‍) ലോകത്തിന്റെ പൊതുസ്വത്തോ അല്ലെങ്കില്‍ 'പൊതുവഴി'യോ ആയാണു യുഎസ് കാണുന്നത്.

അവിടെ സ്വതന്ത്രമായി കടന്നുപോകാനും വേണ്ടിവന്നാല്‍ സൈനികാഭ്യാസം നടത്താനും അവകാശമുണ്ടെന്നാണു യുഎസിന്റെ വാദം. എന്നാല്‍ ഇന്ത്യയ്ക്ക് 200 നോട്ടിക്കല്‍ മൈല്‍ വരെയുള്ള സമുദ്രാതിര്‍ത്തി തീരരാജ്യത്തിന്റെ സ്വത്താണ്. ആ പ്രദേശത്തുനിന്നു ധാതുക്കളും മറ്റും ഖനനം ചെയ്യാനും മത്സ്യബന്ധനം നടത്താനും അതിനാവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കാനും തീരരാജ്യത്തിനു മാത്രമേ അധികാരമുള്ളൂ. അവിടെക്കൂടി കടന്നുപോകുമ്ബോള്‍ പടക്കപ്പലുകള്‍ തീരരാജ്യത്തെ അറിയിക്കണം, അഭ്യാസം നടത്താനാണെങ്കില്‍ അനുമതി വാങ്ങിയിരിക്കണം.

12 നോട്ടിക്കല്‍ മൈലിനപ്പുറത്തേക്ക് ഒരു തീരരാജ്യത്തിന്റെയും പരമാധികാരം അംഗീകരിക്കുന്നില്ലെന്ന് ഊന്നിപ്പറയാന്‍ യുഎസ് 'സൃഷ്ടിച്ച സംഭവം' എന്നൊരു വാദവുമുണ്ട്. പ്രതിരോധനീക്കങ്ങള്‍ പരസ്പരം അറിയിക്കാന്‍ ബാധ്യസ്ഥമായ കരാറുകള്‍ ഈയിടെ ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒപ്പിട്ടിരുന്നു. ഇത്രയും ഇഴചേര്‍ന്ന ബന്ധമുള്ളപ്പോഴും ഏഴാം കപ്പല്‍പ്പടയുടെ നീക്കം അറിയിക്കാതിരുന്നത് ഇന്ത്യയെ ശിങ്കിടിയായി മാത്രമാണ് കാണുന്ന അമേരിക്കന്‍ മനോഭാവത്തിന്റെ ബഹിര്‍സ്ഫുരണമാണ് എന്നാണ് സര്‍ക്കാര്‍ വിമര്‍ശകര്‍ പറയുന്നത്.'ചൈനയെ വളയല്‍' പദ്ധതിയുടെ ഭാഗമായി അമേരിക്കയുടെ നേതൃത്വത്തില്‍ രൂപീകരിച്ച 'ക്വാഡ്' സഖ്യത്തില്‍ ഇന്ത്യ പൂര്‍ണ അംഗമായി മാറിയതിനു പിന്നാലെയാണ് ഈ സംഭവം എന്നതും ശ്രദ്ധേയമാണ്. ജപ്പാനും ഓസ്ട്രേലിയയുമാണ് ക്വാഡിലെ മറ്റ് അംഗങ്ങള്‍.

അമേരിക്കയുടെ സൈനിക താല്‍പ്പര്യങ്ങള്‍ക്ക് ഇന്ത്യയെ കരുവായി ഉപയോഗിക്കുകയും ഇന്ത്യയുടെ താല്‍പ്പര്യങ്ങളോട് നിഷേധനിലപാട് സ്വീകരിക്കുകയുമാണ് അവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഇന്ത്യയും ചൈനയുമായുണ്ടായ കിഴക്കന്‍ ലഡാക്ക് വിഷയത്തില്‍ വാചാലരായ അമേരിക്കയുടെ ഇരട്ടത്താപ്പുമാണ് പുറത്തുവരുന്നത്. നയതന്ത്രമേഖലയിലും ഇതിന്റെ പ്രത്യാഘാതം രൂക്ഷമാകും എന്ന കാര്യത്തില്‍ സംശയമില്ല.അമേരിക്കന്‍ പടക്കപ്പല്‍ ലക്ഷദ്വീപിനു സമീപം ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച സംഭവം രാജ്യത്തിന്റ പരമാധികാരത്തിന് നേരയുള്ള കടുത്ത വെല്ലുവിളിയാണെന്ന കാര്യത്തില്‍ സംശയമില്ല.

Controversy is raging over the US Navys warships violation of Indian maritime boundaries

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES