ഹാഗിയ സോഫിയക്ക് പിന്നാലെ മറ്റൊരു മ്യൂസിയം കൂടി പള്ളിയാക്കി മാറ്റിയിരിക്കുകയാണ് എര്‍ദോഗാന്‍. വംശീയ രാഷ്ട്രീയത്തിന്റെ സാധ്യതകളും അതിന്റെ രുചിയും ഒരിക്കല്‍ തിരിച്ചറിഞ്ഞവര്‍ നിരന്തരം അതിന്റെ സാധ്യതകള്‍ പരീക്ഷിക്കും. ഹാഗിയ സോഫിയ തുര്‍ക്കിയിലെ മുസ്ലിം ഭൂരിപക്ഷ സമൂഹത്തിനിടയില്‍ എര്‍ദോഗാനെ ഒരു ഹീറോ ആക്കിയിട്ടുണ്ട്. ബാബരി മസ്ജിദ് പൊളിച്ച മണ്ണില്‍ രാമക്ഷേത്രത്തിന് തറക്കല്ലിട്ട് മോദി ഉണ്ടാക്കിയ ഇമേജിന് തുല്യമായ ഒന്നാണ് എര്‍ദോഗാന്‍ അവിടെ ഉണ്ടാക്കിയത്.
കോറ മ്യൂസിയം എന്നറിയപ്പെടുന്ന ഇസ്തംബുളിലെ ചര്‍ച്ച് ഓഫ് സെന്റ് സേവ്യറാണ് ഇപ്പോള്‍ പള്ളിയാക്കിയിരിക്കുന്നത്. യു എന്‍ പൈതൃക പട്ടികയിലുള്ള ഒരു സ്മാരകം. ഹാഗിയ സോഫിയ വിഷയത്തില്‍ പറഞ്ഞ അതേ ന്യായീകരണങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ഇതിനും പറയുന്നത്. കുറച്ചു കാലം ഇതൊരു മുസ്ലിം പള്ളിയായിരുന്നു, പിന്നെ മ്യൂസിയമാക്കി, ഇപ്പോള്‍ സുപ്രിം കോടതി വിധിയുണ്ട് എന്നിങ്ങനെ.
എന്നാല്‍ ആയിരത്തിലധികം വര്‍ഷം അതൊരു ക്രിസ്തീയ ദേവാലയമായിരുന്നു, തുര്‍ക്കി അധിനിവേശക്കാലത്ത് അവര്‍ അത് പിടിച്ചടക്കി പള്ളിയാക്കിയതാണ്, മതേതര സര്‍ക്കാര്‍ വന്നപ്പോള്‍ അത് മ്യൂസിയമാക്കി മാറ്റിയതാണ് തുടങ്ങിയ ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ സൗകര്യപൂര്‍വ്വം മറന്ന് കൊണ്ടാണ് എര്‍ദോഗാന്‍ പള്ളി രാഷ്ട്രീയം കളിച്ചു ഭൂരിപക്ഷ വികാരത്തെ വോട്ടാക്കി മാറ്റിക്കൊണ്ടിരിക്കുന്നത്.
അത് തുര്‍ക്കിയിലല്ലേ, നിങ്ങളെന്തിനാണ് ഇത്തരം വിഷയങ്ങള്‍ ഇവിടെ പറയുന്നത് എന്ന് ചോദിക്കുന്നവരുണ്ടാകാം. മതവും ജാതിയും വര്‍ണ്ണവും ഉപയോഗിച്ച് ഉന്മത്തരായ ഒരാള്‍ക്കൂട്ടത്തെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന അപകടകരമായ വിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രചാരകരില്‍ ഒരാളായി എര്‍ദോഗാന്‍ നിരന്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുമ്ബോള്‍ അതേ തരത്തിലുള്ള അധികാര രാഷ്ട്രീയത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന മറ്റൊരു മണ്ണിലിരുന്ന് കൊണ്ട് അതിനെ പിന്തുണക്കുവാന്‍ സാധിക്കില്ല എന്നാണ് അത്തരം ചോദ്യം ഉയര്‍ത്തുന്നവരോടുള്ള എളിയ മറുപടി.
തുര്‍ക്കിയിലെ ഏതാനും ചര്‍ച്ചുകളുടെയോ പള്ളികളുടേയോ വിഷയം മാത്രമല്ല ഇത്, ഒരു ബഹുസ്വര സമൂഹത്തിലെ മതേതര നിലപാടിന്റെ കൂടി പ്രശ്‌നമാണ്. ഇസ്ലാമിസ്റ്റ് വെല്‍ഫെയര്‍ പാര്‍ട്ടിയിലൂടെ അധികാര രാഷ്ട്രീയത്തിലെത്തിയ എര്‍ദോഗാന്‍ ഇസ്ലാമിസ്റ്റ് രാഷ്ട്രീയത്തിന്റെ സാധ്യതകളെ കൂടുതല്‍ കൂടുതല്‍ ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ്. അതുവഴി സമാനമായ രാഷ്ട്രീയക്കളികള്‍ക്ക് ലോകത്തെ വലതു തീവ്ര പോപ്പുലിസ്റ്റ് നേതാക്കള്‍ക്ക് പ്രചോദനവുമായി മാറുന്നു എന്നതാണ് സത്യം.
അതുകൊണ്ട് തന്നെ ഇത്തരം വിഷയങ്ങള്‍ ഉയര്‍ന്ന് വരുമ്ബോള്‍ അതിനെതിരെ പ്രതികരിക്കുകയെങ്കിലുമാണ് ബഹുസ്വരതയും അതുവഴിയുള്ള മനുഷ്യരുടെ സൗഹാര്‍ദ്ദപൂര്‍ണമായ നിലനില്പും ആഗ്രഹിക്കുന്നവര്‍ക്ക് ചെയ്യാനുള്ളത്. എര്‍ദോഗാന്‍ കളിക്കുന്നത് മതവിഭജനത്തിന്റെ രാഷ്ട്രീയമാണ്. അതിനെ പിന്തുണക്കുന്നവര്‍ ആത്യന്തികമായി പിന്തുണക്കുന്നത് അതേ രാഷ്ട്രീയം കളിക്കുന്ന മോദിയെയുമാണ്.