കൊല്ലം പട്ടണത്തില്‍ ഒരു ലേഡീസ് ഹോസ്റ്റല്‍ നടത്തി വരികയായിരുന്നു സുധാമണി. പാചകത്തിനും മറ്റ് സഹായങ്ങള്‍ക്കുമായി രണ്ട് പെണ്ണാളുകള്‍ വേറെ. പന്ത്രണ്ട് അന്തേവാസികളുമായി ആരംഭിച്ച ഹോസ്റ്റല്‍ സംരംഭത്തിന് താങ്ങും തണലുമായി ലിസ്സിയും മകള്‍ ജിന്‍സിയും കൂട്ടായി വന്നത് ഹോസ്റ്റല്‍ തുടങ്ങി മൂന്ന് മാസങ്ങള്‍ പിന്നിട്ടപ്പോഴായിരുന്നു.
ലിസ്സിയും മകളും മസ്‌ക്കറ്റിലായിരുന്നു. ജോയി അച്ചായന് അവിടെ ഒരു കമ്പനിയിലായിരുന്നു പണി. വിമലഹൃദയസ്‌ക്കൂളില്‍ മകളെ പഠിപ്പിക്കുവാന്‍ തീരുമാനിച്ചതിനു പിന്നാലെ അവര്‍ മൂവരും ഒന്നിച്ച് കേരളത്തിലേയ്ക്ക് മടങ്ങുകയായിരുന്നു. പതിനഞ്ച് ദിവസത്തോളം സ്വന്തം വീടുകളിലും ബന്ധുവീടുകളിലുമുള്ള സന്ദര്‍ശനവും സല്‍ക്കാരവും കഴിഞ്ഞ മുറയ്ക്കാണ് ഹോസ്റ്റല്‍ അന്വേഷണം ആരംഭിച്ചത്. എസ്എന്‍ കോളേജിലെ ഒരു അദ്ധ്യാപികയാണ് സുധാമണിയുടെ ഹോസ്റ്റല്‍ ശുപാര്‍ശ ചെയ്തത്. ഒരു മുറി അമ്മയ്ക്കും മകള്‍ക്കുമായി വിട്ടുകൊടുത്തു. എല്‍ഐസി ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന ലിസ്സി അത് തുടരുന്നതില്‍ താല്‍പര്യം കാണിച്ചപ്പോള്‍ ജോയിച്ചായന്‍ പച്ചക്കൊടി കാട്ടി.
നാല് വര്‍ഷം കഴിഞ്ഞ് ജോയിച്ചായന്‍ മടങ്ങി വന്നപ്പോള്‍ 22 സെന്റ് സ്ഥലവും ഒരു പഴയ ഓടിട്ട കെട്ടിടവും സ്വന്തമാക്കുവാന്‍ കഴിഞ്ഞു. പിന്നീട് കുറച്ച് റിപ്പയറിങ് പണികള്‍, പഴയ കെട്ടിടത്തിന്റെ മുഖഛായ മാറ്റി. അങ്ങോട്ടേയ്ക്ക് താമസവും മാറി. കെട്ടിടവും സ്ഥലവും കണ്ടെത്തിയത് സുധാമണി മുഖാന്തിരമായിരുന്നു. അങ്ങനെ ബ്രോക്കറേജ് നല്‍കാതെ കായംകുളത്ത് ഒരു ആധാരം നടന്നു കിട്ടി. തൊട്ടടുത്ത് തന്നെ സെന്റ് മേരീസ് സ്‌ക്കൂള്‍. കുഞ്ഞിന്റെ പഠിത്തം ഒരു വിഘ്നവും കൂടാതെ നടന്നുപോയി.
ജോയിച്ചായന്‍ നന്നായി ഗിറ്റാര്‍ വായിക്കുന്നയാളായിരുന്നു. ഗാനമേള പരിപാടികളില്‍ പങ്കെടുക്കുന്ന ശീലവുമുണ്ടായിരുന്നു. ഗള്‍ഫ് മലയാളികളുടെ കൂട്ടായ്മകള്‍ക്ക് കൊഴുപ്പുകൂട്ടുവാനുള്ള കലാപരിപാടികളില്‍ അച്ചായന്റെ സാന്നിദ്ധ്യം സജീവമായിരുന്നു.
ഗള്‍ഫ് മേഖലയില്‍ പെട്ടെന്ന് അനുഭവപ്പെട്ട തൊഴില്‍ മാന്ദ്യത്തിന് ഇരയായി ജോയിച്ചായനും നാട്ടില്‍ മടങ്ങി വരേണ്ടി വന്നു.
ആറുമാസം പിന്നിട്ടപ്പോള്‍ തിരുവനന്തപുരത്ത് ഒരു റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ പിന്നണി ആര്‍ട്ടിസ്റ്റായി ജോയിന്റ് ചെയ്തു. ലിസ്സിയുടെ ദാമ്പത്യവല്ലിയില്‍ ഒരു പൂക്കാലം കൂടി വരവായി. രണ്ടാമതായി ഒരു മകള്‍ കൂടി ജനിച്ചു. അന്നും ഇന്നും എന്നും എന്തു സഹായത്തിനും കൂട്ടായി മൂന്ന് ആങ്ങളമാരും അമ്മയും കൂടെയുണ്ടായിരുന്നു. അവര്‍ ലിസ്സിയുടെ രക്ഷാകവചങ്ങളായിരുന്നു.
മലയാള സിനിമാ പിന്നണി ഗായികയായി ഒന്നുരണ്ട് ഹിറ്റ് ഗാനങ്ങളിലൂടെ മുന്നേറിയ പെണ്‍കുട്ടി എങ്ങനെയോ ജോയിച്ചായന്റെ ആകര്‍ഷണ വലയത്തിലായി. കാസറ്റ് റിക്കോര്‍ഡിംഗും റിഹേഴ്സലും വിദേശയാത്രകളും ജോയിച്ചായന്റെ സാമീപ്യവും ഗായികയെ വല്ലാതെ ആകര്‍ഷിക്കുകയും തങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരാണെന്ന് പൊതുജനമധ്യത്തില്‍ മാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയും ചെയ്തു.
ഇതൊക്കെ അറിഞ്ഞ ലിസ്സി കടുത്ത തീരുമാനത്തിലെത്തി. ഇനി തനിക്ക് ഈ ബന്ധം വേണ്ട. രണ്ടു കുട്ടികളെയും താന്‍ പോറ്റി വളര്‍ത്തും. സ്വന്തം മകളുടെ പ്രായമുള്ള ഒരുവളോടൊപ്പം ഉണ്ടും ഉറങ്ങിയും കഴിയുന്ന ഒരാള്‍ എന്റെ കുട്ടികള്‍ക്ക് അപ്പനായും എനിക്ക് കെട്ടിയവനായും വേണ്ടേ വേണ്ട. പള്ളി അധികാരികള്‍ ഇടപെട്ട് ചില നീക്കുപോക്കുകള്‍ വരുത്തി. ജോയി അയാളുെട വഴിക്കും ലിസ്സിയും കുട്ടികളും അവരുടെ വഴിക്കും.
സ്വന്തം കെട്ടിടത്തില്‍ ഒരു കംപ്യൂട്ടര്‍ സെന്റര്‍ ആരംഭിച്ചു. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. രണ്ട് മക്കളും അമ്മയ്ക്ക് സഹായികളായി വീറും വാശിയോടും കൂടി ജീവിതം വെട്ടിപ്പിടിക്കുവാന്‍ കിണഞ്ഞു ശ്രമിച്ചു. മൂത്തവള്‍ ഡിഗ്രി പാസായി. സ്ത്രീധനമോഹിയല്ലാത്ത നല്ലൊരു ചെറുപ്പക്കാരന്‍ വിവാഹം കഴിച്ചു. ഇപ്പോള്‍ ഗള്‍ഫില്‍ സകുടുംബം സന്തോഷത്തോടെ കഴിയുന്നു. ഇളയവള്‍ സിവില്‍ സര്‍വ്വീസ് ലക്ഷ്യം വച്ച് മുന്നേറുന്നു.
കഥാനായകനോ? സ്വാഭാവിക ചോദ്യം-ഈ കഥയ്ക്ക് അല്ല ജീവിതത്തിന് ഒരു പരിസമാപ്തി ഇനിയും വന്നിട്ടില്ല. യുവതിയായ കാമുകി ജോയിച്ചായനെ ഉപേക്ഷിച്ച് ഒരു സുപ്രഭാതത്തില്‍ സ്വന്തം മാതാപിതാക്കളോടൊപ്പം ഗള്‍ഫില്‍ ചേക്കേറി. ജോയിച്ചായന്‍ ഒന്നിലധികം രോഗങ്ങളുമായി വാര്‍ദ്ധക്യപുരാണമായി നാടുനീളെ അഗതിയായി നടക്കുന്നു.