Latest News

മൂഷിക സ്ത്രീ പിന്നെയും മൂഷിക സ്ത്രീ ആയി; വാവെയ് അതിന്റെ തട്ടകമായ ചൈനയിലേക്ക് ഒരു തിരിച്ചു പോക്കുന്നു; ആസന്നമായ ഒരു വമ്ബന്‍ പതനത്തിന്റെ കഥ

Malayalilife
മൂഷിക സ്ത്രീ പിന്നെയും മൂഷിക സ്ത്രീ ആയി; വാവെയ് അതിന്റെ തട്ടകമായ ചൈനയിലേക്ക് ഒരു തിരിച്ചു പോക്കുന്നു; ആസന്നമായ ഒരു വമ്ബന്‍ പതനത്തിന്റെ കഥ

അനൂപ്.സി.ബി, ദേശമംഗലം

ത്യോപ്യയുടെ തലസ്ഥാനമായ അഡ്ഡിസ് അബാബെയിലൂടെ യാത്ര ചെയ്തിട്ടുള്ള ആരുടേയും ശ്രദ്ധാകേന്ദ്രമാകുന്ന ഒരു അംബരചുംബിയാണ് ആഫ്രിക്കന്‍ യൂണിയന്‍ ഹെഡ്ക്വാര്‍ട്ടേഴ്സ്. ചൈനീസ് ധനസഹായത്തോടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഈ ബഹുനില സൗധത്തിന്റെ ലിഫ്റ്റിലും, ഇടനാഴികളിലുമെല്ലാം ചൈനീസ് ഭാഷയായ മന്‍ഡാരിനിലുള്ള സന്ദേശങ്ങളും, ചൈന ഡെവലപ്‌മെന്റ് ബാങ്കിന്റെ ലോഗോയും കാണാം. ബീജിങ്ങില്‍ നിന്നുള്ള 200 മില്യണ്‍ ഡോളര്‍ മുതല്‍മുടക്കില്‍ 2006ല്‍ നിര്‍മ്മാണം ആരംഭിച്ച ഈ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായത് 2012ലാണ്. കെട്ടിടം മാത്രമല്ല, ഇതിനുള്ളിലെ കമ്ബ്യൂട്ടര്‍ സിസ്റ്റവും, നെറ്റ്‌വര്‍ക്കുമെല്ലാം ചൈനീസ് മേല്‍നോട്ടത്തിലാണ് സ്ഥാപിച്ചത്. വര്‍ഷങ്ങളോളം ചൈനയുടെയും, ആഫ്രിക്കയുടെയും ഊഷ്മളമായ ബന്ധത്തിന്റെ മകുടോദാഹരണമായി അഡ്ഡിസ് അബാബെയിലെ ആഫ്രിക്കന്‍ യൂണിയന്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് പ്രൗഡോജ്ജ്വലമായി നില കൊണ്ടു. 2018 ജനുവരിയിലാണ് ഫ്രഞ്ച് ദിനപത്രമായ 'ലെ മോണ്ടെ ആഫ്രിക്വേ'യില്‍ ആ വാര്‍ത്ത അച്ചടിച്ചു വന്നത്. 'എല്ലാ ദിവസവും അര്‍ദ്ധരാത്രി 12 മണി മുതല്‍ 2 മണി വരെ ആഫ്രിക്കന്‍ യൂണിയന്‍ ഹെഡ്ക്വാര്‍ട്ടേഴ്സിലെ കമ്ബ്യൂട്ടര്‍ സെര്‍വറുകളില്‍ നിന്ന് 8000 കിലോമീറ്റര്‍ അകലെ ചൈനയിലെ ഷാങ്ഹായിലേക്ക് ഡാറ്റ കൈമാറ്റം ചെയ്യപ്പെടുന്നു.' 2012 മുതല്‍ ആരംഭിച്ച ഈ പ്രതിഭാസം അഞ്ച് വര്‍ഷത്തിന് ശേഷമാണ് ആഫ്രിക്കന്‍ യൂണിയന്‍ ഹെഡ്ക്വാര്‍ട്ടേഴ്സിലെ ഒരു സാങ്കേതിക വിദഗ്ദന്റെ കണ്ണില്‍പ്പെട്ടത് എന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.

ലെ മോണ്ടെ ആഫ്രിക്വേയില്‍ അച്ചടിച്ചു വന്ന ഡാറ്റ ചോര്‍ച്ചയുടെ വാര്‍ത്ത എത്യോപ്യയില്‍ ഒരു രാഷ്ട്രീയ വിവാദം തന്നെ സൃഷ്ടിച്ചു. എന്നാല്‍ ആഫ്രിക്കന്‍ യൂണിയന്‍ ഉദ്യോഗസ്ഥരും, ചൈനീസ് പ്രതിനിധികളും സംയുക്തമായി ഈ വാര്‍ത്ത നിഷേധിച്ചു. ഏറെ പ്രകമ്ബനങ്ങള്‍ സൃഷ്ടിച്ച ഈ ഡാറ്റ ചോര്‍ച്ച വിവാദത്തിന് ഇന്നേ വരെ യാതൊരു വിധ സ്ഥിരീകരണങ്ങളും ഉണ്ടായിട്ടില്ലെങ്കിലും ഈ സംഭവത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു വസ്തുത ആഫ്രിക്കന്‍ യൂണിയന്‍ ഹെഡ്ക്വാര്‍ട്ടേഴ്സിലെ ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജിയുടെ സപ്ലയര്‍ ചൈനയിലെ ഏറ്റവും വലിയ ടെലികോം ഉപകരണ നിര്‍മ്മാണ കമ്ബനിയായ 'വാവെയ്' ആയിരുന്നു എന്നതാണ്. മൊബൈല്‍ഫോണ്‍ ടെക്നോളജിയുടെ വാതായനങ്ങള്‍ ലോകത്തിന് മുന്നില്‍ തുറക്കപ്പെട്ട എണ്‍പതുകളുടെ അവസാനത്തിലാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയില്‍ നിന്നും വിരമിച്ച റെന്‍ സെങ്ങ്ഫായ് എന്ന ചൈനീസ് ഉദ്യോഗസ്ഥന്‍ ചൈനയിലെ ഷെന്‍സെനിലെ ഒരു ചെറിയ അപ്പാര്‍ട്ട്‌മെന്റില്‍ വാവെയ് എന്ന തന്റെ കമ്ബനി ആരംഭിക്കുന്നത്. തുടക്കത്തില്‍ ഏറെ പ്രതിസന്ധികളെ അഭിമുഖീകരിച്ച റെന്‍ സെങ്ങ്ഫായ് പിന്നീട് തന്റെ കമ്ബനിയെ മുന്നോട്ട് നയിക്കുന്നതില്‍ വിജയിച്ചു തുടങ്ങി. തൊണ്ണൂറുകളുടെ ആദ്യപാദത്തില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്ക് ടെലികോം ഉപകരണങ്ങള്‍ സപ്ലൈ ചെയ്യാനുള്ള കരാര്‍ ചൈനീസ് ഗവണ്‍മെന്റില്‍ നിന്നും നേടിയെടുത്തതോടെ വാവെയ് അതിന്റെ വമ്ബന്‍ കുതിപ്പിന് നാന്ദി കുറിച്ചു. തൊണ്ണൂറുകളുടെ മധ്യത്തില്‍ 220 മില്യണ്‍ ഡോളറിലധികം വിറ്റു വരവ് നേടിയ കമ്ബനി പതിയെ രാജ്യാന്തര ബിസിനസ്സ് രംഗത്തും അരങ്ങേറ്റം കുറിച്ചു.

പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ സ്മാര്‍ട് ഫോണുകള്‍ തരംഗം സൃഷ്ടിച്ചു തുടങ്ങിയ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലാണ് വാവെയ് അമേരിക്കന്‍ വിപണിയിലെത്തുന്നത്. അതിന് കാരണമായതാകട്ടെ ബില്‍ ക്ലിന്റണ്‍ ഗവണ്മെന്റിന്റെ ഭരണകാലത്ത് 2000ത്തില്‍ അമേരിക്ക മുന്‍കയ്യെടുത്ത് 'യുണൈറ്റഡ് സ്റ്റേറ്റ്‌സ് - ചൈന റിലേഷന്‍സ് ആക്‌ട് ഓഫ് 2000' എന്ന വ്യാപാര കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചതും. അമേരിക്കയുടെ പിന്തുണയോടെ തൊട്ടടുത്ത കൊല്ലം ലോക വ്യാപാര സംഘടന (WTO) യിലും ചൈന അംഗമായതോടെ വാവെയ്ക്ക് മുന്നില്‍ ഒരു പുതിയ പാത വെട്ടിത്തുറക്കപ്പെടുകയായിരുന്നു. വാവെയ് മാത്രമല്ല ഒട്ടനവധി ചൈനീസ് കമ്ബനികളാണ് ഈ കരാറിന്റെ പിന്‍ബലത്തില്‍ അമേരിക്കന്‍ വിപണിയില്‍ ചുവടുറപ്പിച്ചത്. 2007ല്‍ അമേരിക്കന്‍ സെക്യൂരിറ്റി സോഫ്റ്റ്‌വെയര്‍ കമ്ബനിയായ സിമാന്റെക് കോര്‍പ്പറേഷനുമായി വ്യാപാര ഉടമ്ബടിയില്‍ ഒപ്പുവച്ച വാവെയ് അതിനും രണ്ടു കൊല്ലം മുന്‍പ് തന്നെ ആഗോള ടെലികോം ഭീമനായ വോഡാഫോണുമായും, ബ്രിട്ടീഷ് ടെലികോമുമായും കരാറുകളിലേര്‍പ്പെട്ട് യുകെയിലും സാന്നിധ്യമറിയിച്ചിരുന്നു. ആസ്‌ട്രേലിയ, നോര്‍വേ, അയര്‍ലന്‍ഡ്, ഇന്ത്യ എന്നിങ്ങനെ വിവിധ രാജ്യങ്ങളില്‍ നിലയുറപ്പിക്കാനായതോടെ വാവെയ് ശതകോടികളുടെ വിറ്റു വരവാണ് ഉണ്ടാക്കിയത്. സാവധാനത്തില്‍ ടെലികോം ഉപകരണങ്ങള്‍ വില്‍ക്കുന്ന ലോകത്തെ ഏറ്റവും വലിയ കമ്ബനി എന്ന നിലയിലേക്ക് വാവെയ് എത്തിച്ചേര്‍ന്നു. അപ്പോഴും ലോകത്തേറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ആദ്യത്തെ പത്തു മൊബൈല്‍ ഫോണ്‍ മോഡലുകളുടെ കൂട്ടത്തില്‍ പോലും ഒരൊറ്റ വാവെയ് ഫോണ്‍ മോഡലും ഉള്‍പ്പെട്ടിരുന്നില്ല എന്നതാണ് ഏറെ കൗതുകകരം.

അമേരിക്കന്‍ മണ്ണിലെ ചൈനയുടെ വ്യാപാര അധീശത്വം അമേരിക്കയുടെ സഖ്യരാജ്യങ്ങളെയും, അമേരിക്കന്‍ സെനറ്റ് അംഗങ്ങളില്‍ ചിലരെ തന്നെയും ഏറെ അസ്വസ്ഥരാക്കുന്ന രീതിയിലേക്കാണ് പിന്നീട് കാര്യങ്ങള്‍ പുരോഗമിച്ചത്. 2006ല്‍ അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി എന്ന പദവിയിലേക്ക് മെക്‌സിക്കോയെ പിന്തള്ളി ചൈന കടന്നു വന്നു. ജപ്പാനെ പിന്തള്ളി ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സമ്ബദ്വ്യവസ്ഥയായി 2010ല്‍ ചൈന ഉയര്‍ന്നു വന്നത് അമേരിക്കന്‍ വിപണിയിലെ വ്യാപാര വളര്‍ച്ചയുടെ പിന്‍ബലത്തോടെയായിരുന്നു. ചൈനീസ് ഗവണ്‍മെന്റ് 2015ല്‍ 'മെയിഡ് ഇന്‍ ചൈന 2025' പദ്ധതി ആസൂത്രണം ചെയ്തതോടെയാണ് അമേരിക്കയും, സഖ്യരാജ്യങ്ങളും കൂടുതല്‍ ജാഗരൂഗരായത്. ചൈനയെ ലോക വ്യാപാരത്തിന്റെ കുത്തകയാക്കാനും, 2025ഓടെ ലോകത്തിലെ ഏറ്റവും ശക്തമായ സമ്ബദ്വ്യവസ്ഥയാക്കാനും, ചൈനീസ് കറന്‍സിയായ യുവാനെ ഡോളറിനെക്കാള്‍ ശക്തമായ ആഗോള കറന്‍സിയാക്കാനും ചൈന ഗവണ്മെന്റ് വിഭാവന ചെയ്ത പദ്ധതിയാണ് 'മെയിഡ് ഇന്‍ ചൈന 2025'. അമേരിക്കയില്‍ ഇതിനോടകം തന്നെ ചൈനയുമായുള്ള വ്യാപാരബന്ധത്തിനെതിരെ അസ്വാരസ്യങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞിരുന്നു. അവയില്‍ ഏറെയും ചൈനീസ് ടെക് ഭീമനായ വാവെയ്ക്കെതിരെയായിരുന്നു. അമേരിക്കന്‍ കമ്ബനിയായ സിസ്‌കോയും, ടി-മൊബൈലും സാങ്കേതിക ചാരവൃത്തി ആരോപിച്ചു വാവെയ്ക്കെതിരെ മില്യണ്‍ കണക്കിന് ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലോ സ്യൂട്ടുകള്‍ ഫയല്‍ ചെയ്തിരുന്നു. തങ്ങളുടെ ലാബിലെ ഒരു സന്ദര്‍ശനത്തിനിടെ 2014ല്‍ രണ്ട് വാവെയ് സാങ്കേതിക വിദഗ്ദ്ധര്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ ടെസ്റ്റിങ് റോബോട്ടിന്റെ സാങ്കേതികത ചോര്‍ത്തിയെടുക്കാന്‍ ശ്രമിച്ചു എന്ന ആരോപണമായിരുന്നു അവയില്‍ പ്രബലം. തെളിവ് സഹിതമുള്ള ഈ ആരോപണം വാവെയ്ക്ക് നിഷേധിക്കാനായില്ല. എന്നാല്‍ ഇത് കമ്ബനിയുടെ ഒത്താശയോടെയായിരുന്നില്ലെന്നും, ആരോപണ വിധേയരായ തങ്ങളുടെ ജീവനക്കാരെ പുറത്താക്കിയിട്ടുണ്ടെന്നുമായിരുന്നു വാവെയുടെ ഔദ്യോഗിക പ്രതികരണം.

ആഫ്രിക്കന്‍ യൂണിയന്‍ ഹെഡ്ക്വാര്‍ട്ടേഴ്സിലെ ചാരവൃത്തി പോലുള്ള വിഷയങ്ങളില്‍ അമേരിക്കന്‍ മാധ്യമങ്ങളുടെ ചൈന വിരുദ്ധ ആരോപണങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടില്ലെങ്കിലും ലോകം ചൈനയെ സംശയിച്ചു തുടങ്ങി. അതിന് കാരണവുമുണ്ടായിരുന്നു. ലോകമെങ്ങും വിറ്റഴിക്കപ്പെടുന്ന ചില ചൈനീസ് മൊബൈല്‍ ഫോണുകളില്‍ നിര്‍മ്മാണവേളയില്‍ തന്നെ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തും, മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയും ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നുണ്ടെന്ന വാര്‍ത്തകള്‍ ലോക വ്യാപകമായി തെളിവ് സഹിതം പുറത്തെത്തിയിട്ടും മിക്കപ്പോഴും ചൈന സംശയകരമായ രീതിയില്‍ മൗനം പാലിക്കുകയായിരുന്നു. ചൈനയിലെ എല്ലാ കമ്ബനികളും ചൈനീസ് സര്‍ക്കാര്‍ ആവശ്യപ്പെടുന്ന പക്ഷം സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളോട് സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന ഒരു ആര്‍ട്ടിക്കിള്‍ തന്നെ ചൈനയില്‍ നിലവിലുള്ള കാര്യം പല നിയമ കാര്യ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഇപ്രകാരം വാവെയ് പോലുള്ള കമ്ബനികള്‍ തങ്ങളുടെ വിലപ്പെട്ട ഡാറ്റയിലേക്ക് ചൈനീസ് സര്‍ക്കാരിന് ഒരു പിന്‍വാതില്‍ (backdoor) തുറന്നു കൊടുത്തേക്കാമെന്നും ഇത് വാവെയ് കമ്ബനിയുടെ ഉപകരണങ്ങളും, സേവനങ്ങളും ഉപയോഗിക്കുന്ന രാജ്യങ്ങളുടെ സുരക്ഷക്ക് വന്‍ ഭീഷണിയായിത്തീരുമെന്നുമാണ് സാങ്കേതിക വിദഗ്ദ്ധര്‍ പറയുന്നത്. മാത്രവുമല്ല വാവെയ് കമ്ബനിയുടെ രണ്ടു പതിറ്റാണ്ടിലധികം നീളുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായുള്ള സുദൃഢമായ ബന്ധവും സംശയാസ്പദമായി വ്യഖ്യാനിക്കപ്പെട്ടു. എന്നാല്‍ വാവെയ് ഇത്തരം വാദഗതികളെല്ലാം പാടെ നിഷേധിക്കുന്നു.

ചൈനയുമായുള്ള വ്യാപാര ബന്ധങ്ങളെ ചൊല്ലി അമേരിക്കന്‍ നയതന്ത്ര രംഗത്ത് തര്‍ക്കങ്ങള്‍ ഉടലെടുക്കുമ്ബോള്‍ വാവെയ് അതിന്റെ 5G നെറ്റ്‌വര്‍ക്ക് പരീക്ഷണങ്ങളുടെ അന്തിമഘട്ടത്തിലെത്തിയിരുന്നു. 4G യേക്കാള്‍ നൂറു മടങ്ങോളം വേഗതയുള്ള 5G നെറ്റ്‌വര്‍ക്കുകള്‍ സ്ഥാപിക്കാന്‍ വേണ്ടി ലോകമെങ്ങും ഗവേഷണങ്ങള്‍ പ്രാരംഭഘട്ടത്തില്‍ മാത്രം എത്തി നിന്നിരുന്ന ആ സമയത്തു തന്നെ വാവെയ് ഇക്കാര്യത്തില്‍ ഏതാണ്ട് ഫലപ്രാപ്തിയിലെത്താറായിരുന്നു. ലോകത്ത് ഏറ്റവും കുറഞ്ഞ ചെലവില്‍ 5G നെറ്റ്‌വര്‍ക്കുകള്‍ സ്ഥാപിക്കാന്‍ സാധിക്കുന്നത് തങ്ങള്‍ക്കായിരിക്കുമെന്ന് വാവെയ് പ്രഖ്യാപിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് അമേരിക്കയ്ക്ക് ഉറപ്പായി. റഷ്യ, യുകെ, ആസ്ട്രേലിയ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ 5G നെറ്റ്‌വര്‍ക്ക് സ്ഥാപിക്കാന്‍ വാവെയ് കമ്ബനിയെ ആശ്രയിച്ചേക്കുമെന്ന അഭ്യൂഹവും അമേരിക്കയെ സ്വാധീനിച്ചു. മാറ്റത്തിന്റെ കാറ്റ് വീശാന്‍ തുടങ്ങിയത് 2017ല്‍ കടുത്ത യാഥാസ്ഥിതിക നിലപാടുകളുള്ള ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റതോടെയാണ്. ഇതോടെയാണ് ചൈനയുമായി ഒരു പ്രത്യക്ഷ ഏറ്റുമുട്ടലിന് അമേരിക്ക ഒരുങ്ങിയത്. 2018ല്‍ സുരക്ഷാപരമായ കാരണങ്ങള്‍ ഉന്നയിച്ച്‌ വാവെയുടെ സേവനങ്ങളും, ഉത്പന്നങ്ങളും ഉപയോഗിക്കുന്നതില്‍ നിന്നും ഫെഡറല്‍ ഗവണ്മെന്റിനെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് അമേരിക്ക പുറത്തിറക്കി. തൊട്ടടുത്ത കൊല്ലം വാവെയ് ഉള്‍പ്പടെ നിരവധി ചൈനീസ് കമ്ബനികളെ അമേരിക്ക കരിമ്ബട്ടികയില്‍ പെടുത്തിയതോടെ ചൈനയും, അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം വഷളായി. ഇതിനിടെ ഏകദേശം 200 ബില്ല്യണ്‍ വരുന്ന ചൈനീസ് ഇറക്കുമതിച്ചുങ്കം അമേരിക്ക ഇരട്ടിയായി വര്‍ധിപ്പിക്കുകയും ചെയ്തു. അമേരിക്കയുടെ 60 ബില്ല്യണ്‍ ഉത്പന്നങ്ങള്‍ക്ക് ചൈന 5 ശതമാനം മുതല്‍ 25 ശതമാനം വരെ അധികച്ചുങ്കം ചുമത്തി തിരിച്ചടിച്ചതോടെ കുഴപ്പങ്ങള്‍ മൂര്‍ദ്ധന്യാവസ്ഥയിലെത്തി.

വാവെയ് കരിമ്ബട്ടികയില്‍ പെട്ടപ്പോഴും എല്ലാം ശരിയാകുമെന്ന് അതിന്റെ സ്ഥാപകനായ റെന്‍ സെങ്ങ്ഫായ് അടക്കമുള്ളവര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കാര്യങ്ങള്‍ പിന്നീട് കൂടുതല്‍ കുഴപ്പത്തിലേക്കാണ് പോയത്. വാവെയ് കരിമ്ബട്ടികയില്‍ പെട്ടതോടെ അമേരിക്കന്‍ കമ്ബനികള്‍ ഫോണ്‍ നിര്‍മ്മിക്കാനാവശ്യമായ ഉപകരണങ്ങള്‍ വാവെയ്ക്ക് വില്‍ക്കുന്നതും, സാങ്കേതികവിദ്യ കൈമാറുന്നതും അമേരിക്ക തടഞ്ഞിരുന്നു. വാവെയുടെ മൂന്നിലൊന്ന് ശതമാനം കംപ്യൂട്ടര്‍ ചിപ്പ് ഉള്‍പ്പടെയുള്ള ഉല്‍പ്പന്നങ്ങളും അമേരിക്കയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. കൂനിന്മേല്‍ കുരുവെന്ന പോലെ വാവെയുടെ ആന്‍ഡ്രോയിഡ് ലൈസന്‍സ് ഗൂഗിള്‍ റദ്ദാക്കുകയും ചെയ്തു. ഹാര്‍ഡ്വെയര്‍, സോഫ്റ്റ്‌വെയര്‍ കൈമാറ്റത്തിന് പുറമെ ടെക്നിക്കല്‍ സേവനങ്ങളും ഗൂഗിള്‍ നിര്‍ത്തി. ഗൂഗിളില്‍ നിന്നുള്ള ഒഎസ് സേവനം നില്‍ക്കുന്നതിനൊപ്പം പ്ലേ സ്റ്റോര്‍, ഗൂഗിള്‍ മാപ്പ്, യുട്യൂബ് ഉള്‍പ്പടെ ഗൂഗിള്‍ സര്‍വീസുകളെല്ലാം വരാനിരിക്കുന്ന വാവെയ് ഫോണ്‍ മോഡലുകളില്‍ നിന്ന് അപ്രത്യക്ഷമാകുമെന്ന് ഉറപ്പായി. ചൈനീസ് സൈന്യത്തിന്റെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള കമ്ബനികളില്‍ മുതല്‍ മുടക്കുന്നതില്‍ നിന്ന് അമേരിക്കന്‍ പൗരന്മാരെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് ട്രംപ് ഭരണകൂടം പുറത്തിറക്കിയതോടെ കരിമ്ബട്ടികയിലുള്ള ചൈനീസ് കമ്ബനികളുടെ ഓഹരിമൂല്യം കുത്തനെ ഇടിഞ്ഞു. സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ലോകവ്യാപകമായി ശക്തമായതോടെ റഷ്യ ഒഴികെയുള്ള ഒട്ടുമിക്ക രാഷ്ട്രങ്ങളും തങ്ങളുടെ 5G നെറ്റ്‌വര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള കരാര്‍ വാവെയ്ക്ക് നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വലിഞ്ഞു. ഇതോടെ എല്ലാ അര്‍ത്ഥത്തിലും വാവെയ് അമേരിക്കന്‍ നേതൃത്വത്തിലുള്ള ഉപരോധത്തിന് മുന്നില്‍ മുട്ടുകുത്തുന്ന അവസ്ഥയിലായി. വാവെയുടെ അപ്രതീക്ഷിതമായ പതനം അവിടെ ആരംഭിക്കുകയായിരുന്നു.

വാവെയ് കമ്ബനിക്ക് മുന്നില്‍ ഇനിയൊരു തിരിച്ചു വരവ് ഏറെക്കുറെ അസാധ്യമാണ്. ജോ ബൈഡെന്‍ അമേരിക്കന്‍ പ്രസിഡണ്ടായപ്പോള്‍ തങ്ങള്‍ക്കെതിരെയുള്ള നയത്തില്‍ നിന്ന് അമേരിക്ക വ്യതിചലിക്കുമെന്ന് വാവെയ് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ സ്മാര്‍ട് ഫോണ്‍ നിര്‍മ്മാണം നിര്‍ത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വാവെയ് കമ്ബനിയുടെ നേതൃത്വതലത്തില്‍ സജീവമാണെന്നാണ് വിവരം. തങ്ങളുടെ കീഴില്‍ സബ് ബ്രാന്‍ഡ് ആയി പ്രവര്‍ത്തിച്ചിരുന്ന ഓണറിനെ ഷെന്‍സെന്‍ സര്‍ക്കാരിന്റെ പിന്തുണയുള്ള 30 ഡീലര്‍മാരുടെ ഒരു കണ്‍സോര്‍ഷ്യത്തിന് വാവെയ് വിറ്റത് ഇക്കഴിഞ്ഞ നവംബറിലാണ്. നിലവില്‍ സ്റ്റോക്കുള്ള ചിപ്പുകള്‍ ഉപയോഗിച്ച്‌ തീരുന്നതോടെ ഹൈ എന്‍ഡ് സ്മാര്‍ട് ഫോണ്‍ മോഡലുകളുടെ നിര്‍മ്മാണം വാവെയ് അവസാനിപ്പിക്കും. 'മൂഷിക സ്ത്രീ പിന്നെയും മൂഷിക സ്ത്രീ ആയി' എന്ന പഴമൊഴി പോലെ വാവെയ് അതിന്റെ തട്ടകമായ ചൈനയിലേക്ക് ഒരു തിരിച്ചു പോക്കിന് ഒരുങ്ങുകയാണെന്ന് ടെക് ലോകത്തെ നിരീക്ഷകര്‍ അടക്കം പറയുന്നു. റഷ്യയെ പോലെ വിശ്വസ്തരായ പങ്കാളികളുമായി വ്യാപാരം തുടരുന്നതില്‍ വാവെയ്ക്ക് നിലവില്‍ തടസ്സങ്ങളില്ല. എങ്കിലും ലോകത്ത് ഏറ്റവും കുറഞ്ഞ ചെലവില്‍ 5G നെറ്റ്‌വര്‍ക്കുകള്‍ സ്ഥാപിക്കാന്‍ കഴിയുന്ന കമ്ബനിയായും, ടെലികോം ഉപകരണങ്ങള്‍ വില്‍ക്കുന്ന ഏറ്റവും വലിയ കമ്ബനിയായും ഒരിക്കല്‍ അറിയപ്പെട്ടിരുന്ന വാവെയ് കമ്ബനിയെ സംഭവിച്ചിടത്തോളം ഇതൊരു പതനം തന്നെയാണ്. അനിതരസാധാരണമായ വളര്‍ച്ചയോടെ സാങ്കേതികതയുടെ ഉത്തുംഗ ശൃംഗങ്ങളിലെത്തി ലോകമാകെ പടര്‍ന്നു പന്തലിച്ച ഒരു ബഹുരാഷ്ട്രകുത്തകയുടെ അപ്രതീക്ഷിതമായ, അകാലത്തിലുള്ള പതനം.

പഴമൊഴി പോലെ വാവെയ് അതിന്റെ തട്ടകമായ ചൈനയിലേക്ക് ഒരു തിരിച്ചു പോക്കിന് ഒരുങ്ങുകയാണെന്ന് ടെക് ലോകത്തെ നിരീക്ഷകര്‍ അടക്കം പറയുന്നു. റഷ്യയെ പോലെ വിശ്വസ്തരായ പങ്കാളികളുമായി വ്യാപാരം തുടരുന്നതില്‍ വാവെയ്ക്ക് നിലവില്‍ തടസ്സങ്ങളില്ല. എങ്കിലും ലോകത്ത് ഏറ്റവും കുറഞ്ഞ ചെലവില്‍ 5G നെറ്റ്‌വര്‍ക്കുകള്‍ സ്ഥാപിക്കാന്‍ കഴിയുന്ന കമ്ബനിയായും, ടെലികോം ഉപകരണങ്ങള്‍ വില്‍ക്കുന്ന ഏറ്റവും വലിയ കമ്ബനിയായും ഒരിക്കല്‍ അറിയപ്പെട്ടിരുന്ന വാവെയ് കമ്ബനിയെ സംഭവിച്ചിടത്തോളം ഇതൊരു പതനം തന്നെയാണ്. അനിതരസാധാരണമായ വളര്‍ച്ചയോടെ സാങ്കേതികതയുടെ ഉത്തുംഗ ശൃംഗങ്ങളിലെത്തി ലോകമാകെ പടര്‍ന്നു പന്തലിച്ച ഒരു ബഹുരാഷ്ട്രകുത്തകയുടെ അപ്രതീക്ഷിതമായ, അകാലത്തിലുള്ള പതനം.

Anoop c b note about The story of an imminent fall

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക