പ ണ്ടൊക്കെ അതായത് ഒരു പത്ത് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്ബ് 'തീവ്രവാദം' എന്ന വാക്ക് കേള്‍ക്കുമ്ബോള്‍ ശരാശരി മലയാളിയുടെയും മനസ്സില്‍ ഓടിയെത്തിയിരുന്ന രൂപം ഒസാമ ബിന്‍ ലാദന്റെയും താലിബാനി അഫ്ഗാനികളുടേയുമായിരുന്നു. എന്നാല്‍ ഇന്ന് മലയാളികള്‍ക്ക് അഭിമാനിക്കാന്‍ വകയുണ്ട്. കാരണം നാഴികകള്‍ ഇടവിട്ടുള്ള വാര്‍ത്താവിശകലനങ്ങളില്‍ തീവ്രവാദമെന്ന വാക്ക് കേട്ട് നമ്മുടെ കാതുകള്‍ തഴമ്ബിച്ചുവെന്നു മാത്രമല്ല, ഏതു മലയാളിയാണ് പുതിയ തീവ്രവാദപട്ടം നേടിയവനെന്നു നോക്കാന്‍ വേണ്ടി മാത്രം ആ വാര്‍ത്താ
ശകലങ്ങളിലേക്ക് നോക്കാന്‍ നമ്മള്‍ ശീലിക്കുകയും ചെയ്തു.
അതുകൊണ്ടൊക്കെ തന്നെയാണ് പടിയിറങ്ങാന്‍ നേരം തലയില്‍ വെളിവ് ഉദിച്ച ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐസിസ്) റിക്രൂട്ടിങ് ഗ്രൗണ്ടായി കേരളം മാറിയെന്നും ആക്രമണ നിര്‍ദ്ദേശം ലഭിക്കുന്നതുവരെ നിഷ്‌ക്രിയരായിരിക്കുന്ന ഐസിസിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ നിരീക്ഷണത്തിലാണെന്നും മറ്റും അദ്ദേഹം പറഞ്ഞപ്പോള്‍ മിനിമം വകതിരിവ് ഉള്ള മലയാളികള്‍ക്ക് വലിയ ഞെട്ടല്‍ ഉണ്ടാവാത്തത് .
സെക്കുലര്‍ പാര്‍ട്ടികളുടെ അടവുനയം മതസങ്കുചിതത്വത്തിലും തീവ്രവാദത്തിലും അഭിരമിക്കുന്ന പാര്‍ട്ടികള്‍ക്ക് വളമായി മാറുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാത്ത ഒരു കൂട്ടരേയുള്ളൂ നിലവില്‍ കേരളത്തില്‍. അത് ഇവിടുത്തെ നാറിയ രാഷ്ട്രീയക്കാരും ബുദ്ധിജീവി സാംസ്‌കാരികനായകരുമാണ്. അതുകൊണ്ടാണല്ലോ അവര്‍ ഇപ്പോഴും വലിയ പൊട്ടുകളില്‍ പൊളിറ്റിക്കല്‍ കറക്‌ട്‌നെസ്റ്റ് ചികയുന്നത്. കേരളത്തിന്റെ സാമൂഹ്യസുരക്ഷ പ്രതിദിനം വന്‍ അപകടത്തിലേക്ക് നീങ്ങുന്നു എന്നത് വളരെ വലിയൊരു സത്യമാണ്. രാജ്യത്ത് ഭീകരവാദികളോട് ഏറ്റവും മൃദുസമീപനവും ഭീകരവാദത്തിന് മാന്യതയുടെ പരിവേഷവും നല്‍കുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടം കേരളത്തില്‍ മാത്രമാണ്.
മലയാളമണ്ണില്‍ മതതീവ്രവാദം ആഴത്തില്‍ വേരോടാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. കോയമ്ബത്തൂര്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മദനിയും തടിയന്റവിട നസീറുമൊക്കെ ദേശസ്‌നേഹം മൂത്ത് ജയിലിലായവരോ സ്വാതന്ത്ര്യസമരസേനാനികളോയല്ലായെന്നു കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാം. അഫ്ഗാന്‍ ജയിലില്‍ കിടക്കുന്ന ജിഹാദി പെണ്‍കൊടികള്‍ യു .എന്‍ സമാധാനസേനയില്‍ ചേരാന്‍ പോയവരല്ലെന്നും നമുക്കറിയാം. എന്നിട്ടോ? ഒന്നുമില്ല ! കുറേ നാളുകള്‍ക്ക് മുമ്ബ് ഇടതുപക്ഷപാര്‍ട്ടിയുടെ കോട്ടയായ കണ്ണൂരില്‍ നിന്നും
മതതീവ്രവാദത്തിന്റെ പേരില്‍ അഞ്ചുപേര്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റില്‍ ആയതോടെ തീവ്രവാദം കേരളത്തില്‍ ആഴത്തില്‍ വേരോടിതുടങ്ങിയെന്നത് വ്യക്തമായതാണല്ലോ. എന്നിട്ട് കണ്ണ് രണ്ടും ഇറുകെയടച്ച് പ്രബുദ്ധത അടയാളപ്പെടുത്തിയ പൊളിറ്റിക്കലി പൊളിയൂട്ടഡ് ആയ മനുഷ്യരാണ് നമ്മള്‍ .
മതതീവ്രവാദത്തിന്റെ വേരുകള്‍ ശക്തമായി കേരളമണ്ണില്‍ വേരോടിയത് 1992ലെ ബാബറി മസ്ജിദ് സംഭവത്തിനു ശേഷമായിരുന്നു. പള്ളി തകര്‍ത്തതിനെതിരെയുള്ള മുസ്ലിം വികാരമാണ് തീവ്രവാദസ്വഭാവമുള്ള പല സംഘടനകളെയും ശക്തമായി വളര്‍ത്തിയ പ്രധാന ഘടകം .കോണ്‍ഗ്രസ് പാര്‍ട്ടിയുമായി മുസ്ലിം ലീഗിനുള്ള സഖ്യമാണ് ലീഗിന്റെ മൃദുസമീപനത്തിന്റെ കാരണമെന്ന് കരുതിയ ഇത്തരം സംഘടനകള്‍ ലീഗുമായി അകലം പ്രാപിച്ചു. ലീഗ്വിരുദ്ധത ഇത്തരം മതതീവ്രസംഘടനകളെ സിപിഎമ്മിനോട് അടുക്കാന്‍ പ്രേരിപ്പിച്ചു. ഈ അവസരം വോട്ടുബാങ്ക് ലക്ഷ്യം വച്ച ഇടതുപക്ഷം നന്നായി മുതലെടുക്കുകയും ചെയ്തു.
ഇറാഖ്, ഫലസ്തീന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ മുസ്ലിങ്ങളില്‍ ജനിപ്പിച്ച അമേരിക്കന്‍ വിരുദ്ധതയെ ഇടതുപക്ഷം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സാമ്രാജ്യത്വ വിരുദ്ധതയുമായി സമര്‍ത്ഥമായി കൂട്ടിയിണക്കി. സദ്ദാംഹുസൈനു ധീരരക്ത സാക്ഷിയുടെ പരിവേഷം നല്കാന്‍ ഇടതുപക്ഷം ഒട്ടും അമാന്തിച്ചില്ല. പണ്ടൊക്കെ മതേതര വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങള്‍ക്ക് മാത്രം ഇടമുണ്ടായിരുന്ന സംസ്ഥാനത്തെ പല കലാലയങ്ങളിലും സമീപകാലത്തായി പ്രതിലോമചിന്താഗതിയും വര്‍ഗീയ, മതമൗലിക മനസ്സുമുള്ള വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങള്‍ പിടിമുറുക്കുന്നതിന് നമ്മള്‍ സാക്ഷിയാണ്. കാമ്ബസ് ഫ്രണ്ടുകാരുടെ അക്രമരാഷ്ട്രീയത്തിന്റെ ആദ്യത്തെ ഇരയായിരുന്നില്ല മഹാരാജാസിലെ അഭിമന്യു. അതിനും ഏഴു വര്‍ഷം മുമ്ബ് ഒരു ജൂലൈയില്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് കവാടത്തില്‍ കോന്നി എന്‍.എസ്.എസ്. കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി വിശാല്‍കുമാറിനെ കൊലചെയ്തതും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദ്യാര്‍ത്ഥി സംഘടനയില്‍പ്പെട്ടവരായിരുന്നു .
തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വിഭാഗീയ പ്രസ്ഥാനങ്ങളുടെ പിന്തുണ തേടുന്ന നയമായിരുന്നു എന്നും എല്‍.ഡി.എഫും യു.ഡി. എഫും പിന്തുടര്‍ന്നുപോന്നത് എന്നത് തുറന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. കോയമ്ബത്തൂര്‍ സ്‌ഫോടനക്കേസിലെ സൂത്രധാരന്‍ മദനിക്ക് ഗാന്ധിയന്‍ പരിവേഷം ഇടക്കാലത്ത് ഇരുപാര്‍ട്ടികളും നല്കിയിരുന്നു. ജാമ്യവും പരോളും നിഷേധിക്കപ്പെട്ട് മദനി ജയിലില്‍ കഴിയുമ്ബോള്‍ രണ്ടു മുന്നണികളും ചേര്‍ന്ന് അദ്ദേഹത്തിന് നീതി ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയില്‍ പാസാക്കിയതിന് കേരളം സാക്ഷിയായി. വെറും സഹജീവിസ്‌നേഹവും നീതിബോധവും കൊണ്ടായിരുന്നുവോ ഇരുമുന്നണികളും മദനിക്ക് വേണ്ടി വാദിച്ചത്? അല്ലാ! വെറും സ്വാര്‍ത്ഥരാഷ്ട്രീയലാഭം മാത്രമായിരുന്നു അതിന്റെ പിന്നിലെന്നു ഇരു രാഷ്ട്രീയപാര്‍ട്ടിയിലും അന്ധമായി വിശ്വസിക്കാത്ത ഏതൊരു ശരാശരി മലയാളിക്കും മനസ്സിലാവുന്ന കാര്യമല്ലേ?
എന്നും തീവ്രവാദത്തിന്റെ ആശയങ്ങള്‍ ശക്തമായി എഴുതിയിരുന്ന തേജസ്സ് ദിനപത്രത്തിനെതിരെ കോടതിയലക്ഷ്യ ക്കേസ് വന്നപ്പോള്‍ അവര്‍ക്കുവേണ്ടി അഭിഭാഷകനായി എത്തിയത് സിപിഎമ്മിന്റെ തന്നെ ഔദ്യോഗിക എംപിയായിരുന്ന ശ്രീ. സെബാസ്റ്റ്യന്‍ പോളായിരുന്നു. കാക്കി ട്രൗസര്‍ ഇട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പട്ടാളച്ചിട്ടയില്‍ മാര്‍ച്ച് ചെയ്യുന്ന ദൃശ്യങ്ങള്‍ ചാനലുകള്‍ ആവര്‍ത്തിച്ചു കാണിച്ചിരുന്നപ്പോള്‍ ആ ദൃശ്യങ്ങളില്‍ അപകടം മണക്കാത്തവരായിരുന്നു നമ്മുടെ മാധ്യമസമൂഹം. കാസര്‍ഗോട്ടെ ഐ.എസ്. ബന്ധം സംബന്ധിച്ച് മുന്നറിയിപ്പ് ഉണ്ടായിട്ടും സര്‍ക്കാര്‍ ഫലപ്രദമായ നടപടിയെടുത്തില്ലെന്ന് ആക്ഷേപം ശക്തമായിരുന്നു. നടപടിയെടുക്കണമെന്നുകാട്ടി സ്പെഷല്‍ ബ്രാഞ്ച്
റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തതാണ്. ഇന്ത്യയില്‍ നിന്നു സിറിയയിലേക്കും യമനിലേക്കും യാത്ര ചെയ്യരുതെന്ന വിലക്കു നിലനില്‍ക്കെ അതിനു മുതിരുകയും അതിനു കൂട്ടുനില്‍ക്കുകയും ചെയ്തവര്‍ക്കെതിരേ എന്ത് നടപടിയാണ് ഇവിടെ ഉണ്ടായത് ? സിറിയയിലേക്ക് ഐ.എസില്‍ ചേരാന്‍ പോയവര്‍ ആരാണെന്ന് ഇന്ന് കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാം.
നമ്മുടെ കേരളത്തില്‍ നിലനിന്നുപോന്ന, അഥവാ ഇന്നും നിലവിലുള്ള രാഷ്ട്രീയ സാഹചര്യമാണ് തീവ്രവാദം ഇത്രമേല്‍ വളരാന്‍ കാരണമായതെന്ന് ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത സത്യമാണ്. വോട്ടുബാങ്കുകള്‍ നല്‍കുന്ന പ്രലോഭനത്തെ അതിജീവിക്കത്തക്ക ആര്‍ജ്ജവമുള്ള എത്ര രാഷ്ട്രീയനേതാക്കള്‍ ഇന്ന് നമുക്കുണ്ട്? കേരളത്തില്‍ വര്‍ഗ്ഗീയകക്ഷികളുമായി കൂട്ടികൂടില്ലെന്ന ഉറച്ച നിലപാടെടുടത്ത ഇ.എം.എസ്സിന്റെ കാലത്തെ സിപിഎം. പിന്നീട് സഞ്ചരിച്ച ഒരു ദിശ നോക്കൂ. തീവ്രവാദത്തില്‍ തുടങ്ങി സ്വര്‍ണ്ണക്കടത്തില്‍ വരെ അത് എത്തിനില്ക്കുന്നു. ഒപ്പം കിട്ടുന്ന അവസരത്തിലെല്ലാം സ്വരാജുമാര്‍ വര്‍ഗ്ഗീയ പരാമര്‍ശം നടത്തി കലാപം ഇളക്കി വിടാന്‍ ശ്രമിക്കുന്നു.
ഭീകരവാദത്തോട് മൃദുസമീപനവും ബോധപൂര്‍വ്വമായ അശ്രദ്ധയും വച്ചുപുലര്‍ത്തിയാല്‍ വെടിയുണ്ടകള്‍ സംസാരിച്ചുതുടങ്ങും എന്നതു കളിയിക്കാവിള കാണിച്ചു തന്നതാണ്. പിന്നീട് കുളത്തൂപ്പുഴയും അതിലേക്ക് വിരല്‍ ചൂണ്ടിയതാണ്. കുളത്തൂപ്പുഴ മുപ്പതടിപാലത്തിന് സമീപം നിന്നു കണ്ടെടുത്ത 14 വെടിയുണ്ടകളില്‍ 12 എണ്ണത്തില്‍ പാക് സൈന്യത്തിന് വേണ്ടി ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന പാക്കിസ്ഥാന്‍ ഓ ര്‍ഡനന്‍സ് ഫാക്ടറിയുടെ ചുരു ക്കെഴുത്തായ പി.ഒ.എഫ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.
കോണ്‍ഗ്രസ് നേതാക്കളുടെയും കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും ബിജെപി ഹിന്ദുവിരോധം ഇസ്ലാമിക ഭീകരരോട് സന്ധിചെയ്യുന്നിടം വരെ കാര്യങ്ങള്‍ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നു. സംഘടിത മുസ്ലിംവോട്ടുകള്‍ തങ്ങളുടെ പെട്ടിയിലാക്കാനുള്ള കോണ്‍ഗ്രസ് - കമ്മ്യൂണിസ്റ്റ് മത്സരം മുതലെടുത്തുകൊണ്ട് കേരളത്തിലെ അര്‍ബന്‍ നക്സലുകളും മുസ്ലിം ഭീകരസംഘടനകളും ഇഷ്ടം പോലെ സ്വതന്ത്രമായി വിഹരിക്കുകയും തങ്ങളുടെ മേഖലകളില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇരുപത്തൊന്നില്‍ ഊരിയ വാളുകള്‍ അറബിക്കടലിലെറിഞ്ഞിട്ടില്ല എന്ന മുദ്രാവാക്യങ്ങളുമായി പരസ്യമായി തെരുവുകളില്‍ പ്രക്ഷോഭം നടത്തുന്ന രീതിയില്‍ ചെന്നെത്തിയിരിക്കുന്നു കേരളത്തിലെ സാമൂഹ്യ വ്യവസ്ഥിതി. ഇത്തരത്തില്‍ ജനാധിപത്യ അവകാശമെന്ന പേരില്‍ തീവ്രവാദ മനസ്സുള്ളവര്‍ക്ക് പ്രകടനം നടത്താനുള്ള ധൈര്യത്തിന് പിന്നില്‍ ഭരണാധികാരികളുടെ പിടിപ്പുകേട് അല്ലാതെ മറ്റെന്താണ് ?
അഫ്ഗാനിലേക്കും സിറിയയിലേക്കും ചാവേറാകാന്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പോയ സംസ്ഥാനം കേരളമാണെന്നു കൂടി ചേര്‍ത്തു വായിക്കുമ്ബോഴെങ്കിലും പ്രശ്നത്തിന്റെ ഗൗരവം നമ്മള്‍ മനസ്സിലാക്കേണ്ടതായിരുന്നു. എന്നിട്ടോ? രണ്ട് വര്‍ഷം മുമ്ബ് ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന ചാവേറാക്രമണത്തിന്റെ അന്വേഷണം നടത്തിയ സംഘത്തിന്റെ അന്വേഷണം ഒടുവില്‍ വന്നെത്തിയതും കേരളത്തില്‍ തന്നെയായിരുന്നു. കളിയിക്കാവിളയില്‍ എസ്‌ഐ.യെ വെടിവയ്ക്കാന്‍ എത്തിയ ഭീകരവാദികള്‍ക്ക് എല്ലാ സഹായവും എത്തിച്ചതും ഒളിയിടം ഒരുക്കിയതും മലയാളികളാണ് എന്നത് ശ്രദ്ധേയം.
നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണ്. കേന്ദ്രസര്‍ക്കാരിനെ ആധികാരത്തില്‍ എത്തിച്ചത് ഇവിടുത്തെ ജനങ്ങളാണ്. സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ഇതര രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അധികാരവും അവകാശവുമുണ്ട്. പക്ഷേ അത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മറ കൊടുത്തുക്കൊണ്ടാകരുത്. ഭീകരവാദികള്‍ക്ക് പ്രവേശനമില്ലാതിരുന്ന സ്ഥലങ്ങളില്‍ വരെ അവര്‍ക്ക് മാന്യതയും അംഗീകാരവും നേടിക്കൊടുക്കുന്ന പണിയാണ് നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ഇതുവരെയും ചെയ്തുക്കൊണ്ടിരിക്കുന്നത്. കേരളസംസ്ഥാനത്തിന്റെ പൊലീസ് വകുപ്പ് മേധാവി സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുമ്ബ് നടത്തിയ പ്രസ്താവനകളെ സംഘപരിവാറിന്റെ തൊഴുത്തുമായി കൂട്ടിക്കെട്ടി എത്ര നാള്‍ കണ്ടില്ലെന്നു നടിക്കും പ്രബുദ്ധരേ ?
തലച്ചോറില്‍ മതവും രാഷ്ട്രീയവും തിരുകിക്കയറ്റാത്ത മനുഷ്യര്‍ക്ക് അഞ്ചാറ് വര്‍ഷം ഭരണകൂടത്തിന്റെ അടിമ മാത്രമായിരുന്ന ആ ഡി.ജി.പിയുടെ വെളിപ്പെടുത്തല്‍ അപ്രതീക്ഷിതവും അത്ഭുതാവഹവും ഒന്നും തന്നെയല്ല. എത്രയോ വര്‍ഷങ്ങളായി നമുക്കു സൂചനകള്‍ ലഭിച്ചുകൊണ്ടിരുന്നതാണ്. എത്രയോ സംഭവവികാസങ്ങള്‍ക്ക് നമ്മള്‍ സാക്ഷ്യം വഹിച്ചവരാണ്. ഇവിടെ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന പല സംഘടനകളുടെയും തീവ്രവാദസ്വഭാവം എത്രയോ തവണ വെളിച്ചത്തു വന്നതാണ്. നമുക്കിടയില്‍ തന്നെയുള്ള തീവ്രവാദികളെ എത്രയോ വട്ടം നമ്മള്‍ തിരിച്ചറിഞ്ഞതുമാണ്.എന്നിട്ടും നമ്മള്‍ എന്ത് ചെയ്തു? നമ്മുടെ പ്രമുഖരാഷ്ട്രീയ പാര്‍ട്ടികളും ഭരണകര്‍ത്താക്കളും എന്ത് ചെയ്തു?ഇത്തരം മതതീവ്രസംഘടനയ്‌ക്കെതിരെ ഒരു ചെറുവിരലെങ്കിലും അനക്കാന്‍ ഇവിടുത്തെ ഭരണവര്‍ഗ്ഗത്തിനായോ? കേന്ദ്ര ഏജന്‍സി പലവട്ടം സംസ്ഥാനസര്‍ക്കാരിനു നല്‍കിയ എല്ലാ മുന്നറിയിപ്പുകളെയും സമുദായവിരുദ്ധമായി ചിത്രീകരിച്ചു, സ്വന്തം സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്ക് വേണ്ടി, തീവ്രവാദികള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്കാനല്ലേ ഭരണകൂടം എന്നും ശ്രമിച്ചത്? അതിനു ഒത്താശ ചെയ്തുകൊടുത്ത പൊലീസ് മേധാവിയോട് ഓരോ സാധാരണക്കാരനായ പൗരനോടും ചോദിക്കാനുള്ളത് ഒന്നു മാത്രം - ഇത്രയും നാള്‍ തന്റെ വായില്‍ തിരുകിയിരുന്നത് പഴമായിരുന്നോ സേര്‍?
പുതിയൊരു ഉത്തരേന്ത്യക്കാരന്‍ പാവം അടിമ പുതിയ ഡി.ജി.പി. ആയി രംഗപ്രവേശം ചെയ്തിട്ടുണ്ട്. അഞ്ച് വര്‍ഷത്തേയ്ക്ക് ബെഹ്റ തിരുകി വച്ചിരുന്ന പഴം ടിയാന്‍ തൊണ്ടയില്‍ തിരുകി വയ്ക്കുന്നതോടെ സ്വസ്ഥം ക്ലിഫ് ഹൗസ് അടുക്കള ഭരണം! അഞ്ച് വര്‍ഷത്തേയ്ക്ക് തമ്ബ്രാനും അണികള്‍ക്കും തരാതരം അടിച്ചുകളിക്കാന്‍ പുതിയ പഞ്ചിങ് ബാഗ് റെഡി?