പെരിയകേസ് അന്വേഷണം സിബിഐ അന്വേഷിക്കുന്നതിനെതിരെ കേരളാ സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയിതുവെന്ന വാര്‍ത്ത കണ്ടു. എന്തൊരനീതിയാണ് സര്‍ക്കാര്‍ ആ കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബാംഗങ്ങളോടും പൊതുസമൂഹത്തിനോടും ചെയ്യുന്നത്? ഇരുളിന്റെ മറവില്‍ വടിവാളും കൊണ്ട് ആക്രമിക്കാന്‍ പോയപ്പോള്‍ കൊല്ലപ്പെട്ടവരല്ല കൃപേഷും ശരത് ലാലും.
പെരിയ ഇരട്ടകൊലപാതകം കേരളീയ സമൂഹമനസാക്ഷിയെ ഞെട്ടിച്ചത് രണ്ടു കാര്യങ്ങളിലാണ്. ഒന്ന് ഇളംപ്രായത്തിലുള്ള രണ്ട് കുട്ടികളെ രാഷ്ട്രീയവൈരത്തിന്റെ പേരില്‍ അതിനിഷ്ഠൂരമായി ഇല്ലാതാക്കിയ പ്രാകൃതപ്രത്യയശാസ്ത്രത്തിന്റെ മൃഗീയത കണ്ട്. രണ്ടാമത് ഇരകള്‍ക്കൊപ്പം നില്ക്കാതെ വേട്ടക്കാര്‍ക്കൊപ്പം നില്ക്കുന്ന,അവരെ ഏതുവിധേനയും സംരക്ഷിക്കാന്‍ കച്ചക്കെട്ടിയിറങ്ങിയ ഭരണകൂടത്തിന്റെ നെറികേട് കണ്ട്. അന്നുമിന്നും ഈ സര്‍ക്കാരിനോട് ചോദിക്കാനുള്ളത് ഒന്നുമാത്രം. ഒരു കുറ്റാന്വേഷണ ഏജന്‍സിയുടെ ഫ്രീ ആന്‍ഡ് ഫെയര്‍ ആയിട്ടുള്ള അന്വേഷണത്തെ ഭയക്കാന്‍ മാത്രം എന്ത് നിഗൂഢതയാണ് നിങ്ങളുടെ പാര്‍ട്ടിക്കും സര്‍ക്കാരിനും ഈ മൃഗീയ കൊലപാതകത്തോടുള്ളത്?
സ്വര്‍ണ്ണക്കടത്തു കേസില്‍ വരിഞ്ഞു മുറുക്കുന്നത് എന്‍ഐഎ അടക്കം നാല് കേന്ദ്ര ഏജന്‍സികള്‍; എഫ്‌സിആര്‍എ ചട്ടലംഘനത്തിന്റെ പേരില്‍ അന്വേഷണം നേരിടുന്നത് മുഖ്യമന്ത്രിയും കെ ടി ജലീലും നേരിട്ട്; സിപിഎമ്മിനെ കൊലയാളിപ്പാര്‍ട്ടി ഇമേജ് ചാര്‍ത്തി പെരിയ ഇരട്ടക്കൊലയിലെ സിബിഐ അന്വേഷണവും; സിപിഎം ക്രിമിനലുകളെ രക്ഷിക്കാന്‍ ഖജനാവ് ധൂര്‍ത്തടിച്ചിട്ടും രക്ഷയില്ല; ബിജെപിക്ക് സിപിഎമ്മിനെ വരുതിയിലാക്കാന്‍ പാകത്തിന് നിലവിലുള്ളത് അരഡസന്‍ സിബിഐ കേസുകള്‍; സമയമാകുമ്ബോള്‍ കണ്ടറിഞ്ഞു കളിക്കാന്‍ അമിത്ഷാ
ഒരു കൊലപാതക കേസ് കൃത്യമായി അന്വേഷിക്കാതിരിക്കാന്‍ വേണ്ടി സംസ്ഥാന സര്‍ക്കാര്‍ അതിന്റെ എല്ലാ സംവിധാനവും ഉപയോഗിച്ച് ശ്രമിക്കുന്നത് എന്തുകൊണ്ടായിരിക്കും.? കേരള പൊലീസിന്റെ അതിദുര്‍ബ്ബലമായ കുറ്റപത്രം തള്ളി ഹൈക്കോടതി ആവശ്യപ്പെട്ട സിബിഐ അന്വേഷണത്തെ എതിര്‍ക്കാന്‍ മാത്രം ഒരു കോടിയിലേറെ രൂപ വറുതിയില്‍ എരിപൊരിക്കൊള്ളുന്ന ഒരു സര്‍ക്കാര്‍ ചെലവഴിച്ചത്,ഇനിയും ചെലവഴിക്കാന്‍ പോകുന്നത് എന്തിനായിരിക്കും. ? സ്വന്തം പാര്‍ട്ടിയിലെ കൊടും ക്രിമിനലുകളെ രക്ഷിക്കാന്‍ മുടക്കുന്ന തുക ഗതിയില്ലാതെ വട്ടം കറങ്ങുന്ന ,രണ്ട് വന്‍ പ്രളയവും കൊറോണയെന്ന മഹാമാരിയും വട്ടം കറക്കുന്ന പാവപ്പെട്ട മനുഷ്യരുടെ കയ്യില്‍ നിന്നും പിടിച്ചു പറിച്ച നികുതി പണമല്ലേ സര്‍ക്കാരേ? നിയമസഭയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയ പ്രതിപക്ഷത്തോട് ഇനിയും സര്‍ക്കാര്‍ ഖജനാവിലെ പണം കൊണ്ടുതന്നെ അപ്പീല്‍ പോകുമെന്നു വെല്ലുവിളിക്കാന്‍ ധൈര്യമുള്ള മുഖ്യമന്ത്രി ഈ സമൂഹത്തിനു നല്കുന്ന സന്ദേശം എന്താണ്? സമൂഹമനസാക്ഷിക്ക് മുന്നില്‍ ഈ ദാരുണകൊലപാതകം പതംപറഞ്ഞു നിരത്തിവയ്ക്കുന്ന ഒരുപാട് ചോദ്യങ്ങളുണ്ട്.ഒക്കെയും ഭരണകുടത്തിനെതിരെ വിരല്‍ചൂണ്ടാന്‍ പാകത്തിനുള്ളവയാണവ. ഇതിനൊക്കെയും ഉത്തരം നല്കാന്‍ കഴിയുമോ ഇരട്ടചങ്കുള്ള മുഖ്യമന്ത്രിക്ക്?
സിബിഐ കേസ് ഏറ്റെടുത്താല്‍ കേരളാ പൊലീസിന്റെ മനോവീര്യം തകര്‍ന്നുപോകുന്നത് തടയാന്‍ വേണ്ടി കഷ്ടപ്പെടുന്ന,അതിനു വേണ്ടി ഇല്ലായ്മയ്ക്കിടയിലും കോടികള്‍ ചെലവാക്കുന്ന സര്‍ക്കാറിന്റെ മനസ്സ് ആരും കാണാതെ പോകരുത്. നിങ്ങളുടെ പാര്‍ട്ടിക്കോ നേതാക്കള്‍ക്കോ ഇതില്‍ പങ്കില്ലെങ്കില്‍ പിന്നെന്തിനാണ് ഈ കേസിന്മേലുള്ള പിടിവിടാതെ തുടരാതെ പിന്തുടരുന്നത്.? സിബിഐ കേസ് ഏറ്റെടുക്കാതിരിക്കാന്‍ സുപ്രീംകോടതിയില്‍നിന്നുള്ള സീനിയര്‍ അഭിഭാഷകരെ കൊണ്ടുവന്നാണ് സര്‍ക്കാര്‍ വാദിച്ചത്. തുടക്കത്തില്‍ കേസ് ഏറ്റെടുത്ത അഡ്വ. രഞ്ജിത്ത് കുമാറിന് 25 ലക്ഷം രൂപയാണ് ഫീസായി നല്‍കിയത്. പിന്നീട് വന്ന അഡ്വ. മനീന്ദര്‍ സിങിന് 20 ലക്ഷവും അദ്ദേഹത്തിന്റെ ജൂനിയറായ പ്രഭാസ് ബജാജിന് ഒരു ലക്ഷവും നല്‍കി. ഇതിനു പുറമെ നവംബര്‍ മാസത്തെ രണ്ട് സിറ്റിങില്‍ മനീന്ദറിനു 40 ലക്ഷവും പ്രഭാസ് ബജാജിനു രണ്ട് ലക്ഷവുമാണ് ഫീസ്. സിബിഐ അന്വേഷണം നടക്കാതിരിക്കാന്‍ വേണ്ടി മാത്രം സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ചെലവാക്കിയത് ഒരു കോടിയിലേറെ രൂപയാണ്. പുറത്താക്കപ്പെട്ട ഒരു ബ്രാഞ്ച് സെക്രട്ടറിക്കുവേണ്ടിയാണോ ഈ ഒരു കോടി രൂപയെന്ന് നമ്മള്‍ ചോദിക്കരുത്.
കൊല നടത്തിയത് പുറത്തുനിന്നുള്ള ക്വട്ടേഷന്‍ ടീമാണ്. അന്വേഷണം സിബിഐയിലേക്കെത്തിയാല്‍ അവര്‍ വഴി പാര്‍ട്ടിയിലെ പല ഉന്നതരിലേയ്ക്കും കേസെത്തും. ഇതിനെ തടയിടാനാണ് പാര്‍ട്ടിയും സര്‍ക്കാരും ശ്രമിക്കുന്നത് . പെരിയകേസ് സിബിഐ അന്വേഷിക്കുകയാണെങ്കില്‍ വിപ്ലവപ്പാര്‍ട്ടിയിലെ പെരിയ നേതാക്കള്‍ അകത്താകും. ഇത് സര്‍ക്കാരിനും പാര്‍ട്ടിക്കും വ്യക്തമായിട്ടറിയാം. ഹൈക്കോടതിയില്‍ നടത്തിയ അപ്പീല്‍ നാടകം പൊളിഞ്ഞു. സുപ്രീം കോടതിയില്‍ പോയാലും കേസ് സിബിഐക്ക് വിടാനേ സുപ്രീം കോടതിയും പറയൂ. അത് പാര്‍ട്ടിക്ക് അറിയാതെയല്ല.പിന്നെ എന്തിനാണ് അപ്പീല്‍ പോകുന്നതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരം മാത്രം. തെരഞ്ഞെടുപ്പ് വരുന്നത് വരെ കേസന്വേഷണം നടക്കരുത്. പാര്‍ട്ടിയിലെ 'പെരിയ'നേതാക്കള്‍ ഉള്ളിലായാല്‍ പിന്നെ തെരഞ്ഞെടുപ്പില്‍ എന്ത് സംഭവിക്കുമെന്ന് വിപ്ലവപ്പാര്‍ട്ടിക്കറിയാം. പെരിയ ഇരട്ടകൊലപാതകം പെരിയ പാതകമായി സമൂഹമനസാക്ഷിക്ക് മുന്നില്‍ നില്ക്കുന്ന കാലത്തോളം കണ്ണില്‍ പൊടിയിട്ട് തടിത്തപ്പാമെന്ന് സര്‍ക്കാര്‍ കരുതേണ്ട.