സൈബര്‍ ബുള്ളിയിങ്ങ് എന്നത് ഒരു വിഭാഗക്കാര്‍ക്ക് മനോഹരമായ പ്രത്യയശാസ്ത്ര പ്രത്യാക്രമണമാകുന്നത് കാണുമ്ബോള്‍ ചിലതെങ്കിലും പറയാതെ വയ്യ തന്നെ. വീണ്ടും സൈബര്‍ ബുള്ളിയിങ് വാര്‍ത്തകളിലിടം നേടുന്നത് നിഷാ പുരുഷോത്തമനെതിരെ നടന്ന സൈബര്‍ അറ്റാക്കുമായി ബന്ധപ്പെട്ടാണല്ലോ. വിനീത് എന്ന ദേശാഭിമാനി ലേഖകന്‍ പത്രപ്രവര്‍ത്തനം എന്ന തൊഴിലിടത്തിലെ തന്റെ സഹപ്രവര്‍ത്തകയ്‌ക്കെതിരെ നടത്തിയ ഒരു നെറികെട്ട വിമര്‍ശനത്തെ വെള്ളപ്പൂശാന്‍ ഒരു സംഘം സഖാക്കള്‍ രംഗത്തിറങ്ങിയതുകൊണ്ട് ചിലതെല്ലാം പാഞ്ഞേ തീരൂ!
നിങ്ങള്‍ക്ക് ഒരു വാര്‍ത്തയെ വിമര്‍ശിക്കാം, അതിന്റെ ഉള്ളടക്കത്തെ ശക്തമായി വിമര്‍ശിക്കാം, വേണമെങ്കില്‍ വാര്‍ത്ത പൂര്‍ണമായും തള്ളിക്കളയാം .അത് ജനാധിപത്യത്തിലൂന്നിയ സ്വാതന്ത്ര്യം! അത് തന്നെയാണ് സൈബറിടങ്ങളില്‍ ഒരു വൃക്തിയിടുന്ന പോസ്റ്റിന്റെ കാര്യത്തിലുമുള്ളത്. എന്നാല്‍ വാര്‍ത്ത വായിക്കുന്നവരെയും ചോദ്യങ്ങള്‍ ചോദിക്കുന്നവരെയും സ്വന്തം അഭിപ്രായം സ്വന്തം വാളില്‍ പതിപ്പിക്കുന്നവരെയും വ്യക്തിഹത്യ നടത്തി, അവരുടെ കുടുംബത്തിലുള്ളവരെ കൂടി വലിച്ചിഴച്ച് നടത്തുന്ന പ്രസ്താവനകളും വിമര്‍ശനങ്ങളും വെറും തോന്ന്യാസമാണ്. ഒപ്പം ജനാധിപത്യവിരുദ്ധവും. തരം താഴ്ചയുടെ അങ്ങേയറ്റത്തെ അരോചകമായ വേര്‍ഷനാണത്.
നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്ന ചാനലുകളെ ബഹിഷ്‌കരിക്കാന്‍ അവകാശമുണ്ട്. ഇഷ്ടമില്ലാത്ത ചോദ്യം ചോദിക്കുന്ന അവതാരകരുള്ള ചാനല്‍ ഫ്‌ളോറുകള്‍ നിങ്ങളുടെ നേതാക്കള്‍ ബഹിഷ്‌കരിച്ചതു പോലെ. നിങ്ങള്‍ക്ക് ഇഷ്ടമുള്ളതു മാത്രം വിളമ്ബി തരാന്‍ പാകത്തിനു സ്വന്തമായി പത്രവും ചാനലും (കോടതിയും പൊലീസ് സ്റ്റേഷനും ഭരണഘടനയും വനിതാകമ്മിഷനും) നിങ്ങള്‍ക്കുണ്ടല്ലോ. അത് മാത്രമേ കാണൂവെന്ന് തീരുമാനിച്ചാല്‍ ചോദ്യംചെയ്യലും കാണണ്ടാ വിമര്‍ശിക്കാനും പോകേണ്ട. ഒപ്പം കൈരളിയൊക്കെ റേറ്റിംഗില്‍ കുതിക്കുകയും ചെയ്യും. പക്ഷേ നിങ്ങള്‍ക്ക് തന്നെയറിയാം പാര്‍ട്ടിയുടെ പത്രവും ചാനലും പറയുന്നത് ഭൂരിഭാഗവും കള്ളവും വാസ്തവവിരുദ്ധവുമാണെന്ന്.
നിങ്ങളുടെ മാധ്യമങ്ങളില്‍ നിങ്ങള്‍ക്ക് വിശ്വാസം ഇല്ലാത്തതു കൊണ്ടാണ് മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ് പോലുള്ള മെയിന്‍ സ്ട്രീം മീഡിയയെ നിങ്ങള്‍ ആശ്രയിക്കുന്നത്. എന്നിട്ട് ചോദ്യം ചോദിക്കുമ്ബോള്‍, അതിനു ഉത്തരമില്ലാതെ തേഞ്ഞൊട്ടുമ്ബോള്‍ അത് ചോദിച്ചവരുടെ കുടുംബബന്ധത്തെ കയറി പിടിച്ചു കരിവാരി തേച്ചു ആക്രമണം നടത്തുന്നത് എത്ര മാത്രം അധ:പ്പതനമാണ് മനുഷ്യരേ! ഉത്തരം കിട്ടാതെ കൊഞ്ഞനം കുത്തിയതുകൊണ്ട് കാര്യമുണ്ടോ സഖാക്കളേ?
മീഡിയ എപ്പോഴും ജനാധിപത്യ രാജ്യത്തു anti establishment ആയിരിക്കുക തന്നെയല്ലേ വേണ്ടത്? ഒരര്‍ത്ഥത്തില്‍ മാധ്യമങ്ങള്‍ എന്നും പ്രതിപക്ഷത്താകുന്നതാണ് ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവും. പക്ഷേ അതോടൊപ്പം ഭരണപക്ഷം ചെയ്യുന്ന ജനഹിത-ജനപക്ഷ നടപടികള്‍ കണ്ടില്ലെന്നു നടിക്കാനും പാടില്ല. ജനാധിപത്യത്തിന്റെ നാലാം തൂണ്‍ ആയി മാധ്യമങ്ങള്‍ നില്ക്കുമ്ബോള്‍ ചിലപ്പോഴെങ്കിലും ചിലര്‍ക്കൊക്കെ വാര്‍ത്തകള്‍ കുത്തിമുറിവേല്ക്കുന്നുണ്ട്. Bitter truth s അംഗീകരിക്കാതെ തരമില്ല.
രാഷ്ട്രീയപാര്‍ട്ടികള്‍ പ്രതിരോധത്തില്‍ ആകുമ്ബോള്‍ മാത്രം മാധ്യമങ്ങളുടെ കക്ഷിരാഷ്ട്രീയവല്‍ക്കരണത്തെ കുറ്റപ്പെടുത്തുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത് സഖാക്കളേ? മുഖ്യധാരാ ദൃശ്യമാധ്യമപ്രവര്‍ത്തകരായ വീണാ ജോര്‍ജ്ജും നികേഷും സ്റ്റുഡിയോ ഫ്‌ളോറില്‍ നിന്നും നേരെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന അശ്‌ളീല കാഴ്ച കണ്ടവരാണ് നമ്മള്‍ മലയാളികള്‍. അവരെ രാഷ്ട്രീയഗോദയില്‍ ഇറക്കിവിട്ടവരാണ് നിങ്ങള്‍. ഒരു തെറ്റായ മാതൃക സമൂഹത്തിനു നല്കിയശേഷം പിന്നീട് ഇന്ന് ഏതെങ്കിലും ചാനലിന്റെ പ്രബല മുഖങ്ങള്‍ വ്യക്തമായ രാഷ്ട്രീയചായ്വുള്ള നിലപാട് എടുക്കുമ്ബോള്‍ അവര്‍ക്കു രാഷ്ട്രീയലക്ഷ്യങ്ങള്‍ ഉണ്ടെന്നു ആരോപിക്കുന്നത് ബാലിശമല്ലേ.
ചാനല്‍ ഡിബേറ്റുകളില്‍ ഇന്ന ചോദ്യം മാത്രമെ ചോദിക്കാവൂ എന്നതാണെങ്കില്‍ പിന്നെ സംവാദങ്ങളുടെ പ്രസക്തി എന്താണ്? നിങ്ങള്‍ പ്രതീക്ഷിക്കുന്ന വണ്‍ സൈഡഡ് ആശയസംവാദം ഐ മീന്‍ കുമാരപിള്ള മോഡല്‍ സംവാദത്തിന് കൈരളി ഒഴികെയുള്ള ചാനല്‍ ഫ്‌ളോറുകള്‍ അല്ല ഉപാധി. പിന്നെ സൈബറിടങ്ങളിലെ കമ്മി വേട്ടകള്‍ക്ക് നിഷ മാത്രമല്ല ഇര. അത് ചോദ്യംചോദിക്കുന്ന വാര്‍ത്താ അവതാരകര്‍ മുതല്‍ സ്വന്തം നിലപാട് ഉറക്കെപ്പറയുന്ന അഹാനയിലും സ്വന്തം വിശ്വാസത്തെ ഉറക്കെ അടയാളപ്പെടുത്തുന്ന ലക്ഷ്മിപ്രിയയിലും വരെ എത്തിനില്ക്കുന്നു.
NB: സൈബറാക്രമണങ്ങള്‍ക്ക് ഇരയായ കേരളവര്‍മ്മയിലെ അദ്ധ്യാപികയ്ക്ക് പൊലീസ് സ്റ്റേഷനില്‍ നിന്നു കിട്ടിയ നീതി എന്തുകൊണ്ട് ഇതരരാഷ്ട്രീയചായ്വുള്ളവര്‍ക്ക് കിട്ടുന്നില്ലായെന്നതും ഒരു ചോദ്യമായി അവശേഷിക്കുന്നു. മറ്റൊന്ന് കൂടി; വ്യക്തമായ രാഷ്ട്രീയചായ്വോടെ എതിര്‍പ്പാര്‍ട്ടിക്കാരെ പരസ്യമായി അപമാനിക്കാനും 33 ശതമാനത്തെ വെടിവച്ചുകൊല്ലാന്‍ ആഹ്വാനം ചെയ്യാനും ഒന്നും ഷാനിയും നിഷയും ലക്ഷ്മിപ്രിയയും അഹാനയൊന്നും പറഞ്ഞിട്ടില്ല; എഴുതിയിട്ടുമില്ല.