മതവിഷമൊളിപ്പിച്ച സ്റ്റിക്കർ പതിപ്പിക്കാൻ ഈ മോൻ ചിരിയോടെ സമ്മതം നൽകി; അവനറിയില്ല നല്കിയവന്റെ ഉള്ളിലെ മതവിഷം; കാണിച്ചത് ശുദ്ധ തെമ്മാടിത്തരം തന്നെയാണ്; ബാബ്റി സ്റ്റിക്കർ വിഷയത്തിൽ അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

Malayalilife
 മതവിഷമൊളിപ്പിച്ച സ്റ്റിക്കർ പതിപ്പിക്കാൻ ഈ മോൻ ചിരിയോടെ സമ്മതം നൽകി; അവനറിയില്ല നല്കിയവന്റെ ഉള്ളിലെ മതവിഷം; കാണിച്ചത് ശുദ്ധ തെമ്മാടിത്തരം തന്നെയാണ്; ബാബ്റി സ്റ്റിക്കർ വിഷയത്തിൽ അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

ത്തനംതിട്ട കോടാങ്ങലിൽ സെന്റ് ജോർജ് സ്‌കൂളിനു മുന്നിൽ ഇന്ന് നടന്ന ഈ സംഭവം വെറുമൊരു കാഴ്ചയായി തള്ളിക്കളയേണ്ട ഒന്നല്ല എന്ന ഉറച്ച ബോധ്യത്തിൽ നിന്നുകൊണ്ട് ഒന്ന് പറയട്ടെ - നമ്മൾ ഭയപ്പെട്ടിരുന്ന ആ ദിവസങ്ങൾ നമ്മൾക്കടുത്ത് എത്തിക്കൊണ്ടേയിരിക്കുന്നു. ഇപ്പോൾ നമ്മുടെ നാട് പണ്ടത്തേക്കാളും വലിയ ഒരു ഭ്രാന്താലയമാണ്. ചിത്രത്തിൽ കാണുന്ന ഈ മതഭ്രാന്തനേക്കാൾ ഭയപ്പെടുത്തുന്ന, അല്ലെങ്കിൽ ഭയക്കേണ്ടുന്ന ഒന്നാണ് ഈ സംഭവത്തെ പ്രതി ഇവിടുത്തെ സാംസ്‌കാരിക-പുരോഗമനവാദികൾ കാട്ടുന്ന മനഃപൂർവ്വമായ മൗനം.

2014 ൽ ഇതേ പത്തനംതിട്ട ജില്ലയിലെ എരുമേലിയിലാണ് ( സെന്റ് തോമസ് സ്‌കൂൾ ) നോമ്പ് മാസത്തിൽ കത്തോലിക്കാ മാനേജ്‌മെന്റിന്റെ കീഴിലെ ഒരു സ്‌കൂളിൽ പോർക്ക് വിളമ്പിയതിന്റെ പേരിൽ എൻസിസി അദ്ധ്യാപകനെയും സ്‌കൂൾ പ്രധാന അദ്ധ്യാപകനെയും മത മൗലികവാദികൾ തടഞ്ഞു നിറുത്തി തല്ലിയത്. ആ സംഭവവും ഈ സംഭവവുമായി ചേർത്തുക്കെട്ടി വായിക്കുക തന്നെ വേണം. സ്‌കൂൾ അദ്ധ്യാപകർക്കു വേണ്ടി നടത്തിയ ഒരു ചടങ്ങിലേക്കാണ് പോർക്ക് കറി തയ്യാറാക്കിയത്.

അറുപതുപേർ അടങ്ങിയ സ്റ്റാഫ് അംഗങ്ങളിൽ ഭൂരിഭാഗം പേരും ക്രിസ്ത്യാനികളായിരുന്നു. ഈ സമയം, എൻ സി സിയിലെ ഏകദേശം 91 കുട്ടികൾ ഗ്രൗണ്ടിൽ പരേഡ് നടത്തുന്നുണ്ടായിരുന്നു. അദ്ധ്യാപകരുടെ പാർട്ടി കഴിഞ്ഞപ്പോൾ ഭക്ഷണം വളരെയേറെ ബാക്കിവന്നു. ഉടൻ തന്നെ എൻ സി സിയിലെ കുട്ടികളെ ഭക്ഷണം കഴിക്കാൻ എൻസിസി അദ്ധ്യാപകനായ രാജീവ് ജോസഫ് ക്ഷണിച്ചു. മുസ്ലിം കുട്ടികൾക്ക് മീനും അച്ചാറും ക്രിസ്ത്യാനികൾക്ക് പോർക്കു കറിയും കഴിക്കാമെന്നു രാജീവ് ജോസഫ് അറിയിക്കുകയും ചെയ്തു. ഭക്ഷണം കഴിച്ച ശേഷം കുട്ടികൾ വീട്ടിലേയ്ക്ക് തിരിച്ചു. വീട്ടിലെത്തിയ ശേഷം ഒരു കുട്ടി തന്റെ മാതാപിതാക്കളോട് ഈ വിഷയം പറഞ്ഞതിൽ നിന്നും തുടങ്ങുന്നു മതഭ്രാന്തിന്റെ തുടക്കം.

പിറ്റേന്ന് ഇസ്ലാം മതത്തിന്റെ വക്താക്കൾ ചമഞ്ഞ് ഒരു കൂട്ടം സ്‌കൂളിലെത്തി സ്‌കൂളിലെ ഫർണിച്ചറുകൾ അടിച്ചുതകർക്കുകയും രണ്ട് അദ്ധ്യാപകരെ കൈയേറ്റം ചെയ്യുകയും ചെയ്തു. രാജീവ് മാഷിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്‌കൂൾ പരിസരം സംഘർഷഭൂമിയാക്കി. പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ബാക്കി വന്ന ഭക്ഷണം കുപ്പയിൽ തട്ടാതെ വിശന്നു വലഞ്ഞ കുട്ടികൾക്ക് നല്കിയതായിരുന്നു ആ അദ്ധ്യാപകൻ മതേതര കേരളത്തോട് ചെയ്ത ഭയങ്കരമാന പാതകം ! അന്നദ്ദേഹത്തെ ഒരു കൂട്ടം മതഭ്രാന്തന്മാർ കയ്യേറ്റം ചെയ്തപ്പോൾ അതിനെ താങ്ങാൻ ഇവിടുത്തെ നെറികെട്ട രാഷ്ട്രീയക്കാർ മത്സരിച്ചിരുന്നു. നോമ്പ് കാലത്ത് ക്രിസ്ത്യൻ മാനേജ്‌മെന്റ് സ്‌കൂളിൽ പോർക്ക് വിളമ്പിയത് വലിയ അപരാധമായി കണക്കാക്കി മതേതര കേരളം !

2021 ഡിസംബർ ആറിന് പത്തനംതിട്ട കോടാങ്ങലിൽ സെന്റ് ജോർജ് സ്‌കൂളിന് മുന്നിൽ I am Babari എന്ന സ്റ്റിക്കറുമായി ഒരു പോപ്പുലർ ഫ്രണ്ട് മതഭ്രാന്തന് നില്ക്കാനും ഓരോ കുഞ്ഞുങ്ങളുടെയും നെഞ്ചത്ത് ആ സ്റ്റിക്കർ പതിക്കാനും ധൈര്യമുണ്ടാവണമെങ്കിൽ ഇവിടെ മതേതരത്വമെന്നത് വെറും നോക്കുകുത്തിയായി അധ:പ്പതിച്ചുവെന്നർത്ഥം. മിഠായിക്കുള്ളിൽ ലഹരിയൊളിപ്പിച്ച് കുട്ടികൾക്ക് കൊടുത്താലും ചിരിച്ചുകൊണ്ട് അവരത് വാങ്ങും. അതു പോലെ തന്നെയായിരുന്നു മതവിഷമൊളിപ്പിച്ച സ്റ്റിക്കർ പതിപ്പിക്കാൻ ചിരിയോടെ സമ്മതം നല്കിയ ഈ മോനും ! അവനറിയില്ല നല്കിയവന്റെ ഉള്ളിലെ മതവിഷം. പുണ്യമാസമായ വൃശ്ചികത്തിൽ മാലയിട്ട ഒരു കൊച്ചയ്യപ്പനോട് ചെയ്ത ഈ ചെയ്തിയെ മത സാഹോദര്യം കൊണ്ട് തുലനം ചെയ്യാൻ തല്ക്കാലം മനസ്സില്ല ! കാണിച്ചത് ശുദ്ധ തെമ്മാടിത്തരം തന്നെയാണ്.

എരുമേലിയിലെ സ്‌കൂളിൽ യാതൊരു വിധ രാഷ്ട്രീയ-മത ലേബലുകളുടെയും അകമ്പടിയില്ലാതെ നടന്ന നിർദോഷമായ ഒരു സംഭവത്തെ വലിയ വർഗ്ഗീയപരമായ ചെയ്ത്തായി കണക്കാക്കി സംഘർഷം സൃഷ്ടിക്കാൻ ഒരു സമുദായം മുന്നിൽ നിന്നു. ഇന്നും അതേ സമുദായത്തിലുള്ള ഒരു രാഷ്ട്രീയ സംഘടന കൊച്ചുകുഞ്ഞുങ്ങളുടെ മേൽ മതപരമായ അടയാളപ്പെടുത്തലുകൾ നടത്താൻ മുന്നിട്ടിറങ്ങിയിരിക്കുന്നു. രാമായണമാസത്തിൽ മലപ്പുറത്തെ ഏതെങ്കിലും മുസ്ലിം സ്‌കൂളിനു മുന്നിൽ ഒരു സംഘപരിവാറുകാരൻ ശ്രീരാമജയം സ്റ്റിക്കറുമായി നിന്ന് തട്ടമിട്ട കുഞ്ഞിന്റെ യൂണിഫോമിൽ സ്റ്റിക്കറൊട്ടിച്ചാൽ ഇതേ മൗനം പാലിക്കുമോ മതേതര കേരളം ? ശരിക്കും നമ്മൾ ഭയപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Anju parvathy prabheesh note about Mon agreed with a laugh to post a religiously offensive sticker

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES