ഇ രുപതാം നൂറ്റാണ്ടിലെ സാഹിത്യം ആത്മഹത്യാ കുറിപ്പുകള്‍ ആണ്.-എം മുകുന്ദന്‍. പക്ഷേ എല്ലാ കുറിപ്പുകളും ഈ കേരളത്തില്‍ സാഹിത്യമാകുന്നില്ല. ചിലരുടേതു മാത്രം ആഘോഷിക്കപ്പെടുന്നു. ചിലത് മറവിയുടെ കാണാക്കയത്തിലേയ്ക്ക് വലിച്ചെറിയപ്പെടുന്നു. രോഹിത് വെമൂലയ്ക്കും അനുവിനും ഇടയിലെ സാമ്യം എന്തെന്നാല്‍ രണ്ടു പേരും ജീവിതത്തില്‍ നിന്നും വിടവാങ്ങുമ്ബോള്‍ അവസാന കുറിപ്പെഴുതിയിരുന്നു.
തന്റെ മരണത്തില്‍ ആരും ഉത്തരവാദി അല്ല എന്നെഴുതി ജീവിതത്തില്‍ നിന്നും സ്വയം വിടവാങ്ങിയ അയല്‍സംസ്ഥാനക്കാരനായ രോഹിത് പക്ഷേ കേരളത്തിലെ ഇടതുപക്ഷ ഐക്കണായത് ചാവുകളുടെ രാഷ്ട്രീയത്തെ ആഘോഷമാക്കുന്നതിനു വേണ്ടിയായിരുന്നു. അതിനായവര്‍ വെമുലയുടെ ഇല്ലാത്ത ദളിത് സ്വത്വം ഉയര്‍ത്തിക്കാട്ടി. രോഹിതിന്റെ ഡയറിക്കുറിപ്പിലെ ആത്മരോഷങ്ങളെ ആയുധമാക്കി! സാംസ്‌കാരികനായകന്മാര്‍ തലങ്ങും വിലങ്ങും അസഹിഷ്ണുതയുടെ പടവാളുകള്‍ രാകി മിനുക്കി പ്രതിഷേധിച്ചു. തെരുവുകളില്‍ പ്രതിഷേധം ആളിക്കത്തിച്ചു.
വര്‍ഷങ്ങള്‍ക്കിപ്പുറം സംസ്ഥാന തലസ്ഥാനത്ത് അനുവെന്ന യുവാവ് ജീവനൊടുക്കി. ചുവരില്‍ പതിപ്പിച്ച അവസാന കുറിപ്പില്‍ ആത്മവേദനയോടെ ആ യുവാവ് എഴുതി- തൊഴില്‍ ഇല്ലായ്മ എന്റെ മരണകാരണം. പക്ഷേ ആ കുറിപ്പില്‍ പടര്‍ന്നൊഴുകിയ ആത്മവേദനയുടെ പിടച്ചിലിനു ഭരണകൂടത്തിനെ എരിയിക്കാനുള്ള തിപ്പൊരി ഉള്ളതിനാല്‍, അന്ന് വെമൂലയ്ക്ക് വേണ്ടി കണ്ണീരൊഴുക്കിയവര്‍ക്കുനേരെ ഈ ആത്മഹത്യ ഡെമോക്ലസ്സിന്റെ വാളു പോലെ തൂങ്ങികിടക്കുന്നതിനാല്‍ സാംസ്‌കാരികനായകന്മാര്‍ക്ക് പ്രതിഷേധിക്കാന്‍ സമയമില്ല പോലും.
പുരോഗമനവാദികളൊക്കെ ആത്മഹത്യ പാപമാണെന്ന ചാരിത്ര്യപ്രസംഗവുമായി തെരുവിലാണ്. വെമൂലയ്ക്കായി മാസങ്ങളോളം വാവിട്ടുക്കരഞ്ഞ എഴുത്തിടങ്ങളിലെ മഹാറാണികള്‍ക്ക് അനുവെന്ന യുവാവ് തീണ്ടാപ്പാടകലെയാണ്. ഫാസിസത്തിനു സ്‌ക്കോപ്പുവേണമെങ്കില്‍ മലനാടിനപ്പുറം തൂങ്ങിനിന്നാടണമെന്ന് ചില കുഴിമാടങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട് . അവയില്‍ ഉറങ്ങുന്നര്‍ക്ക് ചില സമാനതകളുണ്ട്. 2016നുശേഷം തൂങ്ങിയാടിയ അവരുടെ പേരുകള്‍ ജിഷ്ണുപ്രണോയിയെന്നും സാജനെന്നും അഞ്ജു ഷാജിയെന്നും ഒക്കെയാണ്.ഒടുവിലിതാ അനുവും!